Tuesday, June 23, 2009

നിക്രിഷ്ടജീവി*



5
ചെക്കിണി നിക്രിഷ്ടജീവികളെ കണ്‍ടിട്ടേയില്ല. അതെന്താണെന്നുപോലും ചെക്കിണിക്ക് അറിയുമായിരുന്നില്ല. ബുദ്ധിജീവി, വിക്രിതജീവി മുതലായ ജീവികളെപ്പറ്റി പണ്ട് ചെറുപ്പക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അതിന്‍റ്റെ ആശയം ചെക്കിണിക്കു ശരിക്കു മനസ്സിലായിരുന്നില്ല. ആ അവസരത്തിലാണ് സഖാവു പറഞ്ഞ് ആദ്യമായി ചെക്കിണി ആ വാക്കു കേട്ടത്. കേട്ടുകേള്‍വിയില്ലാത്ത മലയാള പദങ്ങള്‍ ഇംഗ്ലീഷ് ആണെന്നുകരുതി അയാള്‍ മിണ്‍ടാതെ ഇരുന്നതാണ്.




എന്നാല്‍ തന്‍റ്റെ മുമ്പില്‍ വന്നു നില്‍ക്കുന്ന ജീവി നിക്രിഷ്ടജീവിയാണെന്ന് ചെക്കിണി മനസ്സില്‍ ഉറപ്പിച്ചു. കാരണം അയാള്‍ ഇതുവരെ കാണാത്ത തരത്തില്‍ അപാര തൊലിക്കട്ടിയും വൈക്രിതവുമുള്ള ആജാനുബാഹുവായിരുന്നു ആ ജീവി. ചെക്കിണി ആ ജീവിയെ കാണുന്നത് രാരുക്കുട്ടി നായരുടെ മൂത്ത വരിക്കപ്ലാവ് മുറിച്ചുവീഴ്ത്തിയ സന്തോഷത്തില്‍ രണ്‍ടെണ്ണം വീശി വയല്‍ വരമ്പിലൂടെ നടന്നു വരുമ്പോഴാണ്. പുതിയ സര്‍ക്കുലര്‍ വന്നതിനുശേഷം ചിരി വളരെ രഹസ്യമായിട്ടായതിനാല്‍ പൊതുജനങ്ങള്‍ക്ക് കാര്യമായി മുഖം കൊടുക്കുന്ന പരിപാടി ഇപ്പോള്‍ കുറവാണ്. വിശ്രമവേളകളില്‍ നാടന്‍ വീശുന്നതില്‍ സര്‍ക്കുലര്‍ സംബന്ധമായ തടസ്സങ്ങളൊന്നുമില്ലാത്തതിനാല്‍ അത് അഭംഗുരം തുടര്‍ന്നു പോന്നു. ചിരിക്കാതെ ജീവിക്കുമ്പോഴും ബിസിനസ്സ് നടത്തുന്നതിനും റിയല്‍ എസ്റ്റേറ്റ് മുതലായ അന്തസ്സുറ്റ ജീവിതോപാധികള്‍ പെറ്റിബൂര്‍ഷ്വാസികള്‍ക്കൊപ്പം ചെയ്യുന്നതിനും കാര്യമായ തടസ്സങ്ങളൊന്നുമില്ല എന്ന് ചില വിദ്വാന്മാര്‍ പറഞ്ഞത് ചെക്കിണിക്കു മനസ്സിലായില്ല. ഏങ്കിലും എന്തോ മാന്യമായ ഒരു പണിയാണ് താന്‍ ചിരിക്കാതിരിക്കുന്നതിലൂടെ സമൂഹത്തിനുവേണ്‍ടി ചെയ്യുന്നത് എന്ന് ചെക്കിണിക്കു തോന്നി. അങ്ങനെ മരം മുറി കഴിഞ്ഞ് വയല്‍ വരമ്പിലൂടെ നടന്നു വരുമ്പോഴാണ് ചെക്കിണി നിക്രിഷ്ടജീവിയെ കണ്‍ടത്. നിക്രിഷ്ടജീവികളെപ്പറ്റി കമ്മിറ്റിയില്‍ വിവരിച്ചുതന്നത് ചെക്കിണിക്കു മനസ്സിലായില്ലെങ്കിലും അത് ഇപ്രകാരമായിരുന്നു. സഖാക്കന്മാരുടെ വിനയമോ ലാളിത്യമോ ഇല്ലാതെ, ആടിനെ മേച്ചുനടക്കുന്നവരും ഇടക്കിടെ ആടുകളെപ്പറ്റി ലേഖനമെഴുതി ജീവിക്കുന്നവരുമായ മേപ്പടി ആളുകള്‍ വിമോചനസമരം എന്നു ഇടക്കിടക്ക് പിറുപിറുക്കുമെന്നും അതുകണ്‍ടാല്‍ വീറും വാശിയുമുള്ള സഖാവ് ചെപ്പക്കുറ്റിക്കുനോക്കി ഒന്നു പൊട്ടിക്കണമെന്നുമാണത്രേ പൊതുധാരണ. ഇത്തരം ജീവികളെ എങ്ങനെ നേരിടാം എന്ന് ചെക്കിണിക്ക് അറിയുമായിരുന്നില്ല. ചെക്കിണിയുടെ മനസ്സില്‍ വിരൂപനും ദുഷ്ടനുമായ ഒരു എമ്പോക്കിയാണ് നിക്രിഷ്ടജീവി എന്നു കേള്‍ക്കുമ്പോള്‍ തോന്നിയിരുന്നത്. ആയതിനാല്‍ വയല്‍ വരമ്പില്‍ നില്‍ക്കുന്ന ജീവിയെ അയാള്‍ നിക്രിഷ്ടജീവി എന്നു വിളിച്ചു.




വയല്‍ വരമ്പില്‍ ഒരു ആള്‍ക്കൂട്ടം ഉണ്‍ടായിരുന്നു. ആള്‍ക്കൂട്ടതിനു നടുവിലായി കൂസലില്ലാതെ അലസമായി മാനത്തു നോക്കി നില്‍ക്കുകയാണ് ഒരു ജീവി. ആളുകളുടെ കൈയില്‍ വടിയുണ്‍ട്. ചിലര്‍ അയാളെ അടിക്കുകയും മറ്റു ചിലര്‍ തോണ്‍ടുകയും ചെയ്യുന്നുണ്‍ട്. പുളിച്ചതെറിപറഞ്ഞ് ചിലര്‍ ദേഷ്യം തീര്‍ക്കുന്നുണ്‍ട്. പക്ഷേ, അയാള്‍ മന്ദഹാസത്തോടെ ഇതോക്കെ നോക്കിനിന്നു. നിക്രിഷ്ടജീവി കുലുങ്ങുന്നില്ല.




ചെക്കിണീ മെല്ലെ ആരോടോ ചൊദിച്ചു. “ ഏതാ ഈ പണ്‍ടാരം ? കള്ളനാ..?”
ഒരുത്തന്‍ പറഞ്ഞു, “കള്ളന്‍ തന്നെ.”
“ഏട്ന്ന് കിട്ടി? പഹയനെ?” ചെക്കിണി തിരക്കി.

“കക്കാന്‍ വന്ന് വീട്ടില്‍ കിടന്ന് ഒറങ്ങിപ്പോയി. തൊണ്‍ടി സഹിതം പിടിച്ചതാ...”
കുണ്‍ടന്മാര്‍ പറഞ്ഞതു കേട്ട് ചെക്കിണിക്ക് അരിശം കേറി. പെട്ടെന്നാണ് ചെക്കിണി കള്ളന്‍റ്റെ മേലേക്ക് ചാടിവീണത്. കള്ളന്‍റ്റെ കുപ്പായത്തിനു പിടിച്ച ചെക്കിണി മരം മുറിക്കുന്ന കൈകൊണ്‍ട് ആ നിക്രിഷ്ടജീവിയുടെ ചെകിട്ടത്ത് ഒന്നു കൊടുത്തു. കള്ളന്‍ സുസ്മേരവദനനായി നിന്നതേയുള്ളൂ. ചെക്കിണി ഇളിഭ്യനായി തിരിച്ചുപോന്നു.

നാ‍ട്ടു പ്രമാണിമാര്‍ കൂടി അവസാനം ഒരു തീരുമാനത്തിലെത്തി- കള്ളനെ പോലീസില്‍ ഏല്‍പ്പിക്കുക. ആളുകള്‍ കള്ളന്‍റ്റെ കൈകള്‍ കെട്ടി. അയാളെ കാല്‍നടയായി വയല്‍ വരമ്പിലൂടെ നടത്തിച്ചു. തല ഉയര്‍ത്തിപിടിച്ച് നടന്നു പോകുന്ന കള്ളനെ കണ്‍ട് ചെക്കിണിക്കു കലി വന്നു. ഘോഷയാത്രയായി നടന്നുപൊകവേ പെട്ടന്ന് ആ നിക്രിഷ്ടജീവി തിരിഞ്ഞു നിന്നു. ആളുകള്‍ ഒന്നു ഭയന്നു. ആയുധം വല്ലതും കൈയില്‍ കാണും. അയാള്‍ പെട്ടെന്ന് ഒരു പാറയില്‍ കയറി നിന്ന് ഒന്നു മുരടനക്കി. എന്നിട്ട് പറഞ്ഞു




‘പ്രശ്നം ഞാന്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും”




ചെക്കിണിക്ക് സംഗതി ഒന്നും മനസ്സിലായില്ല. മനസ്സിലായവര്‍ ഒന്നും പറഞ്ഞുമില്ല.

*അക്ഷരം ശരിയായ രീതിയിലല്ലാത്തതില്‍ ക്ഷമിക്കണം


1 comment:

Sulfikar Manalvayal said...

ചെക്കിണിയെ വിട്ടില്ല അല്ലെ.
നല്ല വീക്ഷണം. പതിവ് രാഷ്ട്രീയ ശൈലി.
സംഭവത്തെ "രാഷ്ട്രീയപരമായും, നിയമ പരമായും" നേരിടും.
ഹ ഹ. പാവം ചെക്കിണി.
അതോ നാം പാവം പൊതു ജനം തന്നെയോ "ചെക്കിണി"?

My Blog List

Subscribe Now: Feed Icon