Thursday, November 19, 2009

കടല്‍ത്തീരത്ത്



കലുപോല്‍ നിന്നെയറിഞ്ഞു ഞാന്‍
ഇന്നു പ്രണതഹസ്തയായ്
പടിയിറങ്ങി നീ.
നിഴലു വീഴുമീ കടലിന്നോരത്ത്
പൊഴിയുകയാണ് നിറവും നേരവും.

കടലുകത്തുന്നു,
കരയിലാരുടെ വിരല്‍ത്തുടിപ്പുകള്‍
തിരകള്‍ മായ്ക്കുന്നു?
ഇരുളിനോടൊപ്പമലിഞ്ഞു തീര്‍ന്ന ഞാന്‍
ഇരവിലേക്കെന്‍റ്റെ രഥം തെളിക്കുന്നു,
ഗതിവിഗതികള്‍, ചലനമൊക്കെയും
പ്രഹതനിശ്ചലം തളര്‍ന്നു നില്‍ക്കുന്നു.

പകലുപോല്‍ നിന്നെയറിഞ്ഞു ഞാന്‍
എന്‍റ്റെ ജ്വലിതകൌമാരം,
തരളമാനസം,
കദനമിറ്റിയ പഴയപുസ്തകം,
പഴയ താളിലെന്‍ വിരലുകോറിയ
ഹ്റ്ദയതാളത്തിന്നരിയ രേഖകള്‍...

പ്രണയ സംത്രാസം കലര്‍ന്നു
നമ്മളാ കുടിലുവിട്ടന്നു പിരിഞ്ഞു പോകുമ്പോള്‍
പകലെരിയുന്ന വിരഹസന്ധ്യ നിന്‍
മിഴിയിലേകാന്തമിരുളു ചേര്‍ത്തുവോ?

കടലിറങ്ങുന്നു-
കരയിലാരുടെ തിരകള്‍ മായ്ക്കാത്ത
വിരല്‍ത്തുടിപ്പുകള്‍?
അകലുകയാണ് തിരകളൊക്കെയും
കടലനാദ്യന്ത സലിലസംഘാത
ചലനമൊക്കെയും നിലച്ചു
നിശ്ചലമുറഞ്ഞു പോകുമ്പോള്‍,
മറവിയില്‍ വീണു പൊലിഞ്ഞുപോയെന്‍റ്റെ
മൊഴിയുണങ്ങിയ
പഴയ താളുകള്‍.

Thursday, November 12, 2009

ഒരു മഴക്കാല രാത്രിയില്‍


രാത്രിയിതെന്തു വിഷാദം പകരും രാത്രി-
യെനിക്കെന്‍ കാതരഹ്ര് ദയം
തേങ്ങുവതെന്തേ വെറുതെ?
ഓര്‍മ്മയിലേതൊ വേദനപോലെ
നിലാക്കുളിര്‍ നീറിയമര്‍ന്നൊരു
വര്‍ഷാകാലം, മൌനത്തിന്‍റ്റെ ചിലമ്പിയ
ചീവീടുകളുടെയര്‍ധവിരാമം.
ഏകാന്തതയുടെ നിര്‍ജ്ജനവീഥികള്‍,
മഴയുടെ കുളിരംഗുലികള്‍ മീട്ടും
നേര്‍ത്തൊരുശ്രുതിയില്‍ പാടുകയാണു
കടുംതുടി കൊട്ടിപ്പാതിരനേരം
വിഭ്രമമെന്‍റ്റെ ഞരമ്പുകള്‍, ഇലകളിലാരോ
താളമടിക്കുമിലത്താളത്തിന്‍ മേളം,
ആരോ വാതില്‍ തുറന്നു വരുന്നൂ, വാനില്‍
നീറി മുനിഞ്ഞു തെളിഞ്ഞൂ, നേര്‍ത്തൊരു വെട്ടം.

നിഴലുകള്‍ കെട്ടുപിണഞ്ഞുമയങ്ങും
തെരുവോരങ്ങളില്‍ കരള്‍ പിളരുന്നൊരു നാദം,
പൊട്ടിയ കുപ്പിവളക്കൈ കൊണ്ടവള്‍ കുഞ്ഞിനെ
നെഞ്ചിലമര്‍ത്തിയുറങ്ങാതേങ്ങിയിരുന്നു.

രാത്രിയിതെന്തു വികാരം പകരും രാത്രി
മഴക്കുളിര്‍ ചാര്‍ത്തിയ മൂക വികാരിണിയായി
നിറന്നു വരുമ്പോള്‍, ഊഷ്മളമാരുടെ
കൈകളിലമരുകയാണു
വിമൂകവിമോഹിനിയാമീ രാവിന്‍ ദേഹം?

രാത്രിയിലെന്‍റ്റെ നിശാഗന്ധികളില്‍
പൂവിട്ടില്ലൊരു മൊട്ടും, കാറ്റിന്‍ കാട്ടുകടന്നല്‍
കുത്തിയ ചെണ്ടുകള്‍ വാടി മയങ്ങീ,
നീളന്‍ മുടിയിലിറുത്തണിയാനൊരു
വാടാമുല്ലയുമില്ലെന്‍ മുറ്റ,ത്തേതൊ ചൂടിയ പൂക്കള്‍
കിടപ്പൂ മുന്നില്‍, നഷ്ട വസന്തം പോലെ.
രാവിതു തീരുകയില്ലെന്‍ മുമ്പില്‍
പാടുകയാണെന്‍ നാടികള്‍ വീണ്ടും.

ആതിരതന്നനുരാഗ സ്മ്ര് തികള്‍
പാതിരനേരമൊരൂഞ്ഞാല്‍ പാട്ടായ്
മൂളുവതെന്‍റ്റെ കിനാവില്‍, ഞാനെന്‍
ജാലകവാതില്‍ തുറന്നൂ, മഴയുടെ
നാരുകള്‍ ചുറ്റിയൊരാലിന്‍ കൊമ്പില്‍
മൂങ്ങകള്‍ തന്നതിഗൂഡ സമസ്യാ പൂരണ
ഘോഷം, മണ്ണിലുറങ്ങും പൂവിന്‍ സ്വപ്നം
മിന്നാമിന്നികളായി നിരന്നൂ,
വാതിലടക്കുകയാണെന്‍ ചുറ്റും
ഭൂതാവിഷ്ടര്‍ നിരന്നു കഴിഞ്ഞൂ,

രാത്രിയിതെന്തെന്‍ കണ്ണില്‍ കത്തും
നേര്‍ത്ത വെളിച്ചവുമൂതി മടങ്ങീ?

Wednesday, November 11, 2009

രാധ


റയൂ നീ രാധേ, നിന്‍ ചൊടി
മലരിതളില്‍ ബാഷ്പമിതെന്തേ?
മദനോത്സവരാവുകള്‍ തീര്‍ത്തൊരു
കുളിര്‍ തഴുകും നിന്നുടെ കണ്ണില്‍
നിഴലെന്തേ പരയൂ, രാധേ?

കാളിന്ദി മരിച്ചുകിടക്കും
കാലത്തിന്‍ പ്രേതവനത്തില്‍
ശ്യാമാംബരശൂന്യത നിറയും
ഏകാന്ത വസന്തച്ചെരിവില്‍
വനമാലീ, നിന്നെയുമോര്‍ത്തീ
മനമെന്തേ തരളിതമായീ
വനരോദനമാവുകയാണോ
പ്രിയരാധേ, നിന്നുടെ തേങ്ങല്‍?
ഹരിനീല വസന്തം നിന്നുടെ-
യകതാരില്‍ നീറുകയാണോ
മലരമ്പുകള്‍ കൂരമ്പുകളായ്
മനമാകെ നിറയുകയാണോ
പറയൂ നീ രാധേ നിന്നില്‍
മുറിവായവനെരിയുകയാണോ?

തളിര്‍ ചൂടും വ്റ്ന്ദാവനവും
ത്ര്ണ ഗിരിയും ഗോവര്‍ധനവും
അരയാലും മുരളിയിലാടും
അനുരാഗ കദംബക്കൊമ്പും
വെറുതേ നിന്‍ നീള്‍മിഴിമുനയില്‍
നിറയുന്നോ പറയൂ രാധേ?
രതി മോഹന ഗീതികളില്ലാ,
പ്രണയാര്‍ദ്ര വചസ്സുകളില്ലാ
മധുമാസ മനോജ്ഞത ചൊരിയും
നിറമാരികള്‍ പൂവുകളില്ലാ,
റ്തുഭേദമുറക്കെയുരക്കും
പറവകളും പുലരിയുമില്ലാ,
വിരഹത്തിന്‍ വിധുരതപാകും
മ്രിദുവാര്‍ന്ന നിലാവൊളിയില്ലാ
പകലന്തികള്‍, കനവുകളില്ലാ,
നിഴല്‍ മാത്രം നിന്നുടെ കണ്ണില്‍.

അവനെവിടെന്നറിയാതെങ്ങോ
അലയുകയായ് കാലികളെന്നോ,
അനുതാപം പൂണ്ടുകിടപ്പൂ
യദുകുലവുമിതെന്നറിയൂ, നീ

ദ്വാരകയുടെ മട്ടുപ്പാവില്‍
ദ്വാപര യുഗമെരിയുകയായീ
കാളിയനും കംസനുമെത്തി
കൂരിരുളായ് നിറയുകയായീ
മാകന്ദച്ചില്ലകളെല്ലാം
മണ്ണില്‍ വീണടിയുകയായീ
രാഗത്തിന്‍ ശുക്തികളെല്ലാം
ആഴിയില്‍ വീണമരുകയായീ
ഘനവേണിയഴിച്ചും കൊണ്ടീ
മുഖമാകെ വിയര്‍ത്തും കൊണ്ടീ
വഴിയില്‍ നീ നില്‍ക്കുവതെന്തേ
വരുകില്ലവന്നോ വീണ്ടും?
വഴി നീണ്ടു കിടപ്പൂ മുന്നില്‍
തണലില്ലാ ചോലകളില്ലാ
ശരദഭ്രം നിഴലൊളി വീഴ്ത്തും
അരുവികളില്ലറുകളില്ലാ!

രാധേ, നീ കരയരുതിനിയും
കാമനകള്‍ വ്യര്‍ഥം, നോക്കൂ
കാലത്തിന്‍ വേദന തിങ്ങും
കാതരമാം കണ്ണുകളെങ്ങും
കരിമൂര്‍ഖന്‍ പെറ്റുകിടക്കും
ഇരുള്‍ മൂടിയ പനിമതി തൂകും
കറയാര്‍ന്ന വെളിച്ചം, കണ്ണീര്‍
ചുരമാന്തിയ മിഴികളുമായി
വഴിതെറ്റിനടക്കും സ്ത്രീകള്‍,
തളിര്‍നാമ്പുകള്‍ കുട്ടികളെങ്ങും
പൂതനകളിറങ്ങിനടക്കും
പാതകളാണഖിലം മണ്ണില്‍,
ഭീതിദമാം കാഴ്ച്ചകള്‍ നിറയും
നാളെകളാണിനിയും രാധേ.

പോവുമ നീയേകാകിനിയായ്
പോവുക നീ പോവുക രാധേ

Saturday, November 7, 2009

കേന്ദ്രസേന


കോലത്തുനാട്ടില്‍ രാജാവു തിരുമുല്‍പ്പാട് സുധാംഗധന്‍ അന്നദാനം നടത്തുന്നതറിഞ്ഞ്, വോട്ടുകഴിഞ്ഞ പാടേ ചെക്കിണി കൊട്ടാരത്തിലെത്തി. ആരൊക്കെയോ പറഞ്ഞറിഞ്ഞ വിവരമാണ്. ഒന്നു സുഖമായി ഭക്ഷിച്ചു കളയാം എന്നു മാത്രമേ കരുതിയുള്ളൂ. രാജപാതകള്‍ക്കിരുപുറമായി തോരണങ്ങള്‍ തൂക്കി ജഡ്ക്ക വണ്ടികളില്‍ ആളെയും കൊണ്ട് നാടുനാടാന്തരം പാഞ്ഞു നടന്നും ഖദറുകുപ്പായമിട്ടു ചിരി തൂകിയും സ്നേഹിച്ചു കൊന്നും രാജ്യസ്നേഹികളായ തമ്പുരാക്കന്‍മാര്‍ നിറഞ്ഞു കവിഞ്ഞതുകണ്ട് ചെക്കിണീ സ്തബ്ധനായിപ്പോയി.
കൊട്ടാരത്തിലേക്കു കയറിയ പാടേ കണ്ടത് രാജാവിനെയാണ്. അന്വേഷിച്ചപ്പോള്‍ രാജാവു തിരുമുല്‍പ്പാടു തന്നെയാണ് അന്നദാനം ഉദ്ഘാടനം ചെയ്യുന്നത് എന്നറിഞ്ഞു. അതിന് സര്‍വ്വദാ യോഗ്യന്‍ അദ്ദേഹം തന്നെയാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കൊണ്ടും കൊടുത്തും കൊന്നും തിന്നും ജീവിച്ച സിംഹമാണദ്ദേഹം. കേരള സിംഹം എന്ന പേര് പഴശ്ശി രാജയേക്കള്‍ ചേരുന്നത് ടിയാനാണെങ്കിലും ഏതോ വിവര ദോഷികള്‍ ആദ്യമേ അത് പഴശ്ശി രാജക്ക് ഇട്ടു കളഞ്ഞു. ചെക്കിണീ തഞ്ചി തഞ്ചി നടന്നു ചെന്നപ്പോള്‍ സുധാംഗധന്‍ ഊദ്ഘാടനത്തിലായിരുന്നു. അദ്ദേഹം കോഴിക്കാലു കടിച്ചു പറിച്ചുകൊണ്ട് മൊബൈലില്‍ ആരോടോ കയര്‍ക്കുകയാണ്. ചെക്കിണീ ഓരം പറ്റി നിന്നു.
പള്ളി യൂട്ടിനിടക്ക് ഒരാള്‍ വന്ന് ഊണര്‍ത്തിച്ചു.
“കേന്ദ്രസേനക്ക് ഒന്നിനു പോകാന്‍ ഇടമില്ല”
“ അവര്‍ രാജ പാ‍തക്ക് ഇരുവശവും പോകട്ടെ” രാജാവു കല്‍പ്പിച്ചു.
“നമ്മുടെ വോട്ടര്‍മാര്‍ എങ്ങനെ വഴി നടക്കും” ഒരു പ്രജ ചോദിച്ചു.
“കള്ള വോട്ടു കൂറയട്ടെ. “
“ അങ്ങുന്ന് തൂറി തോല്‍പ്പിക്കുകയാണോ?”
“ ജനാധിപത്യം സംരക്ഷിക്കണ്ടെ?”
ഊണു കഴിഞ്ഞ തിരുമുല്‍പ്പാട് എഴുന്നേറ്റു നിന്നു. മൂപ്പരുടെ പള്ള ഒരു മീറ്റര്‍ മുന്നില്‍ പോയിനിന്നു. നിന്നപാടേ തിരുമുല്‍പ്പാട് മൂന്ന് ഏമ്പക്കവും രണ്ട് വളീയുമിട്ടു. ശബ്ദം കേട്ട് കേന്ദ്ര സേന തോക്കു ചൂണ്ടി റെഡിയായി നിന്നു. കൈ കഴുകാനായി പടിയിറങ്ങുമ്പോളാണ് മൂപ്പര് ചുമരിലെ ഫോട്ടോ കണ്ടത്.
“ഇതിപ്പൊ ആരാ, ഒരു വയസ്സന്‍?”
“അത് മഹാത്മാ ഗാന്ധി, ഇമ്പളെ പഴേ ആള്...” രാജാവിന്‍റ്റെ പി.എ പറഞ്ഞു
“ ഓ സ്വാതന്ത്ര്യ സമരം, ഐ സീ... “
കൈ കഴുകി വന്ന രാജാവ് പറഞ്ഞു. “സ്വാ‍തന്ത്ര്യ സമരം അവിടെ നില്‍ക്കട്ടെ, പോളിങ് എത്രയായി”
“എഴുപത്തഞ്ചു ശതമാനം കഴിഞ്ഞു”
“കള്ള വോട്ട് ഒക്കെ ചെയ്തു കഴിഞ്ഞൊ?”
“അതൊക്കെ രാവിലെ കഴിഞ്ഞു”
“ പത്രകാര്‍ക്ക് സഖാക്കളുടെ കള്ള വോട്ടു കണക്കൊക്കെ കൊടുത്തില്ലെ?”
“ ഒക്കെ റെഡി”
രാജാവു തിരുമുല്‍പ്പാട് ഇതു പറഞ്ഞു തിരിഞ്ഞു നില്‍ക്കുമ്പോളാണ് ഒരു ചുരുള്ന്‍ മുടിക്കാരന്‍ ശയന പ്രദക്ഷിണം നടത്തുന്നത് കണ്ടത്
രാജാവ് ചാടി വീണ് കത്തിയൂരി. കേന്ദ്രസേന തോക്കു ചൂണ്ടി ചാടി വീണു. ശയന പ്രദക്ഷിണക്കാരന്‍ ഇതു കണ്ട് പൊട്ടിക്കരഞ്ഞു
“പറയെടാ, നീയാര്” രാജാവ് ചോദിച്ചു.
“ ഞാന്‍ കിങ്ങിണി കോണ്‍ഗ്രസ്സിന്‍റ്റെ നേതാവാ, ഒരു സൂചി കുത്താന്‍ ഇടം തന്നാല്‍ മതി, പ്ലീസ്.”
“സൂചി കുത്താന്‍ ഇടം തന്നാല്‍ നീ തൂമ്പാ കയറ്റും, അച്ചന്‍റ്റെ മോനല്ലെ? പോടാ”
രാജാവ് ഇതു പറഞ്ഞ് ഒന്നു തുമ്മി. ശബ്ദം കേട്ട് കേന്ദ്ര സേന ഞെട്ടി വിറച്ചു. ചെക്കിണിഇത് കണ്ടപാടേ പൊട്ടി ചിരിച്ചു പോയി. ശബ്ദം കേട്ട് രജാവ് പറഞ്ഞു
“ ആരവിടെ? ഇറ്റാലിയന്‍ കോണ്‍ഗ്രസിന്‍റ്റെ അന്ന ദാനം നടക്കുന്നിടത്ത് നമ്മെ അധിക്ഷേപിക്കുന്നതാര്?”
കേന്ദ്രസേന ചെക്കിണിയുടെ പിന്നാലെ പാഞ്ഞു. അന്നദാനത്തിനു വന്ന ചെക്കിണീ ഇതു കണ്ട് ജീവനും കൊണ്ട് ഓടി. കേന്ദ്ര സേന പിന്നലെയും. ചെക്കിണീ ഓടി ഒരു മരത്തിനു മുകളില്‍ കയറി, അതിന്‍റ്റെ അഗ്രത്തില്‍ പോയി ശ്വാസമടക്കി ഒളിച്ചിരുന്നു. സൈന്യം ആകാശത്തേക്കു വെടി വെച്ചു. രണ്ടു മൂന്ന് വയല്‍ കൊക്കുകള്‍ ചത്തു വീണപ്പോള്‍ സുധാംഗധ രാജാവു പറഞ്ഞു.
“മതി, ഓന്‍ പോട്ടെ, നമുക്ക് തല്‍ക്കാലം കൊക്കിനെ മതി, കേന്ദ്രസേന വിചാരിച്ചാല്‍ ഇവിടെ എന്തും നടക്കും എന്നു മനസ്സിലായില്ലേ?”
കോലത്തിരി ചിരിച്ചതു ചെക്കിണി മരത്തില്‍ നിന്നു കേട്ടു.

Tuesday, November 3, 2009

വോട്ടറ് ചെക്കിണി


ചെക്കിണി മുങ്ങി നിവര്‍ന്നപ്പോളാണ് മുന്നില്‍ നില്‍ക്കുന്ന രൂപങ്ങളെ ശ്രദ്ധിച്ചത്. ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോഴേ സംഗതി പന്തിയല്ലെന്ന് മൂപ്പര്‍ക്കു തോന്നി. സഖാക്കള്‍ ചിരി വീണ്ടും തുടങ്ങിയതില്‍ ചെക്കിണിക്കു സന്തോഷം തോന്നി. ചെക്കിണീ പകര്‍ച്ചപ്പനി വന്നതില്‍ പിന്നെ കുറെക്കാലമായി പുറത്തിറങ്ങിയിരുന്നേയില്ല. തൈലവും കഷായവുമായി അങ്ങനെ കഴിഞ്ഞു കൂടുകയായിരുന്നു. മരം കയറിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ബ്ലോക്കറ് പണിയും വെള്ളത്തിലായി.
ചെക്കിണീ തല തുവര്‍ത്തി, നനഞ്ഞ ട്രൌസര്‍ ഊരി കല്ലില്‍ കുത്തി തിരുമ്പി പിഴിഞ്ഞു തോളത്തിട്ടു. എന്നിട്ട് അക്ഷമനായി നിന്നു. ഒരു സഖാവു പറഞ്ഞു.
“ചെക്കിണിക്ക് ഒരു പണിണ്ട്.”
“എന്തു പണി? മരം മുറി?”
“അല്ല, രാജ്യസേവനം”
അതു നല്ല പണി. ചെക്കിണിക്കു സന്തോഷം കേമമായി ഊണ്ടായി.
“ഏതു രാജ്യാ സേവിക്കണ്ടത്?”
“മ്പളെ തട്ടകം. കണ്ണൂര്വന്നെ”
“ എത്രേസം ണ്ടാകും?”
“എലക്ഷന്‍ കഴീന്നേസം ഒഴിവാകാം“
“മരം ആരു മുറിക്കും?”
“ആരെങ്കിലും മുറിക്കട്ടെ”
“ബ്ലോക്കറ് പണിയോ”
“അതവിടെ നില്‍ക്കട്ടെ, പാര്‍ട്ടിയാണ് വ്യക്തിയല്ല വലുത്”
ചെക്കിണീ പിന്നെ മിണ്ടിയില്ല. സഖാക്കളുടെ കൂടെ നേരെ കണ്ണൂര്‍ക്ക് വിട്ടു. അവിടെ ചെന്നപ്പോള്‍ ചെക്കിണീക്കു കുളിരു കോരി. വോട്ടര്‍ പട്ടിക കണ്ട് മൂപ്പരുടെ കണ്ണു നിറഞ്ഞു. കുറുക്കന്‍ കുന്നുമ്മല്‍ ചെറൂട്ടി മകന്‍ ചെക്കിണിയുടെ പേരും ഫോട്ടോയും പതിഞ്ഞ വോട്ടര്‍ പട്ടികയില്‍ പക്ഷേ, വീട്ടുപേര്‍ അല്പം മാറിയാണുള്ളത്. കടപ്പുറത്തു താമസിക്കും കുറുക്കന്‍ കുന്നുമ്മല്‍ ചെറൂട്ടി മകന്‍ ചെക്കിണി എന്നാണ് പേര്. കണ്ണൂര് കണ്ട് ഇറങ്ങിപ്പോരാന്‍ നോക്കുമ്പളാണ് ഒരാള് പറഞ്ഞത്. അങ്ങനെ പോകാന്‍ പറ്റില്ല. എലക്ഷന്‍ കഴീന്നവരെ ഇവടെ തന്ന്യങ്ങു കൂടണം.
അങ്ങനെയാണ് മുനിസിപ്പലിറ്റി കക്കൂസിനടുത്ത് ഒരു കൂരകെട്ടി മൂപ്പര് താമസം തുടങ്ങിയത്. വെറുതെ വൈകുന്നേരം ഒന്നുകൂരക്കു പുറത്തിറങ്ങി ഒരു ബീഡി വലിച്ചു രസിക്കുമ്പൊഴുണ്ട് മുന്നില്‍ ഒരു കല്യാണത്തിന്‍റ്റെ ആളുകള്‍.. അതിശയത്തോടെ ചുറ്റും നോക്കിയപ്പോള്‍ പുറമ്പോക്കില്‍ നിറയെ കൂരകള്‍!
“എന്താപ്പത് കത?” ചെക്കിണി സ്വയം ചോദിച്ചു പോയി. അപ്പോഴുണ്ട് അയല്‍ വാസി നാണുവും കുടുംബവും വഴി വക്കില്‍. അതിശയം കയറി ചെക്കിണി അയല്‍ വാ‍സി നാണുവിനോട് ചോദിച്ചു.
“മുത്തപ്പന്‍ കാവില്‍ പോയതാ?”
നാണു ഒന്നു വിളറി. “അതെ, ഇഞ്ഞി എന്താ ഇവിടെ?”
“ഞ്ഞാള് വോട്ട് ചെയ്യാന്‍ വന്നതാ” മറ്റേ പാര്‍ട്ടിക്കാരനാണെങ്കിലും ചെക്കിണീ പറഞ്ഞു പോയി.
“ഞാളും.“ നാണുവും പറഞ്ഞുപോയി.
പാര്‍ട്ടി വേറെയാണെങ്കിലും ലക്ഷ്യം ഒന്നായതിനാലും ഒരേ നാട്ടുകാരായതിനാലും അവര്‍ കമ്പനി കൂടി. വൈകുന്നേരം ഒരുമിച്ച് റാക്കു കൂടിച്ചു. പൂഴിയില്‍ കിടന്നുരുണ്ടു. തിരിച്ച് കക്കൂസിനടുത്തുള്ള കൂരയിലെത്തിയപ്പോള്‍ സമയം ഒരുപാടു വൈകി.
കൂരക്കടുത്ത് കുപിതരായി സഖാക്കള്‍ നില്‍ക്കുന്നതുകണ്ട് ചെക്കിണി ഒന്നു വിരണ്ടു.
“സഖാവേ, അതാരാ?” നാണു വിനെ ചൂണ്ടി സഖാക്കള്‍ ചോദിച്ചു.
അത്രയേഉള്ളൂ? ചെക്കിണീ ചിരിച്ചു പോയി.
“അത് ഇമ്പളെ നാട്ടുകാരനാ, നാണു. ഓന്‍ കോണ്‍ഗ്രസ്സാ.. ഓനൂണ്ട് ഇവിടെ വോട്ട്. കൂട്ടത്തില്‍ ഓന്‍റ്റെ കുടുമ്പോണ്ട്.”
അതുപറഞ്ഞതേ ചെക്കിണിക്ക് ഓര്‍മ്മയുള്ളൂ. മൂന്നാം ദിവസമാണ് അയാള്‍ക്കു സംഗതി തിരിഞ്ഞത്.







Wednesday, October 28, 2009

ഗുല്‍മോഹര്‍*


നിശ്ചലം ഘടികാരം, പതിയെ പടികടന്നെത്തുന്നൂ
നിന്‍റ്റെയിഷ്ടതോഴനാം നിഴല്‍, രാവിന്‍
നിഷ്പന്ദ സംഗീതത്തിലലിയും മൌനം
വാര്‍ന്നു കിടക്കുമേകാന്തത.
പാതിവെന്തതാം ചന്ദ്രന്‍,
പാതിരാ നക്ഷത്രത്തിന്‍ കാതര നയനങ്ങള്‍,
വിഷലിപ്തമാം നീലവെളിച്ചം ചവച്ചിട്ട
നിഴലിന്‍ നുറുങ്ങുകള്‍...

വലിഞ്ഞുമുറുകുന്നൂ സിരകള്‍, സംഗീതത്തിന്‍
ലയസീമയില്‍ സൈഗാള്‍ പാടുന്നൂ
വിറക്കുന്നോരുടലില്‍ ചുറ്റിപ്പിടിച്ചാടുന്നൂ നിഴല്‍,
നിന്‍റ്റെ പ്രാണനില്‍ കരം ചേര്‍ത്തു പുണര്‍ന്നൂ പ്രിയതോഴന്‍

ദിഗന്തങളില്‍ ഏതോ ദീനരോദനം
നിത്യഗൂഡമാം പ്രണയത്തിന്‍
നറുമുന്തിരിവീഞ്ഞിന്‍ സ്ഫടികപാത്രം
വീണു തകര്‍ന്നു.
ഉടലില്‍ സൂക്ഷിച്ചതാം അഗ്നിരേണുക്കള്‍ പൊട്ടിയുരുകീ
കരിധൂമ സര്‍പ്പങ്ങള്‍ തലകീഴായ്കിടന്നു വിഷം തുപ്പീ
മിഴികള്‍ ചിറകടിച്ചഗ്നിയെ വലം വെച്ചൂ...
മനസ്സിലൊളിപ്പിച്ചതാം മയില്‍പ്പീലികള്‍ ചിറകടിച്ചു പറക്കുന്നൂ
വിരല്‍തുമ്പിലഗ്നിനാളങ്ങള്‍
കരിന്തിരി കത്തുന്നൂ
നിന്‍റ്റെ ഗുല്‍മോഹര്‍ പൂത്തൂ,
കാത്തിരുന്നയാള്‍ കരംഗ്രഹിച്ചണഞ്ഞൂ,
മൊഴിയാത്ത വാക്കുപോല്‍, ഉരുകി നീ
നിശ്ചലം, നിരാലംബം.....

*അകാലത്തില്‍ പൊലിഞ്ഞ നന്ദിതക്ക്

Tuesday, October 27, 2009

മനസ്സുനിറയെ കുളിരായിരുന്നു...


രവങ്ങളൊടുങ്ങാത്ത കുത്തൊഴുക്കില്‍
കുളിര് മലയിറങ്ങി വരുന്നത് ആയിരം വെളുത്ത
കുതിരകളുടെ പുറത്തേറിയാണ്.
കുതിരകള്‍ ഭൂമിയുടെ മേനിയില്‍ ഉര്‍വ്വരതയുടെ
നഖങ്ങളാഴ്ത്തിക്കൊണ്ട് കടന്നുപൊകുന്നത്
കാറ്റിനറിയം.
കാറ്റ് ക്ടവര്‍ന്നെടുത്ത കുളിര് പ്രണയികള്‍ മനസ്സില്‍
കോരിയെടുത്ത് പ്രണയത്തെ ജ്ഞാനസ്നാനം ചെയ്യിക്കുകയാണ്.
തിരിച്ചുപൊകുന്നതിനു മുമ്പ്
ഊഷ്മളമായ ഒരു വിരല്‍സ്പര്‍ശം.
അതു മാത്രമുണ്ടാകും, ഓര്‍മ്മിക്കാന്‍.

My Blog List

Subscribe Now: Feed Icon