Wednesday, July 14, 2010

അള്ളോ, ഇത് എന്തേരുത്തും ചര്‍ച്ചയാ......

       പറയുന്നത് ചെക്കിണി ആയതുകൊണ്ടും മൂപ്പര്‍ക്ക് വലിയ ഗ്ലാമര്‍ ഇല്ലാത്തതുകൊണ്ടും കേരളത്തിലെ പേരെടുത്ത വലിയ എഴുത്തുകാര്‍ക്കും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വ്യക്തിത്വങ്ങള്‍ക്കും ഇപ്പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമില്ല.  പിന്നെ ഇന്നാട്ടിലെ വലിയ ബ്ലോഗര്‍മാരും മറ്റും ഇത് തീരെ ഗൌനിക്കാന്‍ ഇടയില്ലെന്ന് അനുഭവം കൊണ്ട് അറിയുന്നതാകയാല്‍ ചില ‘ചെറുകിട ബ്ലോഗു കുലോദ്ഭവ‘ന്മാരുടെ ശ്രദ്ധയില്‍ പെടുന്നതിനും പറ്റിയാല്‍ എന്തെങ്കിലും ഒന്നു ‘കമന്റി‘ വിടുന്നതിനും ഈ ‘സാധനം’ നിര്‍മ്മിച്ച് ചുവടെ കാണുന്ന പ്രകാരം പ്രസിദ്ധീകരിക്കുന്നു.

           കേരളം ചൂടു പിടിച്ച ചര്‍ച്ചയിലാണെന്ന വിവരം ചെക്കിണിക്ക് അറിയാമായിരുന്നുവെങ്കിലും അതിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടത് ഒരു ഇ മെയിലാണ്.  (ചെക്കിണി ഇ മെയില്‍ വായിക്കാന്‍ പ്രാപ്തനായോ എന്ന് ചെക്കിണിയെ അറിയാവുന്നവര്‍ സംശയിച്ചേക്കാം. ദയവു ചെയ്ത് വേണ്ടാത്ത കാര്യങ്ങള്‍ ചോദിക്കരുത്)  ചര്‍ച്ച എന്നു വെച്ചാല്‍, മത്സരിച്ചുള്ള ചര്‍ച്ചയാണ്.  പത്തു പതിനാറ് ചാനലുകാരും പത്തമ്പത് പത്രക്കാരും ചേര്‍ന്ന് നാട്ടിലെ സകല തരത്തിലുള്ള അനാചാരങ്ങളെയും അഴിമതി മുതല്‍ അക്രമം വരെ    എല്ലാതരം അതിക്രമങ്ങളെയും ഉച്ചാടനം ചെയ്യാന്‍ തൂലിക ചലിപ്പിച്ചുകൊണ്ട് ഇരിക്കുന്ന സുവര്‍ണ്ണ കാലത്തിലാണല്ലോ ജീവിക്കുന്നത് എന്ന് ആശ്വസിച്ചിരിക്കുകയാണ് ചെക്കിണി.  ചര്‍ച്ചകളും സംവാദങ്ങളും സാംസ്കാരിക ഔന്നത്യത്തിന്റെ പ്രതീകമായതിനാല്‍ നമ്മുടെ നാട് ബുദ്ധിജീവികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നും ചെക്കിണിക്ക് തോന്നി. ചാനലുകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ എന്നും അങ്ങനെ വരുമ്പോള്‍ നവോത്ഥാന നായകന്മാരുടെ വേക്കന്‍സി റദ്ദു ചെയ്ത് ഗവണ്മെന്റിന് ചെലവു ചുരുക്കാമെന്നും ചെക്കിണി ചിന്തിച്ചു. വാര്‍ത്തകള്‍ ഇപ്പോള്‍ പെറ്റു പെരുകുകയാണ്. പണ്ടത്തെ പോലെ ഞഞ്ഞാപിഞ്ഞ വാര്‍ത്തകളല്ല ഇപ്പോള്‍ ഉള്ളത്. അന്ന് ഒരു വാര്‍ത്ത കേള്‍ക്കണമെങ്കില്‍ എലിപ്പെട്ടി പോലത്തെ റേഡിയോ സെറ്റ് രണ്ടു മിനിറ്റ് മുമ്പ് തന്നെ തുറന്നു വെക്കണം. പത്തു മിനിറ്റ് നേരം വായിക്കുന്ന വാര്‍ത്ത ഉണ്ടാക്കാന്‍ തന്നെ അതിന്റെ പ്രക്ഷേപകര്‍ കഷ്ടപ്പെടുന്ന കാലമാണ്. (അന്ന് സാംസ്കാരിക കേരളം എങ്ങനെ ജിവിച്ചു എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു) ഇന്നിപ്പോള്‍ ബുദ്ധിജീവികളായ പത്രക്കാര്‍ പല തരം ആളുകളെ ഉള്‍പ്പെടുത്തി ചര്‍ച്ചകളിലൂടെയാണ് കേരളത്തെ മുമ്പോട്ടു നയിക്കുന്നത്. അനങ്ങിയാല്‍ ചര്‍ച്ച വരും എന്ന് കരുതി ബലാത്സംഗ വീരന്മാരും മോഷ്ടാക്കളും അഴിമതിക്കാരും പേടിച്ചു കഴിയുകയാണ്.  ‘മൂന്നു വയസ്സു കാരിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചൂ’ ഇങ്ങനെ ഒരു വാര്‍ത്ത കിട്ടിയാല്‍ പത്രകാരനെക്കാള്‍ ഉഷാറ് ചാനലു കാരനാണ്. അവന്‍ ഉടന്‍ അതിന് ഒരു തിരക്കഥ ഉണ്ടാക്കി ക്രൈം ത്രില്ലെര്‍ ആയി അവതരിപ്പിക്കും. പിന്നെ പീഡിപ്പിച്ചവന്റെ ആളുകളെയും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ആളുകളെയും വെച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കും. (ചര്‍ച്ചയില്‍ ഒരുകാലത്തും ഒരു തീരുമാനമായതായി കണ്ടിട്ടില്ല) 
വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പുതുമകള്‍ ഏറെയാണ്. വര്‍ഗ്ഗീയതയെ സംബന്ധിച്ച ചര്‍ച്ചകളായിരുന്നു ഒരു കാലത്തെ ഇഷ്ട വിഭവം. ഇപ്പോള്‍ അതിന് അത്ര മാര്‍ക്കറ്റ് ഇല്ല. വര്‍ഗ്ഗീയതയെ ചര്‍ച്ചയിലൂ‍ടെ നാട്ടില്‍ നിന്നും ഉന്മുലനം  ചെയ്തതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍  അതിനെക്കാള്‍ പുതിയ സാധനം വന്നു കഴിഞ്ഞു. ‘ക്യൂലക്സിനെ വെല്ലുന്ന ഈഡിസ് ഈജിപ്തി’കൊതുകുകളെപ്പോലെ തകര്‍പ്പന്‍ തീവ്രവാദികള്‍ രംഗത്തെത്തിയതോടെ രംഗം ഒന്നു കൂടി കൊഴുത്തിരിക്കുകയാണ്. നാടന്‍ ബോംബുകള്‍ ഇപ്പോള്‍ നായക്കു പോലും വേണ്ടാതായിരിക്കുകയാണ്. ജലാറ്റിന്‍ സ്റ്റിക്കുകളോ ആര്‍.ഡി.ഏക്സോ ഉണ്ടെങ്കില്‍ അത് വാര്‍ത്തയാണ്.  കട കുത്തി തുറക്കല്‍, ഭവന ഭവന ഭേദനം തുടങ്ങിയതൊന്നും ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല.  അതെല്ലാം പണ്ടേ തന്നെ ചില മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍ത്തലാക്കിയ കുറ്റക്ര്ത്യങ്ങളാണ്.

നാം ജീവിക്കുന്ന ചുറ്റുപാടില്‍ അഴിമതി, അക്രമം, ലൈംഗികചൂഷണം എന്നിവ കണ്ടു പിടിക്കുന്നതിന് മാധ്യമങ്ങളുടെ കഴുകന്‍ കണ്ണുകള്‍ ക്യാമറയുടെ രൂപത്തില്‍ ചുറ്റി തിരിയുകയാണ്.  മാവേലി നാടു പോലെ മനോഹരമായ ഒരു നാട് നമുക്ക് കൈവരാന്‍ അധിക കലമില്ല. ഒരു മൂന്നു  നാലു ചാനല്‍ കൂടി വരാനുണ്ട്. അതോടു കൂടി സംഗതി ക്ലീന്‍.  പിന്നെ മറ്റൊരു പ്രധാന കാര്യം ചര്‍ച്ചകളാണ്. കൊടും പിരിക്കൊള്ളുന്ന ചര്‍ച്ചകള്‍ ചെയ്യുന്നവര്‍ ചാനലുകാ‍ര്‍ മാത്രമല്ല. അതിന്റെ ക്രെഡിറ്റ് അവര്‍ക്കു മാത്രം കൊടുക്കുന്നത് ശരിയല്ലല്ലോ.  വാരികകള്‍ നാടു നന്നാക്കാന്‍ ഇറങ്ങിയിട്ട് പതിറ്റാണ്ടുകളയി.  ഒരു കവര്‍ സ്റ്റോറിയോടെ അവര്‍ സ്വത്വ രാഷ്ട്രീയം മുതല്‍ സ്വത്തു രാഷ്ട്രീയം വരെ ചര്‍ച്ച ചെയ്ത് കേരളത്തെ ധാര്‍മ്മികവും സാംസ്ക്കാരികവുമായി ഉന്നതിയിലേക്ക് നയിക്കുകയാണ്. 

നമുക്ക് ചാനലുകാരന്റെ ചര്‍ച്ചകളിലേക്ക് തിരിച്ചു വരാം.  വിലക്കയറ്റം, ഡീസല്‍/പെട്രോള്‍ വില വര്‍ദ്ധന, അഴിമതി, സിനിമാ പ്രതിസന്ധി, സ്ത്രീ പീഡനം, വേശ്യാവ്രിത്തി, സംവരണം, വര്‍ഗ്ഗീയത, തീവ്രവാദം, പ്രേത ബാധ എന്നു തുടങ്ങി സകല കാര്യങ്ങളും ഉണ്ടാവുന്നതിനെയും അത് ഇല്ലാതാക്കുന്നതിനെയും ചൊല്ലി ബഹു കേമമായി ചര്‍ച്ചകള്‍ തുടരുന്നത് ‘ശ്ശി നല്ലത്വന്നെ’ എന്ന് ചെക്കിണി കരുതുമ്പോഴും ഇതൊക്കെ ഇപ്പോഴും അസാരായി കൂട്വന്നെ അല്ലേ എന്ന് ചെക്കിണിക്ക് ശങ്ക ണ്ടാവാണ്ട് ഇരുന്നില്ല. ഏ.സി. മുറിയില്‍ ഇടക്കിടക്ക് ‘ബ്രേക്ക്’ ഇട്ട് ( ഓം സ്പോണ്‍സറായ നമഃ)വാദികളെയും പ്രതികളെയും ‘തമ്മില്‍ തല്ലിക്കുന്ന‘ നാടകം കാണുന്ന പോഴത്തക്കാരന്‍ പ്രേക്ഷകന്‍ കരുതുന്നത് മാധ്യമങ്ങളുടെ ആത്മാര്‍ഥമായ ഇടപെടലാണ് ഇതൊക്കെ എന്നാണ്.  രോഗം മാറ്റാനാണ് ഡോക്ടര്‍ എങ്കില്‍ നാട്ടില്‍ അകെ പത്തു ഡോക്ടര്‍മാര്‍ മതിയാവും. രോഗം ഇനിയും ഉണ്ടാവട്ടെ എന്നല്ലേ ‘ആത്മാര്‍ത്ഥതയുള്ള’ ഒരു ഡോക്ടര്‍ കരുതുക? അല്ലെങ്കില്‍ അയാള്‍ ആരെ ചികിത്സിക്കും? അതത്രേ നമ്മുടെ പൊടിപാറുന്ന ചര്‍ച്ചക്കാരുടെയും മനോഗതി എന്നു ചെക്കിണിക്ക് തോന്നി. 

കേരളം അസാരം കേമായി തന്നെ വളരുന്ന്ണ്ട്... ചെക്കിണിക്ക് സംശയം ഇല്യ. 1956 മുതല്‍ 2010 വരെയുള്ള കണക്ക് എടുത്തു നോക്കൂ. അടിപിടി മുതല്‍ തീവ്രവാദം വരെയുള്ള ദിനചര്യകള്‍ കുറഞ്ഞു വരുന്നുണ്ട്.  ചര്‍ച്ച ‘വീണ്ടും  പുനരാംഭിക്കട്ടെ’.....

എന്നാലും അറിയാതെ ചോദിച്ചു പോവുകയാണ്  “അള്ളാ ഇത് എന്തേരുത്തും ചര്‍ച്ചയാ, പഹയന്മാരേ...?”

Saturday, July 10, 2010

നീരാളി പോക്കര്‍

           ഇന്ത്യ ലോകകപ്പില്‍ ഗോള്‍ നേടുമെന്ന് ഉണ്ടക്കണ്ണന്‍ പോക്കര്‍ ഹാജി പറഞ്ഞത് ചെക്കിണീ കേട്ടു.  പോക്കര്‍ ഹാജി പറഞ്ഞതില്‍ അധികവും സത്യമായി വന്നതിനാല്‍ ഇതും സത്യമാവും എന്നു തന്നെ ചെക്കിണി കരുതിയിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആരൊക്കെയാണ് കളിക്കുന്നത് എന്ന വിവരം പോക്കര്‍ ഹാജിക്ക് അറിയില്ല. മൂപ്പര് വൈകുന്നേരത്തെ നിസ്കാരം കഴിഞ്ഞപാടെ  ഒരു കട്ടന്‍ ചായയും മുട്ട പുഴുങ്ങിയതും തിന്ന് വായ കഴുകാതെ മുട്ടയുടെ രുചി നുണഞ്ഞുകൊണ്ട് ടെലിവിഷനു മുമ്പില്‍ കുണ്ടന്മാര്‍ക്ക് ഒപ്പം ഇരുന്ന് കളി കണ്ടു. ഹാജ്യാര്‍ അര്‍ജ്ജന്റീനയുടെ ആളായാണ് അറിയപ്പെടുന്നത്.ചാര നിരത്തില്‍ വെള്ള വരയുള്ള ടീ ഷര്‍ട്ടുമിട്ട് ഹാജ്യാര്‍ ഫാന്‍സുകാരോടൊപ്പം ഇരുന്ന് ലോക ഫുട് ബോളിന്റെ ചരിത്രം അവലോകനം ചെയ്തു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും   ആരാണ് കളിക്കുന്നത് എന്നോ എങ്ങനെയാണ് കളിക്കുന്നതെന്നോ ടിയാന് നല്ല ഗ്രാഹ്യം ഇല്ല.  ബാര്‍ബര്‍ കുഞ്ഞാമന്‍ കുട്ടി, ഔസേപ്പ്, മൊയമ്മത്,  പാറ പൊട്ടിക്കുന്ന സാമി, ചെക്കിണീ തുടങ്ങിയ പൌര പ്രമുഖരും പരശതം കുണ്ടന്മാരും കാണുന്ന കളി ആയതിനാല്‍ കാണാതിരിക്കാന്‍ പറ്റില്ല. പ്രവചന സിദ്ധിയുള്ള ആളായതിനാല്‍ പോക്കരാജിക്ക് പ്രവചിക്കാതിരിക്കാനും പറ്റില്ല.ആയതിനാല്‍ ഗോള്‍വീഴുമ്പോള്‍ പോക്കര്‍ഹാജി ഉച്ചത്തില്‍ അട്ടഹസിക്കും. (ഗോള്‍ വീഴുന്നത് ശുഭ ലക്ഷണമാണെന്ന് കരുതി തന്റെ ടിം ആയ അര്‍ജ്ജന്റിനയുടെ പോസ്റ്റില്‍ ഗോള്‍ വീണത് കണ്ട് മൂപ്പര്‍ ഹര്‍ഷാരവം മുഴക്കി ഒരുദിവസം ‘മൊയന്ത്’ ആയതാണ്.) ആരു ഗോള്‍ അടിച്ചാലും ഹാജ്യാര് അവരുടെ ഭാഗം കൂടിയിരുന്ന പണി അന്നു നിര്‍ത്തിയതാണ്. അതിനുശേഷം ഗോള്‍ വീണാല്‍ മൂപ്പര്‍ തന്റെ ഭാഗക്കാര്‍ എന്തെങ്കിലും ശബ്ദം ഉണ്ടാക്കുന്നൊ എന്നു നോക്കും. എന്നിട്ടേ മൂപ്പര്‍ വായ തുറക്കുകയുള്ളൂ.                അങ്ങനെയാണ് ഒരു ദിവസം പീടികത്തിണ്ണയില്‍ വെച്ച് മൂപ്പര് വെളിപാടു പോലെ പറഞ്ഞത്-
 “ലോക കപ്പില്‍ ഇന്ത്യ ഗോളടിക്കും മോനേ....”
പോക്കര്‍ ഹാജിയെക്കൊണ്ട് ഇത് പറയിച്ച്താണ്.
“ഫുട് ബോളില്‍ ഇന്ത്യ ജയിക്ക്വോ ആജ്യാരേ?”  ഒരു ചെക്കന്‍ ഹാജ്യാരെ സുയിപ്പ് ആക്കാന്‍ ചോദിച്ചു.
ക്ഷണത്തില്‍ പോക്കരാജി അങ്ങു പറഞ്ഞു പോയി.

ഉത്തരം കേട്ടതും പീടിക മുറ്റത്ത് കുനിഞ്ഞു നിന്ന് തേങ്ങാ പൊളിക്കുകയായിരുന്ന പാക്കരന്‍ പാരയില്‍ കുരുങ്ങിപ്പോയതു പോലെ വളഞ്ഞു നിന്ന്  ചിരിച്ചു വളി വിട്ടു പോയി.

“അദ്ഭുതകരമായ പ്രവചനം“

(ഇതിന് രണ്ട് ആശ്ചര്യ ചിഹ്നം ഇടേണ്ടതാണ്, എന്നാല്‍ അത് പഴയ എഴുത്തുകാരുടെ ഒരു രീതി ആയതിനാല്‍ ഇടുന്നില്ല)

പറഞ്ഞത് നാട്ടിലെ താത്വികാചാര്യന്‍ ചെക്കിണി തന്നെ. ചെക്കിണി മരത്തില്‍ നിന്നും ഊര്‍ന്നിറങ്ങി വൈകുന്നേരം ഏഴര്യാകുമ്പോഴേക്കും ഒന്നര കുപ്പി വ്യാജന്‍(ഒറിജിനല്‍ കള്ള് അല്ല) അകത്താക്കി സ്നാന ജപാദികള്‍  കഴിഞ്ഞ് മന്ദ ചേഷ്ടനായി ചാപ്പുണ്യാരുടെ വീടിന്റെ ചാരു പടിയില്‍ ചാരിയിരിക്കും. കളി കണ്ടും പുറം കളി കളിച്ചും നിഗമനങ്ങളും വിശകലനങ്ങളുമായി ‘ഇമ്പളെ ചെക്കിണി” തത്വിക പരിവേഷം അണിയും.  പറയുന്നതിലെ 'ആധികാരികത' കേട്ട് ചെക്കന്മാര്‍ ചെപ്പു കിലുക്കുന്നതു പോലെ ചിരിക്കും. കോര്‍ട്ടിനു പുറത്ത് ടെന്‍ഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന മറഡോണയെ കണ്ട് ചെക്കിണി പറഞ്ഞു.

“ഓനേതാ, ആ ചങ്ങായി? ഓന് തൂറാന്‍ മുട്ട്ന്നുണ്ടോ”(അകത്തുള്ള പെണ്ണുങ്ങളെ ചിരിപ്പിക്കാനുള്ള ഒരു ഏര്‍പ്പാടു കൂടിയാണ്, ഇത്)

ഇതുകേട്ട് ചാപ്പുണ്യാരെ ഓള് (വൈഫ്) അടുക്കളേന്ന് ചിരിക്കും.  കളിക്കുന്ന രാജ്യക്കാരുടെ പേരു വിവരങ്ങള്‍ കുറെയൊക്കെ ചെക്കിണിക്ക് അറിയാം. ഇന്ത്യക്കാരന്‍ ഇതിനേക്കാള്‍ വലിയ കളി കളിക്കുന്നവരായതുകൊണ്ടാണ്, അവര്‍ ഈ കാല്‍പ്പന്തു കളിയില്‍ പങ്കെടുക്കാത്തത് എന്നാണ് ചെക്കിണി മനസ്സിലാക്കിയത്. ഈ അവസരത്തിലാണ് പോക്കര്‍ ഹാജിയുടെ പ്രവചനം ഉണ്ടായത്.  പോക്കര്‍ ഹാജി പ്രവചനത്തിന്റെ ആശാനാണ്. പാത്തുമാന്റെ പിയ്യാപ്ല ഗള്‍ഫില്‍ പോകുമെന്ന് പ്രവചിച്ചതും നായരു ചത്തുപോയ കാര്‍ത്യായനി പ്രസവിക്കുമെന്ന് മുന്‍ കൂട്ടി കണ്ടതും മാത്രമല്ലാ,  ലോക കപ്പില്‍ ബ്രസീല്‍ തോല്‍ക്കുമെന്നു വരെ മൂ‍പ്പര്‍ പ്രവചിച്ചു കഴിഞ്ഞു. പോള്‍ എന്ന നീരാളി പ്രവചിക്കും മുമ്പേ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ നീരാളി പോക്കര്‍ എന്ന അപര നാമം കൂടി ചെക്കന്മാര്‍ മൂപ്പര്‍ക്കു നല്‍കി.  എന്തായാലും ഇന്ത്യ ലോകകപ്പില്‍ എങ്ങനെ ഗോളടിക്കാന്‍? അത് നടക്കാന്‍ പോകുന്ന കാര്യമല്ല എന്ന വിവരം പോക്കര്‍ ഹാജി പിന്നീടാണ് മനസ്സിലാക്കിയത്.  ഇന്ത്യ കളിക്കുന്നില്ലെന്നും ഇന്ത്യയില്‍ ഫുട്ബോള്‍ ഇല്ലെന്നും ചെക്കന്മാര്‍ ഹാജിയെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ ഹാജി വിഷണ്ണനായി.  കാരണം ഒന്ന്- തന്റെ പ്രവചനം ഫലിക്കാതിരിക്കാന്‍ പാടില്ല. രണ്ട്- തനിക്ക് ഫുട് ബോളിനെപ്പറ്റി ഒന്നും അറിയില്ല എന്ന് ആളുകള്‍ കരുതും.

    ഹാജ്യാര്‍ അല്‍പ്പനേരം ഒന്നും മിണ്ടാതെ നിന്നു. എന്നിട്ട് ദുഃഖത്തോടെ പറഞ്ഞു.
“ഞമ്മള് ഇന്ത്യക്കാര്‍ക്ക് ബാഗ്യം ഇല്ല...”
“അതെന്താ ആജ്യാരേ?” ചെക്കന്മാര്‍ ചോദിച്ചു.
“ഒരു ഗോളടിക്കാന്‍ പറ്റിയ അവസരം ബെറുതെ ആക്കി?”  ഹാജ്യാര്‍ പറഞ്ഞു.
“ അത് എങ്ങനെ?”
“ പഹേന്മാരേ ഓല് പോകാത്തെതോണ്ടല്ലേ ഗോളടിക്കാഞ്ഞത്? ഞമ്മള് പറഞ്ഞതില് എന്താ തെറ്റ്?
കുണ്ടന്മാര്‍ ഇതു കേട്ട് ഒരു നിമിഷം ആലോചിച്ചു നിന്നപ്പോള്‍ പോക്കരാജി സ്ഥലം കാലിയാക്കി.

My Blog List

Subscribe Now: Feed Icon