Tuesday, June 9, 2009

ഒരു നായ പറ്റിച്ച പണി

4
പാര്‍ട്ടി തോറ്റതോടെ ചെക്കിണി ചിരിക്കാതായി. പാര്‍ട്ടി തോറ്റാല്‍ ചിരിക്കാന്‍ പാടില്ല എന്ന വസ്തുത സര്‍ക്കുലര്‍ രൂപത്തില്‍ ബ്രാഞ്ചുകളില്‍ വന്നതൊന്നും ചെക്കിണി അറിഞ്ഞിട്ടില്ല. മറ്റൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പാര്‍ട്ടി മെംബെര്‍മാര്‍ ചിരിക്കരുത് എന്ന് ഒരു രഹസ്യ സര്‍ക്കുലര്‍ ഉള്ളതായി ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അത്, പാര്‍ട്ടി മെംബെര്‍മാര്‍ക്കുമാത്രം ബാധകമായ കാര്യമാണ്. എന്നാലും ചിരിക്കേണ്ട്തും അല്ലാത്തതുമാ‍യ സമയത്തേക്കുറിച്ച് ‘ചില മാഷന്മാര്‍’ നല്‍കിക്കൊണ്ടിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ചെക്കിണി അറിഞ്ഞതായി എന്നോടു പറഞ്ഞിട്ടുണ്ട്.
ആയതിനാല്‍ തല്‍ക്കാലം ചെക്കിണി ചിരി നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിരിക്കണമെന്നുതോന്നുമ്പോള്‍ വലിയ മരത്തിന്‍റ്റെ മുകളില്‍ കയറിനിന്ന് പൊട്ടിച്ചിരിക്കും. ആരു കേള്‍ക്കാന്‍? ബ്ലോഗിംഗിനു പോകുമ്പോള്‍( ബ്രോക്കറ് പണി) ചെക്കിണി പെണ്‍കുട്ടികളെയും തന്തമാരെയും കണ്ടാല്‍ തല്‍ക്കാലം ചിരിക്കതെ കൈ കൂപ്പിനില്‍ക്കും.
ഞാന്‍ വയല്‍ വരമ്പുകടന്നു വരുമ്പോളാണു ബ്ലൊഗ്ഗറെ കണ്ടത്.
“ എങോട്ടാ ചെക്കിണ്യെട്ടാ....” ഞാന്‍ തിരക്കി.
“ മാപ്പിനു പോയതാ...” മൂപ്പരു ചിരിക്കാതെ പറഞ്ഞു.
എനിക്കു സംഗതി മനസ്സിലായില്ല. ആരോടു മാപ്പു പറയാന്‍ പോയ കാര്യമാണു ചെക്കിണീ മൂപ്പരു പറയുന്നത്? ആ പോലീസുകാരത്തിയുമായി പിന്നെയും വല്ല പ്രശ്നവുമുണ്ടായോ?
“എന്തു മാപ്പ്? ആരോടുമാപ്പു പറയാന്‍? ഞാന്‍ തിരക്കി.
“ ആന്ന്.... ചെക്കനു പടിക്കാന്‍ കേരളത്തിന്റെ മാപ്പ്...”
“ അതേള്ളൂ....?”
അതു പറഞ്ഞുകൊണ്ട് ചെക്കിണി കേരളത്തിന്‍റ്റെ ചുരുട്ടിപ്പിടിച്ച മാപ്പ് നിലത്തുവെച്ച് തെങ്ങിന്‍ ചുവട്ടില്‍ മൂത്രമൊഴിക്കാനിരുന്നു.
ചുരുട്ടിപിടിച്ച കെരളത്തിന്റെ മാപ്പ് പായ വിരിച്ചപോലെ നിവര്‍ന്നുകിടന്നു. അപ്പോള്‍ എവിടെനിന്നോ ഓടിവന്ന ഒരു പട്ടി നിവര്‍ന്നുകിടക്കുന്ന കേരളത്തിനുമേല്‍ കയറിനിന്ന് ഒരുകാലു പൊക്കി ശരേ.. എന്നു മൂത്രമൊഴിച്ചുതുടങ്ങി. അതിനുപിന്നാലെ രണ്ടുമൂന്നു കാഷ്ടവും വീണു. ഞാന്‍ ചളുങ്ങിപ്പോയി. മൂത്രമൊഴിച്ച് എഴുന്നേറ്റുവന്ന ചെക്കിണീ,മലിനമായി കിടക്കുന്ന കേരളം കണ്ട് ഞെട്ടി.
മലിനമാക്കിയത് പട്ടിയ്യാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചെക്കിണീ കല്ലുമായി പട്ടിക്കുപിന്നാല പാഞ്ഞു. പട്ടി പാതി വഴിയില്‍നിന്നും തിരിഞ്ഞു നിന്നു. എന്നിട്ടു ചെക്കിണീയെ നോക്കി ഒന്നു മുരണ്ടു.
ചെക്കിണീ പെട്ടെന്ന് അറിയാതെ നിന്നുപോയി. കേരളം വ്റ്ത്തികേടാക്കിയ പട്ടിയുടെ മോന്തക്ക് ചെക്കിണി കല്ലെടുത്ത് എറിയുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ മോണ്ട്മോറന്‍സിയെയും റ്റോംക്യാറ്റിനെയും പോലെ അവര്‍ മുഖത്തോടുമുഖം നോക്കിനില്‍ക്കുന്നതാണ് കണ്ടത്.
പട്ടി- എന്താ കാര്യം?
ചെക്കിണി- (ഇളിഭ്യനായി) ഒന്നുല്ലാ‍...... വെറുതെ... എങ്ങോട്ടാ തെരക്കിട്ട്?
പട്ടി- വെറുതെ ഒരു പ്രഭാത സവാരി. പോരുന്നോ?
ചെക്കിണി- ഇ....ല്ല... ഞാന്‍... എന്‍റ്റെ കേരളം....
പട്ടി- കേരളം..? കേരളത്തിന് എന്തു പറ്റി?
ചെക്കിണി- ഏതോ പട്ടി തൂറി
പട്ടി- (തത്ത്വ ജ്ഞാനിയെപോലെ)ഒരു പട്ടിയും സ്വന്തം കൂട് മലിനമാക്കില്ല.
ഇതു പറഞ്ഞ് പട്ടി ഈസിയായി നടന്നു പോയപ്പോള്‍ ചെക്കിണി തിരിച്ചു വന്നു.
ഏതു പട്ടിയാണു കൂടു മലിനമാക്കിയത് എന്നതായിരുന്നു എന്റെ ചിന്ത.

1 comment:

Sulfikar Manalvayal said...

ഇത്രയും നല്ല ആശയം. എന്ത് കൊണ്ട് മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ പോയി എന്നതില്‍ ആണെനിക്ക്‌ ആശ്ചര്യം.
ഞാന്‍ ബാലേട്ടന്റെ പീ ആര്‍ ഓ ആവേണ്ടി വരുമോ? പേടിക്കേണ്ട. അബുദാബിയില്‍ മൂന്നു വര്‍ഷം പീ ആര്‍ ഓ ആയ മുന്‍ പരിചയമുണ്ടെ..
ഏതായാലും നന്നായി. വീണ്ടും "ചെക്കിണി"
എന്നെ ഏറ്റവും ചിരിപ്പിച്ചതും, ചിന്തിപ്പിച്ചതും. മുഖാമുഖ സംഭാഷണം ആയിരുന്നു . ചെക്കിണിയും പട്ടിയും.
ഇതും കേരളത്തിന്റെ ആനുകാലിക അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു. "മലീമസമായ കേരളം".

My Blog List

Subscribe Now: Feed Icon