Thursday, February 25, 2010

ഈ അഴീക്കോട് സാറിന് ഇതെന്തു പറ്റി


ചെക്കിണി അഴീക്കോട് സാറിന്റെ പേര് കേട്ടിട്ടേയില്ല. കഴിഞ്ഞ ദിവസമാണ് അങ്ങനെ ഒരാള്‍ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്ന വിവരം ചെക്കിണി അറിയുന്നത്. കാരണം ചെക്കിണിക്ക് എന്തെല്ലാം ജോലികള്‍ കിടക്കുന്നു. ഭൂലോകത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങളൊന്നും ചെക്കിണീ വായിക്കാത്തതിനാല്‍ സാഹിത്യ സംബന്ധിയായ ഭീഷണി, തെറിവിളി, കേസ്, കോടതി, അസൂയ മുതലായ സര്‍ഗ്ഗാത്മകത ആവശ്യമായ സംവാദങ്ങളില്‍ ചെക്കിണിക്ക് ഇടപെടേണ്ടി വന്നിട്ടില്ല. ആയതിനാല്‍ തത്വമസി, അഹം ബ്രഹ്മാസ്മി എന്നെല്ലാമുള്ള ബ്രഹ്മ സംബന്ധിയായ നിഷ്ക്കാമ ചിന്തകളടങ്ങിയ ഭാരതീയ വിചാരം ചെക്കിണിക്ക് തൊട്ടു തീണ്ടിയിട്ടില്ല. അഴീക്കോട് സാറിനെപ്പറ്റി അറിഞ്ഞപ്പോളാണ് ആ സത്വികനായ നിഷ്ക്കാമ കര്‍മ്മയോഗിയുടെ മഹത്വം ചെക്കിണി മനസ്സിലാക്കിയത്. സ്വന്തം ജീവിതം തന്നെ പ്രത്യയ ശാസ്ത്രത്തിനും സാംസ്ക്കാരിക പ്രവര്‍ത്തനത്തിനും വേണ്ടി വിട്ടുകൊടുത്ത് പഞ്ചഭൂതാഭിയുക്തമായ ശരീരം പോലും ശ്രദ്ധിക്കാതെ ആത്മീയതയില്‍ മാത്രം നിര്‍ലീനനായിരിക്കുക!(ഹാ! ഹന്ത! ആഹഹ! തുടങ്ങിയ വ്യാക്ഷേപകങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ സമയം) ചെക്കിണിക്ക് ലാലേട്ടനോട് കലി വന്നു. ആള് ജനങ്ങള്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുക്കുന്നവനാണെന്നു ചെക്കിണിക്ക് അറിയാം. കൂടാതെ ജനസേവനാര്‍ഥം അച്ചാറുണ്ടാക്കി വിറ്റും ശ്വാസം മുട്ടി ദുരിതമനുഭവിക്കുന്ന കാസ രോഗികള്‍ക്ക് ആശ്വാസമരുളാന്‍ കസ്തൂരി ഗുളിക വരെ വില്‍ക്കുന്നതിന് പരസ്യം നല്‍കിയും മലബാറിലെ ദരിദ്രനായ സ്വര്‍ണ്ണപ്പണികാരന് നാലു കാശ് കിട്ടട്ടെ എന്നു കരുതി നേരമില്ലഞ്ഞിട്ടും പരസ്യത്തിനു മുഖം കാണീച്ചും സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നവന്നണ്. ഒക്കെ സമ്മതിക്കാം, എന്നാല്‍ ആരാണ് ലാലേട്ടന്‍ എന്ന് സാറ് ഇതുവരെ അറിഞ്ഞിട്ടില്ല. സാറ് ലാലേട്ടനെപ്പറ്റി മുമ്പ് അറിഞ്ഞിരുന്നെങ്കില്‍ കളി ഇതൊന്നുമാകുമായിരുന്നില്ല. സൌന്ദര്യമെന്താണെന്ന് സാറ് കാണിച്ചു കൊടുത്തേനെ. വിഗ്ഗു വെച്ചാല്‍ മതി സൌന്ദര്യമുണ്ടാകാന്‍ എന്ന് സാറിനറിയാം. കഷ്ടി നാലു ദിവസം മുമ്പാണ് ലാലേട്ടന്‍ എന്നൊരാള്‍ ഈ മണ്ണീല്‍ ഉണ്ട് എന്ന വിവരം സാറ് അറിയുന്നത്. കോമാളിത്തരങ്ങള്‍ കാണിക്കുന്ന സിനിമ പോലുള്ള പ്രവ്രിത്തികള്‍ ഭൂമുഖത്ത് ഉണ്ട് എന്നു കേട്ടതല്ലാതെ സാറ് അതത്ര ശ്രദ്ധിച്ചിരുന്നില്ല. ഇതൊക്കെ സാറ് ശ്രദ്ധിക്കാന്‍ ഒരു കാരണം ഉണ്ട്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് കലഹിച്ചുകൊണ്ടിരിക്കുന്ന തിലകന്‍ ചേട്ടനാണ് പണി പറ്റിച്ചത്. തിലകന്‍ ചേട്ടനെപ്പറ്റി സാറ് കേട്ടിട്ടുണ്ട്. ജാതി പറഞ്ഞ് അദ്ദേഹത്തെ സിനിമാക്കാര്‍ ഒരു വഴിക്ക് ആക്കി കളഞ്ഞു. രക്ഷിക്കാന്‍ ഒരു നടേശഗുരുവും വരാത്തതിനാല്‍ ഗോദയില്‍ ഒറ്റക്ക് പോരാടേണ്ടിവന്ന ആ വന്ദ്യ വയോധികനെ കണ്ടതും മഹാ സാത്വികനായ സാറിന് കലി വന്നു. (സാറ് അസ്സല്‍ ഗാന്ധിയനാണെങ്കിലും വാര്‍ധക്യകാലത്തുള്ള ഈ ക്ഷോഭം ധാര്‍മ്മിക രോഷമായി എടുത്താല്‍ മതി) അങനെയാണ് സൌന്ദര്യം നഷ്ടപ്പെട്ട് വിറളിയെടുത്തുകൊണ്ടിരിക്കുന്ന ലാലേട്ടന് കണക്കിന് കിട്ടിയത്. ഇതുവരെ ഒരു പുസ്തകവും വായിച്ചിട്ടില്ലാത്ത ലാലേട്ടന്‍ തന്റെ ഗുണ്ടകളെ ഇറക്കി പുസ്തകപ്പുഴുവായ സാറിനെ വക വരുത്താന്‍ വല്ല പരിപാടിയുമുണ്ടോ എന്നും അറിയില്ല. ഏതായാലും പഴയ മുണ്ട് കോലിന്മേല്‍ ചുറ്റി സാറിന്റെ കോലമുണ്ടാക്കി കത്തിച്ച് അവര് പരിപാടി തുടങ്ങിക്കഴിഞ്ഞു. ഇതുകണ്ട് ചിരിക്കുന്ന ചില സ്വവര്‍ഗ്ഗതില്‍ പെട്ടവരെ സാറ് കണ്ടിട്ടീല്ല എന്നാണ് പിന്നാമ്പുറത്തെ സംസാരം. ഏതായാലും ചെക്കിണിക്ക് ഇതോടെ സാംസ്ക്കാരിക ബോധം ഉണ്ടായതിനാല്‍ രണ്ടു ഗ്ലാസ്സ് നാടന്‍ വീശി മൂപ്പര് നാലഞ്ച്ച് തെറീ വാക്ക് ഉറക്കെ വിളിച്ച് സാംസ്ക്കാരിക ലോകത്തേക്കുള്ള തന്റെ വരവ് അറിയിച്ചു.

കാര്‍ട്ടൂണ്‍- ശ്രീ പ്രേമദാസന്‍ ഇരുവള്ളൂര്‍

Wednesday, February 17, 2010

പത്രധര്‍മ്മാധിപരും ചെക്കിണിയും


സഖാവ് ചെക്കിണിയും നാരദ കേരളം പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ഉല്പലാക്ഷനും തമ്മില്‍ തോട്ടുവക്കത്തുവെച്ച് ഉഗ്രമായ ഒരു സംഘട്ടനം നടന്നു. നാരദ കേരളം പത്രം നടത്തിപ്പു കാരന്‍ വെറുതെ പണമുണ്ടാക്കാന്‍ മാത്രം മറ്റു ചില പത്രക്കാരെ പോലെ പത്ര മുതലാളിയായി നടക്കുന്നയാളല്ല. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലുണ്ടായിരുന്ന ഒരു പത്രം നാശോന്മുഖമാകരുത് എന്നു കരുതി നഷ്ടം സഹിച്ച് പത്രം നടത്തുന്ന ആളാണ്. പത്രധര്‍മ്മം എന്ന ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹത്തെ വെല്ലാന്‍ ആരുമില്ല. അദ്ദേഹത്തിനു മുന്നില്‍ എല്ലാവരും ഒരു പോലെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധിയുടെ പടവും വീരപ്പന്റെ പടവും തുല്യ വലുപ്പത്തില്‍ തന്നെയാണ് അദ്ദേഹം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്.പണം അദ്ദേഹത്തിനു പുല്ലു വിലയാണ്. തന്റെ പിതാവിന്‍റ്റെ കാലത്ത് കാട്ടുജാതിക്കാരോട് സ്നേഹം തോന്നിയതിനാല്‍ അവര്‍ക്ക് ഒരാളായിക്കോട്ടെ എന്നു കരുതി കാട്ടില്‍ താമസിച്ച് കുറച്ചു ഭൂമി കൈവശം വെച്ചുപോയി എന്ന ഒരു അപരാധമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.പത്രപ്രവര്‍ത്തനത്തില്‍ തനിക്കു തുണയായി ഒരാളു വേണമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ യഥാര്‍ഥ പത്രത്തിന്റെ ശക്തി എന്തെന്ന് അറിയാതെയും വാര്‍ത്തയുടെ അകം പൊരുളുകള്‍ അറിയാതെയും സാംസ്കാരികമായും ധാര്‍മ്മികമായും അധപ്പതിച്ചു പോകുമെന്ന വ്യധ കൂടി ക്കൂടി വന്നപ്പോള്‍ അദ്ദേഹം തന്റെ ചെക്കനെയും കൂടെ കൂട്ടി. തന്റെ കാലശേഷം ലോകം യഥാര്‍ഥ വാര്‍ത്തകള്‍ ആറിയാതെ പോകരുത് എന്ന ഉദ്ദേശ്യ ശുദ്ധി മാത്രമേ ഇതിന്റെ പിന്നിലുള്ളൂ. ഒരു കാര്യത്തില്‍ മാത്രമേ ഏമാന് നിര്‍ബ്ബന്ധബുദ്ധി ഉണ്ടായിരുന്നുള്ളൂ. പത്രത്തിന്റെ മുന്‍ പേജില്‍ ഒന്ന്, ഉള്‍പ്പേജുകളില്‍ രണ്ടോ മൂന്നോ എന്ന ക്രമത്തില്‍ നാലഞ്ചു ഫോട്ടോ ടിയാന്റേത് പത്രത്തില്‍ വരണം. അതിനെ നമൂക്ക് അങ്ങനെ കുറ്റം പറയാന്‍ കഴിയുകയുമില്ല. കാരണ. പണം മുടക്കുന്ന ഏമാന്റെ പടമെങ്കിലും കാണീക്കാതിരിക്കുന്നത് ശരിയാണോ? അല്ലെങ്കില്‍ ഇതൊക്കെ ജനങ്ങള്‍ക്കു വേണ്ടി മാത്രമാണ് എന്ന് ഓര്‍മ്മ വേണം. മറ്റു ചില പത്രക്കാരെ പോലെ ചത്ത ചേരയുടെ പടം ഓഫീസ് ഫയലില്‍ ഇട്ട് ‘ഫയലിനുള്ളീല്‍ കരിമൂര്‍ഖന്‍’ എന്ന അടിക്കുറിപ്പ് കൊടുക്കുന്ന പണീ ഏമാനില്ല.അഛനെപ്പറ്റി മകനും മകനെപ്പ്റ്റി അഛനും സപ്ലിമെന്റില്‍ എഴുതുന്നത് വേറെ കാര്യം. പറഞ്ഞു വന്നത് ചെക്കിണിയുടെ കാര്യമാണ്. ചെക്കിണീ നാരദകേരളത്തിന്റെ പ്രാദേശിക ലേഖകന്‍ ഉത്പലാക്ഷനെ അടിച്ചതിനു പിന്നില്‍ ഒരു കൈയ്യേറ്റത്തിന്റെ കഥയുണ്ട്. കൈയ്യേറ്റമെന്നു കേട്ടാല്‍ പണ്ടേ ചെക്കിണിക്കു രോമാഞ്ചമുണ്ടാകും. പത്ര ഏമാന്റെ പറമ്പില്‍ റോഡു വക്കത്ത് പുറമ്പോക്കില്‍ ഒരു കൈനോട്ടകാരന്‍ കുടുംബ സമേതം താമസമാക്കി. പറമ്പു വേലികെട്ടാന്‍ വന്ന പണിക്കാര്‍ അയാളെ പിടിച്ചു പുറത്താക്കി. കാലാ കാലങ്ങളായി അവിടെ താമസിക്കുന്ന കൈനോട്ടകാരന്റെ അവസ്ഥ കണ്ട് അലിവു തോന്നിയ ചെക്കീണി അയാളുടെ കഥ അടിയന്തിര പ്രമേയമായി പാര്‍ട്ടിയില്‍ അവതരിപ്പിച്ചു. ഏമാനെ അടിക്കന്‍ കിട്ടിയ വടിയുമായി സഖാക്കള്‍ കുതിച്ചെത്തി. (ജെ.സി.ബി കാരന്‍ ദൌത്യ സേനയെ അയക്കാതെ മൌനം പാലിച്ചു). ഏമാന്റെ പത്രധര്‍മ്മം സടകൂടഞ്ഞെഴുന്നേറ്റു. പ്രാദേശിക ലേഖകന്‍ ഉല്‍പ്പലാക്ഷനെ മുറിയില്‍ വിളിച്ചു വരുത്തി കുപ്പി പൊട്ടിച്ച് അയാള്‍ക്ക് ആവേശം നല്‍കി. കൂലിയെഴുത്തുകാരന്‍ കുടിയേറ്റക്കാരിലെ നേതാക്കന്മാരുടെ സ്വത്തു വിവരം വരെ വിവരാവകാശ നിയമം കൂടാതെ കണ്ടെത്തി തുടരന്‍ ലേഖനം കാച്ചി. അങ്ങനെയാണ് ചെക്കീണി ഉല്‍പ്പലാക്ഷനെ തല്ലിയത്. ചെക്കീണിക്ക് എന്തു പത്രം? അടികിട്ടിയ ലേഖകന്‍ പേനയുമെടുത്തുകൊണ്ട് അകത്തേക്ക് പാഞ്ഞപ്പോള്‍ ചെക്കിണി ഉറക്കെ ചിരിച്ചു.

Monday, February 15, 2010

റഞ്ജിനീ മലയാളം
നാട്ടിന്‍ പുറങ്ങളില്‍ പത്തിരുപത് കൊല്ലം മുമ്പ്, രാത്രിയില്‍ ചൂട്ടു കറ്റകളുമായോ ചെറിയ ടോര്‍ച്ചുമേന്തിയോ സ്ത്രീപുരുഷന്മാര്‍ കൂട്ടമായി നടന്നകലുന്ന ഒരു കാഴ്ച്ച ശനിയാഴ്ച്ചകളില്‍ കാണറുണ്ടായിരുന്നു. ടെലിവിഷനില്‍ ശനിയഴ്ച്ച വൈകുന്നേരം പ്രക്ഷേപണം ചെയ്യുന്ന സിനിമ കണ്ടു മടങ്ങുന്നവരുടെ ഒരു നീണ്ട നിര വയല്‍ വരമ്പിലൂടെയും തൊടികളിലൂടെയും വെളിച്ചത്തിന്‍റ്റെ നുറുങ്ങുകളായി പല വഴികളിലൂടെ അകന്നു പോകുന്നതു കാണാം. ദൂരദര്‍ശനില്‍ മാത്രം കണ്ടിരുന്ന മലയാളം സിനിമ ആസ്വദിക്കണമെങ്കില്‍ പണക്കാരുടെ വീട്ടില്‍ മാത്രം ഉണ്ടായിരുന്ന ടെലിവിഷനെ ആശ്രയിക്കണം. ‘സി ക്ലാസ്സ്’ സിനിമാ കൊട്ടകകളെ നാശത്തിലേക്കു തള്ളിയിട്ട ഈ സിനിമാ പ്രക്ഷേപണം നാട്ടുകാര്‍ ആസ്വദിച്ചത് പണിയെല്ലം കഴിഞ്ഞുവന്ന് പണം മുടക്കാതെ ഇരുന്നും വെടിപറഞ്ഞും സമയം കൊല്ലാന്‍ സര്‍ക്കാര്‍ ചെലവില്‍ അനുവദിക്കപ്പെട്ട ഒരു സഹായമായാണ്. പ്രമുഖ നടീനടന്മാരെ ആരെയും അറിയാത്ത ശരാശരി മലയാളി അവരെയൊക്കെ അറിഞ്ഞു തുടങ്ങി. അതുവരെ സിനിമാ കണ്ടിട്ടില്ലാത്ത പ്രായമായവരും കൊച്ചു കുട്ടികളും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എന്നല്ല, പഴയ തലമൂറയിലെ സത്യനെയും നസീറിനെയും വരെ അറിഞ്ഞു.

മലയാളിയുടെ സ്വഭാവത്തില്‍- പ്രണയത്തില്‍, സൌഹ്രിദത്തില്‍, ചിന്താഗതിയില്‍- കാതലായ മറ്റം വരുത്താന്‍ ടെലിവിഷനു സാധിച്ചിട്ടുണ്ട്. മലയാളിയുടെ എന്നല്ല, ലോകത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയതിലും ടെലിവിഷന് കാര്യമായ പങ്കുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും നടന്ന ഒരുപാട് ഗവേഷണങ്ങള്‍ അതു സൂചിപ്പിക്കുന്നു. കുട്ടികളെയാണ് ടെലിവിഷന്‍ ഏറ്റവും സ്വാധീനിക്കുന്നത്. ‘പോഗൊ’ എന്ന ചാനലിലെ ‘മി. ബീന്‍’ സ്ഥിരമായി കാണുന്ന കുട്ടികളുടെ മുഖം മന്ദബുദ്ധിയുടേതുപോലെ നിര്‍വ്വികാരമായിരിക്കുന്നതായി പറയപ്പെടുന്നു. ബുദ്ധി മന്ദനെപ്പോലെ കാണപ്പെടുന്ന ആ കഥാപത്രം കാണിക്കുന്ന ഹാസ്യം കൂട്ടികള്‍ ഇഷടപ്പെടുന്നു. നെഗറ്റിവ് ഹാസ്യമായതിനാല്‍ കുട്ടികളുടെ സ്വഭാവത്തിലും അത് നിഴലിക്കുന്നു. കൊലപാതകം, ബലാത്സംഗം മുതലായ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് വിദേശത്തെ കുട്ടികള്‍ മാനസാന്തരം ചെയ്യപ്പെടുമ്പോള്‍ അത്രയുമില്ലെങ്കിലും സ്നേഹ ശൂന്യതയുടെയും അര്‍ഥരാഹിത്യത്തിന്‍റ്റെ ഒരു ബദല്‍ ലോകത്തിലാണ് നമ്മുടെ കുട്ടികള്‍ എത്തിപ്പെടുന്നത്.

അത്രയുമല്ല, മലയാളി കലാമണ്ഡലത്തെ സ്വപ്നം കണ്ട ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ കലാമണ്ഡലം എന്നതു മാറി അതു കലാഭവന്‍ ആയി. മലയാളിയുടെ സംവേദനക്ഷമതയുടെ ഒരു കാര്യമാണത്. ആസ്വാദനക്ഷമതയെ പൈങ്കിളി നിലവാരത്തിലേക്ക് താഴ്ത്തുകയെന്ന പണി ടെലിവിഷങ്കാര്‍ ചെയ്തു കഴിഞ്ഞു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ടെലിവിഷന്‍ ഒരു ദിവസം എന്തൊക്കെ പ്രക്ഷേപണം ചെയ്യുന്നു എന്നുള്ളതാണ്. രണ്ടു മൂന്നു സിനിമ, സിനിമാ സംബന്ധിയായ കോമഡി ഷോ, സിനിമാപ്പാട്ടുകള്‍, സിനിമയെ സംബന്ധിച്ച ഫോണ്‍ ഇന്‍ പരിപാടികള്‍, സിനിമാവിശെഷങ്ങള്‍, സിനിമാപ്പാട്ടുകള്‍ കൊണ്ടുള്ള റിയാലിറ്റി ഷോ,സിനിമാക്കാരുമായുള്ള ഇന്‍ റ്റര്‍വ്യു....... ചുരുക്കത്തില്‍, സിനിമയല്ലാത്തത്, സിനിമയിലില്ലാത്തത് ഒന്നും അവര്‍ പ്രക്ഷേപണം ചെയ്യുന്നില്ല. ബൌദ്ധികമോ, ധാര്‍മ്മികമോ മാനുഷികമോ ആയ മൂല്യങള്‍ക്ക് പ്രസക്തിയില്ലാതാവുന്നത് ഇതുകൊണ്ടുമാവില്ലെ? ദിവസം നാലും എട്ടും പത്തും മണിക്കൂര്‍ ടെലിവിഷന്‍ കാണുന്ന മലയാളിലെ മയക്കുന്ന കറുപ്പ് മതമല്ല, ഇന്നത് ടെലിവിഷനത്രേ. അമ്പതു ലക്ഷത്തിന്‍ റ്റെ ഫ്ലാറ്റ്നല്‍കിചാനലുകാര്‍ ഉണ്ടാക്കുന്നത് ഒരു പാട്ടുകാരിയെ ആണോ, അതോ സംഗീതത്തിനു വിലപറയാന്‍ കഴിവുള്ള ഒരു താരത്തെ ആണോ? പണത്തെ മാത്രം സ്നേഹിക്കുകയും കപട ആത്മീയതയെ പരിഗ്രഹിക്കുകയും മലയാളം ഇംഗ്ലീഷില്‍ പറയാന്‍ ‘റഞ്ജിനി’ മാരെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന തലമുറക്ക് ടെലിവിഷനും സിനിമയും മതി. (രഞ്ജിനിയെപ്പോലെ മലയാളം ഇംഗ്ലീഷില്‍ പറയാന്‍ മത്സരിക്കുകയാണ് ഇപ്പോള്‍ കുട്ടികള്‍ എന്നു കേള്‍ക്കുന്നു) അതത്രേ പരമമായ സത്യം.

Thursday, February 11, 2010

രാത്രി ലില്ലികള്‍ പൂത്തപോല്‍....


ആകസ്മികമായി ഒരു ദുരന്തം കൂടി മലയാള സിനിമക്ക് ഉണ്ടായിരിക്കുന്നു. എണ്‍പതുകളുടെ ആദ്യപകുതിയില്‍ തുടങ്ങിയ സിനിമാ ഗാന സാഹിത്യത്തിലെ മൂല്യശോഷണം തന്‍റ്റെ സര്‍ഗവൈഭവം കൊണ്ട് ഒരു പരിധി വരെയെങ്കിലും തിരുത്തിയെടുത്ത പുതിയ തലമുറയുടെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും കാലയവനികക്കുള്ളില്‍ മറഞ്ഞു. പരസ്പര ബന്ധമില്ലാത്ത പദങ്ങള്‍ ചേര്‍ത്ത് കാവ്യഗുണമില്ലാത്ത ഗാനങ്ങള്‍ പടച്ചുവിട്ട പാട്ടെഴുത്തുകാരുടെ വലയില്‍ ഒരുപാട് സംവിധായകര്‍ പെട്ടുപോയതിന്‍റ്റെ തിക്തഫലം മലയാള സിനിമ കുറെക്കാലം അനുഭവിച്ചു. മലയാളത്തിലെ എണ്ണപ്പെട്ട കവികള്‍ പാട്ടെഴുത്തിനെ രണ്ടാം തരം ഏര്‍പ്പാടായി മാറ്റിനിര്‍ത്തിയപ്പോള്‍ അതിന്റെ നിലവാരത്തെ പിടിച്ചുനിര്‍ത്താന്‍ ഒരു ഒ.എന്‍.വി.യോ യുസഫലിയോ തമ്പിയോ ഉണ്ടായിരുന്നുവെങ്കിലും അവരും എന്തുകൊണ്ടോ അത്ര സജീവമാകാതെ നിന്ന ഒരു ഇടവേള നശിപ്പിച്ചു കൈയില്‍ കൊടുത്ത ചില ‘കവിമ്മന്യന്മാര്‍’ മലയാളം പാട്ടിനെ ഭരണിപ്പാട്ടോളം തഴ്ത്തിക്കളഞ്ഞു. വയലാറിന്റെ വിശുദ്ധമായ ഭാവനയും ഭാസ്കരന്‍ മാഷിന്റെ ലളിതമായ ശൈലിയും ഒ.എന്‍.വിയുടെ ദീപ്തമായ പ്രണയ സങ്കല്‍പ്പവും പാട്ടിലൂടെ മനസ്സിലേറ്റുവാങ്ങിയ മലയാളിയുടെ കരളിലെ തന്ത്രിയില്‍ അനുരാഗത്തിന്റെ ഇളം കാറ്റ് അറിയാതെ കൈവിരല്‍ ചേര്‍ത്തപ്പോളാണ് നാംഅദ്ദേഹത്തെശ്രദ്ധിക്കുന്നത്. പുത്തഞ്ചേരി കടന്നു വന്ന വഴി അത്ര സുഗമമായിരുന്നില്ല. ഒരുപാട് ത്യാഗത്തിലൂടെയാണ് അദ്ദേഹം വിജയത്തെ തന്നോടടുപ്പിച്ചത്. ജനിതക പാരമ്പര്യം നല്‍കുന്ന പ്രേരണയെ തടുക്കാന്‍ ഒരു പ്രതിബന്ധത്തിനുമാവില്ല. എഴുതാനായി ജന്മമെടുത്തവന് അതില്‍നിന്നും മാറി നില്‍ക്കാനാവില്ല. തുന്നാരന്‍ പക്ഷിയെപ്പോലെ, മനോഹരമായി അവന്‍ ശില്പിയുടെ പണിചെയ്യും. ഒരു സാധാരണ വിദ്യാര്‍ഥി. അധ്യാപകരാല്‍ ശ്രദ്ധിക്കാപ്പെടാനായി പാട്ടുപാടുമെന്നതൊഴിച്ചാല്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തികമായി മെച്ചമല്ലാത്ത അവസ്ഥ. ഓട്ടോ കണ്‍സള്‍ട്ടന്‍റ്റിന്‍റ്റെ പണി വരെ ആദ്യം അദ്ദേഹത്തെക്കൊണ്ടു ചെയ്യിപ്പിച്ചത് നിര്‍ധനാവസ്ഥയായിരുന്നു. കോഴിക്കോട് ആകാശവാണിയില്‍ വന്ന ലളിതഗാനങ്ങളിലൂടെയാണ് നാട്ടുകാര്‍ അദ്ദേഹത്തെ അറിഞ്ഞത്. പിന്നീട് പാട്ടിന്‍റ്റെ പാലാഴിയില്‍ അദ്ദേഹം സ്വയം അലിഞ്ഞുചേര്‍ന്നു. ‘നിലാവിന്‍റ്റെ നീലഭസ്മക്കുറിയും‘ ‘ആറ്റിറമ്പിലെ തെങ്ങിലെ തേന്‍ കരിക്കിലെ തുള്ളിപോലെ തുളുമ്പിനില്‍ക്കുന്ന‘ യൌവന സൌന്ദര്യവും ‘ദേവകന്യകള്‍ മീട്ടുന്ന സൂര്യതംബുരുവും’ നല്‍കിയ കാവ്യബിംബങ്ങള്‍ പുത്തഞ്ചേരിയുടേതുമാത്രമായിരുന്നു. ഒരു ഭാവ ഗീതത്തിനു വേണ്ട ലളിത സുന്ദര പദങ്ങളും ചര്‍വിത ചര്‍വണം ചെയ്യാത്ത സങ്കല്‍പ്പങ്ങളും നവ്യമായ ഒരു കാവ്യ സംസ്കാരമാണ് പകര്‍ന്നു നല്‍കിയത്. പ്രണയത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പില്‍ പ്രണയിനിയുടെ ആഗമനം ‘ മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റ്റെ ചിറകുകള്‍ കൂടഞ്ഞതുപോലെ’ അമൂര്‍ത്തമായ ഒരു തലോടലായി മനസ്സില്‍ നിറയുന്നു. ‘രാവിന്‍ തിരുവരങ്ങില്‍ വീണുടഞ്ഞ സൂര്യകിരീടം’ നിര്‍മ്മിച്ചെടുക്കാന്‍ ഒരു രാത്രി ഉറക്കമൊഴിയേണ്ടിവന്ന കഥ അദ്ദേഹം തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. സിനിമാ രംഗത്തെ ഒരുസുഹ്രുത്തുമായിഒരു ദിവസം ഒരു കലാ സംഘടനയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ഉദ്ഘാടനചെയ്യുന്നതിനു ക്ഷണിക്കാന്‍ ഇതെഴുതുന്ന എനിക്കു പോകേണ്ടി വന്നു. പുത്തഞ്ചേരിയെ വിളീക്കണം എന്നു തോന്നിയതിനു പിന്നില്‍ അദ്ദേഹത്തിന്റെ ഗുരുകൂടിയായഒരധ്യാപകന്‍ ഞങ്ങളുടെ കൂടെയുണ്ട് എന്ന ഒരു ധൈര്യമുണ്ടായിരുന്നതു കൊണ്ടുകൂടിയായിരുന്നു. വീട്ടിലുണ്ട് എന്നറിഞ്ഞ ഒരു പ്രഭാതത്തില്‍ ഞാനും സിനിമാരംഗത്തെ സുഹ്രുത്തും കൂടി വീട്ടിലെത്തി. ഞങ്ങള്‍ വീട്ടിലേക്കു കയറിയപ്പോള്‍ അദ്ദേഹം ഷെല്‍ഫില്‍ വെച്ച ഏതോ പുസ്തകം അകത്തുനിന്നും തിരയുകയായിരുന്നു. കൂടെയുള്ള സുഹ്രുത്തിനെ കണ്ടതും അദ്ദേഹം പൂറത്തു വന്നു. ഞങ്ങള്‍ കസേരയില്‍ ഇരുന്നപ്പോള്‍ അദ്ദേഹം വെറും നിലത്ത് പടിഞ്ഞിരുന്നു. ഒരു കാവി മുണ്ടുടുത്ത അദ്ദേഹം കുപ്പായമിടാതെ രുദ്രാക്ഷം പോലെ എന്തോ ഒന്നിട്ട മാറു കാണിച്ചുകൊണ്ട് കഥപറയാനിരുന്നു. പുത്തഞ്ചേരിക്കാരന്റെ അതെ നാട്ടു ഭാഷയില്‍ ലളീതമായ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞ അദ്ദേഹം പത്തിരുപതു കൊല്ലം സിനിമയില്‍ നിറഞ്ഞു നിന്നതിന്റെയോ ആറേഴ് സംസ്ഥന അവാര്‍ഡുകളും മറ്റെന്തൊക്കെയോഅവാര്‍ഡുകളും നേടിയതിന്റെയും ജാട ഒന്നുമില്ലാതെ എന്നോടും സംസാരിച്ചുകൊണ്ടിരുന്നു. (എന്റെ സുഹ്രുത്ത് എന്നെ പരിചയപ്പെടുത്തിയപ്പോള്‍ തന്റെ സതീര്‍ഥ്യരായ ഒരുപാടു പേരെപ്പറ്റിയും അധ്യാപകരെപ്പറ്റിയും അദ്ദേഹം എന്നോട് ചോദിച്ചു) ഞാന്‍ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ മാറ്റമില്ലാത്ത സ്വഭാവത്തെക്കൂറിച്ചായിരുന്നു.പുത്തഞ്ചേരിക്കാരും അദ്ദേഹത്തെപ്പറ്റി ഇതുതന്നെ പറയും. പിരിഞ്ഞു പോരുന്നതു വരെ തന്റെ പാട്ടുകളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. തന്റെ പുതിയ തിരക്കഥയെക്കുറിച്ച് സുഹ്രുത്തിനോട് പറയുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും ചോദിക്കാന്‍ എനിക്ക് ധൈര്യം വന്നതുമില്ല. ഒരു ചായ കുടിച്ച് ഞങ്ങള്‍ പിരിയുമ്പോള്‍ ഞാനോര്‍ത്തില്ലാ, ഒരുവര്‍ഷം കൂടിയേ അദ്ദേഹം ഇവിടെ കാണുമെന്ന്... രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരുമാത്രമിന്നി അദ്ദേഹവും പോയി.

Thursday, February 4, 2010

ഷീരിന്‍
ല്ലഭനു പുല്ലുമായുധം എന്നൊരു ചൊല്ലുണ്ടല്ലോ. ഒരു മോശപ്പെട്ട പണിക്കാരന്‍ എപ്പോഴും തന്‍റ്റെ ആയുധങ്ങളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും എന്ന അര്‍ഥം വരുന്ന മറ്റൊരു ചൊല്ല് ഇംഗ്ലീഷിലുമുണ്ട്. ഇതില്‍ ആദ്യത്തേത് നമ്മുടെ ഒട്ടധികം സിനിമാക്കാര്‍ക്കും ചേരില്ല. പരിമിതമായ വിഭവങ്ങള്‍ കൊണ്ട് എങ്ങനെ കഥ പറയാമെന്നും കഥയുടെ പരിണാമഗുപ്തി നിലനിര്‍ത്തി അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താമെന്നും കാണിച്ചുതരുന്ന ചലച്ചിത്രമാണ് ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് കൈറോസ്റ്റാമിയുടെ ഷീരിന്‍.

ഈ സിനിമയെ മഹത്തരമാക്കുന്നത് അതിന്‍റ്റെ കഥ പറയുന്നതിനു സ്വീകരിച്ച സങ്കേതമാണ്. നൂറ്റിപ്പതിമ്മൂന്ന് പ്രേക്ഷകര്‍ (മിക്കവാറും സ്ത്രീകള്‍) ഒരു തിയറ്ററില്‍ ഇരുന്ന് സിനിമകാണുകയാണ്. അവരുടെ മുഖത്തുനിന്നാണ് നമ്മള്‍ സിനിമ കാണുന്നത്, അഥവാ അവരുടെ മുഖഭാവങ്ങള്‍ വായിച്ചാണ് നാം കഥാപാത്രങ്ങളെ അറിയുന്നത്.പന്ത്രണ്ടാംന് നൂറ്റാണ്ടിലെ കവിയായിരുന്ന നെസാമി ഗഞ്ജാവിയുടെ കഥയാണ് വെള്ളിത്തിരയില്‍ അരങ്ങു തകര്‍ക്കുന്നത്. പേര്‍ഷ്യന്‍ രാജകുമാരനും (ഖുസ്രോ)അര്‍മേനിയന്‍ രാജകുമാരിയും (ഷീരിന്‍) തമ്മിലുള്ള വൈരത്തിന്‍റ്റെ,പ്രണയത്തിന്‍റ്റെ കഥ-അതായത്, സ്ത്രീയുടെ ആത്മത്യാഗത്തിന്റ്റെ കാല്‍പ്പനിക സുന്ദരമായ പ്രണയ കഥ, ശബ്ദരേഖ യിലൂടെ മാത്രമാണ് നാം അറിയുന്നത്. ക്യാമറ നൂറ്റിപ്പതിമ്മൂന്നു സ്തീകളുടെ മുഖത്തും മാറി മാറി കയറിയിരിക്കുന്നു.
ഇത്തരം ഒരു ദ്ര്ശ്യാനുഭവം നമുക്ക് അപൂര്‍വ്വമാണ്. ഒരു പ്രതിഭാശാലിയായ ചലച്ചിത്രകാരനു മാത്രമേ ഇത്തരം ഒരു പരീക്ഷണത്തിനു മുതിരാനുള്ള ത്രാണിയുണ്ടാവുകയുള്ളൂ. തിയറ്ററില്‍ കയറിയിരിക്കുന്ന സ്തീകളില്‍ വിഖ്യാതരായ നടികളുണ്ട്. അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. ശബ്ദരേഖയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് അവരുടെ സൂക്ഷ്മ ഭാവങ്ങള്‍ കണ്ടിരിക്കാന്‍ തന്നെ സുഖമുണ്ട്. എഴുപതോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ച ഈ ചിത്രം ഒന്നു കാണുക. അതത്രേ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം.

My Blog List

Subscribe Now: Feed Icon