Sunday, February 9, 2014

കഥ ചെക്കിണീയം

       നാലും കൂട്ടി മുറുക്കി   വിപ്ളവം ചവച്ചു തുപ്പി ചെക്കിണീ മരത്തില്‍ നിന്നും തളര്‍ന്നിറങ്ങി. വളര്‍ന്നുപൊന്തിയ അക്കേഷ്യ മരത്തിനു ചാരിയിരുന്ന് കുപ്പിയിലെ വെള്ളമെടുത്ത് കുലുക്കുഴിഞ്ഞ് തുപ്പി ‘ഗളഗളാന്ന് ‘ കുടിച്ച് അല്‍പ്പനേരം ധ്യാന നിമഗ്നനായി ഇരുന്നു. കോലത്തു നാട്ടില്‍ വാഴുന്നവിപ്ളവാചാര്യന്മാരെ മനസ്സില്‍ ഓര്‍ത്ത്  എല്ലാം ശുഭകരമാവണേ എന്ന് മുത്തപ്പനു നേര്‍ച്ച നേര്‍ന്നു.
          ചത്തതു കീചകനാണെണെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നു പറയുന്നത് ശുദ്ധ അസംബന്ധമല്ലേ? കീചകന് നാട്ടില്‍ എത്രയെത്ര ശത്രുക്കള്‍ ഉണ്ടായിരുന്നു? ഭീമന്‍ വലിയൊരു   തടിമാടന്‍ ആയിരുന്നെന്നതു നേരു തന്നെ. സമരകാലത്ത് ഒളീവു ജീവിതം നയിക്കുന്ന ഭീമന്‍ അങ്ങനെ ചെയ്യുമെന്ന് ചെക്കിണി കരുതുന്നില്ല. മാത്രമല്ല കോലത്തിരിമാരിലെവിപ്ളവ സിംഹങ്ങള്‍ പുച്ചിച്ചു തള്ളിയ ഇത്തരം നേരം പോക്കുകള്‍ ചെക്കിണിയും കേട്ടതാണ്. ‘കൊല്ലിക്കയത്രേ നിനക്കു രസമെടോ” എന്നു ഗാന്ധാരി പറഞ്ഞതു പോലെ കോലത്തിരിമാര്‍ കൊല്ലിച്ചു രസിക്കുകയാണ് എന്ന് ചില സുധാംഗദന്മാര്‍ പറയുന്നത് കളവ്.
‘പ്രസേനനെ കൊന്നവനാരുവാന്‍ താന്‍ ?” എന്ന ചോദ്യത്തിന് നമ്പ്യാര്‍ പറഞ്ഞ ഉത്തരം തന്നെയേ ചെക്കിണിക്കും പറയാനുള്ളൂ. “പ്രസേനനെ കൊന്നവനീശ്വരന്‍ താന്‍ “
         എന്നാല്‍ കാര്യത്തിന്റെ കിടപ്പ് ഇവിടെയൊന്നുമല്ല.ഒരു നല്ല നടപ്പുകാരന്‍ വന്ന് കുലം കുത്തികളുടെയും രാജ്യത്തു നിന്ന്ഭ്രഷ്ട് ക്ല്‍പ്പിച്ച് പുറത്താക്കിയ സമൂഹ വിരുദ്ധരുടെയും രക്ഷകനായി മറിയിരിക്കുന്നു. പാര്‍ട്ടിയെന്താണെന്ന് അയാള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ‘കോലിട്ടു തിരിക്കുന്ന’ ഈ ആശാന്‍ കോലത്തു നാടിന്റെ വര്‍ഗ്ഗ ശത്രുവായി മാറിയിരിക്കുന്നു. ‘ശുംഭന്‍‘ എന്നൊന്നും വിളിച്ചാല്‍ ഇയ്യാളുടെ പര്യായമാവില്ല് . അശരണരുടെയും ആലംബഹീനരുടെയും അത്താണിയായ പാര്‍ട്ടി എങ്ങനെയെങ്കിലും വിപ്ളവം നടപ്പാക്കാന്‍ പാടു പെടുമ്പോള്‍ പ്രസേനനെ കൊന്നതിന്റെ ഉത്തരവാദിത്തം തലയില്‍ കെട്ടി വെക്കാന്‍ വന്നിരിക്കുന്നു. പാര്‍ട്ടി ഭരിക്കുന്ന കോലത്തിരിമാര്‍ക്കു വേണമെങ്കില്‍ നാടു കത്തിച്ചു കളയാം. അവര്‍ അത് ചെയ്യാഞ്ഞിട്ടാ‍ണ്‍. പ്രസേനനെ കൊന്നത്  ആരാണെന്നു കണ്ടു പിടിക്കാന്‍ കോലത്തിരിമാരും വേണാട്ടരചന്മാരും ചേര്‍ന്ന് ഒരു കമ്മിറ്റി ഉണ്ടാക്കുമെന്നും( അതില്‍ പാര്‍ട്ടിക്കു പങ്കില്ല എന്ന് അറിയാമെങ്കിലും ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് പാര്‍ട്ടിക്കുള്ളത്) പറഞ്ഞതല്ലേ?
    പ്രസേനനെ കുത്തിക്കൊലപ്പെടുത്തിയതിന്റെ പേരു പറഞ്ഞ് ചിലരെ കാരാലയത്തില്‍ ഇട്ടിരിക്കുകയാണ്‍. നിരപരാധികളെ കള്ള സാക്ഷി പറഞ്ഞും മറ്റും കുടുക്കി ജയിലിലിടുന്നത് അംഗീകരിക്കനാവില്ല. ബൂര്‍ഷ്വാ നിയമങ്ങള്‍ പാലിക്കാന്‍ താല്‍പ്പര്യമുണ്ടായിട്ടല്ല. ഇപ്പോള്‍ വീണ്ടും പ്രസേനന്റെ പട്ടമഹിഷി പട്ടിണികിടക്കാന്‍ വേണാട്ടരചന്റെ കൊട്ടാര വാതില്‍ക്കല്‍ ചെന്നിരിക്കുന്നു. ഇനിയും അന്വേഷണം വേണമത്രേ? സഹിക്കാവുന്നത് മുഴുവന്‍ സഹിച്ചു. ‘വണ്‍ ടൂ ത്രീ...” എന്നു പറഞ്ഞ് വേണമെങ്കില്‍ മണിയടിച്ച് എല്ലാറ്റിനെയും ഓടിക്കാന്‍ ഞങ്ങള്‍ക്കറിയാം. പക്ഷേ വേണ്ടെന്നു കരുതിയട്ടാണ്. പണ്ടത്തെ പാര്‍ട്ടിയായിരുന്നെങ്കില്‍ കോലിട്ടിളക്കുന്നവരെ ചെവിക്കു പിടിച്ച് പുറത്താക്കിയേനെ. കാലം മാറിപ്പോയില്ലേ? പഴയ കട്ടന്‍ ചായയും പരിപ്പുവടയും ഇക്കാലത്ത് ശരിയാവില്ലെന്ന്   ഗജരാജ കോലത്തിരി തിരുമുഖത്തു നിന്നും അരുളപ്പാടുണ്ടായത് നാം കണ്ടതാണല്ലോ?
      ആയതിനാല്‍ തല്‍ക്കാലം നമുക്ക് കാത്തിരുന്ന് കാണാം.
ചെക്കിണി കണ്ണു തുറന്ന് ചുറ്റും നോക്കി.  ‘കാവ്യം സുഗേയം കഥ ചെക്കിണീയം എന്ന വരികള്‍ പാര്‍ട്ടിമയസ്വരത്തില്‍ പാടി തല്‍ക്കാലം ആനന്ദ ലബ്ധിയില്‍ ആറാടി. (തുടരും)

1 comment:

ajith said...

ആരും കൊന്നിട്ടൂല്ലാ
ആരും ചത്തിട്ടൂല്ലാ

പാവം പാര്‍ട്ടിയെപ്പറ്റി മുണ്ടരുത്!

My Blog List

Subscribe Now: Feed Icon