Saturday, November 28, 2009

ഏട്വന്‍ഷലും ചെക്കിണിയും






ചെക്കിണി ഇതികര്‍ത്തവ്യതാ മൂഡനായി നിന്നു.
കുഞ്ഞിക്കണ്ണന്‍റ്റെ ചായപ്പീടികയില്‍ ചെന്ന് രാവിലെത്തന്നെ ഒരു ചായ കുടിച്ചുകൊണ്ടാണ് മൂപ്പരുടെ പ്രഭാതം തുടങ്ങുന്നത്. പീടികയിലെ നിത്യസന്ദര്‍ശകന്‍ മാത്രമല്ല, ആദ്യസന്ദര്‍ശകന്‍ കൂടിയാണ് ചെക്കിണീ. ചായയും ഒരു കഷണം പുട്ടും പപ്പടവും കൂട്ടിയടിച്ച് കുലുക്കുഴിഞ്ഞ് ഒരു ബീഡിയും കത്തിച്ച് വലിച്ച് തിരിച്ച് പോകും. കൊയിലാണ്‍ടിയില്‍നിന്നും മാപ്പിളമാര്‍ സൈക്കിളില്‍ പുലര്‍ച്ചനേരം മീനുമായി വരുമ്പോള്‍ അവരോട് പത്തു മത്തി വാങ്ങി പൊതിഞ്ഞു കൈയില്‍ വെക്കും. ഉച്ചനേരത്തെ ശാപ്പാടിനുള്ള വകയാണ്.
പത്രം വായന കഷ്ടി നടത്താനുള്ള ക്ഴിവുണ്ടെങ്കിലും മൂപ്പര്‍ അതില്‍ അത്ര തല്‍പ്പരനല്ലാ. കുഞ്ഞിക്കണ്ണന്‍ മക്കളെക്കൊണ്‍ട് കുശിനിയില്‍ പണീയെടുപ്പിച്ച് , പണം വാങ്ങുന്ന മേശക്കരികെ പത്രം വായിച്ചുകൊണ്‍ടിരിക്കെ ചെക്കിണീയോട് പറഞ്ഞു.
“ചെക്കിണ്യേ, ഇമ്പളെ ഏട്വന്‍ഷളിന്‍റ്റെ പണി പോയി”
“ഏത് ഏട്വന്‍ഷളിന്‍റ്റെ?” സംഗതി മനസ്സിലായെങ്കിലും ചെക്കിണി കാര്യം ഉറപ്പു വരുത്താനാണ് അങ്ങനെ ചോദിച്ചത്.

“ഇമ്പളെ കള്ളനെ പിടിച്ച.....”
അതു കേട്ടാണ് ചെക്കിണീ നേരത്തെ പറഞ്ഞ ഇതികര്‍ത്തവ്യതാ മൂഡ്ഡനായിപ്പോയത്. കുട്ടികള്‍ക്ക് വാക്യത്തില്‍ പ്രയോഗിക്കാനുള്ള ഒരു ‘സംഗതിയായി‘ ചെക്കിണീ ഒരു നിമിഷം നിന്നുപോയി.
ചെക്കിണിക്കു സങ്കടം വന്നു. കാരണം ഏട്വന്‍ഷളിന്‍റ്റെ(ഹെഡ് കോണ്‍സ്റ്റബിള്‍ എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ)പണീ പോയത് താന്‍ കാരണമാണെന്ന് ചെക്കിണിക്ക് അറിയാം. ഒരു പണി അയാള്‍ക്കു വാങ്ങിക്കൊടുക്കാന്‍ ചെക്കിണീക്ക് ആവില്ല. മരത്തിന്‍മേല്‍ കയറാന്‍ അയാളോടു പറയുന്നത് മോശമല്ലേ എന്നു ചെക്കിണിക്കു തോന്നി. ചെക്കിണി ആകെ സ്തബ്ധനായിപ്പോയി. ‘സ്തബ്ധനായി’ എന്ന വാക്കു മാത്രമേ അവിടെ അനുയോജ്യമായി വരു. ഇതികര്‍ത്തവ്യതാമൂഡ്ന്‍, സ്തബ്ധന്‍, നിര്‍ന്നിമേഷന്‍, വ്യാകുലന്‍ എന്നു തുടങ്ങി വിവിധ സമയങ്ങളില്‍ ഉപയോഗിക്കേണ്ട പദങ്ങളെല്ലാം സംസ്ക്ര് തത്തിലുള്ളതായിപ്പോയി. പാവം ചെക്കിണീക്ക് അതൊന്നും അറിയില്ലെങ്കിലും ഇതെഴുതുന്നവന് വേറെ വഴിയില്ലല്ലോ.
സംഭവങ്ങള്‍ ഒന്നുകൂടി ചെക്കിണിയുടെ അന്തരിന്ദ്രിയത്തിലൂടെ മിന്നിമറിഞ്ഞു.
ഭീതിദമായ രാത്രികളെ കാളരാത്രിയെന്നു പറഞ്ഞത് ആരാണ് എന്ന് അറിയില്ല. മലബാറുകാര്‍ പക്ഷെ അതിനെ ‘മൂരിരാത്രി’ എന്നു എന്നു പറഞ്ഞു കേട്ടിട്ടില്ല. കള്ളന്‍മാര്‍ രാ‍പ്പകല്‍ ഭേദമില്ലാതെ നാട്ടില്‍ പ്രവര്‍ത്തന നിരതരായപ്പോള്‍ പെണ്ണുങ്ങളുടെ മാല, വള, പണം എന്നിവ എന്നിവ പോയിത്തുടങ്ങി. മോഷണത്തിന്‍റ്റെ കഥകള്‍ പത്രത്താളുകളില്‍ നിറഞ്ഞപ്പോള്‍ ആളുകള്‍ക്ക് പേടി കൂടി. പോലീസുകാര്‍ പത്രത്തിലൂടെ കള്ളനെ നേരിടേണ്‍ട നൂറ്റൊന്നു വഴികള്‍ പ്രസിദ്ധീകരിച്ചെങ്കിലും കള്ളന്മാര്‍ വഴങ്ങിയില്ല. ദരിദ്ര നാരായണന്മാ‍രുടെ പ്രതിനിധിയായ ഇറ്റാലിയന്‍ കാണ്‍ഗ്രസ്സ്മണ്ഡലം പ്രസിഡണ്ടിന്‍റ്റെ വീട്ടില്‍ കയറിയ കള്ളന്‍, അവിടെ ഒന്നും കാണാത്തതിനാല്‍ ദേഷ്യം വന്ന് അടുക്കളയില്‍ ‘സംഗതി’ നടത്തിയിട്ടു പോയി. കാഷ്ടം കോരി വെടിപ്പാക്കല്‍ നേതാവിന്‍റ്റെ മൂപ്പത്ത്യാരുടെ സ്ഥിരം ജോലിയാതിനാല്‍ അവര്‍ അതത്ര കാര്യമാക്കിയില്ലെങ്കിലും വാര്‍ത്ത പുറത്തു വന്നതോടെ കള്ളനു രാഷ്ട്രീയമുണ്ടെന്നു വരെ ചിലര്‍ പറഞ്ഞു നടന്നു. വിലക്കയറ്റത്തോടൊപ്പം മോഷണം കൂടി പെരുകിയതോടെ രാത്രികള്‍ ‘മൂരിരാത്രികള്‍’ തന്നെയായി.
നാട്ടില്‍ കര്‍മ്മവേദി രൂപീകരിച്ചു. രാത്രികളെ പകലാക്കി വടി, കത്തി, മറ്റു മാരകായുധങ്ങള്‍ എന്നിവ കൈയിലേന്തി ആളുകള്‍ രാത്രിയില്‍ കാവലിരുന്നു. ചെക്കിണി രണ്ടുഗ്ലാസ്സ് റാക്ക് അകത്താക്കി ദിവസവും കര്‍മ്മ സമിതിയില്‍ നിറഞ്ഞു നിന്നു. പക്ഷെ, കള്ളന്‍ ഈസിയായി ഗള്‍ഫുകാരത്തി മൈമുനയുടെ മാളികയില്‍ നിന്നും പഞ്ചായത്ത് പ്രസിഡണ്‍ഡ് കോമളവല്ലിയുടെ വീട്ടില്‍ നിന്നുംകൂടി മുപ്പത്തി മൂന്നു പവന്‍ കവര്‍ന്ന് ഹീറോ ആയി. ഉച്ചക്ക് ഗള്‍ഫുകാരന്‍ സുധാകരന്‍റ്റെ അഛന്‍ ചാപ്പുണ്യാര് ചെക്കിണിയെ വിളീച്ച് ചെക്കന്‍ കൊണ്ടുവന്ന രണ്ടു പെഗ്ഗ് ജോണീ വാക്കര്‍ സല്‍ക്കരിച്ചതും സ്വീകരിച്ച് , മന്ദചേഷ്ടനായി നടന്നു വരുമ്പോള്‍ വില്ലേജാപ്പീസിന്‍റ്റെ മുമ്പിലുള്ള ഇടവഴിയില്‍നിന്നും ഒരു കുണ്ടന്‍ തിരിഞ്ഞു കളിക്കുന്നത് ചെക്കിണി കണ്‍ടു.
‘’ഇഞ്ഞി ആരാ മോനേ?’‘ ചെക്കിണി ചോദിച്ചു.
ചെക്കന്‍ ആദ്യം ചെക്കീണിയെ ഒന്നു നോക്കി. പിന്നെ നിസ്സാര മട്ടില്‍ നിന്നു. ചെക്കിണി അവനെ സൂക്ഷിച്ചു നോക്കി. യവന്‍ ആളു പുലിയാണ്, വെറും കുണ്ടനല്ല എന്നു ചെക്കിണിക്കു തോന്നി.
''വില്ലേജാപ്പീസില് വന്നതാ?” ചെക്കിണി വിനയാന്വിതനായി.
ചെക്കന്‍ അതെ എന്നു തല കുലുക്കിയതും ഒരൊറ്റ ഓട്ടം വെച്ചുകൊടുത്തതും ഒരുമിച്ചായിരുന്നു. ഓടുമ്പോള്‍ ലവന്‍റ്റെ ശരീരസൌന്ദര്യം കണ്‍ട് ചെക്കിണിയുടെ തൊള്ള തുറന്നു പോയി. ഇരുമ്പുപോലുള്ള ശരീരം! ചെക്കിണിഅറിയാതെ “കള്ളന്‍...” എന്ന് ഉറക്കെ ഉരിയാടിപ്പോയതും അസംഖ്യം പുരുഷാരം ഒന്നിച്ചുകൂടിയതും ഒരുമിച്ചു തന്നെ.
കള്ളന്‍ ഓട്ടം നിര്‍ത്തി സുസ്മേരവദനനായി തിരിഞ്ഞു നിന്നു. ആളുകള്‍ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും ചോദ്യം ചെയ്യാ‍ന്‍ ഒന്നും നില്‍ക്കാതെ പ്രഹരം തുടങ്ങി. വടിയില്ലാത്തവര്‍ കൈകൊണ്‍ട്‘ചാമ്പി’യിട്ടു മാറി നിന്നു. എല്ലാവര്‍ക്കും അടിക്കാനുള്ള സൌകര്യത്തിന് കള്ളന്‍ ഒതുങ്ങി വിനയപൂര്‍വം നിന്നുകൊടുത്തു. ഒരു ചെകിടു വേദനിച്ചപ്പോള്‍ കള്ളന്‍ മഹാത്മാവിനെപ്പോലെ മറ്റെ ചെകിടും കാണിച്ചു കൊടുത്തു.
ചെക്കിണിക്ക് ഇതുകണ്ട് സങ്കടം വന്നു. ഒരുത്തനെ വെറുതെ ദേഹോപദ്രവം ചെയ്യുന്നത് കണ്ട് ചെക്കിണി തടയാന്‍ ശ്രമിച്ചു. ആളുകളെ ഒരുവിധം മാറ്റി നിര്‍ത്തി ചെക്കിണി ചോദിച്ചു.
“മോനേ, ഇന്‍റ്റെ പേരെന്താ..”
കള്ളകുമാരന്‍ മന്ദഹാസം പ്ച്ചൊഴിച്ചു നിന്നു. കഥയുടെ അവസാനമാണ് സിനിമയില്‍ കാണുന്നത് പോലെ പോലീസ് എത്തിയത്. പോലീസിനെ കണ്ടതും കള്ളന്‍ ഒന്നുകൂടി ഉഷാറായി. കള്ളനെ പിടിക്കുന്നതിനു പകരം പോലീസുകാര്‍ ലാത്തി വീശി ജനങ്ങളെ മാറ്റി നിര്‍ത്തി.
“ഇപ്പം കാണാനേ ഇല്ലല്ലോ” ഏട്വന്‍ഷള് കള്ളനോടു ചോദിച്ചു.
“തിരക്കോടു തിരക്കാ, സീസണല്ലേ?” അതുവരെ മിണ്ടാതിരുന്ന കള്ളന്‍ പറഞ്ഞു.
“ഇന്നാല്‍ പോക്വല്ലേ? കയറിക്കൊ.” കള്ളനെ നോക്കി, ഏട്വന്‍ഷള് ചോദിച്ചു.
ഒരു നിമിഷം കൊണ്‍ട് എല്ലാം കഴിഞ്ഞിരുന്നു. കള്ളന്‍ ജീപ്പില്‍ കയറാതെ കാട്ടിന്‍ കൂറ്റിയിലേക്ക് ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു. പത്തു സെക്കന്‍റ്റ് നേരം ആര്‍ക്കും ഒന്നും ചെയ്യാ‍ന്‍ ക്ഴിഞ്ഞില്ല. മുന്നില്‍ ഓടിയത് ചെക്കിണിയും കൂട്ടരുമാണ്. പിന്നാലെ ഏട്വന്‍ഷളും ഒരു പോലീസുകാരനും ഓടി. ഏട്വന്‍ഷള് വഴിയില്‍ വീണ് തൂറിപ്പോയി. പോലീസുകാരന്‍ കൊളസ്റ്റ്രോളുകാരണം കിതച്ച് വീണുപോയി.
ചെക്കിണി കള്ളനെ പിടിച്ചു പിടിച്ചില്ല എന്ന മട്ടില്‍ ഓടി. പക്ഷെ, പകലായിരുന്നതിനാല്‍ കള്ളന് വഴി തെറ്റി ഒരു പൊട്ടക്കിണറ്റില്‍ ഉരുണ്ടു വീണു. പൊട്ടക്കിണറില്‍ ഏന്തി നോക്കിയ ആളുകള്‍ ഒന്നും കണ്ടില്ല. കിണറ്റിലേക്ക് കയര്‍ ഇറക്കി നോക്കി, പക്ഷെ കള്ളന്‍ അതില്‍ പീടിച്ചില്ല. കള്ളന്‍ ഓടി രക്ഷപ്പെട്ടുകാണും എന്നു കരുതി ആളുകള്‍ പിരിഞ്ഞു.
പിറ്റേന്ന് ജനാധിപത്യ ചിന്താഗതിക്കാരായ പത്രക്കാര്‍ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തു.
‘പോലീസിനെ പേടിച്ച് ഓടിയ ആള്‍ കിണറില്‍ വീണ് മരിച്ചു’
(പോലീസ് അയാളുടെ പിന്നാലെ ഓടിയിട്ടില്ലായിരുന്നുവെങ്കില്‍, “പോലീസ് നോക്കിനില്‍ക്കെ കള്ളന്‍ ഓടി രക്ഷപ്പെട്ടു“ എന്ന വാര്‍ത്തയായിരിക്കും അവര്‍ കോടുക്കുകയെന്ന് സ്ഥലത്തെ വിപ്ലവ്കാരിയായ ഒരാള്‍ പറഞ്ഞു.)
രണ്‍ടു ദിവസം കഴിഞ്ഞപ്പോളാണ് കുഞ്ഞിക്കണ്ണന്‍റ്റെ ചായപ്പീടികയില്‍ നിന്നും ചെക്കീണി വാര്‍ത്ത അറിഞ്ഞത്
- കള്ളനെന്നു കരുതി ഓടിച്ച ആള്‍ കിണറില്‍ വീണു മരിച്ചതിനാല്‍ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
പോലീസുകാരന്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നതില്‍ ചെക്കിണിക്കു മനസ്താപം തോന്നി.

Saturday, November 21, 2009

സ്വകാര്യ പ്രാക്ടീസ്


ചെക്കനെ മരത്തില്‍ കയറ്റിയത് ചെക്കിണിയാണ്. നല്ല ഉയരമുള്ള മരമൊന്നുമായിരുന്നില്ല. പക്ഷേ, നിര്‍ഭാഗ്യവശാ‍ല്‍ ചെക്കന്‍ ഉരുണ്ടു താഴെ വീണു. ചെക്കിണി ഒരു ഔദാര്യം ചെയ്തതാണ്. പണിയൊന്നുമില്ലാ‍തെ നടക്കുകയായിരുന്നു, രാമന്‍ കുട്ടിയുടെ മകന്‍. മരം മുറിക്കാന്‍ പോകുമ്പോള്‍കൂടെ കൂട്ടിയതാണ്. ചെക്കന്‍ ഉരുണ്ടു താഴെ വീഴുമെന്നു സ്വപ്നേപി കരുതിയതല്ല.
ഉരുണ്ടു വീണ ചെക്കനെ വാരിയെടുത്ത് ചെക്കിണിയും പരിവാരങ്ങളും ഓടി. ജീപ്പുവിളിച്ച് അതില്‍ കയറി നേരെ പോയത് മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍ ധര്‍മ്മ കുമാരന്‍റ്റെ വീട്ടിലേക്കാണ്. ധര്‍മ്മ കുമാരന്‍ എന്തുകൊണ്ടും അനുയോജ്യന്‍. എല്ലു വിദഗ്ധനായതിനാല്‍ മാത്രമല്ല, എല്ലുറപ്പുള്ള പഴയ സഖാവിന്‍റ്റെ മകനാണ്. ഇ.എം. എസ്സിന്‍റ്റെ കാലത്ത് ആദര്‍ശത്തിനും പ്രത്യയശസ്ത്രത്തിനും വേണ്ടി ജീവിച്ച വലിയൊരു സഖാവിന്‍റ്റെ മകനായ ധര്‍മ്മ കുമാരനെ ആളുകള്‍ ആദ്യം ദൈവത്തെപ്പോലെയണു കണ്ടത്. ധര്‍മ്മ കുമാരനും പ്രാക്ടീസ് തുടങ്ങിയത് അങ്ങനെയൊക്കെയാണ്. പണം അയാള്‍ക്ക് പുല്ലു വിലയായിരുന്നു. പിന്നെയാണ് അയാള്‍ ആളെ മയക്കുന്ന (അനസ്ത്യേഷ്യക്കാരത്തിയായ) ഒരു പെണ്‍ ഡോക്ടറത്തിയെ കല്ല്യാണം കഴിച്ചത്. അവളു പറഞ്ഞിട്ടോ എന്തോ ഡോക്റ്ററ് മൂപ്പര് പണം വാങ്ങിത്തുടങ്ങി. മാത്രമല്ല, പണം അസാരം കേമമായി വാങ്ങിത്തുടങ്ങി. പ്രാക്ടീസ് ഗംഭീരമായി തുടര്‍ന്നു. മെഡിക്കല്‍ കോളജില്‍ പോയില്ലെങ്കിലും ടിയാന്‍ വീട്ടില്‍ കേമമായി പ്രാക്റ്റീസു തുടര്‍ന്നു. എവിടെയില്ലെങ്കിലും വൈദ്യന്‍ വീട്ടില്‍ കാണും എന്നു കരുതിയാണ് നാട്ടുകാര്‍ ചെക്കനെ ധര്‍മ്മ കുമാരന്‍റ്റെ വീട്ടിലെത്തിച്ചത്.
വന്നു കയറിയതും മുന്നില്‍ കണ്ട ബോഡ് അവരെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു.” ഇവിടെ പരിശോധനയില്ല.” അപ്പോഴാണ് ആരോ പറഞ്ഞത് ഡോക്ട്റുമാര് ‘സ്വകാര്യം‘ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്‍ടെന്ന്. ഇനിയെന്തു ചെയ്യുമെന്നു കരുതി ഒരു നിമിഷം നിന്നുവെങ്കിലും മെഡിക്കല്‍ കോളജില്‍ നേരിട്ടുപോയി കാണിക്കാന്‍ ഉടന്‍ ചര്‍ച്ച ചെയ്ത് ധാരണയായി.
കാഷ്വാലിറ്റിയില്‍ കാലുപൊട്ടിക്കിടന്ന ചെക്കനെ തിരിച്ചും മറിച്ചുമിട്ട് രണ്‍ട് കൊട്ടുകൊട്ടി ഒരു ഡോക്ട്റൂ പറഞ്ഞു, “എക്സറേ എടുക്കണം”
“ ആവാം”
അത് എടുത്തു കഴിഞ്ഞപ്പോള്‍ ചെക്കിണി ചോദിച്ചു പോയി.
“എനി, പോകാലോ?”
എക്സറെയുടെ ഗുട്ടന്‍സ് ചെക്കിണിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. കൂട്ടത്തില്‍ വന്ന മൊറ്റൊരു ചെക്കന്‍ തന്നെ കളിയാക്കുന്നത് കണ്‍ട് ചെക്കിണി തനിക്ക് എന്തോ അബദ്ധം പിണഞ്ഞു എന്നു മനസ്സിലാക്കി മിണ്‍ടാതെ ഇരുന്നു. എക്സറേ എടുത്തിട്ടും ചെക്കന്‍ വേദന തിന്ന് കീടക്കുകയാണ്. ചെക്കിണീ കാഷ്വാലിറ്റിക്കു മുന്നില്‍ ഓഛാനിച്ചു നിന്നു. രക്ഷയില്ല. ആരും തിരിഞ്ഞു നോക്കിയില്ല. അവസാനം ഒരു ഡോക്റ്ററു വന്ന് പറഞ്ഞു.
“ ഓപ്പറേഷന്‍ തിയേറ്റര്‍ ഒഴിവില്ല, ആക്സിഡന്‍ഡു കേസാണ് മുഴുവന്‍, തിരക്കുണ്ടെങ്കില്‍ മറ്റെവിട്യന്നിച്ചാല്‍ പോയ്ക്കോളുക”
ഇളിഭ്യരായിനിന്ന നാട്ടുകാര്‍ അവസാനം ഒരു തീരുമാനത്തിലെത്തി. ഈ സര്‍കാര്‍ ആസ്പത്രി ശരിയാവില്ല. ചെക്കന്‍ വേദന തിന്ന് ചത്തുപോകും. ഏതെങ്കിലും ഒരു സ്വകാര്യ ആസ്പ്ത്രി തന്നെ നോക്കാം. ജീപ്പ് ശരം വിട്ടപോലെ കുതിച്ചു. ചെക്കിണീ ജീപ്പിനു പിന്നില്‍ തൂങ്ങിക്കിടന്നു.
ആസ്പത്രിയുടെമുന്നില്‍ ജീപ്പു നിര്‍ത്തി,ചെക്കനെ എടുത്ത് വരാന്തയില്‍ കയറിയപ്പോള്‍ ഇക്കിളികൊണ്‍ട് ചെക്കിണിയുടെ കാല്‍ വഴുവഴുത്തു.
“എന്തൊരു മിനുസം!”
സിസ്റ്ററുമാര്‍ വന്ന് ചെക്കനെ വളഞ്ഞു. “എല്ലാവരും പുറത്ത് നിന്നോളൂ, ഇനി ഞങ്ങള്‍ ആയിക്കോളാം”
ഹാവൂ സമാധാനം. ചെക്കിണീക്ക് ഡോക്റ്ററുമാരോടും പ്രൈവറ്റ് ആസ്പത്രിയോടും ആദരവും ബഹുമനവും ഉണ്‍ ടായി. മൂപ്പര് പുറത്ത് തട്ടുകടയില്‍ പോയി ഒരു ബീഡി വലിച്ച് പുകയൂതി മേലോട്ടു വിട്ടു. എന്നിട്ട് കട്ടന്‍ ചായയും പരിപ്പു വടയും തിന്ന് പുറത്തിറങ്ങിയപ്പോള്‍ കൂട്ടത്തില്‍ വന്ന ഒരു കുണ്‍ടന്‍ തിരക്കിട്ടു നടന്നു വരുന്നതു കണ്‍ടു.
“എന്താണ്‍ടാ കാര്യം?” ചെക്കിണീ തിരക്കി.
“കേമായി. ഓപ്പറേശന്‍ വേണംന്ന്”
“അയിനെന്താ നടത്തിക്കോട്ടെ?”
“ഇരുപത്തയ്യായിരം വേണംന്ന്” ചെക്കന്‍ പറഞ്ഞു
ചെക്കിണീ ഇതുകേട്ട് ഒന്നു ഞെട്ടി. ചെക്കന്‍റ്റെ വീട്ടുകാര്‍ക്ക് ഇരുപത്തയ്യായിരം പോയിട്ട് ഇരുപത്തഞ്ച് ഉറുപ്പിക എടുക്കാന്‍ വകയില്ല. പിന്നെ ആരുമുടക്കാന്‍? ചെക്കിണീ തല ചൊറിഞ്ഞു.കൂട്ടത്തിലെ വിദഗ്ധന്‍ പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു, “ഇമ്പക്ക് ഒന്നു ശ്രമിച്ചു നോക്കം”
മെമ്പര്‍ മൊബൈല്‍ ഫോണീല്‍ തലങ്ങും വിലങ്ങും വിളിച്ചു. അവസാനം വിജയശ്രീലാളിതനയി മെമ്പര്‍ തിരിച്ചു വന്നു.
“അഞ്ച് ആസ്പത്രിക്കാരെ വിളിച്ചു. അവസാനം ഒരാളെ റേറ്റ് പറഞ്ഞ് ഏതാണ്‍ട് ഒറ്പ്പിച്ചിട്ടുണ്‍ട്.
ഏറ്റവും കുറഞ്ഞ റേറ്റ് അതു മാത്രമാണ്. നമ്മളെ മിനിസ്റ്ററെ ബിനാമിയിലുള്ള സാധനാ. ഒന്നു മുട്ടിച്ചെടുകാനുള്ള ഒരു പാട്. അഡ്ജസ്റ്റ് ചെയ്യാം എന്നൊക്കെ പറയുന്നുണ്‍ടെങ്കിലും ആയിരം ആയിരത്തഞ്ഞൂറിനപ്പുറത്തേക്ക് ആരുംഒന്നും ചെയ്യൂല. പതിനെട്ടെ അഞ്ഞൂറിന് ഒറപ്പിച്ചിട്ടുണ്‍ട്“. മെമ്പര്‍ ചിരിച്ചുകൊണ്‍ട് പറഞ്ഞു.
ചെക്കിണീക്ക് ഒരു മരക്കച്ചവടത്തിനു പൊയതാണോ എന്നൊരു സംശയമുണ്ടായെങ്കിലും ടിയാന്‍ നിശ്ശ്ബ്ദനായി ഒന്നും പറയാതെ നിന്നു. കാരണം വീണ്‍ടും ഒരു അബദ്ധം പുറപ്പെടേണ്‍ട എന്നയാള്‍ക്കു തോന്നി.
ചെക്കന്റെ ദയനീയാവസ്ഥ കണ്‍ട് മനസ്സലിഞ്ഞ നാട്ടുകാര്‍ റേറ്റ് പറഞ്ഞ് ഉറപ്പിച്ച പുതിയ ആസ്പത്രിയിലേക്ക് കുതിച്ചു. ഏക്സ് റേയും മറ്റും കയ്യിലുള്ളതിനാല്‍ നേരെ അങ്ങൊട്ടു കയറ്റി ഡോക്റ്ററുമാര്‍ പരിപാടി തുടങ്ങി. അപ്പോഴാണ് അവര്‍ക്കുമുന്നിലൂടെ സുസ്മേരവദനനായി ഒരാള്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്കു കയറീയത്.
ചെക്കിണീ നിര്‍ന്നിമേഷനായി അയാളെ നോക്കി തൊഴുതുപോയി. ‘ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം‘ എന്ന കവിവചനം അറിയാത്തത് ചെക്കിണീ പാമരനായതുകൊണ്‍ടു മാത്രമാണ്. എന്നാലും കഴുത്തില്‍ തന്നെ വന്നു ചുറ്റിയ തേടിയ വള്ളീ കണ്‍ട് ചെക്കിണീ അമ്പരന്നു.
ഡോ. ധര്‍മ്മ കുമാരന്‍! പ്രൈവറ്റ് സംഗതി നിര്‍ത്തിയിട്ടും ജനസേവനത്തിനു വരുന്നത് എത്ര ആനന്ദകരം എന്ന് അയാള്‍ കരുതി. ആകാശത്തു നിന്നും ദേവകള്‍ പുഷ്പവ്റ്ഷ്ടി നടത്തിയതും വന്ദികള്‍ കീര്‍ത്തിച്ചു പാടിയതും പുരാണത്തില്‍ അറിവില്ലാത്തതിനാല്‍ ചെക്കിണീ അറിഞ്ഞില്ല.
അയാള്‍ ഇത്ര മാത്രം പറഞ്ഞു.
“ഡോക്റ്ററ് ക്മ്മോണിഷ്ട് ആകാത്തത് എത്ര നന്നായി?”

Thursday, November 19, 2009

കടല്‍ത്തീരത്ത്



കലുപോല്‍ നിന്നെയറിഞ്ഞു ഞാന്‍
ഇന്നു പ്രണതഹസ്തയായ്
പടിയിറങ്ങി നീ.
നിഴലു വീഴുമീ കടലിന്നോരത്ത്
പൊഴിയുകയാണ് നിറവും നേരവും.

കടലുകത്തുന്നു,
കരയിലാരുടെ വിരല്‍ത്തുടിപ്പുകള്‍
തിരകള്‍ മായ്ക്കുന്നു?
ഇരുളിനോടൊപ്പമലിഞ്ഞു തീര്‍ന്ന ഞാന്‍
ഇരവിലേക്കെന്‍റ്റെ രഥം തെളിക്കുന്നു,
ഗതിവിഗതികള്‍, ചലനമൊക്കെയും
പ്രഹതനിശ്ചലം തളര്‍ന്നു നില്‍ക്കുന്നു.

പകലുപോല്‍ നിന്നെയറിഞ്ഞു ഞാന്‍
എന്‍റ്റെ ജ്വലിതകൌമാരം,
തരളമാനസം,
കദനമിറ്റിയ പഴയപുസ്തകം,
പഴയ താളിലെന്‍ വിരലുകോറിയ
ഹ്റ്ദയതാളത്തിന്നരിയ രേഖകള്‍...

പ്രണയ സംത്രാസം കലര്‍ന്നു
നമ്മളാ കുടിലുവിട്ടന്നു പിരിഞ്ഞു പോകുമ്പോള്‍
പകലെരിയുന്ന വിരഹസന്ധ്യ നിന്‍
മിഴിയിലേകാന്തമിരുളു ചേര്‍ത്തുവോ?

കടലിറങ്ങുന്നു-
കരയിലാരുടെ തിരകള്‍ മായ്ക്കാത്ത
വിരല്‍ത്തുടിപ്പുകള്‍?
അകലുകയാണ് തിരകളൊക്കെയും
കടലനാദ്യന്ത സലിലസംഘാത
ചലനമൊക്കെയും നിലച്ചു
നിശ്ചലമുറഞ്ഞു പോകുമ്പോള്‍,
മറവിയില്‍ വീണു പൊലിഞ്ഞുപോയെന്‍റ്റെ
മൊഴിയുണങ്ങിയ
പഴയ താളുകള്‍.

Thursday, November 12, 2009

ഒരു മഴക്കാല രാത്രിയില്‍


രാത്രിയിതെന്തു വിഷാദം പകരും രാത്രി-
യെനിക്കെന്‍ കാതരഹ്ര് ദയം
തേങ്ങുവതെന്തേ വെറുതെ?
ഓര്‍മ്മയിലേതൊ വേദനപോലെ
നിലാക്കുളിര്‍ നീറിയമര്‍ന്നൊരു
വര്‍ഷാകാലം, മൌനത്തിന്‍റ്റെ ചിലമ്പിയ
ചീവീടുകളുടെയര്‍ധവിരാമം.
ഏകാന്തതയുടെ നിര്‍ജ്ജനവീഥികള്‍,
മഴയുടെ കുളിരംഗുലികള്‍ മീട്ടും
നേര്‍ത്തൊരുശ്രുതിയില്‍ പാടുകയാണു
കടുംതുടി കൊട്ടിപ്പാതിരനേരം
വിഭ്രമമെന്‍റ്റെ ഞരമ്പുകള്‍, ഇലകളിലാരോ
താളമടിക്കുമിലത്താളത്തിന്‍ മേളം,
ആരോ വാതില്‍ തുറന്നു വരുന്നൂ, വാനില്‍
നീറി മുനിഞ്ഞു തെളിഞ്ഞൂ, നേര്‍ത്തൊരു വെട്ടം.

നിഴലുകള്‍ കെട്ടുപിണഞ്ഞുമയങ്ങും
തെരുവോരങ്ങളില്‍ കരള്‍ പിളരുന്നൊരു നാദം,
പൊട്ടിയ കുപ്പിവളക്കൈ കൊണ്ടവള്‍ കുഞ്ഞിനെ
നെഞ്ചിലമര്‍ത്തിയുറങ്ങാതേങ്ങിയിരുന്നു.

രാത്രിയിതെന്തു വികാരം പകരും രാത്രി
മഴക്കുളിര്‍ ചാര്‍ത്തിയ മൂക വികാരിണിയായി
നിറന്നു വരുമ്പോള്‍, ഊഷ്മളമാരുടെ
കൈകളിലമരുകയാണു
വിമൂകവിമോഹിനിയാമീ രാവിന്‍ ദേഹം?

രാത്രിയിലെന്‍റ്റെ നിശാഗന്ധികളില്‍
പൂവിട്ടില്ലൊരു മൊട്ടും, കാറ്റിന്‍ കാട്ടുകടന്നല്‍
കുത്തിയ ചെണ്ടുകള്‍ വാടി മയങ്ങീ,
നീളന്‍ മുടിയിലിറുത്തണിയാനൊരു
വാടാമുല്ലയുമില്ലെന്‍ മുറ്റ,ത്തേതൊ ചൂടിയ പൂക്കള്‍
കിടപ്പൂ മുന്നില്‍, നഷ്ട വസന്തം പോലെ.
രാവിതു തീരുകയില്ലെന്‍ മുമ്പില്‍
പാടുകയാണെന്‍ നാടികള്‍ വീണ്ടും.

ആതിരതന്നനുരാഗ സ്മ്ര് തികള്‍
പാതിരനേരമൊരൂഞ്ഞാല്‍ പാട്ടായ്
മൂളുവതെന്‍റ്റെ കിനാവില്‍, ഞാനെന്‍
ജാലകവാതില്‍ തുറന്നൂ, മഴയുടെ
നാരുകള്‍ ചുറ്റിയൊരാലിന്‍ കൊമ്പില്‍
മൂങ്ങകള്‍ തന്നതിഗൂഡ സമസ്യാ പൂരണ
ഘോഷം, മണ്ണിലുറങ്ങും പൂവിന്‍ സ്വപ്നം
മിന്നാമിന്നികളായി നിരന്നൂ,
വാതിലടക്കുകയാണെന്‍ ചുറ്റും
ഭൂതാവിഷ്ടര്‍ നിരന്നു കഴിഞ്ഞൂ,

രാത്രിയിതെന്തെന്‍ കണ്ണില്‍ കത്തും
നേര്‍ത്ത വെളിച്ചവുമൂതി മടങ്ങീ?

Wednesday, November 11, 2009

രാധ


റയൂ നീ രാധേ, നിന്‍ ചൊടി
മലരിതളില്‍ ബാഷ്പമിതെന്തേ?
മദനോത്സവരാവുകള്‍ തീര്‍ത്തൊരു
കുളിര്‍ തഴുകും നിന്നുടെ കണ്ണില്‍
നിഴലെന്തേ പരയൂ, രാധേ?

കാളിന്ദി മരിച്ചുകിടക്കും
കാലത്തിന്‍ പ്രേതവനത്തില്‍
ശ്യാമാംബരശൂന്യത നിറയും
ഏകാന്ത വസന്തച്ചെരിവില്‍
വനമാലീ, നിന്നെയുമോര്‍ത്തീ
മനമെന്തേ തരളിതമായീ
വനരോദനമാവുകയാണോ
പ്രിയരാധേ, നിന്നുടെ തേങ്ങല്‍?
ഹരിനീല വസന്തം നിന്നുടെ-
യകതാരില്‍ നീറുകയാണോ
മലരമ്പുകള്‍ കൂരമ്പുകളായ്
മനമാകെ നിറയുകയാണോ
പറയൂ നീ രാധേ നിന്നില്‍
മുറിവായവനെരിയുകയാണോ?

തളിര്‍ ചൂടും വ്റ്ന്ദാവനവും
ത്ര്ണ ഗിരിയും ഗോവര്‍ധനവും
അരയാലും മുരളിയിലാടും
അനുരാഗ കദംബക്കൊമ്പും
വെറുതേ നിന്‍ നീള്‍മിഴിമുനയില്‍
നിറയുന്നോ പറയൂ രാധേ?
രതി മോഹന ഗീതികളില്ലാ,
പ്രണയാര്‍ദ്ര വചസ്സുകളില്ലാ
മധുമാസ മനോജ്ഞത ചൊരിയും
നിറമാരികള്‍ പൂവുകളില്ലാ,
റ്തുഭേദമുറക്കെയുരക്കും
പറവകളും പുലരിയുമില്ലാ,
വിരഹത്തിന്‍ വിധുരതപാകും
മ്രിദുവാര്‍ന്ന നിലാവൊളിയില്ലാ
പകലന്തികള്‍, കനവുകളില്ലാ,
നിഴല്‍ മാത്രം നിന്നുടെ കണ്ണില്‍.

അവനെവിടെന്നറിയാതെങ്ങോ
അലയുകയായ് കാലികളെന്നോ,
അനുതാപം പൂണ്ടുകിടപ്പൂ
യദുകുലവുമിതെന്നറിയൂ, നീ

ദ്വാരകയുടെ മട്ടുപ്പാവില്‍
ദ്വാപര യുഗമെരിയുകയായീ
കാളിയനും കംസനുമെത്തി
കൂരിരുളായ് നിറയുകയായീ
മാകന്ദച്ചില്ലകളെല്ലാം
മണ്ണില്‍ വീണടിയുകയായീ
രാഗത്തിന്‍ ശുക്തികളെല്ലാം
ആഴിയില്‍ വീണമരുകയായീ
ഘനവേണിയഴിച്ചും കൊണ്ടീ
മുഖമാകെ വിയര്‍ത്തും കൊണ്ടീ
വഴിയില്‍ നീ നില്‍ക്കുവതെന്തേ
വരുകില്ലവന്നോ വീണ്ടും?
വഴി നീണ്ടു കിടപ്പൂ മുന്നില്‍
തണലില്ലാ ചോലകളില്ലാ
ശരദഭ്രം നിഴലൊളി വീഴ്ത്തും
അരുവികളില്ലറുകളില്ലാ!

രാധേ, നീ കരയരുതിനിയും
കാമനകള്‍ വ്യര്‍ഥം, നോക്കൂ
കാലത്തിന്‍ വേദന തിങ്ങും
കാതരമാം കണ്ണുകളെങ്ങും
കരിമൂര്‍ഖന്‍ പെറ്റുകിടക്കും
ഇരുള്‍ മൂടിയ പനിമതി തൂകും
കറയാര്‍ന്ന വെളിച്ചം, കണ്ണീര്‍
ചുരമാന്തിയ മിഴികളുമായി
വഴിതെറ്റിനടക്കും സ്ത്രീകള്‍,
തളിര്‍നാമ്പുകള്‍ കുട്ടികളെങ്ങും
പൂതനകളിറങ്ങിനടക്കും
പാതകളാണഖിലം മണ്ണില്‍,
ഭീതിദമാം കാഴ്ച്ചകള്‍ നിറയും
നാളെകളാണിനിയും രാധേ.

പോവുമ നീയേകാകിനിയായ്
പോവുക നീ പോവുക രാധേ

Saturday, November 7, 2009

കേന്ദ്രസേന


കോലത്തുനാട്ടില്‍ രാജാവു തിരുമുല്‍പ്പാട് സുധാംഗധന്‍ അന്നദാനം നടത്തുന്നതറിഞ്ഞ്, വോട്ടുകഴിഞ്ഞ പാടേ ചെക്കിണി കൊട്ടാരത്തിലെത്തി. ആരൊക്കെയോ പറഞ്ഞറിഞ്ഞ വിവരമാണ്. ഒന്നു സുഖമായി ഭക്ഷിച്ചു കളയാം എന്നു മാത്രമേ കരുതിയുള്ളൂ. രാജപാതകള്‍ക്കിരുപുറമായി തോരണങ്ങള്‍ തൂക്കി ജഡ്ക്ക വണ്ടികളില്‍ ആളെയും കൊണ്ട് നാടുനാടാന്തരം പാഞ്ഞു നടന്നും ഖദറുകുപ്പായമിട്ടു ചിരി തൂകിയും സ്നേഹിച്ചു കൊന്നും രാജ്യസ്നേഹികളായ തമ്പുരാക്കന്‍മാര്‍ നിറഞ്ഞു കവിഞ്ഞതുകണ്ട് ചെക്കിണീ സ്തബ്ധനായിപ്പോയി.
കൊട്ടാരത്തിലേക്കു കയറിയ പാടേ കണ്ടത് രാജാവിനെയാണ്. അന്വേഷിച്ചപ്പോള്‍ രാജാവു തിരുമുല്‍പ്പാടു തന്നെയാണ് അന്നദാനം ഉദ്ഘാടനം ചെയ്യുന്നത് എന്നറിഞ്ഞു. അതിന് സര്‍വ്വദാ യോഗ്യന്‍ അദ്ദേഹം തന്നെയാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കൊണ്ടും കൊടുത്തും കൊന്നും തിന്നും ജീവിച്ച സിംഹമാണദ്ദേഹം. കേരള സിംഹം എന്ന പേര് പഴശ്ശി രാജയേക്കള്‍ ചേരുന്നത് ടിയാനാണെങ്കിലും ഏതോ വിവര ദോഷികള്‍ ആദ്യമേ അത് പഴശ്ശി രാജക്ക് ഇട്ടു കളഞ്ഞു. ചെക്കിണീ തഞ്ചി തഞ്ചി നടന്നു ചെന്നപ്പോള്‍ സുധാംഗധന്‍ ഊദ്ഘാടനത്തിലായിരുന്നു. അദ്ദേഹം കോഴിക്കാലു കടിച്ചു പറിച്ചുകൊണ്ട് മൊബൈലില്‍ ആരോടോ കയര്‍ക്കുകയാണ്. ചെക്കിണീ ഓരം പറ്റി നിന്നു.
പള്ളി യൂട്ടിനിടക്ക് ഒരാള്‍ വന്ന് ഊണര്‍ത്തിച്ചു.
“കേന്ദ്രസേനക്ക് ഒന്നിനു പോകാന്‍ ഇടമില്ല”
“ അവര്‍ രാജ പാ‍തക്ക് ഇരുവശവും പോകട്ടെ” രാജാവു കല്‍പ്പിച്ചു.
“നമ്മുടെ വോട്ടര്‍മാര്‍ എങ്ങനെ വഴി നടക്കും” ഒരു പ്രജ ചോദിച്ചു.
“കള്ള വോട്ടു കൂറയട്ടെ. “
“ അങ്ങുന്ന് തൂറി തോല്‍പ്പിക്കുകയാണോ?”
“ ജനാധിപത്യം സംരക്ഷിക്കണ്ടെ?”
ഊണു കഴിഞ്ഞ തിരുമുല്‍പ്പാട് എഴുന്നേറ്റു നിന്നു. മൂപ്പരുടെ പള്ള ഒരു മീറ്റര്‍ മുന്നില്‍ പോയിനിന്നു. നിന്നപാടേ തിരുമുല്‍പ്പാട് മൂന്ന് ഏമ്പക്കവും രണ്ട് വളീയുമിട്ടു. ശബ്ദം കേട്ട് കേന്ദ്ര സേന തോക്കു ചൂണ്ടി റെഡിയായി നിന്നു. കൈ കഴുകാനായി പടിയിറങ്ങുമ്പോളാണ് മൂപ്പര് ചുമരിലെ ഫോട്ടോ കണ്ടത്.
“ഇതിപ്പൊ ആരാ, ഒരു വയസ്സന്‍?”
“അത് മഹാത്മാ ഗാന്ധി, ഇമ്പളെ പഴേ ആള്...” രാജാവിന്‍റ്റെ പി.എ പറഞ്ഞു
“ ഓ സ്വാതന്ത്ര്യ സമരം, ഐ സീ... “
കൈ കഴുകി വന്ന രാജാവ് പറഞ്ഞു. “സ്വാ‍തന്ത്ര്യ സമരം അവിടെ നില്‍ക്കട്ടെ, പോളിങ് എത്രയായി”
“എഴുപത്തഞ്ചു ശതമാനം കഴിഞ്ഞു”
“കള്ള വോട്ട് ഒക്കെ ചെയ്തു കഴിഞ്ഞൊ?”
“അതൊക്കെ രാവിലെ കഴിഞ്ഞു”
“ പത്രകാര്‍ക്ക് സഖാക്കളുടെ കള്ള വോട്ടു കണക്കൊക്കെ കൊടുത്തില്ലെ?”
“ ഒക്കെ റെഡി”
രാജാവു തിരുമുല്‍പ്പാട് ഇതു പറഞ്ഞു തിരിഞ്ഞു നില്‍ക്കുമ്പോളാണ് ഒരു ചുരുള്ന്‍ മുടിക്കാരന്‍ ശയന പ്രദക്ഷിണം നടത്തുന്നത് കണ്ടത്
രാജാവ് ചാടി വീണ് കത്തിയൂരി. കേന്ദ്രസേന തോക്കു ചൂണ്ടി ചാടി വീണു. ശയന പ്രദക്ഷിണക്കാരന്‍ ഇതു കണ്ട് പൊട്ടിക്കരഞ്ഞു
“പറയെടാ, നീയാര്” രാജാവ് ചോദിച്ചു.
“ ഞാന്‍ കിങ്ങിണി കോണ്‍ഗ്രസ്സിന്‍റ്റെ നേതാവാ, ഒരു സൂചി കുത്താന്‍ ഇടം തന്നാല്‍ മതി, പ്ലീസ്.”
“സൂചി കുത്താന്‍ ഇടം തന്നാല്‍ നീ തൂമ്പാ കയറ്റും, അച്ചന്‍റ്റെ മോനല്ലെ? പോടാ”
രാജാവ് ഇതു പറഞ്ഞ് ഒന്നു തുമ്മി. ശബ്ദം കേട്ട് കേന്ദ്ര സേന ഞെട്ടി വിറച്ചു. ചെക്കിണിഇത് കണ്ടപാടേ പൊട്ടി ചിരിച്ചു പോയി. ശബ്ദം കേട്ട് രജാവ് പറഞ്ഞു
“ ആരവിടെ? ഇറ്റാലിയന്‍ കോണ്‍ഗ്രസിന്‍റ്റെ അന്ന ദാനം നടക്കുന്നിടത്ത് നമ്മെ അധിക്ഷേപിക്കുന്നതാര്?”
കേന്ദ്രസേന ചെക്കിണിയുടെ പിന്നാലെ പാഞ്ഞു. അന്നദാനത്തിനു വന്ന ചെക്കിണീ ഇതു കണ്ട് ജീവനും കൊണ്ട് ഓടി. കേന്ദ്ര സേന പിന്നലെയും. ചെക്കിണീ ഓടി ഒരു മരത്തിനു മുകളില്‍ കയറി, അതിന്‍റ്റെ അഗ്രത്തില്‍ പോയി ശ്വാസമടക്കി ഒളിച്ചിരുന്നു. സൈന്യം ആകാശത്തേക്കു വെടി വെച്ചു. രണ്ടു മൂന്ന് വയല്‍ കൊക്കുകള്‍ ചത്തു വീണപ്പോള്‍ സുധാംഗധ രാജാവു പറഞ്ഞു.
“മതി, ഓന്‍ പോട്ടെ, നമുക്ക് തല്‍ക്കാലം കൊക്കിനെ മതി, കേന്ദ്രസേന വിചാരിച്ചാല്‍ ഇവിടെ എന്തും നടക്കും എന്നു മനസ്സിലായില്ലേ?”
കോലത്തിരി ചിരിച്ചതു ചെക്കിണി മരത്തില്‍ നിന്നു കേട്ടു.

Tuesday, November 3, 2009

വോട്ടറ് ചെക്കിണി


ചെക്കിണി മുങ്ങി നിവര്‍ന്നപ്പോളാണ് മുന്നില്‍ നില്‍ക്കുന്ന രൂപങ്ങളെ ശ്രദ്ധിച്ചത്. ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോഴേ സംഗതി പന്തിയല്ലെന്ന് മൂപ്പര്‍ക്കു തോന്നി. സഖാക്കള്‍ ചിരി വീണ്ടും തുടങ്ങിയതില്‍ ചെക്കിണിക്കു സന്തോഷം തോന്നി. ചെക്കിണീ പകര്‍ച്ചപ്പനി വന്നതില്‍ പിന്നെ കുറെക്കാലമായി പുറത്തിറങ്ങിയിരുന്നേയില്ല. തൈലവും കഷായവുമായി അങ്ങനെ കഴിഞ്ഞു കൂടുകയായിരുന്നു. മരം കയറിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ബ്ലോക്കറ് പണിയും വെള്ളത്തിലായി.
ചെക്കിണീ തല തുവര്‍ത്തി, നനഞ്ഞ ട്രൌസര്‍ ഊരി കല്ലില്‍ കുത്തി തിരുമ്പി പിഴിഞ്ഞു തോളത്തിട്ടു. എന്നിട്ട് അക്ഷമനായി നിന്നു. ഒരു സഖാവു പറഞ്ഞു.
“ചെക്കിണിക്ക് ഒരു പണിണ്ട്.”
“എന്തു പണി? മരം മുറി?”
“അല്ല, രാജ്യസേവനം”
അതു നല്ല പണി. ചെക്കിണിക്കു സന്തോഷം കേമമായി ഊണ്ടായി.
“ഏതു രാജ്യാ സേവിക്കണ്ടത്?”
“മ്പളെ തട്ടകം. കണ്ണൂര്വന്നെ”
“ എത്രേസം ണ്ടാകും?”
“എലക്ഷന്‍ കഴീന്നേസം ഒഴിവാകാം“
“മരം ആരു മുറിക്കും?”
“ആരെങ്കിലും മുറിക്കട്ടെ”
“ബ്ലോക്കറ് പണിയോ”
“അതവിടെ നില്‍ക്കട്ടെ, പാര്‍ട്ടിയാണ് വ്യക്തിയല്ല വലുത്”
ചെക്കിണീ പിന്നെ മിണ്ടിയില്ല. സഖാക്കളുടെ കൂടെ നേരെ കണ്ണൂര്‍ക്ക് വിട്ടു. അവിടെ ചെന്നപ്പോള്‍ ചെക്കിണീക്കു കുളിരു കോരി. വോട്ടര്‍ പട്ടിക കണ്ട് മൂപ്പരുടെ കണ്ണു നിറഞ്ഞു. കുറുക്കന്‍ കുന്നുമ്മല്‍ ചെറൂട്ടി മകന്‍ ചെക്കിണിയുടെ പേരും ഫോട്ടോയും പതിഞ്ഞ വോട്ടര്‍ പട്ടികയില്‍ പക്ഷേ, വീട്ടുപേര്‍ അല്പം മാറിയാണുള്ളത്. കടപ്പുറത്തു താമസിക്കും കുറുക്കന്‍ കുന്നുമ്മല്‍ ചെറൂട്ടി മകന്‍ ചെക്കിണി എന്നാണ് പേര്. കണ്ണൂര് കണ്ട് ഇറങ്ങിപ്പോരാന്‍ നോക്കുമ്പളാണ് ഒരാള് പറഞ്ഞത്. അങ്ങനെ പോകാന്‍ പറ്റില്ല. എലക്ഷന്‍ കഴീന്നവരെ ഇവടെ തന്ന്യങ്ങു കൂടണം.
അങ്ങനെയാണ് മുനിസിപ്പലിറ്റി കക്കൂസിനടുത്ത് ഒരു കൂരകെട്ടി മൂപ്പര് താമസം തുടങ്ങിയത്. വെറുതെ വൈകുന്നേരം ഒന്നുകൂരക്കു പുറത്തിറങ്ങി ഒരു ബീഡി വലിച്ചു രസിക്കുമ്പൊഴുണ്ട് മുന്നില്‍ ഒരു കല്യാണത്തിന്‍റ്റെ ആളുകള്‍.. അതിശയത്തോടെ ചുറ്റും നോക്കിയപ്പോള്‍ പുറമ്പോക്കില്‍ നിറയെ കൂരകള്‍!
“എന്താപ്പത് കത?” ചെക്കിണി സ്വയം ചോദിച്ചു പോയി. അപ്പോഴുണ്ട് അയല്‍ വാസി നാണുവും കുടുംബവും വഴി വക്കില്‍. അതിശയം കയറി ചെക്കിണി അയല്‍ വാ‍സി നാണുവിനോട് ചോദിച്ചു.
“മുത്തപ്പന്‍ കാവില്‍ പോയതാ?”
നാണു ഒന്നു വിളറി. “അതെ, ഇഞ്ഞി എന്താ ഇവിടെ?”
“ഞ്ഞാള് വോട്ട് ചെയ്യാന്‍ വന്നതാ” മറ്റേ പാര്‍ട്ടിക്കാരനാണെങ്കിലും ചെക്കിണീ പറഞ്ഞു പോയി.
“ഞാളും.“ നാണുവും പറഞ്ഞുപോയി.
പാര്‍ട്ടി വേറെയാണെങ്കിലും ലക്ഷ്യം ഒന്നായതിനാലും ഒരേ നാട്ടുകാരായതിനാലും അവര്‍ കമ്പനി കൂടി. വൈകുന്നേരം ഒരുമിച്ച് റാക്കു കൂടിച്ചു. പൂഴിയില്‍ കിടന്നുരുണ്ടു. തിരിച്ച് കക്കൂസിനടുത്തുള്ള കൂരയിലെത്തിയപ്പോള്‍ സമയം ഒരുപാടു വൈകി.
കൂരക്കടുത്ത് കുപിതരായി സഖാക്കള്‍ നില്‍ക്കുന്നതുകണ്ട് ചെക്കിണി ഒന്നു വിരണ്ടു.
“സഖാവേ, അതാരാ?” നാണു വിനെ ചൂണ്ടി സഖാക്കള്‍ ചോദിച്ചു.
അത്രയേഉള്ളൂ? ചെക്കിണീ ചിരിച്ചു പോയി.
“അത് ഇമ്പളെ നാട്ടുകാരനാ, നാണു. ഓന്‍ കോണ്‍ഗ്രസ്സാ.. ഓനൂണ്ട് ഇവിടെ വോട്ട്. കൂട്ടത്തില്‍ ഓന്‍റ്റെ കുടുമ്പോണ്ട്.”
അതുപറഞ്ഞതേ ചെക്കിണിക്ക് ഓര്‍മ്മയുള്ളൂ. മൂന്നാം ദിവസമാണ് അയാള്‍ക്കു സംഗതി തിരിഞ്ഞത്.







My Blog List

Subscribe Now: Feed Icon