Tuesday, June 1, 2010

ഓന്‍ എന്തൊരു ചെക്കനായിരുന്നു!

                ടിപ്പുരയില്‍ പതുങ്ങി നില്‍ക്കുന്ന കുട്ടനെ കുട്ടനെ കണ്ടതും ചെക്കിണി സ്തബ്ധനായി നിന്നു പോയി. 


പണ്ട് പൂന്താനം പാടിയ പാനയുടെ അര്‍ഥം ചെക്കിണിക്ക്  പൂര്‍ണ്ണമായി മനസ്സിലായത്  അപ്പോഴാണ്. ചെക്കിണിക്ക് സാഹിത്യ ഭാഷ അറിയില്ലെങ്കിലും അമ്പലത്തില്‍ നിന്നും ദിവസവും വൈകുന്നേരം കേള്‍ക്കുന്ന പാട്ട് തെങ്ങിന്‍ മുകളില്‍ നിന്നും  കേട്ട് ചെക്കിണി അര്‍ത്ഥഗ്രാഹ്യം  നേടിയിട്ടുണ്ട്. മാളിക മുകളില്‍ കയറിയങ്ങനെ കാരണവരോടൊപ്പം തിന്നുമുടിച്ചും ആഡ്ഡ്യത്തം കൈവിടാതെ പ്രജാക്ഷേമ തല്‍പ്പരനായി വാണരുളിയും അജയ്യനായി കഴിഞ്ഞ ആളാണ്. ആശ്രിതവത്സലത്വം ജീവിതവ്രതമാക്കിയ നേതാവിന്റെ ശിക്ഷണത്തില്‍  പ്രജകള്‍ക്കായി എന്തു ത്യാഗവും ചെയ്യാന്‍ സന്നദ്ധനായി നിന്ന ആശാന്‍ അവസാനം ശ്രീ ബുദ്ധനെപ്പോലെ ജീവിതത്തിന്റെ സാരം അന്വേഷിച്ച് തറവാടു വിട്ട് ഇറങ്ങിയതാണ്. പ്രജകളുടെ ദുഃഖം മാറ്റുക എന്ന ഒരേ ഒരു സിദ്ധാന്തം മാത്രം മുറുകെ പിടിച്ചതിനാല്‍ സ്വന്തം സഹോദരിയെ വരെ അദ്ദേഹത്തിന് വെറുക്കേണ്ടി വന്നു. താങ്ങും തണലുമായിരുന്ന വ്ര് ദ്ധ പിതാവു വരെ പകുതി വഴിയില്‍ വെച്ച് തിരിച്ച് തറവാട്ടിലേക്കു പോയെങ്കിലും  പ്രജകളെ ഓര്‍ത്ത് അദ്ദേഹം പിന്തിരിഞ്ഞില്ല. വഴി തോറും ‘മൈക്കില്‍ ജീപ്പുകെട്ടി‘ തറവാടു ഭരിക്കുന്ന പരിഷകളെ തെറിയഭിഷേകം ചെയ്ത് നാട്ടില്‍ ഒരു തരംഗം തന്നെ ഉണ്ടാക്കി ഇറ്റാലിയന്‍ കോണ്‍ഗ്രസ്സിനെ നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത് അങ്ങനെ വിലസിയ ആളാണ്. പണ്ട് അച്ഛന്‍ മൂത്രം ഒഴിക്കാന്‍ പോയസമയം ഏതോ സന്മനസ്സുള്ള ആളുകള്‍ അഛന്‍ അറിയാതെ (ആദര്‍ശ ശാലിയായ നേതാവ് ആയതിനാല്‍ അദ്ദേഹം ഇതൊന്നും സമ്മതിക്കില്ല) നാമ നിര്‍ദ്ദേശം നല്‍കുക വഴിയാണ് ‘ക്രിസ്തു ദേവന്റെ പരിത്യാഗ ശീലവും സാക്ഷാല്‍ ക്രിഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവുമുള്ള’ ഈ ലോകസേവകന്‍ ഉദ്ഭൂതനായത് എന്നും ചെക്കിണി കേട്ടിട്ടൂണ്ട്.  അങ്ങനെ’അദ്ദ്യേഹം’  ഗാന്ധിസം ജീവിതവ്രതമാക്കി പുതിയൊരു പ്രസ്ഥാനം തന്നെ രൂപപ്പെടുത്തി വരികയായിരുന്നു.  

           ‘പക്ഷീന്ദ്രനുണ്ട് ഗരുഡനെന്നോര്‍ത്തിട്ട് മക്ഷികക്കൂട്ടം മദിക്കും കണ്‍ക്കിന്’ എന്തോ ഒരു ഗുട്ടന്‍സ് കണ്ടിട്ടായിരുന്നു ലംബോദരന്റെ ഈ കളി എങ്കിലും ചുവപ്പന്മാര്‍ ചതിച്ചു കളഞ്ഞു. അപ്ഫന്റ്വിടുന്നു പോന്നെങ്കിലും അമ്മാത്ത് എത്താതെ ഉണ്ണി വഴിയില്‍ പരുങ്ങി നില്‍പ്പായി. അവസാനം അച്ഛനും പെങ്ങളും ഉമ്മച്ചനും അന്തുച്ചനും ചതിച്ചെങ്കിലും പ്രജകള്‍ ഇങ്ങനെ ചതിച്ചു കളയുമെന്ന് കുട്ടന്‍ കരുതിക്കാണില്ല. തോറ്റ് തൊപ്പിയിട്ട് വഴിയില്‍ നിന്നും വാവിട്ടു കരഞ്ഞ കുട്ടനെ ഒന്ന് രക്ഷിക്കാന്‍ കേരളത്തിലെ മൂല്യ ബോധമുള്ള രാഷ്ട്രീയക്കാര്‍ക്ക് കഴിയാത്തത് കഷ്ടമാണെന്ന് ചെക്കിണിക്ക് തോന്നി. ചെക്കന്മാര്‍ക്ക് ഒരു പണികിട്ടാനും മറ്റ് എന്തെങ്കിലും ഒരു കാര്യ സാധ്യത്തിനും ഒന്നു വിളിച്ചു പറഞ്ഞാല്‍ പാര്‍ട്ടി നോക്കാതെ ആളു നോക്കാതെ ഒന്നു ശുപാര്‍ശ ചെയ്യാന്‍ ഇന്നിവിടെ ആരാണുള്ളത്?  സ്വന്തമായി ഒരു ചില്ലിക്കാശുപോലും സമ്പാദിക്കാന്‍ ‘അദ്ദ്യേം’ ഇതു വരെ മിനക്കെട്ടിട്ടില്ല. നാടിനും നാട്ടുകാര്‍ക്കുംവേണ്ടി ഉഴിഞ്ഞു വെച്ച ഒരു ജീവനും ശരീരവും ഇങ്ങെനെ തുരുമ്പെടുക്കുന്നത് കണ്ടു നില്‍ക്കാന്‍ മലയാളികളായ നമുക്കേ സാധിക്കുകയുള്ളൂ. 

              തറവാടു മുറ്റത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കുട്ടനെ കണ്ട് ചെക്കിണി വല്ലാതായി.
       “ ഞാന്‍ ഒന്നങ്ങോട്ട് വന്നോട്ടെ....”      ഉണ്ണി ചൊദിച്ചു
       “ ഈ പടി ചവിട്ടണ്ട.. കടന്നു പോ..”  കാരണവര്‍.
        “ഞാന്‍ ഇവിടെ ഇരിക്കും”
 ഇതു കേട്ട് അകത്തുനിന്നും ഉണ്ണികള്‍ കൂവി. കൂവല്‍ കേട്ട് കൂട്ടന്‍ ഉറക്കെ കരഞ്ഞു. കരഞ്ഞുകൊണ്ട് അവന്‍ തറവാടിന്റെ മുകളിലേക്ക് നോക്കി.
അച്ഛനും പെങ്ങളും അവിടെയിരുന്ന് ഭാഗവതം വായിക്കുന്നു.
അവസാനം കുട്ടന്‍ ചെക്കിണിയോട് പറഞ്ഞു.  “അദ്ദ്യേം അവിടെ ഇരുന്നോട്ടെ. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും ന്നെ വിളിക്കാതിരിക്കില്യ”
ചെക്കിണിക്ക് ഇതു കേട്ട് കരച്ചില്‍ വന്നു. അയാള്‍ മനസ്സില്‍ പറഞ്ഞു” ഓന്‍ എന്തൊരു ചെക്കനായിരുന്നു!“

2 comments:

Nileenam said...

കൊള്ളാം

Naushu said...

നന്നായിട്ടുണ്ട്..

My Blog List

Subscribe Now: Feed Icon