Thursday, February 11, 2010

രാത്രി ലില്ലികള്‍ പൂത്തപോല്‍....


ആകസ്മികമായി ഒരു ദുരന്തം കൂടി മലയാള സിനിമക്ക് ഉണ്ടായിരിക്കുന്നു. എണ്‍പതുകളുടെ ആദ്യപകുതിയില്‍ തുടങ്ങിയ സിനിമാ ഗാന സാഹിത്യത്തിലെ മൂല്യശോഷണം തന്‍റ്റെ സര്‍ഗവൈഭവം കൊണ്ട് ഒരു പരിധി വരെയെങ്കിലും തിരുത്തിയെടുത്ത പുതിയ തലമുറയുടെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും കാലയവനികക്കുള്ളില്‍ മറഞ്ഞു. പരസ്പര ബന്ധമില്ലാത്ത പദങ്ങള്‍ ചേര്‍ത്ത് കാവ്യഗുണമില്ലാത്ത ഗാനങ്ങള്‍ പടച്ചുവിട്ട പാട്ടെഴുത്തുകാരുടെ വലയില്‍ ഒരുപാട് സംവിധായകര്‍ പെട്ടുപോയതിന്‍റ്റെ തിക്തഫലം മലയാള സിനിമ കുറെക്കാലം അനുഭവിച്ചു. മലയാളത്തിലെ എണ്ണപ്പെട്ട കവികള്‍ പാട്ടെഴുത്തിനെ രണ്ടാം തരം ഏര്‍പ്പാടായി മാറ്റിനിര്‍ത്തിയപ്പോള്‍ അതിന്റെ നിലവാരത്തെ പിടിച്ചുനിര്‍ത്താന്‍ ഒരു ഒ.എന്‍.വി.യോ യുസഫലിയോ തമ്പിയോ ഉണ്ടായിരുന്നുവെങ്കിലും അവരും എന്തുകൊണ്ടോ അത്ര സജീവമാകാതെ നിന്ന ഒരു ഇടവേള നശിപ്പിച്ചു കൈയില്‍ കൊടുത്ത ചില ‘കവിമ്മന്യന്മാര്‍’ മലയാളം പാട്ടിനെ ഭരണിപ്പാട്ടോളം തഴ്ത്തിക്കളഞ്ഞു. വയലാറിന്റെ വിശുദ്ധമായ ഭാവനയും ഭാസ്കരന്‍ മാഷിന്റെ ലളിതമായ ശൈലിയും ഒ.എന്‍.വിയുടെ ദീപ്തമായ പ്രണയ സങ്കല്‍പ്പവും പാട്ടിലൂടെ മനസ്സിലേറ്റുവാങ്ങിയ മലയാളിയുടെ കരളിലെ തന്ത്രിയില്‍ അനുരാഗത്തിന്റെ ഇളം കാറ്റ് അറിയാതെ കൈവിരല്‍ ചേര്‍ത്തപ്പോളാണ് നാംഅദ്ദേഹത്തെശ്രദ്ധിക്കുന്നത്. പുത്തഞ്ചേരി കടന്നു വന്ന വഴി അത്ര സുഗമമായിരുന്നില്ല. ഒരുപാട് ത്യാഗത്തിലൂടെയാണ് അദ്ദേഹം വിജയത്തെ തന്നോടടുപ്പിച്ചത്. ജനിതക പാരമ്പര്യം നല്‍കുന്ന പ്രേരണയെ തടുക്കാന്‍ ഒരു പ്രതിബന്ധത്തിനുമാവില്ല. എഴുതാനായി ജന്മമെടുത്തവന് അതില്‍നിന്നും മാറി നില്‍ക്കാനാവില്ല. തുന്നാരന്‍ പക്ഷിയെപ്പോലെ, മനോഹരമായി അവന്‍ ശില്പിയുടെ പണിചെയ്യും. ഒരു സാധാരണ വിദ്യാര്‍ഥി. അധ്യാപകരാല്‍ ശ്രദ്ധിക്കാപ്പെടാനായി പാട്ടുപാടുമെന്നതൊഴിച്ചാല്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തികമായി മെച്ചമല്ലാത്ത അവസ്ഥ. ഓട്ടോ കണ്‍സള്‍ട്ടന്‍റ്റിന്‍റ്റെ പണി വരെ ആദ്യം അദ്ദേഹത്തെക്കൊണ്ടു ചെയ്യിപ്പിച്ചത് നിര്‍ധനാവസ്ഥയായിരുന്നു. കോഴിക്കോട് ആകാശവാണിയില്‍ വന്ന ലളിതഗാനങ്ങളിലൂടെയാണ് നാട്ടുകാര്‍ അദ്ദേഹത്തെ അറിഞ്ഞത്. പിന്നീട് പാട്ടിന്‍റ്റെ പാലാഴിയില്‍ അദ്ദേഹം സ്വയം അലിഞ്ഞുചേര്‍ന്നു. ‘നിലാവിന്‍റ്റെ നീലഭസ്മക്കുറിയും‘ ‘ആറ്റിറമ്പിലെ തെങ്ങിലെ തേന്‍ കരിക്കിലെ തുള്ളിപോലെ തുളുമ്പിനില്‍ക്കുന്ന‘ യൌവന സൌന്ദര്യവും ‘ദേവകന്യകള്‍ മീട്ടുന്ന സൂര്യതംബുരുവും’ നല്‍കിയ കാവ്യബിംബങ്ങള്‍ പുത്തഞ്ചേരിയുടേതുമാത്രമായിരുന്നു. ഒരു ഭാവ ഗീതത്തിനു വേണ്ട ലളിത സുന്ദര പദങ്ങളും ചര്‍വിത ചര്‍വണം ചെയ്യാത്ത സങ്കല്‍പ്പങ്ങളും നവ്യമായ ഒരു കാവ്യ സംസ്കാരമാണ് പകര്‍ന്നു നല്‍കിയത്. പ്രണയത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പില്‍ പ്രണയിനിയുടെ ആഗമനം ‘ മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റ്റെ ചിറകുകള്‍ കൂടഞ്ഞതുപോലെ’ അമൂര്‍ത്തമായ ഒരു തലോടലായി മനസ്സില്‍ നിറയുന്നു. ‘രാവിന്‍ തിരുവരങ്ങില്‍ വീണുടഞ്ഞ സൂര്യകിരീടം’ നിര്‍മ്മിച്ചെടുക്കാന്‍ ഒരു രാത്രി ഉറക്കമൊഴിയേണ്ടിവന്ന കഥ അദ്ദേഹം തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. സിനിമാ രംഗത്തെ ഒരുസുഹ്രുത്തുമായിഒരു ദിവസം ഒരു കലാ സംഘടനയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ഉദ്ഘാടനചെയ്യുന്നതിനു ക്ഷണിക്കാന്‍ ഇതെഴുതുന്ന എനിക്കു പോകേണ്ടി വന്നു. പുത്തഞ്ചേരിയെ വിളീക്കണം എന്നു തോന്നിയതിനു പിന്നില്‍ അദ്ദേഹത്തിന്റെ ഗുരുകൂടിയായഒരധ്യാപകന്‍ ഞങ്ങളുടെ കൂടെയുണ്ട് എന്ന ഒരു ധൈര്യമുണ്ടായിരുന്നതു കൊണ്ടുകൂടിയായിരുന്നു. വീട്ടിലുണ്ട് എന്നറിഞ്ഞ ഒരു പ്രഭാതത്തില്‍ ഞാനും സിനിമാരംഗത്തെ സുഹ്രുത്തും കൂടി വീട്ടിലെത്തി. ഞങ്ങള്‍ വീട്ടിലേക്കു കയറിയപ്പോള്‍ അദ്ദേഹം ഷെല്‍ഫില്‍ വെച്ച ഏതോ പുസ്തകം അകത്തുനിന്നും തിരയുകയായിരുന്നു. കൂടെയുള്ള സുഹ്രുത്തിനെ കണ്ടതും അദ്ദേഹം പൂറത്തു വന്നു. ഞങ്ങള്‍ കസേരയില്‍ ഇരുന്നപ്പോള്‍ അദ്ദേഹം വെറും നിലത്ത് പടിഞ്ഞിരുന്നു. ഒരു കാവി മുണ്ടുടുത്ത അദ്ദേഹം കുപ്പായമിടാതെ രുദ്രാക്ഷം പോലെ എന്തോ ഒന്നിട്ട മാറു കാണിച്ചുകൊണ്ട് കഥപറയാനിരുന്നു. പുത്തഞ്ചേരിക്കാരന്റെ അതെ നാട്ടു ഭാഷയില്‍ ലളീതമായ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞ അദ്ദേഹം പത്തിരുപതു കൊല്ലം സിനിമയില്‍ നിറഞ്ഞു നിന്നതിന്റെയോ ആറേഴ് സംസ്ഥന അവാര്‍ഡുകളും മറ്റെന്തൊക്കെയോഅവാര്‍ഡുകളും നേടിയതിന്റെയും ജാട ഒന്നുമില്ലാതെ എന്നോടും സംസാരിച്ചുകൊണ്ടിരുന്നു. (എന്റെ സുഹ്രുത്ത് എന്നെ പരിചയപ്പെടുത്തിയപ്പോള്‍ തന്റെ സതീര്‍ഥ്യരായ ഒരുപാടു പേരെപ്പറ്റിയും അധ്യാപകരെപ്പറ്റിയും അദ്ദേഹം എന്നോട് ചോദിച്ചു) ഞാന്‍ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ മാറ്റമില്ലാത്ത സ്വഭാവത്തെക്കൂറിച്ചായിരുന്നു.പുത്തഞ്ചേരിക്കാരും അദ്ദേഹത്തെപ്പറ്റി ഇതുതന്നെ പറയും. പിരിഞ്ഞു പോരുന്നതു വരെ തന്റെ പാട്ടുകളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. തന്റെ പുതിയ തിരക്കഥയെക്കുറിച്ച് സുഹ്രുത്തിനോട് പറയുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും ചോദിക്കാന്‍ എനിക്ക് ധൈര്യം വന്നതുമില്ല. ഒരു ചായ കുടിച്ച് ഞങ്ങള്‍ പിരിയുമ്പോള്‍ ഞാനോര്‍ത്തില്ലാ, ഒരുവര്‍ഷം കൂടിയേ അദ്ദേഹം ഇവിടെ കാണുമെന്ന്... രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരുമാത്രമിന്നി അദ്ദേഹവും പോയി.

1 comment:

ഒറ്റവരി രാമന്‍ said...

Sarikkum oru Kanakataarakam kettadangiya pole

My Blog List

Subscribe Now: Feed Icon