Tuesday, April 20, 2010

ടെലിവിഷനു മുമ്പും മലയാളി ഉണ്ടായിരുന്നു...




മലയാളി ടെലിവിഷനെ ആരാധിച്ചുപോയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു.
1984ല്‍ ശ്രീമതി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് അവരുടെ മൃതശരീരം ദഹിപ്പിക്കുന്നതുവരെ രണ്ടുമൂന്നു ദിവസം നടത്തിയ ലൈവ് ടെലിക്കാസ്റ്റ്. അതുകാണാന്‍ ടെലിവിഷന്‍ സെറ്റിനുമുമ്പില്‍     ആളുകള്‍ കൂട്ടം  ചേര്‍ന്നു നിന്നു. അന്ന് ഏതെങ്കിലും പണക്കാരന്റെ വീട്ടിലോ പൊതുവായനശാലയിലോ മാത്രം പ്രദര്‍ശനത്തിനു വെച്ച ടെലിവിഷനില്‍ കണ്ട ദൃശ്യങ്ങള്‍ മലയാളി മന്നില്ല.  അതുകാണാന്‍ അന്നത്തെ 75 കോടിയോളം വരുന്ന ജനസംഖ്യയില്‍ ഭാഗ്യമുണ്ടായവര്‍ പക്ഷേ ഒന്നോ രണ്ടോ കോടി മാത്രമായിരിക്കും.  
1984ല്‍ തന്നെ നടന്ന ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ പി.ടി. ഉഷ കൊണ്ടുവരുമെന്നു കരുതിയ പ്രതീക്ഷാ ഭരിതമായ ഒരു പ്രകടനം തകര്‍ന്ന ടിയുന്നത് കണ്ട് ഉഷയെപ്പോലെ തന്നെ പൊട്ടിക്കരഞ്ഞ കേരളക്കാരുടെ ഹൃദയത്തിലും അറിയാതെ ടെലിവിഷന്‍ കൂടുകൂട്ടുകയായിരുന്നു. 
1986ല്‍ മെക്സിക്കോ ലോകകപ്പ് കര്‍ക്കിടകത്തിലെ തിമര്‍ത്തു പെയ്യുന്ന മഴയത്ത് അര്‍ദ്ധരാത്രിയില്‍ കുടയും പിടിച്ചുനിന്ന് കണ്ടു നിന്നപ്പോള്‍ മറഡോണയോടൊപ്പം ടെലിവിഷനും മലയാളിയെ കീഴടക്കുകയായിരുന്നു.
അങ്ങനെ മലയാളിയുടെ സ്വീകരണ മുറിയില്‍ മേശപ്പുത്ത് ഒരു പെട്ടി സ്ഥാനം പിടിച്ചു.  മലയാളം പ്രക്ഷേപണം എല്ലായിടത്തും ലഭ്യമാകാത്ത കാലത്ത്, ഗതികെട്ട പുല്ലു തിന്നുന്ന പോലെ അന്യ ഭാഷയില്‍ കാണുന്ന പലതും നാം അദ്ഭുതത്തോടെ കണ്ടു നിന്നു.  പയ്യെപ്പയ്യെ ദൂരദര്‍ശന്‍ ന്മ‍ലയാളം പരിപാടി വ്യാപകമാക്കിയപ്പോള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ വരുന്ന മലയാളം സിനിമ കാണാന്‍ നാട്ടിന്‍ പുറത്തുകാര്‍ ‘ചൂട്ടും പന്തവുമായി’ വയലേലകള്‍ താണ്ടി ടെലിവിഷനില്‍ ലയിച്ചിരുന്നു.
തൊണ്ണൂറില്‍ തുടങ്ങിയ  ഏഷാനെറ്റ് പുതിയ പ്രക്ഷേപണ നയത്തിന്റെ ഭാഗമായി പരിപാടി കേരളത്തില്‍ നിന്നു തന്നെ ടെലിക്കാസ്റ്റ് ചെയ്തപ്പോള്‍ മലയാളിക്ക്  ആദ്യമായി ഒരു സ്വകാര്യ ചാനല്‍ കൂടി വന്നു. അങ്ങനെ മലയാളിക്ക് ഓരോ വര്‍ഷവും പുതിയ രണ്ടും മൂന്നും ചാനല്‍ കൂടി വന്നുകൊണ്ടിരുന്നു. വാര്‍ത്ത വായിച്ചും കേട്ടുംഅറിഞ്ഞ   മലയാളി വാര്‍ത്ത കണ്ടറിയാന്‍ തുടങ്ങി.
ആകാശവാണിയുടെ അക്ഷര ശുദ്ധിയുള്ള ശബ്ദം വീടുകളില്‍ കുറഞ്ഞു വന്നു. പകരം ‘മംഗ്ളീഷ്’ ഭാഷയിലുള്ള കൊഞ്ചലും കുഴയലും കൂടി. ദ്രുശ്യ ഭാഷ തന്നെ ആംഗിക ചലനങ്ങള്‍ കൊണ്ട് വികൃതമായും വാചികാബദ്ധങ്ങള്‍ കൊണ്ട് മലിനവുമായി. ഭാഷയുടെ പ്രശ്നം അങ്ങനെ നില്‍ക്കട്ടെ, മറ്റ് എന്തെല്ലാം കിടക്കുന്നു!
  പതിനഞ്ചോളം ഭാഷാ ചാനലുകള്‍ ഇന്ന് മലയാളിക്ക് സ്വന്തം. അതിലെന്തിരിക്കുന്നു എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. നൂറുകണക്കിനു പത്രമാധ്യമങ്ങള്‍  മലയാളത്തില്‍ ഇങ്ങുന്നില്ലേ? പേടിക്കേണ്ട പന്ത്രണ്ടോളം പുതിയ മലയാളം ചാനലുകള്‍ കൂടി ഈ വര്‍ഷം വരുന്നു. എല്ലാവരും കൂടി ചേര്‍ന്ന് ഭാഷയേയും ജീവിത രീതികളെയും മാറ്റി മറിക്കട്ടെ.. 
ടെലിവിഷന്‍ വരുന്നതിനു മുമ്പുള്ള മലയാളിയും അതിനു ശേഷമുള്ള മലയാളിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു ചിന്തിച്ചു നോക്കൂ. മലയാളിയെന്നല്ല, ലോകത്തിനെയാകെ ടെലിവിഷന്‍ മാറ്റി മറിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യക്ക് ഗുണവും ദോഷവുമുണ്ട് എന്നത് നേര്. 
ടെലിവിഷന്‍ വാര്‍ത്തകള്‍

നിലവിലുള്ള പതിനഞ്ചോളം ചാനലും വരാനിരിക്കുന്ന പന്ത്രണ്ടോളം ചാനലും കൂടി ചേര്‍ന്ന് സൃഷ്ടിക്കാന്‍ പോകുന്നത് എന്താണ്? അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പത്തിരുന്നൂറോളം പത്രമാധ്യമങ്ങളും ഒന്നര ഡസനോളം ചാനലുകാരും ഉറക്കമിളിച്ചിരുന്നിട്ടും കേരളം ധാ ര്‍മ്മികമായും സദാചാര പരമായും അധപ്പതിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികള്‍  വര്‍ദ്ധിക്കും തോറും രോഗികളുടെ എണ്ണം പെരുകുന്ന അതേ അവസ്ഥ. ഇന്ന് ഒരാള്‍ പണം കൊടുത്തു വരിക്കാരനാകുന്ന പത്രം കണ്ടാലും അയാള്‍ സ്ഥിരമായി കാണുന്ന ചാനലു കണ്ടാലും അയാളുടെ മതവും രാഷ്ട്രീയവും വെളിവാകുമെന്നതല്ലേ സത്യം?  വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടുകയും അത് സെന്‍സേഷണല്‍ ചെയ്യപ്പെടുകയും ചെയ്യുന്നതിനാല്‍ സത്യം കണ്ടെത്തുക പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന പണി തന്നെ. ‘ഫോര്‍ത്ത് എസ്റ്റേറ്റ്’ എന്ന ജനാധിപത്യത്തിലെ നീതിയുടെ പടവാളായി നില്ക്കേണ്ട പത്രാധിപരുടെ   ധാര്‍മ്മിക ബോധം ഇന്ന് എവിടെ നില്ക്കുന്നു?  

ടെലിവിഷന്റെ ഒരു ദിവസം

നമ്മുടെ മലയാളം ചാനല്‍ നല്കുന്ന ഒരു ദിവസത്തെ പരിപാടി ‍നമുക്കൊന്ന് ശ്രദ്ധിക്കാം.

              പുലര്‍ച്ചെ ഒരു മണി മുതല്‍ കാലത്ത് ആറുമണി വരെ സിനിമാ ഗാനങ്ങള്‍ അല്ലെങ്കില്‍ സിനിമ. പ്രഭാത പരിപാടിയില്‍ ഒരു സിനിമാതാരമോ അല്ലെങ്കില്‍ അത്തരത്തില്‍ പ്രസിദ്ധി നേടിയ ഒറാളുമായി ഇന്റര്‍വ്യൂ. പിന്നീട് സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഫോണ്‍ ഇന്‍ പരിപാടി. ഉച്ച വരെ സിനിമ. ഉച്ച്ക്കു ശേഷം സീരിയല്‍ വൈകുന്നേരം സിനിമ. പിന്നീട് സിനിമാ ഗാനങ്ങള്‍ കൊണ്ടുള്ള റിയാലിറ്റി ഷോ. പിന്നെ സിനിമാ താരങ്ങളെ അനുകരിച്ചുള്ള കോമഡി ഷോ. രാത്രി സിനിമ. പിന്നെ സിനിമയിലെ ഹാസ്യ സീനുകള്‍  കോര്‍ത്തിണക്കിയ ഹാസ്യ പരിപാടി. സിനിമ....സിനിമ.... വാര്‍ത്തകള്‍ ഒരു ദിവസം ആകെ രണ്ടു മണിക്കൂറോളം. വാര്‍ത്തകള്‍ അറിയിക്കുക എന്ന കേവല ധര്‍മ്മമല്ല ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. വാര്‍ത്തകള്‍ കൊണ്ട് കോളിളക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വാര്‍ത്തകളിലൂടെ വാര്‍ത്ത സ്ര്ഷ്ടിക്കാന്‍ ശ്രമിക്കുന്ന ‘പാപ്പരാസികളുടെ’ പണി. ഇവിടെ പത്ര ധര്‍മ്മം പോയിട്ട് ഒരു ‘മണ്ണാങ്കട്ടയുമില്ല, സുഹൃത്തുക്കളേ. ഒരു ‘ഫുള്‍’ കിട്ടിയാല്‍ വേണ്ടതുപോലെ എഴുതിക്കൊടുക്കുന്ന പത്രധര്‍മ്മം ഉണ്ടെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ?.

   പരസ്യങ്ങള്‍                                                                                                       മലയാളിയുടെ ജീവിതരീതി മാറിപ്പോയതിനു കാരണം ഇതുമാത്രമാവണമെന്നില്ല. ഗീബല്ണ്ടത്സണ്‍ ഒരു കള്ളം പലശ്യം പഞ്ഞ് അതിനെ സത്യമെന്നു ധരിപ്പിച്ചതുപോലെ പരസ്യങ്ങളില്‍ പയുന്ന കളവു മുഴുവന്‍ നമ്മള്‍  അറിയാതെ സത്യമെന്നു കരുതി വാങ്ങിയും തിന്നും ഉപയോഗിച്ചും ഇരിക്കുന്നു.  നമ്മുടെ കുട്ടികള്‍ പരിപാടികളെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് പരസ്യമാണെല്ലോ. തടിവെക്കാനും ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും സൗന്ദര്യം കൂട്ടാനും ആസ്ത്മ മാറ്റാനും എന്നു തുടങ്ങി സകലതും വാങ്ങി ഉപയോഗിച്ചും പരസ്യങ്ങളില്‍ കാണുന്ന പോലെ കൊഴുപ്പു നിഞ്ഞ ഭക്ഷണം ഉണ്ടാക്കി തിന്നും ജീവിതത്തെ നാം എത്ര മാറ്റിക്കളഞ്ഞു? ഒന്നു തിരിഞ്ഞു നോക്കു, എണ്‍പതുകളിലെ നമ്മളെ....  നമ്മള്‍ അന്നും ഉണ്ടായിരുന്നു എത്ര വിചിത്രം!


Saturday, April 10, 2010

ചെക്കിണീ പിന്നെയും തെങ്ങില്‍ തന്നെ.

        കുഞ്ഞിക്കേളപ്പന്‍ നായരുടെ തലയില്‍ ഒരു ഉണക്ക തേങ്ങ വീണപ്പോഴാണ് ചെക്കിണിക്ക്   തലയില്‍ വെളിച്ചം ഉദിച്ചത്. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചതിന്റെ അതേ ഉഷാര്‍ തലയിലേന്തി ചെക്കിണി അല്പ്പനേരം എല്ലാം മറന്നു ചിന്താധീനനായി നിന്നു. കുഞിക്കേളപ്പന്‍ നായരുടെ തലയില്‍ തേങ്ങാ വീണത് ഒരു നിര്‍ഭാഗ്യമായി  ചെക്കിണിക്ക് തോന്നിയില്ല. കുഞിക്കേളപ്പന്‍ നായര്‍ അറിയപ്പെടുന്ന ബൂര്‍ഷ്വാസിയാണ്. ന്ചാലഞ്ച്  ഏക്കര്‍ തെങ്ങിന്‍ തോട്ടമുള്ള ടിയാന്റെ തെങ്ങുകള്‍ കനം തൂങ്ങി നില്ക്കാന്‍  തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. കാരണം മറ്റൊന്നു മല്ല. സ്ഥിരം തെങ്ങിന്മേല്‍ കയറിയിരുന്ന പാക്കരന്‍ വിസ സംഘടിപ്പിച്ച് ദുബായില്‍ പോയിക്കളഞ്ഞു.
           അതോടുകൂടി കുഞ്ഞിക്കേളപ്പന്‍ നായരുടെ കഷ്ടകാലവും തുടങ്ങി. നാട്ടില്‍ അവശേഷിച്ചിരിക്കുന്ന ചുരുക്കം ചില തെങ്ങുകയറ്റക്കാരുടെ വീടുകള്‍ കയറി ഇങ്ങി നായരുടെ ചെരുപ്പു തേഞ്ഞു.  അങ്ങനെ നിരാശനായി തെങ്ങിന്റെ മണ്ടയിലേക്ക് നോക്കി നെടുവീര്‍പ്പിടുമ്പോഴാണ്  മൂപ്പരുടെ മണ്ടയില്‍ കല്പ്പവൃക്ഷം ക്ഷമ നശിച്ച് ഇടിച്ചിങ്ങിയത്. ചെക്കിണി വാര്‍ത്ത​അറിഞ്ഞതും ആദ്യം ഒന്നു ഞെട്ടി. കാരണം തലയില്‍ തേങ്ങാ വീണാല്‍ ആളു കാലിയായിപ്പോകും. ആ ബൂര്‍ഷ്വാസി  ചാകുന്നതില്‍ ചെക്കിണിക്ക് ദുഖമില്ല. കാരണം ബൂര്‍ഷ്വാസികള്‍ ചൂഷകരാണെന്ന സിദ്ധാന്തം ചെക്കിണി പാര്‍ട്ടി ക്ലാസൂകളില്‍ മനസ്സിലാക്കിയിട്ടുണ്ട്. ആളു ചത്തോട്ടെ, പക്ഷേ, മാവു മുറിച്ചതിന്റെ കൂലിയായി തനിക്ക് കിട്ടാനുള്ള ബാക്കി പണം കിട്ടാതായി പോകുമോ എന്ന ഭയം ചെക്കിണീക്ക് ഉണ്ടായി. എനാല്‍ പുതിയ നിലാവെളിച്ചം തലയിലുദിച്ചതോടെ ചെക്കിണി ഉഷാറായി.
നാട്ടില്‍ തെങ്ങ് ഒരു അധികപ്പറ്റാണെന്ന് തെങ്ങിനു തന്നെ തോന്നി തുടങ്ങിയിരിക്കുന്നു. പുതിയ ചെക്കന്‍ മാരൊന്നും അത്തരം വേണ്ടാതീനത്തിനു  പോകുന്നില്ല. ചെക്കിണി തന്റെ ചെക്കനെ ഒന്നു പരീക്ഷിച്ചതാണ്. ചെക്കന് മുട്ടിനു മുട്ടിനു  ജീന്‍സു  വേണം കുപ്പായം വേണം. ഇതൊക്കെ ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ ചെക്കിണീ  പഞ്ഞു.
“ചെക്കാ, പോയി തെങ്ങുമ്മല്‍ കയറി​ പത്തു പൈസ ഇണ്ടാക്കാന്‍ ന്നോക്ക്”
ചെക്കന്‍ മടിച്ചു മടിച്ചാണെങ്കിലും അവസാനം തെങ്ങു കയറ്റത്തിനു പോയി. മൂന്നാം നാള്‍  ആയുധം വെച്ചു കീഴടങ്ങി
ചെക്കിണി കാരണം തിരക്കി.
ചെക്കന്‍ പഞ്ഞു.
“തെങ്ങിന്റെ മുയിങ്ങു മണത്തിറ്റ്   പെണ്‍കുട്ട്യള്‍ അടുത്തേക്ക് വരുന്നില്ല”
ചെക്കിണി പിന്നെ ഒന്നും പറഞ്ഞില്ല. നാട്ടില്‍ പണിയില്ലെന്നും പറഞ്ഞ് തൊഴിലില്ലായ്മ വേദനവും വാങ്ങി നടക്കുന്ന ചെറുപ്പക്കാരെപ്പറ്റി ചെക്കിണി ഓര്‍ത്തു. അന്തസ്സായി കുപ്പായവും മൂടുതൂങ്ങിയ ജീന്‍സുമിട്ട് അതിലെയും ഇതിലെയും അങ്ങനെ വിലസിനടങ്ക്കുന്നതിന്റെ സുഖം പോഴത്തക്കാരന്‍ ചെക്കിണീക്ക് അറിയാമോ? ഏതെങ്കിലും ഒരു മൊബൈലു കമ്പനിക്കാരന്റെയോ ഫൈനാന്സി‍യറുടെയോ പുസ്തക വില്പ്പനക്കാരന്റെയോ കൂലിക്കാരനായി അന്തസ്സായി പണിയെടുക്കുന്നതിന്റെ സുഖങ്ങള് എപ്പടി എന്നു ചെക്കിണീ മനസ്സിലാക്കിയിട്ടില്ല. അപ്പോഴാണു ഒരു തെങ്ങുകയറ്റം വന്നിരിക്കുന്നത്. നാട് മൊത്തം കമ്പ്യൂട്ടറൈസ് ചെയ്തു കഴിഞ്ഞു. മൊബൈല്‍ ഫോണും നെറ്റ് ബാങ്കിങ്ങും വന്നു. ഓണ്‍ ലൈന്‍  അല്ലാത്ത ഒരു പരിപാടിയും നാട്ടിലില്ല. അപ്പോഴാണ് ഒരു കൃഷി. ചെറുപ്പക്കാരെ അതിനൊന്നും കിട്ടില്ല.
ഇതൊന്നും മനസ്സിലാക്കാതെ ചെക്കിണീ ചെക്കനെ തെങ്ങു കയറ്റത്തിനയച്ചു. വിഡ്ഡിത്തം. അല്ലാതെ എന്ത്. ആളുകളുടെ തലയില്‍ തേങ്ങ വീഴുന്നെങ്കില്‍ അത് തെങ്ങിന്റെ കുഴപ്പമാണ്.
ഏതായാലും കുഞ്ഞിക്കേളപ്പന്‍ നായരുടെ തലയില്‍ തേങ്ങാ വീണതോടെ ബോധോദയമുണ്ടായ ചെക്കിണി തല്ക്കാലം മരം വെട്ട് നിര്‍ത്തി തെങ്ങുകയറ്റം തുടങ്ങി  
         വൈകുന്നേരം രണ്ടു കിലോ കപ്പയും ഇത്തിരി മത്തിയുമായി ചെക്കിണി വീട്ടിലെത്തിയാല്‍  അതു തിന്നു തീര്‍ക്കാ‍ന്‍ ചെക്കന്‍ വീട്ടിലുണ്ടാവും എന്നു ചെക്കിണിക്ക് അറിയാം.

Tuesday, March 30, 2010

ബ്ലോഗിലെ കമന്റുകള്‍

ഒരു കൗമാര പ്രായക്കാരന്‍ എഴുപതുകളിലോ എണ്പതുകളിലോ സ്വപ്നം കണ്ടിരുന്നത് അധികവും ഒരു സാഹിത്യകാരനായി പേരും പെരുമയും നേടുന്നതായിരുന്നു. അവന്റെ മനസ്സില്‍ ‘കാലം‘ എഴുതിയ എം.ടി.യോ ദേശത്തിന്റെ കഥാകാരനോ തകഴിയോ ദേവോ ചങ്ങമ്പുഴയോ, ഇനി അതുമല്ല, ആധുനികരായ കടമ്മനിട്ടയോ ഒ.എന്‍.വി.യോ ചുള്ളിക്കാടോ ആരെങ്കിലുമൊരാള്‍ ആരാധനാപാത്രമായി നിലകൊള്ളുന്നുണ്ടാവും. അവരെപ്പോലെ എഴുത്തിന്റെ വഴി തേടി പഴയ നോട്ടു ബുക്കില്‍ കുറിച്ചുവെക്കുന്ന വരികള്‍ വെളീച്ചം കാണാന്‍ വേപഥു പൂണ്ട് പത്രമാപ്പീസുകളിലേക്ക് ആരും കാണാതെ സൃഷ്ടികള്‍ അയച്ചുകൊടുത്തും അത് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നുകാണാന്‍ ഹൃദയമിടിപ്പോടെ വാരികയുടെ താളുകള്‍ മറിച്ച് നിരാശയോടെ സ്വയം ശപിച്ചും പലപ്പോഴും അവരുടെ  സാഹിത്യ സ്വപ്നം പൂവണിയാതെ പോകുന്നു. ഇങ്ങനെ മലയാളത്തിലെ പല പ്രസിദ്ധ സാഹിത്യകാരന്മാരെയും പത്രാധിപന്മാര്‍ വട്ടം കറക്കിയിട്ടുണ്ട്. ചിലരുടെയെങ്കിലും മാസ്റ്റര്‍ പീസുകള്‍ തിരിച്ചയക്കപ്പെട്ട ചരിത്രവും ഉണ്ട്. 


പത്രാധിപന്മാരുടെ സാഹിത്യ സങ്കല്പ്പവും അവരുടെ സങ്കുചിത മനസ്ഥിതിയും  എഴുത്തിന്റെ ശൈലിയെ നിര്വ‍ചിക്കുമ്പോള്‍ അതിനു വഴങ്ങാതെ വരുന്നവ അവര്ക്ക് പഥ്യമല്ലാതാവുന്നു. ഇതു പഴയ കഥയല്ല. ഇന്നും ചിലര്‍ തീരുമാനിക്കുന്നത് അവരാണ് സാഹിത്യകാരമാരെ സ്രുഷ്ടിക്കുന്നത് എന്നാണ്. എന്തായാലും ഒരു കാര്യം ഉറപ്പുതന്നെ. ഒരുപാട് സാഹിത്യ കുതുകികളുടെ എഴുത്തിനോടുള്ള താല്പ്പര്യത്തെ ഇല്ലാതാക്കാന്‍  ഇവര്‍ക്ക്    കഴിഞ്ഞിട്ടുണ്ട്. 


ഇപ്പോള്‍ ഇത് പറയുന്നതിനു ഒരു കാര്യമുണ്ട്. സ്വയം എഴുതാനും അത് പരസഹായമില്ലാതെ പ്രസിദ്ധീകരിക്കാനും ബ്ളോഗ് വന്നതോടെ എളുപ്പമായിരിക്കയാണ്.  മലയാളത്തില്‍ ബ്ലോഗുകളുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. എഴുതാനറിയാവുന്നവര്‍ക്ക് ആത്മപ്രകാശനത്തിന് ഇത്രനല്ലൊരവസരം ലഭിക്കാനില്ല. ആനുകാലികങ്ങളിലെ സൃഷ്ടികളെ വെല്ലുന്ന ഒരുപാട് കഥകളും കവിതകളും ലേഖനങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ മാധ്യമശ്രദ്ധ ഇപ്പോള്‍ ഇങ്ങോട്ടു തിരിഞ്ഞിരിക്കയാണ്.  ഏറ്റവും നല്ല രീതിയില്‍ ആനുകാലിക സംഭവങ്ങളെ വിലയിരുത്തുന്ന ബ്ലോഗുകള്‍ ഉണ്ട്. എന്നാല്‍ ഇന്നുകണ്ടുവരുന്ന തീരെ ശരിയല്ലാത്ത ഒരു പ്രവണത കമന്റുകള്ക്കാ‍യുള്ള നെട്ടോട്ടമാണ്.  കമന്റുകള്‍ ലഭിക്കാനുള്ള ഏറ്റവും നല്ല മാര്ഗം‍ കിട്ടാവുന്ന ബ്ലോഗുകളില്‍ എല്ലാം കയറി ചെന്ന് ‘ഉഗ്രനായിരിക്കുന്നു’, ‘ഗംഭീരം’, ‘കലക്കി’ മുതലായ ചില പ്രയോഗങ്ങള്‍   നടത്തുക എന്നുള്ളതാണ്. ഇത് എഴുതാന്‍ ആരുടെയും ബ്ലോഗ് വായിക്കണം എന്നു തന്നെയില്ല. ഇത്തരം കമന്റുകള്‍ നടത്തുന്നതിനു പിന്നില്‍ തനിക്കും “വാരിധി തന്നില്‍ തിരമാലകളെന്ന പോലെ” കമന്റുകള്‍ വരണേ  ദൈവമേ എന്ന ഒരു അപേക്ഷ മാത്രമാണ്. ഇത്തരം ‘ബ്ലോഗിങ്ങുകള്‍’ വെറും പബ്ലിസിറ്റി ലാക്കാക്കിയുള്ളതാണെന്നും അത് നിരുല്സാ‍ഹപ്പെടുത്തേണ്ടതാണെന്നും നാം മനസ്സിലാക്കണം. ‘മാത്രുഭൂമി’യിലും മറ്റും ലഭിക്കുന്ന കത്തുകളുടെ നിലവാരം തന്നെ ബ്ലോഗിലെ കമന്റുകള്‍ക്കു     വേണം.  ബ്ലോഗിലെ എഴുത്തിന്റെ നിലവാരം പ്രത്തികരണങ്ങള്‍ക്ക്     ലഭിക്കാത്തത് ഇത്തരം“ആര്‍ത്തി” ഒന്നുകൊണ്ട് മാത്രമാണ്. എന്നാല്‍ ഇതിനു വിപരീതമായി നല്ല കമന്റുകള്‍ നല്‍കുന്ന ഒരുപാട് ബ്ലോഗര്മാ‍രെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. 

നമുക്ക് കാര്യങ്ങള്‍ ഒന്നുകൂടി ഭംഗിയാക്കാം അല്ലേ, സുഹൃത്തുക്കളേ?     

Monday, March 22, 2010

മധ്യവേനല്‍




തിളക്കുന്നൂ, പകല്‍-
ഉടലിലൊക്കെയും നിറയെയുഷ്ണത്തിന്‍
മുറിവുമായി നീ നിഴലുപറ്റുമ്പോള്‍,
കൊഴിയും ഗ്രീഷ്മത്തിന്നിതളുകള്‍
വീണവഴികളിലഗ്നിച്ചിറകുകള്‍
കൊഴി-ഞ്ഞമരുമ്പോള്‍,
പൂത്തുകൊഴിഞ്ഞ വാക്കിന്റെ
പിടക്കും ചേതന മറവിയില്‍ വീണു
മറഞ്ഞുപോകുമ്പോള്‍,
പഴയ വീടിന്റെ ചുമരില്‍
ഞാനെന്റെ പ്രണയ കാവ്യത്തിന്‍ വരികള്‍
കോറുമ്പോള്‍, കിളിച്ചുണ്ടന്‍ മാവില്‍
ഉടലുചുറ്റിക്കൊണ്ടൊരു കാറ്റിന്‍
കൈകളിലകള്‍ തല്ലുമ്പോല്‍
മറവിയില്‍ വീണ പഴയകാലത്തിന്‍
ശിഥിലജാലകം തുറന്നു നീ വീണ്ടും
കവിതയും കൂര്‍ത്ത ചരല്ക്കല്ലും
കൊണ്ടെന്മനസ്സിലുഷ്ണത്തി-
ന്നെരിവു പാകുമ്പോള്‍
സമയം മധ്യാഹ്നം,
ഒഴുകും ലാവയില്‍
വിരിയുന്നൂ ശത ദള സുരഭിയാം
ഒരുപുഷ്പം-
നിന്റെ വിരലിലാളുന്ന
വിരഹ വഹ്നിയില്‍
തിളക്കുന്നൂ പകല്‍.

Sunday, March 21, 2010

നീ ഇന്നും ഒരു ബി.പി.എല്‍.കാരി





നീ ഇന്നും ഒരു ബി.പി.എൽ.കാരി
ഈ വരൾച്ചയിലും നിന്റെ കണ്ണിലൂടെ
ഒരു പുഴ ഒഴുകുന്നുണ്ട്.
കൈവഴികളില്ലാത്ത പുഴയിലൂടെ
അനാദ്യന്തമയ കാലത്തിന്റെ
ഓരം പറ്റി ഋതുഭേദങ്ങളിൽ
നടന്നു നടന്ന് നിന്റെ അമ്മ മരിച്ചു വീണു.
ഓരോ റേഷൻ കാർഡിലും നിന്റെ നിറം
ചുവപ്പായിരുന്നു.
പക്ഷേ, ഇരപിടിക്കാനിറങ്ങിയവരും
ഇരകോർക്കാൻ നിന്നെ എടുത്തവരും-
ചേർന്ന് നിന്നെ ചുവപ്പിൽ തന്നെ
പിടിച്ചു നിർത്തി.
ഉൾക്കാടിലെവിടെയോ ഊയലാടുന്ന
കാറ്റിന്റെ ചിറകടിയിൽ, മാമ്പൂക്കൾ
വിരിഞ്ഞ ഹേമന്തത്തിന്റെ കുഞ്ഞു
കൈനഖങ്ങളിൽ, കരഞ്ഞു വിളിച്ച്
ആർത്തെത്തുന്ന ഇടവപ്പാതിയുടെ
കുളിർ സ്പർശത്തിൽ നീ കാടിനെയറിഞ്ഞു.
വിരലിനാൽ വാക്കുകൾ കോറിയിട്ടു
കളിക്കാൻ മൺ ചുമരുകൾ പോലു-
മില്ലാത്ത നിനക്ക് ഭാഷ പോലും വേണ്ട.
നിനക്കറിയാം ഇലഞ്ഞികൾ
പൂക്കുന്നത്,കാറ്റത്ത് മാമ്പഴം വീഴുന്നത്,
മദം പൊട്ടിവരുന്ന ഇരുട്ടത്ത്
കാട്ടാനകൾ നിന്റെ അമ്മയുടെ,
സഹോദരിയുടെ കീറത്തുണികൾ
കടിച്ചു വലിക്കുന്നത്.

നീയിന്നും ഒരു ബി.പി.എൽ.കാരി.
ചുവന്ന കാർഡിൽ നിനക്കുള്ള
രണ്ടു രൂപയുടെ അരിയുംതിന്ന്
ആശാരിച്ചിയെയും കടിച്ച് പട്ടി
പിന്നെയും മുന്നോട്ടു വെക്കുമ്പോൾ
നീ ഒലിച്ചിറങ്ങിയ മൂക്കട്ട
നക്കി തിന്ന് സ്വയം
തൃപ്തിയടഞ്ഞു.

ഇരുട്ടത്ത് ആകാശത്തെ നക്ഷത്ര-
ങ്ങളെ മാടിവിളിച്ചു കിടക്കുന്ന
രാത്രിയിൽ ഒരു ഒളിക്യാമറയിൽ
നീ നിന്റെ പ്രായം തെളിയിക്കും
പിന്നെ നീ ആരായിത്തീരും?
ആർക്കറിയാം.
അതെ ആർക്കറിയാം.





Tuesday, March 16, 2010

മതിഭ്രമം


അപാര പണ്ഡിതനും വാഗ്മിയും വേദ വേദാന്തസാരം ഗ്രഹിച്ച് ആത്മാവിങ്കല്‍ മാത്രം തല്‍പ്പരനുമായ വൈരാഗ്യമേറിയ(വൈരാഗ്യംന്ന് ച്ചാല്‍ ഒന്നിനോടും പ്രത്യേകിച്ച് താല്‍പ്പര്യമില്ലാത്തവന്‍ എന്നു സാരം) ആ മഹാ ചിന്തകനെ ക്ണ്ടതും ചെക്കിണി നിര്‍ല്ലീനാവസ്ഥയിലായിപ്പോയി. ഗാന്ധിയന്‍ പാതയില്‍ സ്വജീവിതം മുന്നോട്ടു നയിച്ച് സ്വാതന്ത്ര്യാനന്തരം ഇത്ര നിസ്വാര്‍ഥനായി ജീവിച്ച ഒരാള്‍ ഇന്ത്യയിലുണ്ടോ? അദ്വൈത വേദാന്തം എന്നു കേള്‍ക്കുമ്പോള്‍ ശ്രീ ശങ്കരനെയല്ലാ, മെലിഞ്ഞുണങ്ങിയ ആ മഹാനെയാണ് ചെക്കീണിക്ക് ഓര്‍മ്മ വരുക. ദേഷ്യം എന്നൊരു സംഗതി അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. പക്ഷേ, ധാര്‍മ്മിക രോഷം കേമമായി ഉണ്ട് താനും. നീതി, ധര്‍മ്മം എന്നിവക്ക് എവിടെ ഗ്ലാനിയുണ്ടാകുന്നോ, അവിടെ അദ്ദേഹം അവതരിക്കും. അദ്വൈത വേദാന്തത്തില്‍ സിനിമയെപ്പറ്റി പറഞ്ഞിട്ടില്ലെങ്കിലും സിനിമാ ലൊകത്തു നടക്കുന്ന അനീതി കണ്ടു കണ്ട് അദ്ദേഹത്തിന്റെ ‘ക്ഷുഭിത വാര്‍ദ്ധ്ക്യം’ സട കുടഞ്ഞ് എഴുന്നേറ്റതാണ്. അദ്ദേഹത്തിന്റെ ധിഷണയെ അറിയാത്ത ചില സിനിമാക്കാര്‍ ഓരോന്നു വിളിച്ചു പറയുമ്പോള്‍ ഒന്ന് ഓര്‍ക്കുന്നത് നന്ന്. ഗവര്‍ണ്ണര്‍ സ്ഥാനമുള്‍പ്പടെ വലിയ വലിയ സ്ഥാനമാനങ്ങള്‍ കിട്ടുമായിരുന്നത് പുല്ലുപോലെ വലിച്ചെറിഞ്ഞ് അതിലൊന്നും ഒരു താല്‍പ്പര്യവുമില്ലാതെ ‘പാരിനെക്കുറിച്ചുദാസീനനായ്’ നില്‍ ക്കുന്ന അദ്ദേഹം എങ്ങ്,ഈ സിനിമാക്കാര്‍ എങ്ങ്? ഏതായാലും സംഗതി വേദവും വേദാന്തവും ഒക്കെയാണെങ്കിലും തലയില്‍ വിഗ്ഗുവെച്ച് വാര്‍ധക്യം മറച്ചു നടക്കുന്ന ചില മരത്തലയന്‍ സിനിമാക്കാരുടെ തൊലി ഉരിയാന്‍ പോകുകയാണ്. ഇനി ഒരു കാള്‍ ഷീറ്റിനു വേണ്ടി അവര്‍ പരക്കം പായുന്നത് നമുക്ക് കാണേണ്ടി വരും. വേണ്ടാത്തത് പറയുമ്പോള്‍ അവര്‍ ഇതൊക്കെ അറിയണമായിരുന്നു. അല്ലെങ്കില്‍ പറഞ്ഞതിന്റെ അര്‍ഥമെന്തെന്ന് ഇവന്മാര്‍ക്ക് അറിയാമോ? ‘മതിഭ്രമം’. ആരെങ്കിലും പറയുന്ന ഒരു വാക്കാണോ ഇത്. അമരകോശം മുതല്‍ ശബ്ദതാരാവലി വരെ കാണാതെ പറയാന്‍ കെല്‍പ്പുള്ള ഒരാളെ ഇത്തരം ഒരു പദം ഉപയോഗിച്ച് പേടിപ്പിക്കാന്‍ നോക്കുന്നോ? അതല്ല, മതിയെന്നാല്‍ ബുദ്ധി, ധിഷണ, ഓര്‍മ്മ തുടങ്ങി ഒരുപാട് അര്‍ഥങ്ങളുണ്ട്. അതിന് ഭ്രമമുണ്ടാകുക എന്നു പറഞ്ഞാല്‍ ഭ്രാന്ത് വന്നു എന്ന് പറയുന്നതിന്റെ സാഹിത്യ ഭാഷയല്ലേ? ഇത്തരം ഒരു ഭാഷ കൈകാര്യം ചെയ്യേണ്ടത് ഭാഷയില്‍ ഡോക്ടറേറ്റ് കിട്ടിയവര്‍ മാത്രമാണ്. വിഗ്ഗു വെച്ച് വൈരൂപ്യം മറയ്ക്കുന്ന ആപ്പ ഊപ്പ സിനിമാക്കാര്‍ ഇതൊന്നും പറയാന്‍ തന്നെ പാടില്ല. അതൊക്കെ പോകട്ടെ, ധിഷണാശാലിയായ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചിരിക്കുകയാണ്. പ്രാണന്‍ പോകും വരെ ഇത്തരക്കാര്‍ക്കെതിരെ പ്രചാരണം തുടരും. സമൂഹത്തില്‍ നടമാടുന്ന മറ്റ് അനീതികളെല്ലാം ശ്രീനാരായണ ഗുരു, അയ്യങ്കാളീ, കുറെ കമ്മ്യൂണിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്ന് നശിപ്പിച്ചതിനാല്‍ ഇന്ന് ബാക്കിയായ ഒരേയൊരു അനീതികൂടി ഉച്ചാടനം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കടമയാണെന്ന് ചെക്കിണിക്ക് അറിയാം. ഗാന്ധിയമാരില്‍ പച്ചവെള്ളം ചവയ്ക്കുന്നവരും അല്ലാത്തവരും എന്ന രണ്ടുവിഭാഗം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു. അദ്ദേഹം ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവനാണ് എന്നു പറഞ്ഞത് ഒരു മുന്നറിയിപ്പാണ് എന്ന് ചെക്കിണിക്ക് തോന്നി. മതിഭ്രമം എന്ന വാക്കിന്റെ അര്‍ഥം എന്തായലും ചിലര്‍ അറിയാന്‍ പോവുകയാണ്. ഏതായാലും ഒരു കാര്യം ഉറപ്പായിരിക്കയാണ് കേന്ദ്ര മന്ത്രിക്ക് അയച്ച കത്ത് കിട്ടിക്കഴിഞ്ഞാല്‍ തീര്‍ന്നതു തന്നെ. പട്ടാളക്കാരുടെ വേഷവുമിട്ട് തട്ടാന്റെ ആലയില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ആ മഹാന്റെ പാദാരവിന്ദങ്ങള്‍ നമസ്ക്കരിച്ച് ചെക്കിണീ മരത്തില്‍ വലിഞ്ഞു കയറി.

My Blog List

Subscribe Now: Feed Icon