Saturday, August 21, 2010

ഓര്‍ക്കാന്‍ ഒരു ഓണം കൂടി

                                                 ഒരു   പഴയ ഓണസ്മരണ.

ഇന്നത്തെ ഓണത്തെക്കാള്‍ ഇന്നലത്തെ ഓണം നമുക്ക് നൊസ്റ്റാള്‍ജിയ ആണ്.  ഓണം മനസ്സില്‍ ഒരുക്കുന്നത് ഒരു തിരിച്ചുപോക്കാണ്.  അതുകൊണ്ടാണ് നമ്മുടെ ബാല്യവും കൌമാരവും ഒക്കെ ഓണസ്മരണകളോടൊപ്പം പൂത്തുലഞ്ഞു നില്‍ക്കുന്നത്.  ഒ.എന്‍.വി. സാര്‍ പറഞ്ഞതു പോലെ, ‘ഓരോവഷവും ഓണക്കളിയുടെ താളമയഞ്ഞീടുന്നൂ ഞങ്ങളില്‍’ എന്നതാണു സത്യം. ഓണം പടിയിറങ്ങുമ്പോള്‍ മനസ്സില്‍ നിറയുന്ന നഷ്ട ബോധം ഇപ്പൊഴും ഓര്‍മ്മയുണ്ട്. എന്നാല്‍ ഇന്ന് ഒരു ചടങ്ങുപോലെ ഓണം ആചരിക്കപ്പെടുകയാണ്. കുട്ടികളില്‍ ഓണത്തിന്റെ ഉത്സാഹം ഇന്നും നിറയുന്നുണ്ട്.  പ്ലസ്റ്റിക്കു പൂവാണെങ്കിലും ഉപഭോഗ സംസ്ക്കാരത്തിലെ കൊള്ളരുതായ്മകളുണ്ടെങ്കിലും ഓണത്തിന് നമ്മള്‍, അറിയാതെ സ്വന്തം വീട്ടിലേക്കു തിരിച്ചു പോകും. എല്ലാ തിരക്കുകളും മാറ്റി വെച്ച് നമുക്ക് വീട്ടില്‍ ഓണം കൂടിയേ പറ്റൂ.  എന്തെന്നാല്‍ മലയാളിക്ക് മനസ്സില്‍ കൊണ്ടു നടക്കാന്‍ വര്‍ഷത്തില്‍ ഒരു ഓണമല്ലേയുള്ളു...

Monday, August 9, 2010

ദാസേട്ടന്‍

ദാസേട്ടന്‍ ആള് ജഗിലാണ്. 


       ആള് പഴയ പട്ടാളക്കാരനാണെങ്കിലും പൊതുജനങ്ങള്‍ അത് അറിയുന്നത് മൂപ്പര്‍ മാസം ആറുകുപ്പി നല്ല ഉശിരന്‍ സംഗതി പട്ടാള കാന്റീനില്‍ നിന്ന് വാങ്ങി കൊണ്ടു പോകുന്നത് കണ്ടാണ്.  പട്ടാളക്കഥകളിലൊന്നും ടിയാന് താല്‍പ്പര്യമില്ല.  അല്ലെങ്കില്‍, പട്ടാളക്കാരനായിരുന്നു എന്നു പറയുന്നതില്‍ ദാസേട്ടന്‍ അത്ര തല്‍പ്പരനായിരുന്നില്ല എന്നു സാരം.  പട്ടാള സേവനത്തെക്കാള്‍ ദാസേട്ടന്‍ പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്.      ഒരു പ്രവാസിയുടെ സകല മാനറിസങ്ങളും നടപ്പിലും ഇരുപ്പിലും സംസാരത്തിലും വരുത്താന്‍ മനഃപൂര്‍വമായ ഒരു ശ്രമം ദാസേട്ടന്‍ കാണിക്കുന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പില്ല.  കാരണം ദാസേട്ടന്‍ അങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം.

       മൂപ്പര്‍ ഒരു സ്ഥലത്തേക്ക് ഇറങ്ങുന്നതു നല്ലൊരു കെട്ടി കാഴ്ചയോടെയാണ്. കാലില്‍ വുഡ് ലാന്‍സ് ഷൂ, കില്ലര്‍ ജീന്‍സ്, ഇന്‍സൈഡ് ചെയ്തിരിക്കുന്ന കിടിലന്‍ ടീ ഷര്‍ട്ട്, അല്ലെങ്കില്‍ വാന്‍ ഹുസ്സൈന്‍ പോലെ ‘കായി’കൂടിയ ഷര്‍ട്ട് എന്നിവ ധരിച്ച് കഷണ്ടിത്തല മീന്നിച്ച് (നല്ല സ്റ്റൈലന്‍ കഷണ്ടിയാണ്, അല്ലാതെ പോളീഷ് ചെയ്യാത്ത പരുക്കനല്ല) ഒരു പോക്കുണ്ട്.  അത് കണ്ടു നില്‍ക്കാന്‍ ഒരു സുഖമാണ്.   ദാസേട്ടന്‍ മലയാളം സംസാരിക്കുന്നതില്‍ അത്ര തല്‍പ്പരനല്ല. മലയാളത്തിന്റെ കൂടെ ആംഗലേയം കേമമായി വരും.  സ്വന്തം അച്ഛനോട്  വരെ ദാസേട്ടന്‍ സംസാരിക്കുമ്പോ‍ള്‍ ‘ഇംഗിരീസ്’ കടന്നു വരും. അച്ഛന്‍ കേളപ്പ കുറുപ്പിന് ഇംഗ്ലീഷ് പോയിട്ട് മലയാളം തന്നെ ശരിക്ക് വായിക്കാന്‍ അറിയില്ല.

       ആളു വലിയ പണക്കാരനായിരുന്നു. അഞ്ചെട്ടേക്കര്‍ തെങ്ങിന്‍ തോട്ടമുണ്ടായിരുന്ന കേളപ്പ കുറുപ്പ് കൊപ്രക്കച്ചവടക്കാരനും ക്രിഷിക്കാരനും ഒക്കെ ആയിരുന്നു. ദാസേട്ടന്റെ വിക്രിയകള്‍ കണ്ടാല്‍ കുറുപ്പിനു ചിരി വരും.  ദസേട്ടനെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ കേളപ്പ കുറുപ്പ് കുറെ യത്നിച്ചതാണ്.  പത്താം ക്ലാസില്‍ രണ്ടു തവണ തോറ്റ ദാസേട്ടന്‍ അവസാനം ഒരു ദിവസം അപ്രത്യക്ഷനായി.  പിന്നെ പട്ടാളക്കാരനായണ് പൊങ്ങിയത്. ആറേഴു വര്‍ഷമേ രാജ്യ സേവനം നടത്തിയുള്ളൂ.  പിന്നെ അവിടെ നിന്നും അപ്രത്യക്ഷമായി.  ജര്‍മ്മനിയില്‍ നിന്ന് കത്തു വന്നപ്പോളാണ് കേളപ്പ കുറുപ്പ് സ്തബ്ധനായി പോയത്.  പോഴത്തക്കാരന്‍ ചെക്കന്‍ എന്ന് താന്‍ കരുതിയവന്‍ ജഗിലാണെന്ന് മൂപ്പര്‍ക്കു മനസ്സിലായി.  അന്നാണ് കുറുപ്പ് മുതല്‍ ചെക്കിണി വരെയുള്ളവര്‍ ജര്‍മ്മനി എന്ന ഒരു രാജ്യമുണ്ട് എന്ന് അറിയുന്നത് തന്നെ. പിന്നെ ഒരു ദിവസം ഒരു വരവാണ്.  ആ വരവും നടപ്പും കണ്ട് ആളുകള്‍ ‘ഹര ഹര’ എന്ന് പറഞ്ഞുപോയി. അഴകിയ രാവണനായി ചെത്തി നടന്ന ദാസേട്ടന്‍ ഒരു ഹീറോ ആയി മാറി. ദാസേട്ടന്‍ ചില ഫോറിന്‍ സാധനങ്ങള്‍ കൂടി ഇഷടപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു തുടങ്ങി.  അങ്ങനെയാണ് ആളുകള്‍ ഹീറോ പേന ആദ്യമായി കാണുന്നത്. മഷി ലീക്കു ചെയ്യുന്ന ക്രെസ്റ്റ്, ബിസ്മി മുതലായ പെന്നുകള്‍ മാത്രം ഉപയോഗിക്കുന്ന ഞങ്ങള്‍ക്ക് ഹീറോ പേന ഒരു അദ്ഭുത വസ്തുവായി.  ഫോറിന്‍ കുട ആദ്യമായി കണ്ടതും ദാസേട്ടന്‍  കൊണ്ടു വന്നിട്ടാണ്.  ദാസേട്ടന്‍ കൊണ്ടു വന്ന ബീര്‍, പെണ്ണൂക്കുട്ടി എന്ന വീട്ടു വേലക്കാരിക്ക് ദാസേട്ടന്‍ കൊടുക്കുകയും അതു കുടിച്ച അവള്‍ ലഹരി കയറി   കേളപ്പ കുറുപ്പിനെ ഊണു കഴിക്കാന്‍ കൈ  കൊണ്ട് തോണ്ടി വിളിച്ചെന്നും പറഞ്ഞ് മൂപ്പരുടെ പെണ്ണുങ്ങള്‍, അതായത് ദാസേട്ടന്റെ അമ്മ ബഹളം വെച്ച് സംഗതി കച്ചറയാക്കി. ദാസേട്ടന്റെ അമ്മ വലിയ ഭക്തയാണ്. അമ്പലമായ അമ്പലമൊക്കെ കയറിയിറങ്ങുന്ന അവര്‍ക്ക് ഇതൊന്നും ഇഷ്ടമല്ല.  ചെക്കിണി പിന്നമ്പുറത്തു കൂടി ചെന്ന് ദിവസവും രണ്ടിറക്ക് ചുവന്ന റാക്ക് ദാസേട്ടനില്‍ നിന്നും വാങ്ങി കുടിക്കുമായിരുന്നു.   

      ദാസേട്ടന്‍ രണ്ടു പ്രാവശ്യം കൂടി വിദേശത്ത് പോയി വന്നു.  പിന്നീട് പോയത് ജര്‍മ്മനിയിലേക്കല്ല. ഗള്‍ഫിലേക്കായിരുന്നു.  (ഗള്‍ഫില്‍ എവിടെയാണെന്ന് ഞങ്ങളോട്   ചോദിക്കരുത്. ഞങ്ങള്‍ക്ക് ദുബായിയും അബുദാബിയും ഖത്തറും ഒമാനും ഒക്കെ ദുബായി തന്നെയാണ്. ആര് ഗള്‍ഫില്‍ പണിക്കു പോയാലും ഞാള് പറയുക ദുബായില്‍ പോയി എന്നാണ്).  അത് പോകട്ടെ, പിന്നീട് ദാസേട്ടന്‍ ഒരു ‘ദാനഗന്ധര്‍വന്‍’ തന്നെ ആയി.  വരുന്നവര്‍ക്കൊക്കെ എന്തെങ്കിലും കൊടുത്തേ പറഞ്ഞ് വിടൂ. അതിനിടക്ക് സെയില്‍സ് ടാക്സില്‍ ജോലിയുള്ള ഒരു പെണ്‍കുട്ടിയെ കേളപ്പ കുറുപ്പ് ദാസേട്ടനു വേണ്ടി കണ്ടെത്തുകയും മംഗലം ഗംഭീരമായി നടത്തപ്പെടുകയും ചെയ്തു.  നാട്ടിന്‍ പുറത്തുനിന്നു വന്ന ആ പെണ്‍കുട്ടി ദാസേട്ടന്റെ വിക്രിയകള്‍ കണ്ട് അതിശയിച്ചു നിന്നു. ഫോക്കസ് ഫ്രീ ക്യാമറ ഞങ്ങള്‍ ആദ്യമായി കാണുന്നത് ദാസേട്ടന്റെ കൈയിലാണ്. അതു വെച്ച് മൂപ്പര്‍ നാട്ടിലുളള പ്രമാണിമാര്‍ മുതല്‍ പ്രാണികള്‍ വരെയുള്ള മനുഷ്യ തിര്യക് ഗണങ്ങളുടെ മുഴുവന്‍ പടമെടുത്ത് നല്‍കി. ഞങ്ങളെ ഞെട്ടിച്ച മറ്റൊരു സംഗതി മൂപ്പര്‍ കൊണ്ടുവന്ന ചെറിയ കാം കോഡര്‍ ആണ്. കൈയില്‍ ഒതുങ്ങുന്ന ആ ചെറിയ മൂവി ക്യാമറ കണ്ട് ഞങ്ങള്‍ അതിശയിച്ചു നിന്നു.  ദാസേട്ടന്‍ നേരിട്ടു വന്ന് പാവപ്പെട്ടവര്‍ മുതല്‍ പണക്കാര്‍ വരെയുള്ളവരുടെ  വിവാഹത്തിന്റെ വീഡിയോ ആ ചെറിയ ക്യാമറയില്‍ പകര്‍ത്തി നല്‍കി. ടേപ്പ് റെക്കര്‍ഡര്‍ എന്ന അദ്ഭുത വസ്തു ഞങ്ങള്‍ കണ്ടതും ദാസേട്ടന്‍ വഴിയാണ്. നാഷണല്‍ പാനാസോണിക്കിന്റെ സ്റ്റീരിയോയില്‍ ഒരു ദിവസം ചെക്കിണി അറിയാതെ അയാളുടെ ശബ്ദം ദാസേട്ടന്‍ പകര്‍ത്തി. ചെക്കിണി മരത്തില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ തന്റെ ശബ്ദത്തില്‍ ഒരാള്‍ സംസാരിക്കുന്നു. സംസാരിക്കുന്നതാകട്ടെ അത്ര നല്ല കാര്യവുമായ്യിരുന്നുല്ല.തട്ടിന്‍ പുറത്തെ അയമ്മദ് ഹാജിയുടെ രഹസ്യബന്ധത്തിന്റെ കഥയാണ് പറയുന്നത്. ചെക്കിണി തൊള്ള തുറന്ന പടി ആയി പോയി. അന്ന് സേവിച്ച റാക്ക് അതെ പടി ആവി ആയി പോയി.  പിന്നെയാണ് ദാസേട്ടന്‍ ചെക്കിണിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതും ചെക്കിണി അദ്ഭുതപരതന്ത്രനായി പോയതും. പിന്നെ എങ്ങനെ ഞങ്ങള്‍ നാട്ടുകാര്‍ ദാസേട്ടന്റെ ഫാന്‍സ് ആവാതിരിക്കും?

      പിന്നീടാണ് കാര്യങ്ങള്‍  മറ്റൊരു  രീതിയില്‍ പരിണമിക്കാന്‍ തുടങ്ങിയത്.  കൊണ്ടുവന്ന പണം മുഴുവന്‍ ദാസേട്ടന്‍ ഭംഗിയായി കൈകാര്യം ചെയ്തു. പിന്നെ ഗള്‍ഫിലേക്ക് തിരിച്ചു പോകാനുളള ബദ്ധപ്പാടായി. ഗള്‍ഫില്‍ പോകാതെ ദാസേട്ടന് നിലനില്‍പ്പില്ല. കാരണം ദാസേട്ടന്‍ ഇന്ത്യക്കാരനാണെങ്കിലും വിദേശിയാണ്. പിന്നെ ഒന്ന് ഇംഗ്ലീഷ് സംസാരിക്കണമെങ്കില്‍ ഇവിടെ ആരാണുള്ളത്? നിര്‍ഭാഗ്യം ദാസേട്ടനെ പിടികൂടാന്‍ തുടങ്ങി. തിരിച്ചു പോകാനുള്ള വിസ കിട്ടാതെ വന്നപ്പോള്‍ ആളുകള്‍ ചോദ്യം തുടങ്ങി.
       
“ അല്ലാ, ദാസേട്ടന്‍ പോകുന്നില്ലേ?”
ചോദ്യം ദാസേട്ടനെ തളര്‍ത്തി എങ്കിലും ഉഷാറുവിടാതെ ദാസേട്ടന്‍ പറഞ്ഞു.
“ ഓഫ്കോഴ്സ്... പിന്നെ പോകാതെ  ?  കുറച്ചു കൂടി നാട്ടില്‍ സ്റ്റേ ചെയ്തിട്ടാവാം എന്നു കരുതി”
വഴിയില്‍ കാണുന്നവരൊക്കെ ഈ ചോദ്യം തന്നെ ചോദിച്ചപ്പോള്‍ ദാസേട്ടന്‍ വല്ലാതാകാന്‍ തുടങ്ങി.   ഞങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങളുടെ ദാസേട്ടന്‍ ഈനാട്ടില്‍ അധികം നില്‍ക്കുന്നവനല്ല, അല്ലെങ്കില്‍ നില്‍ക്കാന്‍ പാടില്ല.  സംഗതി കുഴപ്പമാകുമെന്നും തന്റെ പരിപ്പ് ഇവര്‍ എടുക്കുമന്നും വിചാരിച്ചതോടെ ദാസേട്ടന്‍ ഒരു തീരുമാനത്തിലെത്തി.  - ഇവിടെ നിന്നും മുങ്ങുക.  അങ്ങനെ ദാസേട്ടന്‍ ഒരുദിവസം നാടു വിട്ടു. ഗള്‍ഫിലേക്കാണ് പോയത് എന്ന് ഭാര്യയോടും മറ്റും പറഞ്ഞുവെങ്കിലും ദാസേട്ടന്‍ നേരെ പോയത് ബോംബെയിലേക്കാണ്. അവിടെ വാടകക്ക് ഒരു കുടുസ്സു മുറിയില്‍ താമസിച്ച ദാസേട്ടന്‍ ഒരു വിസ സംഘടിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒത്തില്ല. അവസാനം എയര്‍ പോര്‍ട്ടില്‍ എന്തൊ ചെറിയൊരു പണി ഒപ്പിച്ചെടുത്തു. അത് ജീവിക്കാന്‍ തെകയാതെ വന്നപ്പോള്‍ വിവരം ഭാര്യയെ അറിയിക്കുകയും   മുപ്പത്തി നാട്ടില്‍ നിന്നും മണിയോര്‍ഡര്‍ ‍അങ്ങോട്ട് അയച്ചു കൊടുത്ത് മുപ്പരുടെ മാനം കാക്കുകയും ചെയ്തു.  ഈ വിവരം ഒന്നും പക്ഷെ ഞങ്ങാള്‍ അറിഞ്ഞില്ല, കെട്ടോ. ഞങ്ങള്‍ക്ക് ദാസേട്ടന്‍ അപ്പോള്‍ ഗള്‍ഫില്‍ ആണ്.  മാത്രമല്ല. മാധവന്‍ ആശാരി ഒരു ഗള്‍ഫ് ടോര്‍ച്ചിന് ദാസേട്ടന്റെ പെണ്ണുങ്ങള്‍ മുഖാന്തരം ഓര്‍ഡര്‍ കൊറ്റുക്കുകയും ചെയ്തു.

      ഗള്‍ഫില്‍ നിന്നും ദാസേട്ടന്‍ പെട്ടെന്നു തന്നെ തിരിച്ചു വന്നു.  ഈ തവണ വന്നപ്പോള്‍ ദാസേട്ടന്‍ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. ഒന്നും കൊണ്ടു വന്നില്ല. പക്ഷേ കൂടെ ഒരു മദാമ്മപെണ്ണിനെയും കൂട്ടിയാണ് വന്നത്. മദാമ്മ പെണ്ണ് വന്നതും കേളപ്പ കുറുപ്പിന് ഷേക്ക് ഹാന്‍ഡ് കൊടുത്തു. കുറുപ്പിന് ദേഷ്യവും നാണവുംവന്ന് മൂപ്പര്‍ അകത്തേക്ക് ഓടിക്കളഞ്ഞു. ചെക്കിണിക്കും കിട്ടി ഒരു ഷേക്ക് ഹാന്‍ഡ്.  ചെക്കിണീ ഇക്കിളിയായിട്ട് ഒറ്റ ചിരി ചിരിച്ചു. മരം മുറിക്കുന്ന കൈയാണല്ലോ ചെക്കിണിയുടേത്. മദാമ്മയുമായി ദാസേട്ടന്‍ ഇടവഴികളിലും അങ്ങാടിയിലും കറങ്ങി നടന്നു. ദാസേട്ടന്റെ പെണ്ണൊരുത്തി മദാമ്മയെ കണ്ടതും അകത്തു പോയി ഒറ്റ കരച്ചിലാണ്. ദാസേട്ടന്‍ എന്തു പറഞ്ഞിട്ടും  അവര്‍ കേട്ടില്ല.

“ഓള് എന്തിനു വന്നതാ?”
“ഷീ ഈസ് എ സ്റ്റുഡന്റ് ഓഫ് ഓഹിയോ... ഷീ ഈസ് ഏ സൈന്റിസ്റ്റ്...  ഐ മീന്‍... ശാസ്ത്രജ്ഞ... എന്റമോളജിയില്‍.... ഇവിടെ പ്രാണികളെ പറ്റി മനസ്സിലാക്കാന്‍....’
“ഇങ്ങളും പ്രാണിയും തമ്മില്‍ എന്താ ബന്ധം...”  മൂപ്പത്തി ചോദിച്ചു.
“ ഞങ്ങള്‍ ട്രെയിനില്‍ നിന്നും പരിചയപ്പെട്ടതാണ്.”
“ ഏതോ പൊലയാടിച്ചി....”
“ വനജേ... നമ്മള്‍ ഒന്നു കൂടി അഡ്വാന്‍സ്ഡ്  ആകണം, കള്‍ചേര്‍ഡ് ആവണം.... വിദേശങ്ങളിലൊക്കെ......”
“ ഇനിക്ക് കേക്കണ്ട..... ഓള് പോയില്ലെങ്കില്‍ ഞാന്‍ തൂങ്ങി ചത്തുകളയും.”
       ഭീഷണിയില്‍ ദാസേട്ടന്‍ അവസാനം വീണു. മദാമ്മയെ ദാസേട്ടന്‍ കലിക്കറ്റ്        യൂണിവേഴ്സിറ്റിയിലുള്ള ഏതോ പ്രോഫസറുടെ വീട്ടില്‍ ആക്കി എന്നാണു പറയുന്നത്.  വനജ ആള് ഉദ്യോഗസ്ഥയാണെങ്കിലും സ്ത്രീ സഹജമായ നിഷ്ക്കളങ്കതയാല്‍ ഞങ്ങളുടെ ദാസേട്ടനെ അവിശ്വസിച്ചു കളഞ്ഞു.  നാടും നഗരവും എത്രയോ കണ്ട ദാസേട്ടന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമാണ്. എന്നാല്‍ ചില വിവര ദോഷികള്‍ ദസേട്ടനെയും ആ വിദേശിപ്പെണ്ണിനെയും ചേര്‍ത്ത് അപഖ്യാതികള്‍ പറഞ്ഞുണ്ടാക്കിയത് ഞങ്ങളെ വിഷമിപ്പിച്ചു.  എതായാലും ദാസേട്ടന്‍ വീണ്ടും നാടു വിട്ടു.
ദാസേട്ടന്‍ നാടുവിട്ടതില്‍ പിന്നെയാണ് കാര്യങ്ങള്‍ക്ക് പുതിയ പരിണാമം ഉണ്ടായത്. ദാസേട്ടന്റെ അച്ഛന്‍ കേളപ്പ കുറുപ്പ് ഓട്ടോറിക്ഷയിടിച്ച് മരിച്ചു പോയി. വാര്‍ത്ത ദാസേട്ടനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.  കാരണം ദാസേട്ടന്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചിട്ട് ഒരു അനക്കവുമില്ല. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണ്. വിദേശത്തേക്ക് വിളിക്കുന്നത് നോക്കി നിന്നാല്‍ പോലും ബില്‍ വരുന്ന കാലമാണ്. അതുകൊണ്ട് ഫോണില്‍ കളിക്കാന്‍ കൂടുതല്‍ ആരും മിനക്കെട്ടില്ല. കത്തയച്ചും കമ്പിയടിച്ചും ആളെ വരുത്താന്‍ ഒട്ട് ഒക്കുകയുമില്ല. ഇതികര്‍ത്തവ്യതാ മൂഡരായി ആളുകള്‍ നില്‍ക്കുമ്പോളാണ്, മാവു മുറിക്കുന്ന ചെക്കിണി മരത്തിന്നു മുകളില്‍ നിന്ന് വിളിച്ചു പറഞ്ഞത്
“ദാസേട്ടന്‍ വരുന്നുണ്ടേയ്..........”
       ആളുകള്‍ അവീശ്വാസത്തോടെ കിഴക്കോട്ടു നോക്കി.  അതെ, ദാസേട്ടന്‍ ദൂരെനിന്നും നടന്നു വരുന്നു! ദുബായില്‍ പോയ ദാസേട്ടന്‍ അച്ഛന്‍ മരിച്ചതറിഞ്ഞ് ഇത്രപെട്ടെന്ന് എങ്ങനെ നാട്ടിലെത്തി?  ആളുകള്‍ നെറ്റി ചുളിച്ചു. അപ്പോള്‍ മറ്റൊരാള്‍ പടിഞ്ഞാറുവശത്തെ പാറക്കൊടുമ്പിന്റെ പിന്നിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. കറുത്ത് മെലിഞ്ഞ അയാളെ കണ്ട് ആളുകള്‍ അദ്ഭുതത്തൊടെ നോക്കി.
(അടുത്ത ഒരു ഭാഗത്തോടെ അവസാനിക്കും) 

Monday, August 2, 2010

മറയുന്ന കാഴ്ചകള്‍

മറയുന്ന കാഴ്ചകള്‍.......
പണ്ട് നാട്ടിന്‍ പുറങ്ങളില്‍ കണ്ടിരുന്ന ഈ കാഴ്ച, യന്ത്രവത്കരണത്തിന്റെ ഫലമായി മറ  ഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും പണ്ട് ചെയ്തുവന്ന തൊഴില്‍ മറക്കാത്ത ചിലര്‍ ഒരു ചടങ്ങ് എന്നതു പോലെ അത് ഇപ്പോഴും പിന്തുടരുകയാണ്.  മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയയായി നാം കൊണ്ടു നടക്കുന്ന ഈ കാഴ്ച പഴയ തലമുറക്ക് മറക്കാനാവില്ല. എന്നാല്‍ പുതിയ തലമുറ നിശ്ചയമായും ചോദിക്കും “ ഈ അങ്കിള്‍ എന്താ ചെയ്യുന്നേ?” എന്ന്. അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട് ചോദിച്ച് നോക്കൂ...

Wednesday, July 14, 2010

അള്ളോ, ഇത് എന്തേരുത്തും ചര്‍ച്ചയാ......

       പറയുന്നത് ചെക്കിണി ആയതുകൊണ്ടും മൂപ്പര്‍ക്ക് വലിയ ഗ്ലാമര്‍ ഇല്ലാത്തതുകൊണ്ടും കേരളത്തിലെ പേരെടുത്ത വലിയ എഴുത്തുകാര്‍ക്കും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വ്യക്തിത്വങ്ങള്‍ക്കും ഇപ്പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമില്ല.  പിന്നെ ഇന്നാട്ടിലെ വലിയ ബ്ലോഗര്‍മാരും മറ്റും ഇത് തീരെ ഗൌനിക്കാന്‍ ഇടയില്ലെന്ന് അനുഭവം കൊണ്ട് അറിയുന്നതാകയാല്‍ ചില ‘ചെറുകിട ബ്ലോഗു കുലോദ്ഭവ‘ന്മാരുടെ ശ്രദ്ധയില്‍ പെടുന്നതിനും പറ്റിയാല്‍ എന്തെങ്കിലും ഒന്നു ‘കമന്റി‘ വിടുന്നതിനും ഈ ‘സാധനം’ നിര്‍മ്മിച്ച് ചുവടെ കാണുന്ന പ്രകാരം പ്രസിദ്ധീകരിക്കുന്നു.

           കേരളം ചൂടു പിടിച്ച ചര്‍ച്ചയിലാണെന്ന വിവരം ചെക്കിണിക്ക് അറിയാമായിരുന്നുവെങ്കിലും അതിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടത് ഒരു ഇ മെയിലാണ്.  (ചെക്കിണി ഇ മെയില്‍ വായിക്കാന്‍ പ്രാപ്തനായോ എന്ന് ചെക്കിണിയെ അറിയാവുന്നവര്‍ സംശയിച്ചേക്കാം. ദയവു ചെയ്ത് വേണ്ടാത്ത കാര്യങ്ങള്‍ ചോദിക്കരുത്)  ചര്‍ച്ച എന്നു വെച്ചാല്‍, മത്സരിച്ചുള്ള ചര്‍ച്ചയാണ്.  പത്തു പതിനാറ് ചാനലുകാരും പത്തമ്പത് പത്രക്കാരും ചേര്‍ന്ന് നാട്ടിലെ സകല തരത്തിലുള്ള അനാചാരങ്ങളെയും അഴിമതി മുതല്‍ അക്രമം വരെ    എല്ലാതരം അതിക്രമങ്ങളെയും ഉച്ചാടനം ചെയ്യാന്‍ തൂലിക ചലിപ്പിച്ചുകൊണ്ട് ഇരിക്കുന്ന സുവര്‍ണ്ണ കാലത്തിലാണല്ലോ ജീവിക്കുന്നത് എന്ന് ആശ്വസിച്ചിരിക്കുകയാണ് ചെക്കിണി.  ചര്‍ച്ചകളും സംവാദങ്ങളും സാംസ്കാരിക ഔന്നത്യത്തിന്റെ പ്രതീകമായതിനാല്‍ നമ്മുടെ നാട് ബുദ്ധിജീവികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നും ചെക്കിണിക്ക് തോന്നി. ചാനലുകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ എന്നും അങ്ങനെ വരുമ്പോള്‍ നവോത്ഥാന നായകന്മാരുടെ വേക്കന്‍സി റദ്ദു ചെയ്ത് ഗവണ്മെന്റിന് ചെലവു ചുരുക്കാമെന്നും ചെക്കിണി ചിന്തിച്ചു. വാര്‍ത്തകള്‍ ഇപ്പോള്‍ പെറ്റു പെരുകുകയാണ്. പണ്ടത്തെ പോലെ ഞഞ്ഞാപിഞ്ഞ വാര്‍ത്തകളല്ല ഇപ്പോള്‍ ഉള്ളത്. അന്ന് ഒരു വാര്‍ത്ത കേള്‍ക്കണമെങ്കില്‍ എലിപ്പെട്ടി പോലത്തെ റേഡിയോ സെറ്റ് രണ്ടു മിനിറ്റ് മുമ്പ് തന്നെ തുറന്നു വെക്കണം. പത്തു മിനിറ്റ് നേരം വായിക്കുന്ന വാര്‍ത്ത ഉണ്ടാക്കാന്‍ തന്നെ അതിന്റെ പ്രക്ഷേപകര്‍ കഷ്ടപ്പെടുന്ന കാലമാണ്. (അന്ന് സാംസ്കാരിക കേരളം എങ്ങനെ ജിവിച്ചു എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു) ഇന്നിപ്പോള്‍ ബുദ്ധിജീവികളായ പത്രക്കാര്‍ പല തരം ആളുകളെ ഉള്‍പ്പെടുത്തി ചര്‍ച്ചകളിലൂടെയാണ് കേരളത്തെ മുമ്പോട്ടു നയിക്കുന്നത്. അനങ്ങിയാല്‍ ചര്‍ച്ച വരും എന്ന് കരുതി ബലാത്സംഗ വീരന്മാരും മോഷ്ടാക്കളും അഴിമതിക്കാരും പേടിച്ചു കഴിയുകയാണ്.  ‘മൂന്നു വയസ്സു കാരിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചൂ’ ഇങ്ങനെ ഒരു വാര്‍ത്ത കിട്ടിയാല്‍ പത്രകാരനെക്കാള്‍ ഉഷാറ് ചാനലു കാരനാണ്. അവന്‍ ഉടന്‍ അതിന് ഒരു തിരക്കഥ ഉണ്ടാക്കി ക്രൈം ത്രില്ലെര്‍ ആയി അവതരിപ്പിക്കും. പിന്നെ പീഡിപ്പിച്ചവന്റെ ആളുകളെയും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ആളുകളെയും വെച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കും. (ചര്‍ച്ചയില്‍ ഒരുകാലത്തും ഒരു തീരുമാനമായതായി കണ്ടിട്ടില്ല) 
വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പുതുമകള്‍ ഏറെയാണ്. വര്‍ഗ്ഗീയതയെ സംബന്ധിച്ച ചര്‍ച്ചകളായിരുന്നു ഒരു കാലത്തെ ഇഷ്ട വിഭവം. ഇപ്പോള്‍ അതിന് അത്ര മാര്‍ക്കറ്റ് ഇല്ല. വര്‍ഗ്ഗീയതയെ ചര്‍ച്ചയിലൂ‍ടെ നാട്ടില്‍ നിന്നും ഉന്മുലനം  ചെയ്തതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍  അതിനെക്കാള്‍ പുതിയ സാധനം വന്നു കഴിഞ്ഞു. ‘ക്യൂലക്സിനെ വെല്ലുന്ന ഈഡിസ് ഈജിപ്തി’കൊതുകുകളെപ്പോലെ തകര്‍പ്പന്‍ തീവ്രവാദികള്‍ രംഗത്തെത്തിയതോടെ രംഗം ഒന്നു കൂടി കൊഴുത്തിരിക്കുകയാണ്. നാടന്‍ ബോംബുകള്‍ ഇപ്പോള്‍ നായക്കു പോലും വേണ്ടാതായിരിക്കുകയാണ്. ജലാറ്റിന്‍ സ്റ്റിക്കുകളോ ആര്‍.ഡി.ഏക്സോ ഉണ്ടെങ്കില്‍ അത് വാര്‍ത്തയാണ്.  കട കുത്തി തുറക്കല്‍, ഭവന ഭവന ഭേദനം തുടങ്ങിയതൊന്നും ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല.  അതെല്ലാം പണ്ടേ തന്നെ ചില മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍ത്തലാക്കിയ കുറ്റക്ര്ത്യങ്ങളാണ്.

നാം ജീവിക്കുന്ന ചുറ്റുപാടില്‍ അഴിമതി, അക്രമം, ലൈംഗികചൂഷണം എന്നിവ കണ്ടു പിടിക്കുന്നതിന് മാധ്യമങ്ങളുടെ കഴുകന്‍ കണ്ണുകള്‍ ക്യാമറയുടെ രൂപത്തില്‍ ചുറ്റി തിരിയുകയാണ്.  മാവേലി നാടു പോലെ മനോഹരമായ ഒരു നാട് നമുക്ക് കൈവരാന്‍ അധിക കലമില്ല. ഒരു മൂന്നു  നാലു ചാനല്‍ കൂടി വരാനുണ്ട്. അതോടു കൂടി സംഗതി ക്ലീന്‍.  പിന്നെ മറ്റൊരു പ്രധാന കാര്യം ചര്‍ച്ചകളാണ്. കൊടും പിരിക്കൊള്ളുന്ന ചര്‍ച്ചകള്‍ ചെയ്യുന്നവര്‍ ചാനലുകാ‍ര്‍ മാത്രമല്ല. അതിന്റെ ക്രെഡിറ്റ് അവര്‍ക്കു മാത്രം കൊടുക്കുന്നത് ശരിയല്ലല്ലോ.  വാരികകള്‍ നാടു നന്നാക്കാന്‍ ഇറങ്ങിയിട്ട് പതിറ്റാണ്ടുകളയി.  ഒരു കവര്‍ സ്റ്റോറിയോടെ അവര്‍ സ്വത്വ രാഷ്ട്രീയം മുതല്‍ സ്വത്തു രാഷ്ട്രീയം വരെ ചര്‍ച്ച ചെയ്ത് കേരളത്തെ ധാര്‍മ്മികവും സാംസ്ക്കാരികവുമായി ഉന്നതിയിലേക്ക് നയിക്കുകയാണ്. 

നമുക്ക് ചാനലുകാരന്റെ ചര്‍ച്ചകളിലേക്ക് തിരിച്ചു വരാം.  വിലക്കയറ്റം, ഡീസല്‍/പെട്രോള്‍ വില വര്‍ദ്ധന, അഴിമതി, സിനിമാ പ്രതിസന്ധി, സ്ത്രീ പീഡനം, വേശ്യാവ്രിത്തി, സംവരണം, വര്‍ഗ്ഗീയത, തീവ്രവാദം, പ്രേത ബാധ എന്നു തുടങ്ങി സകല കാര്യങ്ങളും ഉണ്ടാവുന്നതിനെയും അത് ഇല്ലാതാക്കുന്നതിനെയും ചൊല്ലി ബഹു കേമമായി ചര്‍ച്ചകള്‍ തുടരുന്നത് ‘ശ്ശി നല്ലത്വന്നെ’ എന്ന് ചെക്കിണി കരുതുമ്പോഴും ഇതൊക്കെ ഇപ്പോഴും അസാരായി കൂട്വന്നെ അല്ലേ എന്ന് ചെക്കിണിക്ക് ശങ്ക ണ്ടാവാണ്ട് ഇരുന്നില്ല. ഏ.സി. മുറിയില്‍ ഇടക്കിടക്ക് ‘ബ്രേക്ക്’ ഇട്ട് ( ഓം സ്പോണ്‍സറായ നമഃ)വാദികളെയും പ്രതികളെയും ‘തമ്മില്‍ തല്ലിക്കുന്ന‘ നാടകം കാണുന്ന പോഴത്തക്കാരന്‍ പ്രേക്ഷകന്‍ കരുതുന്നത് മാധ്യമങ്ങളുടെ ആത്മാര്‍ഥമായ ഇടപെടലാണ് ഇതൊക്കെ എന്നാണ്.  രോഗം മാറ്റാനാണ് ഡോക്ടര്‍ എങ്കില്‍ നാട്ടില്‍ അകെ പത്തു ഡോക്ടര്‍മാര്‍ മതിയാവും. രോഗം ഇനിയും ഉണ്ടാവട്ടെ എന്നല്ലേ ‘ആത്മാര്‍ത്ഥതയുള്ള’ ഒരു ഡോക്ടര്‍ കരുതുക? അല്ലെങ്കില്‍ അയാള്‍ ആരെ ചികിത്സിക്കും? അതത്രേ നമ്മുടെ പൊടിപാറുന്ന ചര്‍ച്ചക്കാരുടെയും മനോഗതി എന്നു ചെക്കിണിക്ക് തോന്നി. 

കേരളം അസാരം കേമായി തന്നെ വളരുന്ന്ണ്ട്... ചെക്കിണിക്ക് സംശയം ഇല്യ. 1956 മുതല്‍ 2010 വരെയുള്ള കണക്ക് എടുത്തു നോക്കൂ. അടിപിടി മുതല്‍ തീവ്രവാദം വരെയുള്ള ദിനചര്യകള്‍ കുറഞ്ഞു വരുന്നുണ്ട്.  ചര്‍ച്ച ‘വീണ്ടും  പുനരാംഭിക്കട്ടെ’.....

എന്നാലും അറിയാതെ ചോദിച്ചു പോവുകയാണ്  “അള്ളാ ഇത് എന്തേരുത്തും ചര്‍ച്ചയാ, പഹയന്മാരേ...?”

Saturday, July 10, 2010

നീരാളി പോക്കര്‍

           ഇന്ത്യ ലോകകപ്പില്‍ ഗോള്‍ നേടുമെന്ന് ഉണ്ടക്കണ്ണന്‍ പോക്കര്‍ ഹാജി പറഞ്ഞത് ചെക്കിണീ കേട്ടു.  പോക്കര്‍ ഹാജി പറഞ്ഞതില്‍ അധികവും സത്യമായി വന്നതിനാല്‍ ഇതും സത്യമാവും എന്നു തന്നെ ചെക്കിണി കരുതിയിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആരൊക്കെയാണ് കളിക്കുന്നത് എന്ന വിവരം പോക്കര്‍ ഹാജിക്ക് അറിയില്ല. മൂപ്പര് വൈകുന്നേരത്തെ നിസ്കാരം കഴിഞ്ഞപാടെ  ഒരു കട്ടന്‍ ചായയും മുട്ട പുഴുങ്ങിയതും തിന്ന് വായ കഴുകാതെ മുട്ടയുടെ രുചി നുണഞ്ഞുകൊണ്ട് ടെലിവിഷനു മുമ്പില്‍ കുണ്ടന്മാര്‍ക്ക് ഒപ്പം ഇരുന്ന് കളി കണ്ടു. ഹാജ്യാര്‍ അര്‍ജ്ജന്റീനയുടെ ആളായാണ് അറിയപ്പെടുന്നത്.ചാര നിരത്തില്‍ വെള്ള വരയുള്ള ടീ ഷര്‍ട്ടുമിട്ട് ഹാജ്യാര്‍ ഫാന്‍സുകാരോടൊപ്പം ഇരുന്ന് ലോക ഫുട് ബോളിന്റെ ചരിത്രം അവലോകനം ചെയ്തു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും   ആരാണ് കളിക്കുന്നത് എന്നോ എങ്ങനെയാണ് കളിക്കുന്നതെന്നോ ടിയാന് നല്ല ഗ്രാഹ്യം ഇല്ല.  ബാര്‍ബര്‍ കുഞ്ഞാമന്‍ കുട്ടി, ഔസേപ്പ്, മൊയമ്മത്,  പാറ പൊട്ടിക്കുന്ന സാമി, ചെക്കിണീ തുടങ്ങിയ പൌര പ്രമുഖരും പരശതം കുണ്ടന്മാരും കാണുന്ന കളി ആയതിനാല്‍ കാണാതിരിക്കാന്‍ പറ്റില്ല. പ്രവചന സിദ്ധിയുള്ള ആളായതിനാല്‍ പോക്കരാജിക്ക് പ്രവചിക്കാതിരിക്കാനും പറ്റില്ല.ആയതിനാല്‍ ഗോള്‍വീഴുമ്പോള്‍ പോക്കര്‍ഹാജി ഉച്ചത്തില്‍ അട്ടഹസിക്കും. (ഗോള്‍ വീഴുന്നത് ശുഭ ലക്ഷണമാണെന്ന് കരുതി തന്റെ ടിം ആയ അര്‍ജ്ജന്റിനയുടെ പോസ്റ്റില്‍ ഗോള്‍ വീണത് കണ്ട് മൂപ്പര്‍ ഹര്‍ഷാരവം മുഴക്കി ഒരുദിവസം ‘മൊയന്ത്’ ആയതാണ്.) ആരു ഗോള്‍ അടിച്ചാലും ഹാജ്യാര് അവരുടെ ഭാഗം കൂടിയിരുന്ന പണി അന്നു നിര്‍ത്തിയതാണ്. അതിനുശേഷം ഗോള്‍ വീണാല്‍ മൂപ്പര്‍ തന്റെ ഭാഗക്കാര്‍ എന്തെങ്കിലും ശബ്ദം ഉണ്ടാക്കുന്നൊ എന്നു നോക്കും. എന്നിട്ടേ മൂപ്പര്‍ വായ തുറക്കുകയുള്ളൂ.                അങ്ങനെയാണ് ഒരു ദിവസം പീടികത്തിണ്ണയില്‍ വെച്ച് മൂപ്പര് വെളിപാടു പോലെ പറഞ്ഞത്-
 “ലോക കപ്പില്‍ ഇന്ത്യ ഗോളടിക്കും മോനേ....”
പോക്കര്‍ ഹാജിയെക്കൊണ്ട് ഇത് പറയിച്ച്താണ്.
“ഫുട് ബോളില്‍ ഇന്ത്യ ജയിക്ക്വോ ആജ്യാരേ?”  ഒരു ചെക്കന്‍ ഹാജ്യാരെ സുയിപ്പ് ആക്കാന്‍ ചോദിച്ചു.
ക്ഷണത്തില്‍ പോക്കരാജി അങ്ങു പറഞ്ഞു പോയി.

ഉത്തരം കേട്ടതും പീടിക മുറ്റത്ത് കുനിഞ്ഞു നിന്ന് തേങ്ങാ പൊളിക്കുകയായിരുന്ന പാക്കരന്‍ പാരയില്‍ കുരുങ്ങിപ്പോയതു പോലെ വളഞ്ഞു നിന്ന്  ചിരിച്ചു വളി വിട്ടു പോയി.

“അദ്ഭുതകരമായ പ്രവചനം“

(ഇതിന് രണ്ട് ആശ്ചര്യ ചിഹ്നം ഇടേണ്ടതാണ്, എന്നാല്‍ അത് പഴയ എഴുത്തുകാരുടെ ഒരു രീതി ആയതിനാല്‍ ഇടുന്നില്ല)

പറഞ്ഞത് നാട്ടിലെ താത്വികാചാര്യന്‍ ചെക്കിണി തന്നെ. ചെക്കിണി മരത്തില്‍ നിന്നും ഊര്‍ന്നിറങ്ങി വൈകുന്നേരം ഏഴര്യാകുമ്പോഴേക്കും ഒന്നര കുപ്പി വ്യാജന്‍(ഒറിജിനല്‍ കള്ള് അല്ല) അകത്താക്കി സ്നാന ജപാദികള്‍  കഴിഞ്ഞ് മന്ദ ചേഷ്ടനായി ചാപ്പുണ്യാരുടെ വീടിന്റെ ചാരു പടിയില്‍ ചാരിയിരിക്കും. കളി കണ്ടും പുറം കളി കളിച്ചും നിഗമനങ്ങളും വിശകലനങ്ങളുമായി ‘ഇമ്പളെ ചെക്കിണി” തത്വിക പരിവേഷം അണിയും.  പറയുന്നതിലെ 'ആധികാരികത' കേട്ട് ചെക്കന്മാര്‍ ചെപ്പു കിലുക്കുന്നതു പോലെ ചിരിക്കും. കോര്‍ട്ടിനു പുറത്ത് ടെന്‍ഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന മറഡോണയെ കണ്ട് ചെക്കിണി പറഞ്ഞു.

“ഓനേതാ, ആ ചങ്ങായി? ഓന് തൂറാന്‍ മുട്ട്ന്നുണ്ടോ”(അകത്തുള്ള പെണ്ണുങ്ങളെ ചിരിപ്പിക്കാനുള്ള ഒരു ഏര്‍പ്പാടു കൂടിയാണ്, ഇത്)

ഇതുകേട്ട് ചാപ്പുണ്യാരെ ഓള് (വൈഫ്) അടുക്കളേന്ന് ചിരിക്കും.  കളിക്കുന്ന രാജ്യക്കാരുടെ പേരു വിവരങ്ങള്‍ കുറെയൊക്കെ ചെക്കിണിക്ക് അറിയാം. ഇന്ത്യക്കാരന്‍ ഇതിനേക്കാള്‍ വലിയ കളി കളിക്കുന്നവരായതുകൊണ്ടാണ്, അവര്‍ ഈ കാല്‍പ്പന്തു കളിയില്‍ പങ്കെടുക്കാത്തത് എന്നാണ് ചെക്കിണി മനസ്സിലാക്കിയത്. ഈ അവസരത്തിലാണ് പോക്കര്‍ ഹാജിയുടെ പ്രവചനം ഉണ്ടായത്.  പോക്കര്‍ ഹാജി പ്രവചനത്തിന്റെ ആശാനാണ്. പാത്തുമാന്റെ പിയ്യാപ്ല ഗള്‍ഫില്‍ പോകുമെന്ന് പ്രവചിച്ചതും നായരു ചത്തുപോയ കാര്‍ത്യായനി പ്രസവിക്കുമെന്ന് മുന്‍ കൂട്ടി കണ്ടതും മാത്രമല്ലാ,  ലോക കപ്പില്‍ ബ്രസീല്‍ തോല്‍ക്കുമെന്നു വരെ മൂ‍പ്പര്‍ പ്രവചിച്ചു കഴിഞ്ഞു. പോള്‍ എന്ന നീരാളി പ്രവചിക്കും മുമ്പേ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ നീരാളി പോക്കര്‍ എന്ന അപര നാമം കൂടി ചെക്കന്മാര്‍ മൂപ്പര്‍ക്കു നല്‍കി.  എന്തായാലും ഇന്ത്യ ലോകകപ്പില്‍ എങ്ങനെ ഗോളടിക്കാന്‍? അത് നടക്കാന്‍ പോകുന്ന കാര്യമല്ല എന്ന വിവരം പോക്കര്‍ ഹാജി പിന്നീടാണ് മനസ്സിലാക്കിയത്.  ഇന്ത്യ കളിക്കുന്നില്ലെന്നും ഇന്ത്യയില്‍ ഫുട്ബോള്‍ ഇല്ലെന്നും ചെക്കന്മാര്‍ ഹാജിയെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ ഹാജി വിഷണ്ണനായി.  കാരണം ഒന്ന്- തന്റെ പ്രവചനം ഫലിക്കാതിരിക്കാന്‍ പാടില്ല. രണ്ട്- തനിക്ക് ഫുട് ബോളിനെപ്പറ്റി ഒന്നും അറിയില്ല എന്ന് ആളുകള്‍ കരുതും.

    ഹാജ്യാര്‍ അല്‍പ്പനേരം ഒന്നും മിണ്ടാതെ നിന്നു. എന്നിട്ട് ദുഃഖത്തോടെ പറഞ്ഞു.
“ഞമ്മള് ഇന്ത്യക്കാര്‍ക്ക് ബാഗ്യം ഇല്ല...”
“അതെന്താ ആജ്യാരേ?” ചെക്കന്മാര്‍ ചോദിച്ചു.
“ഒരു ഗോളടിക്കാന്‍ പറ്റിയ അവസരം ബെറുതെ ആക്കി?”  ഹാജ്യാര്‍ പറഞ്ഞു.
“ അത് എങ്ങനെ?”
“ പഹേന്മാരേ ഓല് പോകാത്തെതോണ്ടല്ലേ ഗോളടിക്കാഞ്ഞത്? ഞമ്മള് പറഞ്ഞതില് എന്താ തെറ്റ്?
കുണ്ടന്മാര്‍ ഇതു കേട്ട് ഒരു നിമിഷം ആലോചിച്ചു നിന്നപ്പോള്‍ പോക്കരാജി സ്ഥലം കാലിയാക്കി.

Wednesday, June 9, 2010

വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?”

എന്നെ തന്നെയാണോ ഫോക്കസ് ചെയ്യുന്നത്...?
              കോവളത്തെ ഒരു സായാഹ്നമാണ്. പടിഞ്ഞാറുനിന്നും നാടു കാണാനെത്തുന്നവരുടെ സ്ഥിരം സങ്കേതമായ കോവളത്ത് സൂര്യസ്നാനം ചെയ്യുന്ന വിദേശികള്‍ മണല്‍പ്പരപ്പില്‍ കസേരകളില്‍ നിരന്ന് ഇരിക്കുകയാണ്. ഇവരുടെ ഇടയിലൂടെ നടക്കുന്ന ‘നമ്മുടെ ആളുകള്‍ക്ക്’ കോവളവും കടലും ഒന്നും ഒരു പ്രശ്നമല്ല. അവര്‍ പ്രധാന്മായും നോക്കി നില്‍ക്കുന്നത് മണലില്‍ അര്‍ദ്ധ നഗ്നരായി ഇരിക്കുന്ന വിദേശി സ്ത്രീകളെയാണ്. ഈ കാഴ്ച്ച അങ്ങോളം ഇങ്ങോളം ഉള്ളതിനാല്‍ വായില്‍ നോക്കികള്‍ക്ക് ഒരു കൊയ്ത്തുത്സവം തന്നെയാണ് ഇവിടങ്ങളില്‍. സാമാന്യം തൊലിക്കട്ടിയുള്ള വിദേശിപ്പെണ്ണുങ്ങള്‍ പോലും ഇവന്മാരുടെ കളി കണ്ട് അറപ്പും മടുപ്പും വന്നിട്ട് എത്രയെത്ര പരാതികളാണ് നല്‍കുന്നത്. നമ്മുടെ നാട്ടില്‍ ഒറ്റക്ക് ജോലിക്കു പോകാന്‍ പോലും സ്ത്രീകള്‍ പേടിക്കുമ്പോള്‍ വിദേശിപ്പെണ്ണുങ്ങള്‍ ഇവിടെ വന്ന് മുട്ടു മറയാത്ത ഉടുപ്പുമിട്ട് ഒറ്റക്ക് നാടൊട്ടുക്കും ചുറ്റിയടിക്കുകയും വേണമെങ്കില്‍ ബാറില്‍ പോയി രണ്ടെണ്ണം വീശുകയും ചെയ്യുന്നത് കാണുമ്പൊള്‍ അവര്‍ അറപ്പുകൊണ്ട് കാര്‍ക്കിച്ചു തുപ്പും. “മാനമില്ലാത്ത ജാതി”യെന്നോ “ഉളുപ്പില്ലാത്തവര്‍” എന്നോ പറഞ്ഞ് നാം നമ്മുടെ കുലീനത കാണിക്കും. നിയമനിര്‍മ്മാണ സഭയില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണത്തിന് കൈകാലിട്ടടിച്ച് നമ്മുടെ സ്ത്രീകള്‍ മുന്‍ നിരയിലെത്താന്‍ പെടാപ്പാടു പെടുമ്പോള്‍ പുറം നാട്ടുകാരായ സ്ത്രീകള്‍ നമ്മുടെ പുരുഷന്മാരെക്കാള്‍ മിടുക്കികളാ‍യി ധീരത കാണിക്കുന്നു.  ചുളുവില്‍ എന്തെങ്കിലും രണ്ട് ‘സീന്‍’ ഒപ്പിച്ചെടുത്ത്  ചുറ്റിക്കറങ്ങി നടക്കുന്ന പുരുഷ വര്‍ഗ്ഗത്തില്‍ പെട്ട തദ്ദേശ ടൂറിസ്റ്റുകളെ കാണണോ? ഇവടങ്ങളില്‍ ഒക്കെ ഒന്നു വന്നു നോക്കൂ, ഇതുകൊണ്ടൊക്കെ തന്നെയാണ് ചെക്കിണി പറഞ്ഞത്.
                                “വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?” എന്ന്.

                                    (ചെക്കിണി എല്ലാരെയും നായര്‍ എന്നാണു വിളിക്കുന്നത്)

Saturday, June 5, 2010

സ്വത്വരാഷ്ട്രീയവും ചെക്കിണിയും

                  ചെക്കിണി ചിരിച്ചു ചിരിച്ചു മണ്ണു കപ്പി. മണ്ണു കപ്പി എന്നു പറഞ്ഞാല്‍ പോരാ മണ്ണു മാന്തി. അയാള്‍ ചുമരു മാന്തിക്കീറി ചിരി തുടങ്ങി. എന്തിനിങ്ങനെ ചിരിക്കുന്നു എന്ന് ചാപ്പുണ്യാര് ചോദിച്ചതൊന്നും ചെക്കിണി കേട്ടില്ല. പണ്ട് സര്‍ക്കുലര്‍ രൂപത്തില്‍ ചിരി നിരോധനം പ്രാബല്യത്തിലുണ്ടായിരുന്ന കാലം കഴിഞ്ഞതിനാല്‍  ചിരിക്കുന്നതില്‍ നിയമ തടസ്സം ഇല്ല എങ്കിലും തനി ബൂര്‍ഷ്വാ രീതിയില്‍ ഇങ്ങനെ ചിരിക്കുന്നത് സൈദ്ധാന്തികമായി ശരിയാണോ എന്നും ചാപ്പുണ്യാര്  ചിന്തിക്കാതിരുന്നില്ല. എന്നാലും എന്തിനാണ് ചെക്കിണീ ഇങ്ങനെ വലിയ വായില്‍ ചിരിക്കുന്നത്? ചിരി നില്‍ക്കാതായപ്പോള്‍ മൂസയും ചാപ്പുണ്യാരും അടുത്തുകൂടി.

“ എന്താ ചെക്കിണ്യേട്ടാ കാര്യം?”   മൂസ ചോദിച്ചു.

“ ഒന്നുല്യാ‍..ഹ്...ഹൂയ്......ഹ..ഹ.....” ചെക്കിണിക്ക് ചിരി നില്‍ക്കുന്നില്ല.

ചെക്കിണിക്ക് എന്തോ തകരാറ് കുടുങ്ങിയിട്ടുണ്ട് എന്ന് തന്നെ ചാപ്പുണ്യാരും മൂസയും മറ്റും കരുതി. അവര്‍ രണ്ടു പേരും ചേര്‍ന്ന് കൂട്ടത്തിലെ ബുദ്ധി ജീവിയായ അയമ്മത് കുട്ടിയെ തിരഞ്ഞു. സംഗതി അയാള്‍ അറിഞ്ഞുകാണില്ല.

“ അല്ല, ഇമ്പളെ ബു.ജി എവിടെ?’  മൂസ ചോദിച്ചു.

“ ഓനെ കാണുന്നില്ല”  ചാപ്പുണ്യാര് ഇതു പറഞ്ഞു തീര്‍ന്നതും ചെക്കിണി ഉറക്കെ ചിരി തുടങ്ങി. ചിരിച്ചുകൊണ്ട് ചെക്കിണി തന്റെ കൈ മുന്നോട്ടു ചൂണ്ടി. ചെക്കിണി കൈ ചൂണ്ടിയ ഭാഗത്തേക്ക് ചാപുണ്യാരും മൂസയും നോക്കി.
അവിടെ ഒരു രൂപം നില്‍ക്കുന്നു. ആളെ മനസ്സിലാകുന്നില്ലെങ്കിലും ഒരു കാര്യം വ്യക്തമായി. ആള്‍ നഗ്നനാണ്. മാത്രമല്ല അയാള്‍ മേലാസകലം ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതു കണ്ടിട്ടാണോ ചെക്കിണി ചിരിക്കുന്നത്? അതില്‍ എന്തിത്ര ചിരിക്കാന്‍?

“ഇഞ്ഞി അയാളെ കണ്ടിട്ടാ ചിരിക്കുന്നത്? അയാള്‍ ഏതോ പ്രാന്തനല്ലെ ചെക്കിണ്യേ...?”
ചെക്കിണീ ഒറ്റയടിക്ക് ചിരി നിര്‍ത്തി.  എന്നിട്ട് ശാന്തനായി തന്റെ ധൈഷണികത വെളിവാക്കുന്ന കഷണ്ടി തടവി പറഞ്ഞു.

‘ഇര......”
‘എന്ത്? എര്യോ”  ചാപ്പുണ്യാര്‍ക്ക് ഒന്നും തിരിഞ്ഞില്ല.

മൂസ ആകാശത്തും ഭൂമിയിലും മാറി മാറി നോക്കി സംശയം മാറ്റി.

“ഇര...  സ്വത്വബോധം ഉണര്‍ന്നു കഴിഞ്ഞു.... കാത്തിരുന്നു കാണുക...”  ചെക്കിണി ഉണര്‍ത്തിച്ചു.
ചെക്കിണിയുടെ നാവില്‍ അനാരതം തുളുമ്പുന്ന വാണീ വിലാസം കണ്ട് ചെക്കിണിയും മൂസയും സ്തബ്ധരായി നിന്നു പോയി. ഏതോ ഭൂതം അല്ലെങ്കില്‍ ജിന്ന് ചെക്കിണിയില്‍ പ്രവേശിച്ചു കഴിഞ്ഞുവെന്നും അതിന്റെ കളിയാണ് ഇതൊക്കെ എന്നും മൂസ പറഞ്ഞു. 

‘ ചാപ്പുണ്യാരേ, ഇമ്പളെ അയമ്മത് കുട്ടീനെ നോക്കി...”  

പറഞ്ഞത് മറ്റാരുമല്ല, ചെക്കിണി തന്നെ. ചെക്കിണി ഇപ്പോള്‍ സാക്ഷാല്‍ ചെക്കിണീയായി തന്നെയാണ് പറയുന്നത്. ചെക്കിണിയുടെ ഭാവ മാറ്റത്തില്‍ അദ്ഭുതം പൂണ്ട് അവര്‍ അയാള്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഒന്നു കൂടി നോക്കി.  അപ്പോഴാണ് അവര്‍ക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത്.
ഭ്രാന്തന്റെ വേഷത്തില്‍ നിന്നും നിന്ന് മേലാസകലം ചൊറിയുന്നത് മറ്റാരുമല്ല. ബുദ്ധി ജീവിയായ അയമ്മത് കുട്ടി തന്നെ.  ചെക്കിണി ചിരി നിര്‍ത്തി ആ കഥ ചുരുക്കത്തില്‍ പറഞ്ഞു.
അയമ്മത് കുട്ടിയെ കുറെ കാലമായത്രേ ഒരു എലി ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. രാത്രി കിടക്കുമ്പോള്‍ എലി ശരീരത്തില്‍ വന്ന് ഇക്കിളി ആക്കും. ആദ്യം അയാള്‍ അത്ര കര്യമാക്കിയില്ല. പിന്നെ എലി അയാളെ നക്കാന്‍ തുടങ്ങി. അതും അയാള്‍ കാര്യമാക്കിയില്ല. പിന്നെ ഗുജറാത്തില്‍ പോയപ്പോള്‍ എലികള്‍ കൂട്ടമായി ആക്രമിച്ച് പ്ലേഗ് ബാധിച്ച ഒരു പാട് മനുഷ്യരെയും കണ്ടു. തിരിച്ച് വീട്ടില്‍ വന്ന് കിടന്ന് ഉറങ്ങിയ ഒരു രാത്രിയില്‍ എലി വയറ്റില്‍ പോയി എന്നാണ് അയമ്മത് കുട്ടി പറയുന്നത്. പിന്നെ ഇക്കിളിയോട് ഇക്കിളിയാണ്. എവിടെ ചെന്നാലും അയാള്‍ ഇക്കിളി കൊണ്ട് ചിരിക്കും. സ്വത്വ ബോധം സട കുടഞ്ഞ് എഴുന്നേറ്റ അയമ്മത് കുട്ടി (ബു.ജി) തന്റെ പഴയ സ്വത്വം നില നിര്‍ത്തിയ താടി തടവി വിളിച്ചു പറഞ്ഞു.
“കൂട്ടമായി ഒറ്റതിരിഞ്ഞുള്ള ഈ ആക്രമണം മതപരമാണ്. അതിനെ നേരിടണമെങ്കില്‍ സ്വത്വബോധം വളരണം. ബുദ്ധി ജീവി ആയതിനാല്‍ അദ്ദേഹം മാര്‍ക്സിന്റെയും മറ്റ് മൂന്ന് ബുദ്ധിജീവികളുടെയും നാലഞ്ച് ഉദ്ധരണികള്‍ കൂടി ക്വോട്ട് ചെയ്ത് ഒരു കിടിലന്‍ പ്രസംഗം ചെയ്തു. ദാര്‍ശനികനായ ചെക്കിണി അനന്തതയില്‍ കുറെ നേരം നോക്കി നിന്നതിനു ശേഷം അയാള്‍ ചിരി തുടങ്ങി.  ചിരി എഞിനാണെന്ന് ചെക്കിണിക്ക് അറിയില്ല.

പീടികത്തിണ്ണയില്‍ ഉടുമുണ്ട് അഴിച്ച് തലയില്‍ കെട്ടി നില്‍ക്കുന്ന അയമ്മത് കുട്ടിയെ കണ്ട് സാവകാശം മൂസയും ചാപ്പുണ്യാരും ചിരി തുടങ്ങി.  ഓറ് മൂന്നാളും കൂടി ചിരിയോചിരി തന്നെ.

My Blog List

Subscribe Now: Feed Icon