നിശ്ചലം ഘടികാരം, പതിയെ പടികടന്നെത്തുന്നൂ
നിന്‍റ്റെയിഷ്ടതോഴനാം നിഴല്‍, രാവിന്‍
നിഷ്പന്ദ സംഗീതത്തിലലിയും മൌനം
വാര്‍ന്നു കിടക്കുമേകാന്തത.
പാതിവെന്തതാം ചന്ദ്രന്‍,
പാതിരാ നക്ഷത്രത്തിന്‍ കാതര നയനങ്ങള്‍,
വിഷലിപ്തമാം നീലവെളിച്ചം ചവച്ചിട്ട
നിഴലിന്‍ നുറുങ്ങുകള്‍...
വലിഞ്ഞുമുറുകുന്നൂ സിരകള്‍, സംഗീതത്തിന്‍
ലയസീമയില്‍ സൈഗാള്‍ പാടുന്നൂ
വിറക്കുന്നോരുടലില്‍ ചുറ്റിപ്പിടിച്ചാടുന്നൂ നിഴല്‍,
നിന്‍റ്റെ പ്രാണനില്‍ കരം ചേര്‍ത്തു പുണര്‍ന്നൂ പ്രിയതോഴന്‍
ദിഗന്തങളില്‍ ഏതോ ദീനരോദനം
നിത്യഗൂഡമാം പ്രണയത്തിന്‍
നറുമുന്തിരിവീഞ്ഞിന്‍ സ്ഫടികപാത്രം
വീണു തകര്‍ന്നു.
ഉടലില്‍ സൂക്ഷിച്ചതാം അഗ്നിരേണുക്കള്‍ പൊട്ടിയുരുകീ
കരിധൂമ സര്‍പ്പങ്ങള്‍ തലകീഴായ്കിടന്നു വിഷം തുപ്പീ
മിഴികള്‍ ചിറകടിച്ചഗ്നിയെ വലം വെച്ചൂ...
മനസ്സിലൊളിപ്പിച്ചതാം മയില്‍പ്പീലികള്‍ ചിറകടിച്ചു പറക്കുന്നൂ
വിരല്‍തുമ്പിലഗ്നിനാളങ്ങള്‍
കരിന്തിരി കത്തുന്നൂ
നിന്‍റ്റെ ഗുല്‍മോഹര്‍ പൂത്തൂ,
കാത്തിരുന്നയാള്‍ കരംഗ്രഹിച്ചണഞ്ഞൂ,
മൊഴിയാത്ത വാക്കുപോല്‍, ഉരുകി നീ
നിശ്ചലം, നിരാലംബം.....
*അകാലത്തില്‍ പൊലിഞ്ഞ നന്ദിതക്ക്
No comments:
Post a Comment