എനിക്ക് ഏകാന്തതയെ ഇഷ്ടമാണ്.
രാത്രിയുടെ മൌനം ചീവീടുകള്‍ക്കുമുന്നില്‍
ഇടിമുഴക്കത്തോടെ ഗര്‍ജ്ജിക്കുമ്പോള്‍
കടമ്പുകള്‍ പോലെ
ഏകാന്തത പൂത്തുലയുന്നു.
രാത്രി അഴകാര്‍ന്ന കണ്ണുകള്‍ കാട്ടി
മുടി കോതി അടുത്തെത്തുമ്പോള്‍
ഈറനാര്‍ന്ന മുടിയിഴകളുടെ വശ്യഗന്ധം
എന്നെ ഉന്‍മത്തനാക്കുന്നു.
ഞാന്‍ തനിച്ചാകുമ്പോള്‍
അവള്‍ എനിക്ക് ഇലഞ്ഞിപ്പൂവുകൊണ്ടുതീര്‍ത്ത
വിഷാദത്തിന്റെ ഒരു വസന്തം സമ്മാനിക്കുന്നു.
രാത്രി എനിക്ക് വേദനയുടെ ഒരു
വനജ്യോത്സ്നയാണ്.
എന്റെ മുനികന്യക നട്ടുവളര്‍ത്തിയ
ഒരു കുഞ്ഞു നിലാവ്
രാത്രിയുടെ ഇരുണ്ട ഇടനാഴിയില്‍
നീറിയെരിയുന്നുണ്ട്.
രാത്രിയുടെ പൊള്ളുന്ന മൌനത്തില്‍
നീയെന്റെ നേരെ വിയര്‍ക്കുന്ന ഓരോ ചോദ്യത്താല്‍
വാളോങ്ങുമ്പോള്‍
എനിക്കു മറുപടിയില്ല.
രാത്രി ഒരു ദുസ്വപ്നമായി
ജനലിലിലൂടെ കോമ്പല്ലുകള്‍ കാട്ടി
മിഴിച്ചുനോക്കുന്നതായി
നീ പറഞ്ഞു.
എനിക്കറിയാം, കടല്‍ പോലെ പ്രക്ഷുബ്ധമായ
നിന്റെ മനസ്സിന്റെ പിരിമുറുക്കം.
പക്ഷേ, നീലിച്ച കൈവിരലുകളാല്‍
രാത്രി എന്നെ തലോടുകയാണ്.
ഒരു നിശാഗന്ധിയുടെ ഇതളിലെവിടെയോ
ഞാന്‍ ഉരുകിത്തീരുകയാണ്.
5 comments:
രാത്രി എനിക്കതിമനോഹരമായി തോന്നിയിരുന്നു, ഭ്രമിപ്പിക്കുന്ന ഒന്ന്, മത്തു പിടിപ്പിക്കുന്ന ഒന്ന്...പക്ഷെ അതു പണ്ട്!
ഇന്ന് എന്തുകൊണ്ടോ അതെന്നെ ഭയപ്പെടുത്തുന്നു. ഇരുട്ട് എന്നെ ചകിതനാക്കുന്നു. കൂട്ടുകാരീ പണ്ട് നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു എന്നു പറഞ്ഞിട്ടു പോലും...
ഇലഞ്ഞിപ്പൂക്കളും വനജ്യോത്സ്നയും ഒക്കെയായി കനവുകൂമ്പാരമായി രാത്രി...
ഇനിയുമെഴുതൂ സുഹൃത്തേ!
നന്ദി ഡോക്ടര്‍. താങ്കളെ ഞ്ഞാന്‍ വായിച്ചുകൊണിരിക്കുന്നു.
nannayittundu baluetta...
go on...
ഏകാന്തതയെ സ്നേഹിച്ചു തുടങ്ങൂ . അപ്പോള്‍ ഈ പറഞ്ഞതെല്ലാം നേരെ തിരിയും
Post a Comment