Saturday, December 10, 2011

സോമേട്ടൻ


സോമേട്ടൻ എന്റെ ആരും ആയിരുന്നില്ല. 
എന്നാൽ അദ്ദേഹത്തെ പരിചയപ്പെടേണ്ടി വന്ന ഒരു ഹതഭാഗ്യനാണു ഞാൻ. ഞാനും സോമേട്ടനും തമ്മിൽ പരിചയപ്പെടാനുണ്ടായ സാഹചര്യം വിചിത്രമാണ്. ഞാൻ കോഴിക്കോട് അങ്ങാടിയിലൂടെ നടന്നു പോകുമ്പോൾ ഒരു ദിവസം അപ്പുറത്തെ കടയിൽ നിൽക്കുന്ന ഒരാൾ ഉറക്കെ വിളിക്കുന്നതു കേട്ടു. “സോമേട്ടാ... എങ്ങോട്ടാ..?” ഞാൻ മുമ്പോട്ട് നടന്നു പോകുമ്പോൾഅയാൾ വീണ്ടും വിളിക്കുന്നത് കേട്ടൂ “സോമേട്ടാ... മിണ്ടാതെ പോകല്ലായീന്ന്..?” അയാൾ എന്നെ നോക്കിയാണ് പറയുന്നത് എന്ന് എനിക്ക് തോന്നി. എന്നെ നോക്കി അങ്ങനെ പറയേണ്ട സാഹചര്യം എന്ത്? എനിക്ക് അങ്ങനെ ഒരു പേർ ഇല്ലല്ലോ. മാത്രമല്ല അങ്ങാടിയിൽ എനിക്ക് പരിചയക്കാരായി ആരും ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ജോലി ചെയ്യുന്നു എന്നല്ലാതെ മറ്റു പരിചയങ്ങളൊന്നും എനിക്കില്ല. സെൻട്രൽ ലൈബ്രറിയിൽ വല്ലപ്പോഴും പോകുന്നതും ഇടക്കെപ്പോഴെങ്കിലും ഡി.സി. ബുക്സിൽ കയറുന്നതും ഒഴികെ മറ്റു പരിചയങ്ങൾ കുറവ്. മാത്രമല്ല എല്ലവരെയും അങ്ങനെയങ്ങ് പരിചയപ്പെട്ട് കളയാമെന്ന മോഹവും എനിക്കില്ല. വൈകുന്നേരം വല്ലപ്പോഴും കടൽത്തീരത്തെ ബാറിൽ പോയിരുന്ന് രണ്ടെണ്ണം വീശിയെന്നു വരാം. അതും ആരും അറിയാതെ നടക്കണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെയിരിക്കെ ആരാണ് ഇവിടെ എന്നെ വിളിക്കാൻ എന്ന ഭാവവുമായി ഞാനങ്ങു നടന്നു പോയി.
         പിന്നെ ഒരാഴ്ച കഴിഞ്ഞു കാണും. ഒരു ദിവസം ഞാൻ മുട്ടായി തെരുവിലൂടെ നടന്നു പോവുകയായിരുന്നു. (അവിടെ പത്രമോഫീസിൽ ഞ്ഞാനൊരു സാധനം പ്രസിദ്ധീകരണത്തിനു കൊടുത്തതിന്റെ വിവരം അറിയാൻ പോയതായിരുന്നു. സഹ പത്രാധിപർ ചിരച്ച് കൊണ്ട് എന്നെ സമാധാനിപ്പിച്ച് വിട്ടത് ഞാനിവിടെ പരാമർശിക്കേണ്ടതില്ലല്ലോ) അപ്പോൾ കിഡ്സ്ൺ കോർണറിൽ നിന്ന് ഒരാൾ എന്നെ മാടി വിളിക്കുന്നു. ഞാൻ ഒന്ന് അറച്ച് നിന്നു. അതെ അയാൾ എന്നെ തന്നെയാണ് വിളിക്കുന്നത്. ഞാൻ പതുക്കെ റോഡ് മുറിച്ച് കടന്ന് അയാൾക്ക് അരികിലെത്തി.
 “എന്താ കാര്യം?” ഞാൻതിരക്കി. 
“ഇന്നലെ കുറച്ച് ഓവറായിരുന്നു അല്ലേ? കണ്ണ് കണ്ടാലറിയാം” എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അപരിചിത ഭാവത്തൊടെ അല്‍പ്പം നോക്കി നിന്നതിനു ശേഷം തിരക്കി. 
“നിങ്ങൾ എന്താ പറയുന്നത്? “ 
“അതു പോട്ടെ മോനേ ദിനേശാ.... രാവിലെ തന്നെ കളി തൊടങ്ങ്യോ” അയാൾ എന്റെ തോളത്തു തട്ടി പറഞ്ഞു. 
 “ നിങ്ങൾക്ക് ആളു തെറ്റി? അതു പറഞ്ഞ് ഞാൻ സ്ഥലം കാലിയാക്കാൻ നോക്കുമ്പോൾ അയാൾ എന്നെ തടഞ്ഞു നിർത്തി പറഞ്ഞു.
 “സോമേട്ടാ കളി ഞ്ഞമ്മളെ അടുത്ത് വേണ്ട, അത് ഇങ്ങള് മറ്റടത്ത് പോയി കളിച്ചോളിൻ” 
ഞാൻ അതു കേട്ടതോടെ ഓടി രക്ഷപ്പെട്ടു. സോമേട്ടനോ, ഞാനോ? ഞാൻ വടക്കെ വീട്ടിൽ കേളപ്പൻ നായർക്ക് പിറന്ന ആദ്യത്തെ മകനാണ്. അച്ഛൻ എനിക്കിട്ട പേര് ബാലരാമൻ എന്നാണ്. ഓടുമ്പോൾ അയാൾ പിന്നാലെ വരുന്നുണ്ടോ എന്ന് ഞാൻ തിരിഞ്ഞു നോക്കി. കുറെ ദിവസം അത് എന്റെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും പിന്നീട് ഞാനതെല്ലാം പതുക്കെ മറന്ന് പോയിരുന്നു.
     അങ്ങനെ മറ്റൊരുദിവസം ഞാൻ മെഡിക്കൽ കോളജിൽ ഒരു രോഗിയെ കാണാൻ പോകുന്ന വഴിക്കാണ് ആ ശബ്ദം വീണ്ടും കേട്ടത്. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകിയിരുന്നു. മെഡിക്കൽ കോളജിലെ വിസിറ്റിംഗ് സമയം കഴിയുന്നതിനു മുമ്പ് എത്താനുള്ള വ്യഗ്രതയിൽ ഓടുന്നതിനിടക്കാണ് വീണ്ടും ഞാനാ വിളി കേട്ടത്. 
“സോമേട്ടാ, ആസ്പത്രിയിൽ ആരാ..?” 
എന്നെ തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ തിരിഞ്ഞു നോക്കി. ഇതുവരെ കാണാത്ത ഒരാൾ നിന്നു ചിരിക്കുന്നു. അയാൾ നിന്ന നില്‍പ്പിൽ സോമേട്ടനും അയാളുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഞാൻ നിസ്സംഗനായി എല്ലാം കേട്ടു നിന്നു. അവസാനം ഞാൻ ചോദിചു.                                                                
 “നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചത്?” 
“അതെന്താ സോമേട്ടൻ അങ്ങനെ ചോദിക്കുന്നത്?” അയാൾ അദ്ഭുത ഭാവത്തോടെ തിരക്കി. ഞാൻ കൂടുതൽ ഒന്നും പറയാതെ തിരക്കിൽ അവിടെനിന്നും മുങ്ങി മെഡിക്കൽ കോൾജിന്റെ കോറിഡോറിലൂടെ ഓടി. ഭയം എന്നെ പിടികൂടാൻ തുടങ്ങിയിരുന്നു. കാരണം ഒരേ ചോദ്യം പലരും ആവർത്തിക്കുകയാണ്. ഞാൻ സോമേട്ടനല്ല എന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ, ആളുകൾ സമ്മതിക്കുന്നില്ല. എന്തായാലും ഈ സോമേട്ടൻ ആരാണെന്ന് ഒന്ന് അന്വേഷിക്കണം എന്ന് എനിക്ക് തോന്നി. അതിനിടക്ക് പലരും എന്നോട് ഈ ചോദ്യം ആവർത്തിക്കാൻ തുടങ്ങിയതോടെ ഞാൻ വിഷമത്തിലായി. പുറത്തിറങ്ങാൻ കൂടി എനിക്ക് ഭയമാകാൻ തുടങ്ങി. അപരിചിതർ നോക്കുന്നത് കണ്ടാൽ ഞ്ഞാൻ തലയും താഴ്ത്തി വേഗം സ്തലം വിടാൻ തുടങ്ങി. ഇതിനിടക്ക് ഒരു കാര്യം എനിക്ക് ഉറപ്പായി. സോമേട്ടൻ ആൾ നിസ്സാരനല്ല. കാരണം മണ്ഡലം മുൻ എം.പി. വഴി വക്കിൽ എന്നെ കണ്ട് വണ്ടി നിർത്തിയതും 
“സോമാ.. എന്നു വിളിച്ച് അരികിലേക്ക് വന്നതും എനിക്ക് പരിഭ്രമമാണ് ഉണ്ടാക്കിയത്. ഞാൻ കാണാത്തതു പോലെ ഓടി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് ഞാൻ ഉറച്ച ഒരു തീരുമാനം എടുത്തത്. സോമേട്ടനെ കണ്ടേ പറ്റൂ. നടക്കാവിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന രാഘവേട്ടൻ എന്നെ ഒരു പ്രാവശ്യം “സോമേട്ടാ”എന്ന് വിളിച്ചിട്ടുണ്ട്. ( ഞാൻ അദ്ദേഹത്തിന്റെ പേർ രാഘവൻ ആണെന്നു മനസിലാക്കിയത് പിന്നീടാണ് ) ഒരു ദിവസം വൈകുന്നേരം ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി. എന്നെ കണ്ടതും അദ്ദേഹം “ സോമേട്ടാ..” എന്നു വിളിച്ച് ജഗ പൊഗ. ഞാൻ ആദ്യമൊന്നും പറഞ്ഞില്ല. എന്നേക്കാളൊക്കെ പ്രയമുള്ള ഇദ്ദേഹം “സോമേട്ടാ” എന്നു വിളിക്കണമെങ്കിൽ സോമേട്ടൻ ആള് ചില്ലറക്കാരനായിരിക്കില്ല. ഞാൻ ആദ്യമൊക്കെ രാഘവേട്ടൻ പറയുന്നത് കേട്ടിരുന്നു. പിന്നീട് ഞാനെല്ലാം തുറന്ന് പറഞ്ഞു. ഞാൻ സോമേട്ടനല്ല എന്ന് പറഞ്ഞിട്ടൊന്നും മൂപ്പർ വിശ്വസിച്ചില്ല. അവസാനം ഞാൻ എന്റെ ഐഡന്റിറ്റി കാർഡ് കാണിച്ച് മേൽ വിലാസവും മറ്റും കാണിച്ച് കൊടുത്ത് എല്ലാ കാര്യങ്ങളൂം പറഞ്ഞു. രാഘവേട്ടൻ മൂക്കത്ത് വിരൽ വെച്ച് അദ്ഭുതപ്പെട്ടു. "എതായാലും സംഗതി ഉസാർ... ഒരാൾപ്പോലത്തെ പത്താൾ ഉണ്ട് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇങ്ങനത്തെ അനുബവം ആദ്യായിട്ടാ..” എന്റെ അതേ പ്രതിച്ഛായയിലിള്ള സോമേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാം എന്ന് എനിക്കും തോന്നി. ഒരിക്കലും അദ്ദേഹത്തിന്റെ നേർക്കു നേർ വന്നു പെടെണ്ടി വന്നിട്ടില്ല. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ രാഘവേട്ടനും ഉഷാറു കയറി. “ മൂപ്പർ ഇങ്ങള് വിചാരിക്കും പോലത്തെ ആളല്ല. ആങ്കുട്ട്യാ.. എന്തു പറഞ്ഞാലും റഡി. തറവാട്ടു കാരനാ...മാന്യൻ....” രാഘവേട്ടൻ പറഞ്ഞു. സംഗതി ഏതാണ്ട് എനിക്കും അങ്ങനെയൊക്കെ തോന്നി. അല്ലാതെ ആളുകൾ സോമേട്ടന്റെ കാര്യത്തിൽ ഇത്ര താല്‍പ്പര്യം കാണിക്കില്ല. അങ്ങനെ ഒരു ശനിയാഴ്ച സന്ധ്യക്ക് ഞാനും രാഘവേട്ടനും കൂടി സോമേട്ടനെ കാണാൻ യാത്ര തിരിച്ചു. എരഞ്ഞിപ്പാലത്തു നിന്നും പി.എച്ച്.ഇ.ഡി റോഡ് വഴി വളഞ്ഞു തിരിഞ്ഞ് ഞങ്ങൾ സോമേട്ടന്റെ വീട്ടുമുറ്റത്ത് എത്തി. ഇരുൾ വീണ സമയത്തായിരുന്നതിനാൽ കൂടുതൽ ആരും”സോമേട്ടനോട്”ലോഹ്യം പറയാൻ വന്നില്ല. എനിക്ക് ഒരു കിടു കിടുപ്പ് അനുഭവപ്പെട്ടു. കാരണം എന്നെ കാണാനാണു ഞാൻ പോകുന്നത്. മാത്രമല്ല, സോമേട്ടനും അദ്ദേഹത്തിന്റെ വീട്ടുകാരും എന്നെ എങ്ങനെ സ്വീകരിക്കും എന്ന് ഒരു നൊശ്ചയവുമില്ല. വീട്ടു മുറ്റത്ത് അരുമുണ്ടായിരുന്നില്ല. ഓടിട്ട ഒരു വെടിപ്പുള്ള ഒരു നല്ല വീടയിരുന്നു, അത്. ഞാൻ വിറയലോടെ രാഘവേട്ടനോട് തിരക്കി. “ മൂപ്പരെ കുടുംബം വീട്ടിലില്ലേ?” രാഘവേട്ടൻ പറഞ്ഞു. “ മൂപ്പർക്ക് എന്ത് കുടുംബം? ആകെ ഉള്ളത് ഒരു വയസായ തള്ളയായിന്. ഓല് മരിച്ചിട്ട് കൊല്ലം ഒന്നായി. ഇപ്പം ഒറ്റക്കാ... ഒറ്റക്കാണെന്ന് പറഞ്ഞൂട... എന്തിനും ഏതിനും നട്ട്വാര് ഇണ്ട്.. നാട്ട്വാർക്ക് മൂപ്പ്രും ഇണ്ട്” വീട്ടിനു മുമ്പിലെത്തിയപ്പോൾ രാഘവേട്ടൻ ഉറക്കെ വിളിച്ചു. “സോമേട്ടാ... ഇങ്ങോട്ട് വരീന്ന്. ഒരാള് കാണാൻ വന്നിട്ട്ണ്ട്” കുറച്ച് നേരത്തേക്ക് ആളനക്കം ഒന്നും കണ്ടില്ല. ഞാൻ ടെൻഷനടിച്ച് ചാകും എന്ന് എനിക്ക് തോന്നി. മുറ്റത്തെ തുളസിയില മുഴുവൻ ഞാൻ അറിയതെ പറിച്ചെടുത്ത് കടിച്ച് തുപ്പിക്കൊണ്ടിരുന്നു. പെട്ടെന്ന് പിന്നിൽ നിന്നും ഒരു മുഴങ്ങുന്ന ശബ്ദം കേട്ടു. “ ആരാണ്ടാ വന്നത്.... ഇയ്യ് വന്ന കാലിൽ നിക്കാണ്ട് ഇരിക്ക്” ഞാൻ അറിയാതെ തിരിഞ്ഞു നോക്കിപ്പോയി. സോമേട്ടൻ എന്ന ഞാൻ അതാ നിൽക്കുന്നു ! കണ്ണാടിയിൽ കണ്ട എന്റെ രൂപം എനിക്കറിയാം. ഏതാണ്ട് അങ്ങനെ തന്നെയുള്ള ആ രൂപം കണ്ട് ഞാൻ വല്ലാതായി. സോമേട്ടൻ എന്നെ തന്നെ നോക്കി നിന്നു. ഗൗരവത്തിലുള്ള നോട്ടം ക്രമേണ എന്റെ അരികിൽ വന്നായി. മൂപ്പർ എന്നെ സൂക്ഷിച്ച് നോക്കി കൊണ്ടിരുന്നു. പിന്നെ അദ്ഭുതമായി. പിന്നെ മൂപ്പർ ഒരു ചിരിയാ‍ണ്. പൊട്ടി ചിരി കേട്ട് ഞാൻ പേടിച്ചു പോയി. “രാഘവേട്ടാ.. ഇതാരാ ഞാനല്ലേ നിൽക്കുന്നത്? എവിടുന്ന് കിട്ടി നിങ്ങൾക്ക് എന്നെ?” രാഘവേട്ടൻ ഉണ്ടായ സംഗതികളൊക്കെ വിസ്തരിച്ചു. സോമേട്ടൻ ഉറക്കെ ഹരിനാമകീർത്തനം ഉരുവിട്ടു “ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടയൊരിണ്ടൽ ബത മിണ്ടാവതല്ല മമ..” സോമേട്ടൻ ചെറുപ്പക്കരനാണെങ്കിലും എല്ലാം അറിഞ്ഞു വെച്ചിട്ടുണ്ട്. പദ്മരാജന്റെ “അപരൻ”സിനിമയെക്കുറിച്ചും മൂപ്പർ പറഞ്ഞു.കൂടാതെജനിതകവിശേഷത്താലല്ലതെയുണ്ടാകുന്നരൂപസാദ്രിശ്യത്തെപ്പറ്റിയും മൂപ്പർ സംസാരിച്ചു. അങ്ങനെ ഞങ്ങൾ ചങ്ങാതിമാരായി.മൂപ്പർ സന്ധ്യാ സമയത്ത് തെങ്ങിൽ കയറി ഞ്ങ്ങൾക്ക് ഇളന്നീർ ഇട്ടു തന്നു. ഞങ്ങൾ അങ്ങനെ അധിക ദിവസവും കണ്ടു മുട്ടാനുംചില ദിവസങ്ങളിൽ മഹാറാണിയിലോ അളകാപുരിയിലോ കയറി രണ്ടെണ്ണം വീശി സാഹിത്യ സംവാദം നടത്താനും തുടങ്ങി. സി.വി രാമൻ പിള്ള മുതൽ സന്തോഷ് ഏച്ചിക്കാനം വരെയുള്ളവരുടെ രചനകളെപ്പറ്റി സോമേട്ടൻ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് അതിശയം വരും വലിയ വിദ്യഭ്യസമില്ലാത്ത സോമേട്ടൻ ഇങ്ങനെ അറിവുള്ള വനായത് എങ്ങനെ എന്ന് ഞാൻ അതിശയപ്പെട്ടു. ഞങ്ങളെ ഒരുമിച്ച് കാണുന്ന ആളുകൾ ഞങ്ങൾ ഇരട്ടകളാണെന്നു കരുതി അദ്ഭുതത്തോടെ നോക്കും. ആദ്യമാദ്യം എനിക്ക് അത് അരോചകമായി തോന്നി. പിന്നെ അത് ഒരു പ്രശ്നമല്ലാതായി. കുറെ കാലത്തിനു ശേഷം ഞാൻ എന്റെ ഭാര്യയോട് കാര്യമെല്ലാം പറഞ്ഞു. എന്നെ പോലെ തന്നെ മറ്റൊരാൾ ഉണ്ട് എന്നു കേട്ടപ്പോൾ അവൾക്കും അദ്ഭുതം തോന്നി. അങ്ങനെയാണ് ഞാൻ അവളുടെ നിർബന്ധത്തിൻ വഴങ്ങി ഒരു ദിവസം സോമേട്ടനെ വീട്ടിലേക്ക് വിളിച്ചത്. സോമേട്ടൻ വീട്ടിൽ വന്നപ്പോൾ അവൾ വാ പൊളിച്ച് പോയി. അത്രക്ക് രൂപ സാദ്ര്ശ്യം. അങ്ങനെ സോമേട്ടൻ ഞങ്ങളൂടെ കുടുംബ സുഹ്രിത്ത് ആയി മാറി. എന്നാലും അദ്ദേഹം അങ്ങനെ എല്ലയ്പ്പോഴും വീട്ടിൽ വരുന്ന പതിവ് ഒന്നുമില്ല. കാരണം, എന്നെ പോലെ തന്നെ മറ്റൊരാളെ എന്റെ നാട്ടുകാർക്ക് കാണിച്ച് കൊടുക്കുന്നതിൽ എനിക്ക് അത്ര താല്‍പ്പര്യം ഒന്നും ഉണ്ടായിരുന്നില്ല. വന്നാലും ഞങ്ങൾ ഒരുമിച്ച് രാത്രിയിൽ വരും. കുറച്ച് കഴിഞ്ഞ് മൂപ്പർ അങ്ങു പോകുകയും ചെയ്യും. എനിക്ക് ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് പോകാൻ പെട്ടെന്ന് ഓർഡർ വന്നപ്പോൾ ഞാൻ ബേജാറായി. കാരണം തീവണ്ടിക്ക് ടിക്കറ്റ് കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. വിഷമിച്ച് നിന്ന എനിക്ക് സ്റ്റേഷൻ മാസ്റ്ററെ മണിയടിച്ച് സ്ലീപ്പർ ടിക്കറ്റ് വാങ്ങിച്ച് തന്നതും സോമേട്ടനായിരുന്നു. ഒരു ദിവ്ണ്ടുസത്തെ ട്രെയിനിംഗേ ഉണ്ടായിരുന്നുള്ളുവെങ്കിലും ട്രെയിൻ ടിക്കറ്റ് കിട്ടാത്തതിനാൽ പിറ്റേന്നാണ് തിരിച്ചത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്റെ ഭാര്യ ചോദിച്ചു “സോമേട്ടൻ എന്താ രാത്രിയിൽ” ഞാൻ പിന്നോട്ട് തിരിഞ്ഞു നോക്കി. സോമേട്ടൻ എന്റെ പിന്നിൽ ഇങ്ങെത്തിയോ? പിന്നിൽ ആരെയും കാണാത്തതിനാൽ ഞാൻ അവളെ നോക്കി. അവൾ പറഞ്ഞു. “ സോമേട്ടൻ ഇരിക്ക്” അവൾ എന്നെ നോക്കി വീണ്ടും പറഞ്ഞു. സംഗതി എനിക്ക് മനസ്സിലായി അവൾ സോമേട്ടനാണെന്നു എന്നെ തെറ്റിദ്ധരിച്ചിരിക്കയാണ്. അവളെ കുറ്റം പറയാൻ പറ്റില്ലല്ലോ. ഞാൻ കോലായിലേക്ക് കയറി. അവൾ അകത്തേക്ക് പോയി മെല്ലെ വിളിക്കുന്നത് കേട്ടു “ ബാലരാമേട്ടാ...എണീക്ക്. സോമേട്ടൻ വിളിക്ക്ന്ന്....” പെട്ടെന്ന് അകത്തു നിന്നും ഒരാൾ എഴുന്നേറ്റ് വരുന്നത് ഞാൻ കണ്ടു. “ സോമേട്ടൻ..! ഞാൻ അറിയാതെ പറഞ്ഞു പോയി. സോമേട്ടൻ എന്റെ കിടക്കയിൽ നിന്നും എഴുന്നേറ്റ് വരുന്നു. എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി. ഒരു നിമിഷമേ സോമേട്ടനെ ഞാൻ കണ്ടുള്ളൂ. കണ്ണു തുറന്നപ്പോൾ സോമേട്ടനില്ല. അയാൾ ഇരുട്ടത്ത് ഓടിക്കളഞ്ഞു. അവൾ കാര്യം ഒന്നും അറിയാതെ നിൽക്കുകയാണ്. ഞാൻ അവളോട് എന്താണ് പറയേണ്ടത്? അത് ഞാൻ ആയിരുന്നില്ല എന്ന സത്യം അവൾ അറിഞ്ഞാൽ ഉണ്ടായെക്കാവുന്ന സ്ഥിതിയോർത്ത് ഞാൻ സോമേട്ടനാവാൻ തന്നെ തീരുമാനിച്ചു.                    “ ഈ ബാലരാമനിത് എന്തു പറ്റി? ഇരുട്ടത്ത് ഇയ്യാൾ എങ്ങോട്ടു പോയി?”  ബാലരാമനെ തിരയാനെന്ന മട്ടിൽ ഞാൻ പുറത്തേക്കിറങ്ങി. എന്റെ മനസ്സ് പിടയുകയായിരുന്നു. അവൾ അപ്പോഴും ഒന്നുമറിയാതെ ഇരുട്ടത്തേക്ക് നോക്കി നിൽക്കുകയാണ്.

Friday, December 9, 2011

പ്രണയ സായന്തനം

 പ്രണയോജ്ജ്വലമാകും സന്ധ്യയിൽ നിർലീനയായ് വെറുതെ കടൽത്തീരത്തിരിക്കും നിന്നെ കാണാൻ മിഴികൾ പോരാ, നിന്റെ കണ്ണിലെ പ്രകാശത്തിൻ പ്രഭ ഞാൻ പകർത്തട്ടെ, യൊന്നു നീ ചിരി തൂകൂ.... 

My Blog List

Subscribe Now: Feed Icon