
ചെക്കിണി അഴീക്കോട് സാറിന്റെ പേര് കേട്ടിട്ടേയില്ല. കഴിഞ്ഞ ദിവസമാണ് അങ്ങനെ ഒരാള്‍ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്ന വിവരം ചെക്കിണി അറിയുന്നത്. കാരണം ചെക്കിണിക്ക് എന്തെല്ലാം ജോലികള്‍ കിടക്കുന്നു. ഭൂലോകത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങളൊന്നും ചെക്കിണീ വായിക്കാത്തതിനാല്‍ സാഹിത്യ സംബന്ധിയായ ഭീഷണി, തെറിവിളി, കേസ്, കോടതി, അസൂയ മുതലായ സര്‍ഗ്ഗാത്മകത ആവശ്യമായ സംവാദങ്ങളില്‍ ചെക്കിണിക്ക് ഇടപെടേണ്ടി വന്നിട്ടില്ല. ആയതിനാല്‍ തത്വമസി, അഹം ബ്രഹ്മാസ്മി എന്നെല്ലാമുള്ള ബ്രഹ്മ സംബന്ധിയായ നിഷ്ക്കാമ ചിന്തകളടങ്ങിയ ഭാരതീയ വിചാരം ചെക്കിണിക്ക് തൊട്ടു തീണ്ടിയിട്ടില്ല. അഴീക്കോട് സാറിനെപ്പറ്റി അറിഞ്ഞപ്പോളാണ് ആ സത്വികനായ നിഷ്ക്കാമ കര്‍മ്മയോഗിയുടെ മഹത്വം ചെക്കിണി മനസ്സിലാക്കിയത്. സ്വന്തം ജീവിതം തന്നെ പ്രത്യയ ശാസ്ത്രത്തിനും സാംസ്ക്കാരിക പ്രവര്‍ത്തനത്തിനും വേണ്ടി വിട്ടുകൊടുത്ത് പഞ്ചഭൂതാഭിയുക്തമായ ശരീരം പോലും ശ്രദ്ധിക്കാതെ ആത്മീയതയില്‍ മാത്രം നിര്‍ലീനനായിരിക്കുക!(ഹാ! ഹന്ത! ആഹഹ! തുടങ്ങിയ വ്യാക്ഷേപകങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ സമയം) ചെക്കിണിക്ക് ലാലേട്ടനോട് കലി വന്നു. ആള് ജനങ്ങള്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുക്കുന്നവനാണെന്നു ചെക്കിണിക്ക് അറിയാം. കൂടാതെ ജനസേവനാര്‍ഥം അച്ചാറുണ്ടാക്കി വിറ്റും ശ്വാസം മുട്ടി ദുരിതമനുഭവിക്കുന്ന കാസ രോഗികള്‍ക്ക് ആശ്വാസമരുളാന്‍ കസ്തൂരി ഗുളിക വരെ വില്‍ക്കുന്നതിന് പരസ്യം നല്‍കിയും മലബാറിലെ ദരിദ്രനായ സ്വര്‍ണ്ണപ്പണികാരന് നാലു കാശ് കിട്ടട്ടെ എന്നു കരുതി നേരമില്ലഞ്ഞിട്ടും പരസ്യത്തിനു മുഖം കാണീച്ചും സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നവന്നണ്. ഒക്കെ സമ്മതിക്കാം, എന്നാല്‍ ആരാണ് ലാലേട്ടന് എന്ന് സാറ് ഇതുവരെ അറിഞ്ഞിട്ടില്ല. സാറ് ലാലേട്ടനെപ്പറ്റി മുമ്പ് അറിഞ്ഞിരുന്നെങ്കില്‍ കളി ഇതൊന്നുമാകുമായിരുന്നില്ല. സൌന്ദര്യമെന്താണെന്ന് സാറ് കാണിച്ചു കൊടുത്തേനെ. വിഗ്ഗു വെച്ചാല്‍ മതി സൌന്ദര്യമുണ്ടാകാന്‍ എന്ന് സാറിനറിയാം. കഷ്ടി നാലു ദിവസം മുമ്പാണ് ലാലേട്ടന് എന്നൊരാള്‍ ഈ മണ്ണീല് ഉണ്ട് എന്ന വിവരം സാറ് അറിയുന്നത്. കോമാളിത്തരങ്ങള്‍ കാണിക്കുന്ന സിനിമ പോലുള്ള പ്രവ്രിത്തികള്‍ ഭൂമുഖത്ത് ഉണ്ട് എന്നു കേട്ടതല്ലാതെ സാറ് അതത്ര ശ്രദ്ധിച്ചിരുന്നില്ല. ഇതൊക്കെ സാറ് ശ്രദ്ധിക്കാന്‍ ഒരു കാരണം ഉണ്ട്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് കലഹിച്ചുകൊണ്ടിരിക്കുന്ന തിലകന് ചേട്ടനാണ് പണി പറ്റിച്ചത്. തിലകന് ചേട്ടനെപ്പറ്റി സാറ് കേട്ടിട്ടുണ്ട്. ജാതി പറഞ്ഞ് അദ്ദേഹത്തെ സിനിമാക്കാര് ഒരു വഴിക്ക് ആക്കി കളഞ്ഞു. രക്ഷിക്കാന്‍ ഒരു നടേശഗുരുവും വരാത്തതിനാല്‍ ഗോദയില്‍ ഒറ്റക്ക് പോരാടേണ്ടിവന്ന ആ വന്ദ്യ വയോധികനെ കണ്ടതും മഹാ സാത്വികനായ സാറിന് കലി വന്നു. (സാറ് അസ്സല് ഗാന്ധിയനാണെങ്കിലും വാര്‍ധക്യകാലത്തുള്ള ഈ ക്ഷോഭം ധാര്‍മ്മിക രോഷമായി എടുത്താല്‍ മതി) അങനെയാണ് സൌന്ദര്യം നഷ്ടപ്പെട്ട് വിറളിയെടുത്തുകൊണ്ടിരിക്കുന്ന ലാലേട്ടന് കണക്കിന് കിട്ടിയത്. ഇതുവരെ ഒരു പുസ്തകവും വായിച്ചിട്ടില്ലാത്ത ലാലേട്ടന് തന്റെ ഗുണ്ടകളെ ഇറക്കി പുസ്തകപ്പുഴുവായ സാറിനെ വക വരുത്താന്‍ വല്ല പരിപാടിയുമുണ്ടോ എന്നും അറിയില്ല. ഏതായാലും പഴയ മുണ്ട് കോലിന്മേല് ചുറ്റി സാറിന്റെ കോലമുണ്ടാക്കി കത്തിച്ച് അവര്‍ പരിപാടി തുടങ്ങിക്കഴിഞ്ഞു. ഇതുകണ്ട് ചിരിക്കുന്ന ചില സ്വവര്‍ഗ്ഗതില്‍ പെട്ടവരെ സാറ് കണ്ടിട്ടീല്ല എന്നാണ് പിന്നാമ്പുറത്തെ സംസാരം. ഏതായാലും ചെക്കിണിക്ക് ഇതോടെ സാംസ്ക്കാരിക ബോധം ഉണ്ടായതിനാല്‍ രണ്ടു ഗ്ലാസ്സ് നാടന്‍ വീശി മൂപ്പര് നാലഞ്ച്ച് തെറീ വാക്ക് ഉറക്കെ വിളിച്ച് സാംസ്ക്കാരിക ലോകത്തേക്കുള്ള തന്റെ വരവ് അറിയിച്ചു.
കാര്‍ട്ടൂണ്‍- ശ്രീ പ്രേമദാസന് ഇരുവള്ളൂര്‍