Wednesday, June 9, 2010

വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?”

എന്നെ തന്നെയാണോ ഫോക്കസ് ചെയ്യുന്നത്...?
              കോവളത്തെ ഒരു സായാഹ്നമാണ്. പടിഞ്ഞാറുനിന്നും നാടു കാണാനെത്തുന്നവരുടെ സ്ഥിരം സങ്കേതമായ കോവളത്ത് സൂര്യസ്നാനം ചെയ്യുന്ന വിദേശികള്‍ മണല്‍പ്പരപ്പില്‍ കസേരകളില്‍ നിരന്ന് ഇരിക്കുകയാണ്. ഇവരുടെ ഇടയിലൂടെ നടക്കുന്ന ‘നമ്മുടെ ആളുകള്‍ക്ക്’ കോവളവും കടലും ഒന്നും ഒരു പ്രശ്നമല്ല. അവര്‍ പ്രധാന്മായും നോക്കി നില്‍ക്കുന്നത് മണലില്‍ അര്‍ദ്ധ നഗ്നരായി ഇരിക്കുന്ന വിദേശി സ്ത്രീകളെയാണ്. ഈ കാഴ്ച്ച അങ്ങോളം ഇങ്ങോളം ഉള്ളതിനാല്‍ വായില്‍ നോക്കികള്‍ക്ക് ഒരു കൊയ്ത്തുത്സവം തന്നെയാണ് ഇവിടങ്ങളില്‍. സാമാന്യം തൊലിക്കട്ടിയുള്ള വിദേശിപ്പെണ്ണുങ്ങള്‍ പോലും ഇവന്മാരുടെ കളി കണ്ട് അറപ്പും മടുപ്പും വന്നിട്ട് എത്രയെത്ര പരാതികളാണ് നല്‍കുന്നത്. നമ്മുടെ നാട്ടില്‍ ഒറ്റക്ക് ജോലിക്കു പോകാന്‍ പോലും സ്ത്രീകള്‍ പേടിക്കുമ്പോള്‍ വിദേശിപ്പെണ്ണുങ്ങള്‍ ഇവിടെ വന്ന് മുട്ടു മറയാത്ത ഉടുപ്പുമിട്ട് ഒറ്റക്ക് നാടൊട്ടുക്കും ചുറ്റിയടിക്കുകയും വേണമെങ്കില്‍ ബാറില്‍ പോയി രണ്ടെണ്ണം വീശുകയും ചെയ്യുന്നത് കാണുമ്പൊള്‍ അവര്‍ അറപ്പുകൊണ്ട് കാര്‍ക്കിച്ചു തുപ്പും. “മാനമില്ലാത്ത ജാതി”യെന്നോ “ഉളുപ്പില്ലാത്തവര്‍” എന്നോ പറഞ്ഞ് നാം നമ്മുടെ കുലീനത കാണിക്കും. നിയമനിര്‍മ്മാണ സഭയില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണത്തിന് കൈകാലിട്ടടിച്ച് നമ്മുടെ സ്ത്രീകള്‍ മുന്‍ നിരയിലെത്താന്‍ പെടാപ്പാടു പെടുമ്പോള്‍ പുറം നാട്ടുകാരായ സ്ത്രീകള്‍ നമ്മുടെ പുരുഷന്മാരെക്കാള്‍ മിടുക്കികളാ‍യി ധീരത കാണിക്കുന്നു.  ചുളുവില്‍ എന്തെങ്കിലും രണ്ട് ‘സീന്‍’ ഒപ്പിച്ചെടുത്ത്  ചുറ്റിക്കറങ്ങി നടക്കുന്ന പുരുഷ വര്‍ഗ്ഗത്തില്‍ പെട്ട തദ്ദേശ ടൂറിസ്റ്റുകളെ കാണണോ? ഇവടങ്ങളില്‍ ഒക്കെ ഒന്നു വന്നു നോക്കൂ, ഇതുകൊണ്ടൊക്കെ തന്നെയാണ് ചെക്കിണി പറഞ്ഞത്.
                                “വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?” എന്ന്.

                                    (ചെക്കിണി എല്ലാരെയും നായര്‍ എന്നാണു വിളിക്കുന്നത്)

Saturday, June 5, 2010

സ്വത്വരാഷ്ട്രീയവും ചെക്കിണിയും

                  ചെക്കിണി ചിരിച്ചു ചിരിച്ചു മണ്ണു കപ്പി. മണ്ണു കപ്പി എന്നു പറഞ്ഞാല്‍ പോരാ മണ്ണു മാന്തി. അയാള്‍ ചുമരു മാന്തിക്കീറി ചിരി തുടങ്ങി. എന്തിനിങ്ങനെ ചിരിക്കുന്നു എന്ന് ചാപ്പുണ്യാര് ചോദിച്ചതൊന്നും ചെക്കിണി കേട്ടില്ല. പണ്ട് സര്‍ക്കുലര്‍ രൂപത്തില്‍ ചിരി നിരോധനം പ്രാബല്യത്തിലുണ്ടായിരുന്ന കാലം കഴിഞ്ഞതിനാല്‍  ചിരിക്കുന്നതില്‍ നിയമ തടസ്സം ഇല്ല എങ്കിലും തനി ബൂര്‍ഷ്വാ രീതിയില്‍ ഇങ്ങനെ ചിരിക്കുന്നത് സൈദ്ധാന്തികമായി ശരിയാണോ എന്നും ചാപ്പുണ്യാര്  ചിന്തിക്കാതിരുന്നില്ല. എന്നാലും എന്തിനാണ് ചെക്കിണീ ഇങ്ങനെ വലിയ വായില്‍ ചിരിക്കുന്നത്? ചിരി നില്‍ക്കാതായപ്പോള്‍ മൂസയും ചാപ്പുണ്യാരും അടുത്തുകൂടി.

“ എന്താ ചെക്കിണ്യേട്ടാ കാര്യം?”   മൂസ ചോദിച്ചു.

“ ഒന്നുല്യാ‍..ഹ്...ഹൂയ്......ഹ..ഹ.....” ചെക്കിണിക്ക് ചിരി നില്‍ക്കുന്നില്ല.

ചെക്കിണിക്ക് എന്തോ തകരാറ് കുടുങ്ങിയിട്ടുണ്ട് എന്ന് തന്നെ ചാപ്പുണ്യാരും മൂസയും മറ്റും കരുതി. അവര്‍ രണ്ടു പേരും ചേര്‍ന്ന് കൂട്ടത്തിലെ ബുദ്ധി ജീവിയായ അയമ്മത് കുട്ടിയെ തിരഞ്ഞു. സംഗതി അയാള്‍ അറിഞ്ഞുകാണില്ല.

“ അല്ല, ഇമ്പളെ ബു.ജി എവിടെ?’  മൂസ ചോദിച്ചു.

“ ഓനെ കാണുന്നില്ല”  ചാപ്പുണ്യാര് ഇതു പറഞ്ഞു തീര്‍ന്നതും ചെക്കിണി ഉറക്കെ ചിരി തുടങ്ങി. ചിരിച്ചുകൊണ്ട് ചെക്കിണി തന്റെ കൈ മുന്നോട്ടു ചൂണ്ടി. ചെക്കിണി കൈ ചൂണ്ടിയ ഭാഗത്തേക്ക് ചാപുണ്യാരും മൂസയും നോക്കി.
അവിടെ ഒരു രൂപം നില്‍ക്കുന്നു. ആളെ മനസ്സിലാകുന്നില്ലെങ്കിലും ഒരു കാര്യം വ്യക്തമായി. ആള്‍ നഗ്നനാണ്. മാത്രമല്ല അയാള്‍ മേലാസകലം ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതു കണ്ടിട്ടാണോ ചെക്കിണി ചിരിക്കുന്നത്? അതില്‍ എന്തിത്ര ചിരിക്കാന്‍?

“ഇഞ്ഞി അയാളെ കണ്ടിട്ടാ ചിരിക്കുന്നത്? അയാള്‍ ഏതോ പ്രാന്തനല്ലെ ചെക്കിണ്യേ...?”
ചെക്കിണീ ഒറ്റയടിക്ക് ചിരി നിര്‍ത്തി.  എന്നിട്ട് ശാന്തനായി തന്റെ ധൈഷണികത വെളിവാക്കുന്ന കഷണ്ടി തടവി പറഞ്ഞു.

‘ഇര......”
‘എന്ത്? എര്യോ”  ചാപ്പുണ്യാര്‍ക്ക് ഒന്നും തിരിഞ്ഞില്ല.

മൂസ ആകാശത്തും ഭൂമിയിലും മാറി മാറി നോക്കി സംശയം മാറ്റി.

“ഇര...  സ്വത്വബോധം ഉണര്‍ന്നു കഴിഞ്ഞു.... കാത്തിരുന്നു കാണുക...”  ചെക്കിണി ഉണര്‍ത്തിച്ചു.
ചെക്കിണിയുടെ നാവില്‍ അനാരതം തുളുമ്പുന്ന വാണീ വിലാസം കണ്ട് ചെക്കിണിയും മൂസയും സ്തബ്ധരായി നിന്നു പോയി. ഏതോ ഭൂതം അല്ലെങ്കില്‍ ജിന്ന് ചെക്കിണിയില്‍ പ്രവേശിച്ചു കഴിഞ്ഞുവെന്നും അതിന്റെ കളിയാണ് ഇതൊക്കെ എന്നും മൂസ പറഞ്ഞു. 

‘ ചാപ്പുണ്യാരേ, ഇമ്പളെ അയമ്മത് കുട്ടീനെ നോക്കി...”  

പറഞ്ഞത് മറ്റാരുമല്ല, ചെക്കിണി തന്നെ. ചെക്കിണി ഇപ്പോള്‍ സാക്ഷാല്‍ ചെക്കിണീയായി തന്നെയാണ് പറയുന്നത്. ചെക്കിണിയുടെ ഭാവ മാറ്റത്തില്‍ അദ്ഭുതം പൂണ്ട് അവര്‍ അയാള്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഒന്നു കൂടി നോക്കി.  അപ്പോഴാണ് അവര്‍ക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത്.
ഭ്രാന്തന്റെ വേഷത്തില്‍ നിന്നും നിന്ന് മേലാസകലം ചൊറിയുന്നത് മറ്റാരുമല്ല. ബുദ്ധി ജീവിയായ അയമ്മത് കുട്ടി തന്നെ.  ചെക്കിണി ചിരി നിര്‍ത്തി ആ കഥ ചുരുക്കത്തില്‍ പറഞ്ഞു.
അയമ്മത് കുട്ടിയെ കുറെ കാലമായത്രേ ഒരു എലി ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. രാത്രി കിടക്കുമ്പോള്‍ എലി ശരീരത്തില്‍ വന്ന് ഇക്കിളി ആക്കും. ആദ്യം അയാള്‍ അത്ര കര്യമാക്കിയില്ല. പിന്നെ എലി അയാളെ നക്കാന്‍ തുടങ്ങി. അതും അയാള്‍ കാര്യമാക്കിയില്ല. പിന്നെ ഗുജറാത്തില്‍ പോയപ്പോള്‍ എലികള്‍ കൂട്ടമായി ആക്രമിച്ച് പ്ലേഗ് ബാധിച്ച ഒരു പാട് മനുഷ്യരെയും കണ്ടു. തിരിച്ച് വീട്ടില്‍ വന്ന് കിടന്ന് ഉറങ്ങിയ ഒരു രാത്രിയില്‍ എലി വയറ്റില്‍ പോയി എന്നാണ് അയമ്മത് കുട്ടി പറയുന്നത്. പിന്നെ ഇക്കിളിയോട് ഇക്കിളിയാണ്. എവിടെ ചെന്നാലും അയാള്‍ ഇക്കിളി കൊണ്ട് ചിരിക്കും. സ്വത്വ ബോധം സട കുടഞ്ഞ് എഴുന്നേറ്റ അയമ്മത് കുട്ടി (ബു.ജി) തന്റെ പഴയ സ്വത്വം നില നിര്‍ത്തിയ താടി തടവി വിളിച്ചു പറഞ്ഞു.
“കൂട്ടമായി ഒറ്റതിരിഞ്ഞുള്ള ഈ ആക്രമണം മതപരമാണ്. അതിനെ നേരിടണമെങ്കില്‍ സ്വത്വബോധം വളരണം. ബുദ്ധി ജീവി ആയതിനാല്‍ അദ്ദേഹം മാര്‍ക്സിന്റെയും മറ്റ് മൂന്ന് ബുദ്ധിജീവികളുടെയും നാലഞ്ച് ഉദ്ധരണികള്‍ കൂടി ക്വോട്ട് ചെയ്ത് ഒരു കിടിലന്‍ പ്രസംഗം ചെയ്തു. ദാര്‍ശനികനായ ചെക്കിണി അനന്തതയില്‍ കുറെ നേരം നോക്കി നിന്നതിനു ശേഷം അയാള്‍ ചിരി തുടങ്ങി.  ചിരി എഞിനാണെന്ന് ചെക്കിണിക്ക് അറിയില്ല.

പീടികത്തിണ്ണയില്‍ ഉടുമുണ്ട് അഴിച്ച് തലയില്‍ കെട്ടി നില്‍ക്കുന്ന അയമ്മത് കുട്ടിയെ കണ്ട് സാവകാശം മൂസയും ചാപ്പുണ്യാരും ചിരി തുടങ്ങി.  ഓറ് മൂന്നാളും കൂടി ചിരിയോചിരി തന്നെ.

Wednesday, June 2, 2010

ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും?

കഷ്ടം, ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും?     
 പാവം കുരങ്ങത്താനാണ്, എന്തു ചെയ്യാം കയ്യാങ്കളിയില്‍ തകര്‍ന്നത് സ്വന്തം പ്രതിച്ഛായയാണ്. ചുണ്ടും പല്ലും മൂക്കും തകര്‍ന്ന് ഗ്ലാമര്‍ പോയ ഈ വിദ്വാന്‍ ആരോടു സങ്കടം പറയാന്‍? ആള്‍ വല്ലാത്ത ഒരു കോമ്പ്ലക്സിലാണ്. ആരെ കണ്ടാലും ആദ്യം ദയനീയമായി ഒന്നു നോക്കും. ആ നോട്ടം പക്ഷേ നമുക്ക് തോന്നുന്നത് ഒരു ഭീകര സത്വം നോക്കുന്നതു പോലെയാണ്.  നമ്മള്‍ അടുക്കാന്‍ ശ്രമിച്ചാല്‍ ആള്‍ വയലന്റ് ആകുമോ എന്ന് നമ്മില്‍ സംശയം ജനിക്കും. ഞാന്‍ പേടിച്ച് പേടിച്ച് എടുത്ത ചിത്രമാണ്. സ്ഥലം കോഴിക്കോട് ജില്ലയിലെ വള്ളിക്കാട്ടു കാവ്. ഒരു പാട് വാനരന്മാരെ സംരക്ഷിക്കുന്ന സ്ഥലമാണ്. പണ്ട് സീതയെ തിരഞ്ഞുള്ള യാത്രാമധ്യേ, ഹനുമാന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ നിന്നും കൂട്ടം തെറ്റിയ വാനരന്മാരാണ് അവിടെ കഴിയുന്നത് എന്ന് സങ്കല്‍പ്പം. എന്തായാലും ഈ കാവും അവിടുത്തെ സുഖകരമായ കുളിരും മനോഹരം.   കുരങ്ങന്മാര്‍ തമ്മിലുള്ള കശപിശയില്‍ മുഖം നഷ്ടമായ വാനരനാണ് ചിത്രത്തില്‍.

Tuesday, June 1, 2010

ഓന്‍ എന്തൊരു ചെക്കനായിരുന്നു!

                ടിപ്പുരയില്‍ പതുങ്ങി നില്‍ക്കുന്ന കുട്ടനെ കുട്ടനെ കണ്ടതും ചെക്കിണി സ്തബ്ധനായി നിന്നു പോയി. 


പണ്ട് പൂന്താനം പാടിയ പാനയുടെ അര്‍ഥം ചെക്കിണിക്ക്  പൂര്‍ണ്ണമായി മനസ്സിലായത്  അപ്പോഴാണ്. ചെക്കിണിക്ക് സാഹിത്യ ഭാഷ അറിയില്ലെങ്കിലും അമ്പലത്തില്‍ നിന്നും ദിവസവും വൈകുന്നേരം കേള്‍ക്കുന്ന പാട്ട് തെങ്ങിന്‍ മുകളില്‍ നിന്നും  കേട്ട് ചെക്കിണി അര്‍ത്ഥഗ്രാഹ്യം  നേടിയിട്ടുണ്ട്. മാളിക മുകളില്‍ കയറിയങ്ങനെ കാരണവരോടൊപ്പം തിന്നുമുടിച്ചും ആഡ്ഡ്യത്തം കൈവിടാതെ പ്രജാക്ഷേമ തല്‍പ്പരനായി വാണരുളിയും അജയ്യനായി കഴിഞ്ഞ ആളാണ്. ആശ്രിതവത്സലത്വം ജീവിതവ്രതമാക്കിയ നേതാവിന്റെ ശിക്ഷണത്തില്‍  പ്രജകള്‍ക്കായി എന്തു ത്യാഗവും ചെയ്യാന്‍ സന്നദ്ധനായി നിന്ന ആശാന്‍ അവസാനം ശ്രീ ബുദ്ധനെപ്പോലെ ജീവിതത്തിന്റെ സാരം അന്വേഷിച്ച് തറവാടു വിട്ട് ഇറങ്ങിയതാണ്. പ്രജകളുടെ ദുഃഖം മാറ്റുക എന്ന ഒരേ ഒരു സിദ്ധാന്തം മാത്രം മുറുകെ പിടിച്ചതിനാല്‍ സ്വന്തം സഹോദരിയെ വരെ അദ്ദേഹത്തിന് വെറുക്കേണ്ടി വന്നു. താങ്ങും തണലുമായിരുന്ന വ്ര് ദ്ധ പിതാവു വരെ പകുതി വഴിയില്‍ വെച്ച് തിരിച്ച് തറവാട്ടിലേക്കു പോയെങ്കിലും  പ്രജകളെ ഓര്‍ത്ത് അദ്ദേഹം പിന്തിരിഞ്ഞില്ല. വഴി തോറും ‘മൈക്കില്‍ ജീപ്പുകെട്ടി‘ തറവാടു ഭരിക്കുന്ന പരിഷകളെ തെറിയഭിഷേകം ചെയ്ത് നാട്ടില്‍ ഒരു തരംഗം തന്നെ ഉണ്ടാക്കി ഇറ്റാലിയന്‍ കോണ്‍ഗ്രസ്സിനെ നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത് അങ്ങനെ വിലസിയ ആളാണ്. പണ്ട് അച്ഛന്‍ മൂത്രം ഒഴിക്കാന്‍ പോയസമയം ഏതോ സന്മനസ്സുള്ള ആളുകള്‍ അഛന്‍ അറിയാതെ (ആദര്‍ശ ശാലിയായ നേതാവ് ആയതിനാല്‍ അദ്ദേഹം ഇതൊന്നും സമ്മതിക്കില്ല) നാമ നിര്‍ദ്ദേശം നല്‍കുക വഴിയാണ് ‘ക്രിസ്തു ദേവന്റെ പരിത്യാഗ ശീലവും സാക്ഷാല്‍ ക്രിഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവുമുള്ള’ ഈ ലോകസേവകന്‍ ഉദ്ഭൂതനായത് എന്നും ചെക്കിണി കേട്ടിട്ടൂണ്ട്.  അങ്ങനെ’അദ്ദ്യേഹം’  ഗാന്ധിസം ജീവിതവ്രതമാക്കി പുതിയൊരു പ്രസ്ഥാനം തന്നെ രൂപപ്പെടുത്തി വരികയായിരുന്നു.  

           ‘പക്ഷീന്ദ്രനുണ്ട് ഗരുഡനെന്നോര്‍ത്തിട്ട് മക്ഷികക്കൂട്ടം മദിക്കും കണ്‍ക്കിന്’ എന്തോ ഒരു ഗുട്ടന്‍സ് കണ്ടിട്ടായിരുന്നു ലംബോദരന്റെ ഈ കളി എങ്കിലും ചുവപ്പന്മാര്‍ ചതിച്ചു കളഞ്ഞു. അപ്ഫന്റ്വിടുന്നു പോന്നെങ്കിലും അമ്മാത്ത് എത്താതെ ഉണ്ണി വഴിയില്‍ പരുങ്ങി നില്‍പ്പായി. അവസാനം അച്ഛനും പെങ്ങളും ഉമ്മച്ചനും അന്തുച്ചനും ചതിച്ചെങ്കിലും പ്രജകള്‍ ഇങ്ങനെ ചതിച്ചു കളയുമെന്ന് കുട്ടന്‍ കരുതിക്കാണില്ല. തോറ്റ് തൊപ്പിയിട്ട് വഴിയില്‍ നിന്നും വാവിട്ടു കരഞ്ഞ കുട്ടനെ ഒന്ന് രക്ഷിക്കാന്‍ കേരളത്തിലെ മൂല്യ ബോധമുള്ള രാഷ്ട്രീയക്കാര്‍ക്ക് കഴിയാത്തത് കഷ്ടമാണെന്ന് ചെക്കിണിക്ക് തോന്നി. ചെക്കന്മാര്‍ക്ക് ഒരു പണികിട്ടാനും മറ്റ് എന്തെങ്കിലും ഒരു കാര്യ സാധ്യത്തിനും ഒന്നു വിളിച്ചു പറഞ്ഞാല്‍ പാര്‍ട്ടി നോക്കാതെ ആളു നോക്കാതെ ഒന്നു ശുപാര്‍ശ ചെയ്യാന്‍ ഇന്നിവിടെ ആരാണുള്ളത്?  സ്വന്തമായി ഒരു ചില്ലിക്കാശുപോലും സമ്പാദിക്കാന്‍ ‘അദ്ദ്യേം’ ഇതു വരെ മിനക്കെട്ടിട്ടില്ല. നാടിനും നാട്ടുകാര്‍ക്കുംവേണ്ടി ഉഴിഞ്ഞു വെച്ച ഒരു ജീവനും ശരീരവും ഇങ്ങെനെ തുരുമ്പെടുക്കുന്നത് കണ്ടു നില്‍ക്കാന്‍ മലയാളികളായ നമുക്കേ സാധിക്കുകയുള്ളൂ. 

              തറവാടു മുറ്റത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കുട്ടനെ കണ്ട് ചെക്കിണി വല്ലാതായി.
       “ ഞാന്‍ ഒന്നങ്ങോട്ട് വന്നോട്ടെ....”      ഉണ്ണി ചൊദിച്ചു
       “ ഈ പടി ചവിട്ടണ്ട.. കടന്നു പോ..”  കാരണവര്‍.
        “ഞാന്‍ ഇവിടെ ഇരിക്കും”
 ഇതു കേട്ട് അകത്തുനിന്നും ഉണ്ണികള്‍ കൂവി. കൂവല്‍ കേട്ട് കൂട്ടന്‍ ഉറക്കെ കരഞ്ഞു. കരഞ്ഞുകൊണ്ട് അവന്‍ തറവാടിന്റെ മുകളിലേക്ക് നോക്കി.
അച്ഛനും പെങ്ങളും അവിടെയിരുന്ന് ഭാഗവതം വായിക്കുന്നു.
അവസാനം കുട്ടന്‍ ചെക്കിണിയോട് പറഞ്ഞു.  “അദ്ദ്യേം അവിടെ ഇരുന്നോട്ടെ. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും ന്നെ വിളിക്കാതിരിക്കില്യ”
ചെക്കിണിക്ക് ഇതു കേട്ട് കരച്ചില്‍ വന്നു. അയാള്‍ മനസ്സില്‍ പറഞ്ഞു” ഓന്‍ എന്തൊരു ചെക്കനായിരുന്നു!“

My Blog List

Subscribe Now: Feed Icon