Wednesday, December 30, 2009

പുനര്‍ജ്ജനി

തിയെനിക്കിനി, പ്രിയസഖീ നിന്‍റ്റെ
നനുത്ത സ്പര്‍ശത്താലുറക്കുകെന്നെ നീ.
മതി- യിരുളിന്‍റ്റെ പടിപ്പുരയിലേ-
ക്കൊരു കയറിനാല്‍ വലിച്ചിഴക്കുകീ മ്ര്ഗത്തെ,
യൂപത്തില്‍ തളക്കുകെന്‍ ശിര,സ്സെരിയും
കണ്ണില്‍ നിന്‍ വിരലുകള്‍ കുത്തിയിരുള്‍ പരത്തുക.
പരമ നിര്‍വ്വാണ സുഖലയത്തിലെന്‍
കവിതയപ്പടിയുരുകട്ടെ, നിന്‍റ്റെ
പതിഞ്ഞകാലൊച്ച ശ്രവിക്കവേയെന്‍റ്റെ-
പ്രണയ സംത്രാസം പടര്‍ന്നു കത്തട്ടെ.
നിനക്കറിയില്ലെന്‍ കറുത്ത വാവുകള്‍,
കരള്‍ പിളരുന്ന ദുരന്തങ്ങള്‍ തീര്‍ത്ത
കറുത്ത പക്ഷങ്ങള്‍ ഇടിമുഴക്കത്തിന്നിരവുകള്‍...

പകലുകള്‍ വെന്തു കരിയുമഗ്നിയില്‍
ചലനമറ്റുഞാനെരിഞ്ഞുതീരുമ്പോള്‍
ചിറകുകത്തുന്ന പകല്‍ക്കിനാവിന്‍റ്റെ
ശിഥിലജാലകം തുറന്നു നീ വീണ്ടും.
വെറുതെയീ നോട്ടം,
വിളര്‍ത്തയൌവനം,
കരിഞ്ഞുനീലിച്ചു മുനിഞ്ഞുകത്തുന്ന
കറുത്തരാവില്‍ വീണുടഞ്ഞ ചന്ദ്രിക.
മതി-
ഉദാസീനം മനസ്സുകത്തിച്ചു
മകരജ്യോതിസ്സായ് പുനര്‍ജ്ജനിക്കുക.







Monday, December 21, 2009

ഒരേ കടല്‍, ഒരേ ജീവിതം




തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ്ണചകോരം പങ്കിട്ട ഇന്തോനേഷ്യന്‍ സിനിമയായ ‘ജര്‍മ്മലി’നെപ്പറ്റി.


ജീവിതം എല്ലായിടത്തും ഒരേപോലെയാണ്. പ്രാദേശികവും കാലികവുമായ അവസ്ഥാന്തരങ്ങള്‍ അതിന് ഉപരിപ്ലവമായ മാറ്റങ്ങള്‍ മാത്രം നല്‍കുന്നു. കരച്ചിലിനും ചിരിക്കും ഭാഷയില്ലാത്തതുപോലെ അടിസ്ഥാനപരമായ വികാരങ്ങള്‍ ഒന്നും അനുഭവിച്ചറിയാന്‍ ഭാഷയുടെ ആവശ്യമില്ല. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെ പട്ടിക്കുട്ടിയുടെ ദയനീയമായ മോങ്ങല്‍ അനുഭവിച്ചറിഞ്ഞത് ഭാഷകൊണ്ടല്ലല്ലോ. വന്‍ കരകള്‍ക്കപ്പുറത്ത് കടലിന്‍റ്റെ മദ്ധ്യത്തില്‍ ആരോരുമറിയാതെ ജോലി ചെയ്ത് ജീവിക്കുന്നവരുണ്ട്. അവരുടെ ഭാഷയെന്തെന്ന് നമുക്കറിയില്ല. അവരുടെ ജീവിതമെന്തെന്ന് നമുക്കറിയില്ല. എന്നാല്‍ കഥ പറയാനറിയുന്നവര്‍ കാണിച്ചുതരുന്ന ഇരുളും വെളിച്ചവും ചേര്‍ന്ന പ്രതിഛായകള്‍ നല്‍കുന്ന വൈകാരികാനുഭവം അനുഭവിച്ചറിയുക് തന്നെ വേണം.
അഗ്നിപര്‍വ്വതങ്ങള്‍ പുകയുകയും ആഭ്യന്തരമായ പ്രശ്നങ്ങള്‍ അനുഭവിക്കുകയും അത്ര മുന്തിയതല്ലാത്ത സാമ്പത്തിക സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്ന ഇന്തോനേഷ്യന്‍ ജീവിതത്തില്‍ വിചിത്രമെന്നു നമുക്കു തോന്നവുന്ന ഹൈന്ദവത കലര്‍ന്ന ഇസ്ലാമിസം നിലനില്‍ക്കുന്നു. കടല്‍ അവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്തെന്നാല്‍ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടക്കു കിടക്കുന്ന ഈ ഭൂഭാഗം കടലിനാല്‍ ചുറ്റപ്പെട്ടതാണ്.




പുറം ലോകം അത്ര അറിഞ്ഞിട്ടില്ലാത്ത തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ‘ജെര്‍മ്മല്‍‘ എന്ന ചിത്രത്തിലൂടെ സംവിധായകനായ രവി ഭിര്‍വാനി പറയുന്നത്. നടുക്കടലില്‍ മത്സ്യബന്ധനത്തിനും സംസ്ക്കരണത്തിനുമായി നിര്‍മ്മിക്കുന്ന ‘ജര്‍മ്മലുകള്‍’ (Fishing Platforms) ഇന്തോനേഷ്യയില്‍ അനവധിയുണ്ടത്രേ. അതില്‍ തൊഴില്‍ ചെയ്യുന്നവരില്‍ അധികപങ്കും കുട്ടികളാണത്രേ. അവര്‍ മൂന്നുമാസത്തോളം കഴിഞ്ഞേ തിരിച്ച് കരയിലേക്കു വരുകയുള്ളൂ. അത്രയും കാലം ഏകാന്തമായ കടലില്‍ അവര്‍ കഴിഞ്ഞുകൂടുന്നു.
അമ്മയുടെ മരണശേഷം തന്‍റ്റെ പിതാവിനെ തേടീ ഇത്തരം ഒരു ജര്‍മ്മലില്‍ എത്തിപ്പെട്ടതാണ് ജയ എന്ന പന്ത്രണ്ട് വയസ്സുകാരന്‍. അവന്‍റ്റെ പിതാവ് ജോഹര്‍ ജെര്‍മ്മലില്‍ മേല്‍നോട്ടക്കാരനാണ്. “താങ്കളുടെ മകന്‍ കണാന്‍ വന്നിരിക്കുന്നു” എന്ന സഹപ്രവര്‍ത്തകനും ഊമയുമായ ‘ബന്തി’യുടെ ആംഗ്യഭാഷക്ക് അയാള്‍ നല്‍കുന്ന മറുപടി “എനിക്ക് അങ്ങനെയൊരു മകനില്ല” എന്നാണ്. അലസമയി താടി വളര്‍ത്തി കുടവയറുമായി കറുത്തിരുണ്ടു കാണപ്പെടുന്ന ജോഹര്‍ ഒറ്റനോട്ടത്തില്‍ തന്നെ നമ്മില്‍ വെറുപ്പും ഭീതിയും ഉളവാക്കും. മകനെ സ്വീകരിക്കതെ അവനെ ശകാരിക്കുകയും പിടിച്ചുവിഴുങ്ങാന്‍ ശ്രമിക്കുന്നതായി നമുക്കു തോന്നുകയും ചെയ്യും. എന്നാല്‍ മിതത്വമാര്‍ന്ന ആ അഭിനയത്തിലൂടെ അയാളുടെ ഉള്ളില്‍ എവിടെയോ അനുകമ്പയുടെ ഉറവ ഉള്ളതായി നമുക്ക് അനുഭവപ്പെടും. എന്നാല്‍ പിതാവിന്‍റ്റെ വഴക്കമില്ലായ്മമൂലം ജയ നിരാശനാകുന്നു. അവന്‍ ജര്‍മ്മലിലെ ജോലികള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു. സഹപ്രവര്‍ത്തകാരായ കുട്ടികള്‍ അവനെ കളിയാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. അവനെ അനുകമ്പയോടെ നോക്കാനും ആശ്വസിപ്പിക്കാനും കപ്പലില്‍ ഊമയായ ബന്തി മാത്രമേയുള്ളു. തന്‍റ്റെ ഇരുണ്ട ഭൂതകാലം മറക്കാന്‍ ജര്‍മ്മലില്‍ വന്നു താമസിക്കുന്ന ജോഹര്‍ പുറത്തെ ശബ്ദം കേള്‍ക്കാതിരിക്കന്‍ ഇയര്‍പ്ലഗ് ധരിക്കുന്നു. മുറിയിലെ വെളിച്ചം മറക്കാന്‍ കര്‍ട്ടന്‍ നിവര്‍ത്തിയിടുന്നു. തന്‍റ്റെ ഇരുണ്ട പശ്ചാത്തലത്തലത്തിലെ തെറ്റിദ്ധാരണകളെ സ്നേഹത്താല്‍ തിരിച്ചറിഞ്ഞ അയാള്‍ അവഗണിക്കാനാവാത്ത പിത്ര് പുത്ര ബന്ധതിന്‍റ്റെ കെട്ടുപാടില്‍ വീണുപോവുകയും പുത്രനോടൊപ്പം തിരിച്ചുപോവുകയുമാണ്.
സംവിധായകന്‍ തന്നെ സൂചിപ്പിച്ചതുപോലെ ഭാഷ ഉപയോഗിക്കുന്നതിലെ ഒരു വൈരുദ്ധ്യം ഈ സിനിമയിലുണ്ട്. ജോഹര്‍ എന്ന കഥാപാത്രം അഭിനയിക്കുന്നത് ഒരു നോട്ടംകൊണ്ടോ ഒരു ചലനം കൊണ്ടോ മാത്രമാണ്. അനിവാര്യഘട്ടത്തില്‍ മാത്രമേ അയാള്‍ എന്തെങ്കിലും പറയുന്നുള്ളു. എന്നാല്‍ ഊമയായ ബന്തിയാണ് ഇതില്‍ ഏറ്റവുമധികം ‘സംസാരിക്കുന്ന’(expressive) കഥാപാത്രം.
ജയ(ഇഖ്ബാല്‍ എസ് മനുരഗ്) എന്ന ക്താപാത്രമാണ് ഇതിലെ കേന്ദ്രബിന്ദുവെങ്കിലും പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റുന്ന ബന്തിയും((യുയു ഉന്‍ റു) മറ്റു കുട്ടികളും ചെയ്ത സ്വാഭാവികമായ അഭിനയ പ്രകടനം ഉജ്ജ്വലമാണ്. ഒരു കടലും ഒരു കൊച്ചു പ്ലാറ്റ്ഫോമും മാത്രമേ ഈ ചിത്രത്തില്‍ ദ്രിശ്യവിരുന്ന് ഒരുക്കുന്നുള്ളൂ. ഒരു നാടകത്തിലേതുപോലെ പരിമിതമായ സ്ഥലത്തുനിന്ന് ക്യാമറ ചലിപ്പിച്ച് ഒപ്പിയെടുത്ത ഈ ജീവിതചിത്രണം നമ്മെ സ്വത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു. പിത്ര് പുത്ര ബന്ധത്തിന്‍റ്റെ ആഴം, വറ്റാത്തകാരുണ്യം, നിസ്സഹായത, ഏകാന്തത എന്നിവ അനുഭവിച്ചറിയുന്നതായി നമുക്കു തോന്നും, ഈ ചിത്രം കണ്ടാല്‍.
മനോഹരമായ ഈ ആഖ്യാനം മലയാളികള്‍ കാണേണ്‍ടതു തന്നെയാണ്.

Thursday, December 17, 2009

ആന്‍റ്റി ക്രൈസ്റ്റ്- എന്ന വിസ്മയം




International Film Festival, Thiruvananthapuram- Visual experiences


തെന്നിന്ത്യന്‍ കമ്പോള സിനിമയിലെ അഞ്ചു മിനുട്ട് ദൈര്‍ഘ്യമാര്‍ന്ന ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് ഉദ്ദേശം ആറുന്നൂറാളുകള്‍ വര്‍ണ്ണാഭമായ വസ്ത്രം ധരിച്ച് മൈതാനത്തും ഹൈവേയിലും ചാടിയും മറിഞ്ഞും കളിക്കണം. അതിനു പുറമെ സിംഗപ്പൂരിലോ ബാങ്കോക്കിലോ ആസ്ട്രേലിയയിലോ ചുറ്റിയടിച്ചു കഴിഞ്ഞിരിക്കണം. കോടികള്‍ മുടക്കിയാലേ ഒരു ഗാനം ചിത്രീകരിക്കാനാവൂ. ഒരു സിനിമ കഴിയുമ്പോഴേക്കും മിന്നല്‍ വെഗതയില്‍ എത്രയെത്ര സീനുകള്‍ മാറി മറയുന്നു?
സിനിമ തൊണ്ണൂറു ശതമാനവും ദ്റ്ശ്യകല തന്നെയാണ്. ഭാവനാവിലാസം കൊണ്ട് മനുഷ്യമനസ്സുകളില്‍ ആഘാതമേല്‍പ്പിക്കാ‍ന്‍ കഴിയുന്ന ദ്റ്ശ്യവിസ്മയം ഒരുക്കാന്‍ കഴിയുന്ന ഭാവനാശാലികളുണ്ട്. എങ്ങനെ മനുഷ്യമനസ്സുകളില്‍ മുറിപ്പാടുകള്‍ സ്ര്ഷ്ടിക്കാനാവും എന്നതു കാണണമെങ്കില്‍ ലാര്‍സ് വോണ്‍ ട്രയറിന്‍റ്റെ, ആന്‍റ്റി ക്രൈസ്റ്റ് എന്ന ഇംഗ്ലീഷ് സിനിമ കാണണം. ഭാഷയല്ല, സിനിമയുടെ ദ്രിശ്യമാണ് ഭ്രമാത്മകമെന്നോ ഭീതിദമെന്നോ വിളിക്കാവുന്ന സിനിമയെ ആഴത്തിലേക്കു കൊണ്ടുപോകുന്നത്. ഒരു മണിക്കൂര്‍ നാല്‍പ്പത്തിനാലു മിനുട്ട് ദൈര്‍ഘ്യമാര്‍ന്ന ചിത്രത്തില്‍ രണ്ടേ രണ്ട് കഥാപത്രങ്ങള്‍ മാത്രമാണുള്ളത്. അവനും അവളും മാത്രം. അംഗീകരിക്കപ്പെട്ട നിയമങ്ങളെ ലംഘിക്കുന്നവനാണ് ആന്‍റ്റിക്രൈസ്റ്റ്. അവന്‍ മതനിഷേധിയാവാം. ഈ സിനിമയില്‍ ലൈംഗികതയും തിന്മയും മരണവും കെട്ടുപിണഞ്ഞുകിടക്കുന്നു. ഭൌതികമായും വൈകാരികമായും നഗ്നരാക്കപ്പെട്ട കഥാപാത്രങളുടെ വിഹ്വലമായ ജീവിതം മഞ്ഞിന്‍റ്റെയും കാടിന്‍റ്റെയും ഇരുണ്ട പശ്ചാത്തലത്തില്‍ ചുരുളഴിയുന്നു. അഴിയുന്തോറും മുറുകുന്ന കുരുക്കായി ജീവിതം അവരെ ഉലക്കുന്നു.’കത്തുന്ന സീനുകള്‍’ എന്നു വെശേഷിപ്പിക്കാ‍വുന്ന രംഗത്തെ ഒരുക്കുന്ന കലാകാരന്‍ എങ്ങനെ ഓരോ രംഗവും പ്രേക്ഷകന് ആഘാതമാക്കിത്തീര്‍ക്കാമെന്നു തെളിയികുന്നു.
മാതാപിതാക്കളുടെ ലൈംഗികബന്ധം നേരില്‍ കാണേണ്ടിവരുന്ന കുഞ്ഞ് വീണുമരിക്കുന്നതിന്‍റ്റെ ആഘാതം ‘അവളുടെ‘ മനസ്സില്‍ തീര്‍ക്കുന്ന വൈകാരികത(psycho sexual side) ഒരു പേക്കിനാവായി അവളെ വേട്ടയാടുന്നു. അതോടെ മാനസികമായും ലൈഗികമായും തളര്‍ന്ന അവളെ(അവള്‍ക്കും അവനും പേരില്ല) നേരെയാക്കാന്‍ ശ്രമിക്കുന്ന അവന്‍റ്റെ ശ്രമങ്ങള്‍ വെറുതെറുതെയാകുന്നു. വേദനയോടെ സ്വന്തം മരക്കുടിലിലേക്ക് (ഏദന്‍) ആശ്വാസത്തിനായി തിരിച്ചുപോകുന്ന അവനും അവളും നടത്താന്‍ ശ്രമിക്കുന്ന ഓരോ ലൈംഗികബന്ധവും ഒരോ പീഡനമായി മാറുന്നു. ഒരോ ലൈംഗികബന്ധത്തിനിടയിലും മരിച്ചുപോയ കുഞ്ഞിന്‍റ്റെ മുഖം ഓര്‍മ്മയില്‍ വരുന്നതോടെ അവള്‍ ഭ്രാന്തമായ രീതിയില്‍ അവനെ പീഡിപ്പിക്കുന്നു. അയാളുടെ കാലില്‍ കമ്പി തുളച്ചുകയറ്റിയും അയാളുടെ ലിംഗം തകര്‍ത്തുകളഞ്ഞും അവള്‍ ഭീകരമായി പ്രതികരിക്കുന്നു. അവസാനം അയാള്‍ക്ക് അവളെ നിശ്ശബ്ദയാക്കേണ്ടിവരുന്നു.

നഗ്നയും ഉന്മാദിനിയുമായി അവനെ അന്വേഷിച്ച് കാട്ടിലൂടെ അലയുന്ന അവളുടെ ചിത്രം അപാരമായ ദ്ര്ശ്യാനുഭവമായാണ് പ്രേക്ഷകനെ വേട്ടയാടുന്നത്. തന്‍റ്റെ നിശ്ശബ്ദമായ വര്‍ഷങ്ങളെ അനുസ്മരിച്ച് സംവിധായകന്‍ പറഞ്ഞത്, ‘എന്‍റ്റെ ഭാവനയുടെ ഇരുണ്ട ലോകത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്‘ ഈ ചലച്ചിത്രമെന്നാണ്. 2009ല്‍ നാല് അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ സിനിമ നേടിക്കഴിഞ്ഞു. ഇതില്‍ ‘അവളായി’ വേഷമിട്ട ചാര്‍ലെട്ട് ഗെയിന്‍സ് ബര്‍ഗ് കാന്‍ ഫെസ്റ്റിവലിലെ ഏറ്റവും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. സ്ത്രീ വിരുദ്ധചിത്രമെന്ന് ആളുകള്‍ പറയുന്നുവെങ്കിലും, തെല്ലഹങ്കാരത്തോടെ സംവിധായകന്‍’ലോകത്തിലെ ഏറ്റവും നല്ല സംവിധായകന്‍ ഞാനാണ്’ എന്നു പറയുന്നുവെങ്കിലും കാണുക, ഈ ചലച്ചിത്രകാവ്യം.

Wednesday, December 9, 2009

വെളുത്ത രാപ്പക്ഷി


പ്രണയ രാഗത്തിന്‍ പഴയപല്ലവി
പകുതിമൂളിനീ മിഴിയടച്ചുവോ?
നിറനിലാവിതള്‍ പകുത്തുരാവിന്‍റ്റെ
കരിമുകില്‍ വേണിയണിഞ്ഞയാമത്തില്‍
ചിറകടിക്കുന്ന കിളീകളസ്പഷ്ടം
പകരുമാര്‍ദ്രമാം ഹ്ര് ദയരാഗത്തില്‍,

ചിലനിമിഷത്തില്‍ ബധിരനായ് വന്നു
തുടലുപൊട്ടിച്ചു തിമര്‍ക്കും കാറ്റിന്‍റ്റെ
ഗമന വേഗങ്ങള്‍, കുളിരുപോല്‍ നേര്‍ത്ത
കരങ്ങള്‍ നീട്ടിയീ വഴിയിലാരെയോ
തിരയുമോര്‍മ്മതന്‍ വിരല്‍സ്പര്‍ശം, നിന്‍റ്റെ
ചിറകിനുള്ളിലെന്‍ മയില്‍പ്പീലിക്കുഞ്ഞിന്‍
ചിറകു സ്വപ്നത്തിന്‍ നിറമോലും നൂറു-
കിളീക്കുഞ്ഞുങ്ങളായ് പറന്നതും, എന്‍റ്റെ-
ചെറിയ മണ്‍കുടില്‍ച്ചുമരു ചാരി ഞാന്‍
മിഴിയടയ്ക്കവേ, ഒരു നിലാവിത-
ളിറുത്തു കണ്ണീരിന്‍ ചുടുനീരില്‍ നിന്‍ റ്റെ
കവിത ചാലിച്ചു പകര്‍ന്നതും, എന്‍റ്റെ
ഹരിതചേതസ്സിന്‍ പ്രണയതല്‍പ്പത്തില്‍
ഇരുളു പൂത്തതും അറിയുന്നേന്‍, എന്നാല്‍
അകലെയാര്‍ദ്രമാം മിഴികളുമായി
കരയുകയാണെന്‍ വിരഹതാരകം.

സമയമാകുന്നൂ, നിശയുടെ നീല
ധമനിയിലൊരു മദഭരതാളം.
കുളിരുചൂഴുമീ വിധുരഹേമന്തം
വിരലുകള്‍കൊണ്ടെന്നിതളുനുള്ളുന്നു.
അകലെയാരുടെ പതിഞ്ഞകാലൊച്ച
അകലുകയാണെന്‍ വെളുത്തരാപ്പക്ഷി!

കരള്‍ പിളരുമീ കറുത്തപക്ഷത്തിന്‍
നിഴലുപാകിയ വഴികളിലൂടെ
തലയെരിയുന്നൊരുടലുറക്കത്തിന്‍
പടികടന്നെങ്ങോ നടന്നു പോകുന്നു.

പ്രണയത്തിന്‍ തരിവളകിലുങ്ങിയ
പഴയൊരാല്‍മരച്ചുവട്ടില്‍ നിന്നു ഞാന്‍
എരിഞ്ഞുതീരുമീ തിരിയിലേക്കെന്‍റ്റെ-
യൊരുതുള്ളി ജീവകണമൊഴിക്കട്ടെ.

വരിക നീ സഖീ, സദയമെന്നിലെ
തളിര്‍ലതാകുഞജ വിരഹസന്തപ്ത
നിഭ്ര് തസുന്ദര നിശയില്‍- എങ്കിലും
ഉരുകിവീഴുമെന്നുടലുവിട്ടെന്‍റ്റെ
കിളികളൊക്കെയും പറന്നുപോയല്ലോ...



My Blog List

Subscribe Now: Feed Icon