Monday, January 25, 2010

തൊഴിലുറപ്പ്


പഞ്ചായത്ത് കിണറിന്‍റ്റെ അരികിലുള്ള ആഞ്ഞിലിമരത്തിന്‍റ്റെ കൊമ്പില്‍ കാലു താഴ്ത്തിയിട്ട് ചെക്കിണി മഴുകൊണ്ട് കൊമ്പ് വെട്ടി മുറിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. (ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണി പണ്ടു കാളിദാസന്‍ ചെയ്തത് ഓര്‍മ്മയുള്ളതുകൊണ്ട് ചെക്കിണീ ആ പണി ചെയ്തില്ല. കൊമ്പു വെട്ടിക്കൊണ്ടിരിക്കെ താഴെ കക്കാട്ട് വയലിലേക്ക് അസംഖ്യം പുരുഷാരം നടന്നടുക്കുന്നത് ചെക്കിണി കണ്ടു.
ആണ്‍ പെണ്‍ ഭേദമില്ലാതെ തൂമ്പയും പിടിച്ച് നടന്നു വരുന്ന ആളുകളെ കണ്ടപ്പോള്‍ മിച്ചഭൂമി സമരം നടക്കുകയാണോ എന്ന് ചെക്കിണി സംശയിച്ചു. അടുത്തു വരുന്നതില്‍ അധികം ആളുകളും ചെക്കിണിക്ക് സുപരിചിതര്‍. ഇവരൊക്കെ പഴയ ജന്മിയുടെ മകനും റിയല്‍ എസ്റ്റേറ്റ് കാരനുമായ മൂഷികന്‍ എന്നു വിളിപ്പേരുള്ള ചാത്തുവിന്‍റ്റെ (ബി.പി.എല്‍) പറമ്പിലേക്ക് വരുന്നതെന്തിനാണാവോ? സമരമാണോ എന്നു ചെക്കിണിക്കു വീണ്ടും സംശയമുദിച്ചു. സമരമാണെങ്കില്‍ കൊടി കാണാതിരിക്കില്ല. സമരവും കൊടിയും കണ്ടാല്‍ ചെക്കിണി മരത്തില്‍ നിന്നും ചാടി അവരുടെ കൂടാന്‍ ഉറപ്പിച്ചു. പക്ഷെ, ഇത് കളി അതൊന്നുമല്ലെന്ന് ചെക്കിണിക്കു തോന്നി.
പുരുഷാരം അടുത്തെത്തിയപ്പോള്‍ ചെക്കിണി വെട്ടു നിര്‍ത്തി അക്ഷമനായി വിളിച്ചു ചോദിച്ചു.
“കൂ....യ്...... എന്താ പരിപാടി?”
ഒച്ച് കേട്ട് ആളുകള്‍ ആകാശത്തേക്ക് നോക്കിയപ്പോള്‍ വ്ര്ക്ഷോപവിഷ്ടനായ സാക്ഷാല്‍ ചെക്കിണീ ചോദ്യ ചിഹ്നം പോലെ ഇരിക്കുന്നത് കണ്ടു.
“തൊയിലൊറപ്പ് പണ്യാ..... പോരുന്നോ?”
ഭൂമിയില്‍ നിന്നും ആകാശത്തേക്കുള്ള ശബ്ദ സന്ദേശം ചെക്കിണി ശ്രവിച്ചു.- തൊഴിലുറപ്പ്! ചെക്കിണി കേട്ടിട്ടുണ്ട്. പക്ഷേ, അതിന്‍റ്റെ ഗുട്ടന്‍ സ് ശരിക്കും പിടികിട്ടിയിരുന്നില്ല.
ആളുകള്‍ ചിരിയും കളിയുമായി പണി തുടങ്ങി. മൂഷികന്‍ ചാത്തുവിന്‍റ്റെ പറമ്പ് ഇളകിത്തുടങ്ങി. പെണ്ണുങ്ങളില്‍ പലരും തൂമ്പ ആദ്യമായി തൊടുന്നവരായിരുന്നു. ചിലര്‍ രണ്ടുമൂന്നു കൊത്തു കൊത്തി കിതച്ചിരുന്നു. അതിനിടക്ക് ഒരു തടിച്ചിപ്പൂതത്തെ ചെക്കിണി കണ്ടു. ചെത്തുകാരന്‍ രാഘവന്‍റ്റെ ഓള്. രണ്ടു മൂന്നാളുകള്‍ക്ക് നില്‍ക്കാനുള്ള ഇടം അവള്‍ക്കു വേണ്ടി വന്നതിനാല്‍ വരമ്പത്ത് ചെറിയൊരു സംഘര്‍ഷാവസ്ഥ നിലനിന്നു. അവള്‍ ഏങ്... എന്നൊരു ശബ്ദമുണ്ടാക്കി ഇടക്ക് പ്രയാസപ്പെട്ട് തൂമ്പ ഒന്നു വലിക്കും. കള്ളിന്‍റ്റെ അടിയില്‍ ഊറുന്ന മട്ട് കുറ്റിച്ചിട്ടാണ് ഓള്‍ക്കിത്ര തടി എന്നാണ് രാഘവന്‍ പറയുന്നത്.
ചെക്കിണീ ഒന്നുകൂടി നോക്കിയപ്പോഴാണ് നടുങ്ങിപ്പോയത്. ശ്വാസം ഏങ്ങിയേങ്ങി വലിക്കുന്ന ചാപ്പുണ്യാര് നിലത്തിരുന്ന് പുല്ല് പറിക്കുന്നു. മൂ‍പ്പര് ആന്ധ്രയില്‍ മീന്‍ വിഴുങ്ങാന്‍ പോയപ്പോള്‍ കൂട്ടുപോയത് ചെക്കിണിയാണ്. തീവണ്ടിയിലെ കക്കൂസില്‍ സമാധിയായിപ്പോയെന്ന് കരുതിയതാണ്, അന്ന്. ചാപ്പുണ്യാര് തൂമ്പയെടുക്കാന്‍ ധൈര്യപ്പെടാഞ്ഞത് നന്നായി. ശ്വാസം കിട്ടാന്‍ മൂപ്പര് മുണ്ടിന്‍റ്റെ കോന്തലയില്‍ കരുതിവെച്ച എന്തോ ഒരു മരുന്ന് എടുത്ത് ഇടക്ക് മൂക്കില്‍ വലിക്കുന്നുണ്ട്. മരത്തില്‍ വളര്‍ന്നു കയറിയ വള്ളീകള്‍ പിഴുതെറിയുന്ന ചാപ്പുണ്യാരെ ചെക്കിണീ നോക്കിനിന്നു.
കുടുംബശ്രീക്കാരുപെണ്ണൂങ്ങളില്‍ ചിലര്‍, കമ്മിറ്റിയിലുണ്ടായ കശപിശയുടെ ബാക്കി അവിടെ വെച്ചു തുടങ്ങി. കുടുംബശ്രീ സെക്രട്ടറി പദ്മാവതിയെ കാര്‍ത്യായനിയേടത്തി എന്തോ തെറി വിളിച്ചു പറഞ്ഞു. അതു കേട്ട പദ്മാവതി ഇളിഭ്യയായി അവരോട് ഒന്നും പരയാതെ ദേഷ്യം തീര്‍ക്കാന്‍ വിലാസിനിയുടെ നേരെ തിരിഞ്ഞു. വിലാസിനി ലോണ്‍ തിരിച്ചടവ് വൈകിച്ചു എന്നായിരുന്നു പരാതി. ഈ ലഹള നടക്കുമ്പോളാണ് ഇരുമ്പന്‍ ഗോയിന്നന്‍ (ഉറൂബിന്‍റ്റെ കഥാപാത്രത്തെ അനുസ്മരിച്ച് ആരൊ നല്‍കിയ പേരാണ്) മോഹാലസ്യപ്പെട്ട് വീഴുന്നത് ചെക്കിണി കണ്ടത്.
ലഹള നിലച്ചു. ചെക്കിണി മരത്തില്‍ നിന്നും താഴോട്ട് ചാടാന്‍ വെമ്പി നിന്നപ്പോള്‍ ഗോയിന്നന്‍റ്റെ മുഖത്ത് ആരോ തോട്ടില്‍ നിന്നും തണുത്ത വെള്ളം കോരിയൊഴിച്ചു. ഗോയിന്നന്‍ കണ്ണു തുറന്നു. ഗോയിന്നന്‍ പണിക്കു വന്നതിനു ശേഷം ഇടക്കിടക്ക് മോഹാലസ്യപ്പെട്ടു വീഴുന്നതിനാലാണ് ആരും അതത്ര കാര്യമാക്കാത്തതെന്ന് കാര്യം അന്വേഷിച്ചെത്തിയ മൂഷികനോട് ആരൊ പറയുന്നത് ചെക്കിണി കേട്ടു.
ഇരുമ്പന്‍ ഗോയിന്നന്‍ പണിക്കു പോകാതായിട്ട് ഒരു ദശാബ്ദം കഴിഞ്ഞു. ചുമട്ടു തൊഴിലാളിയായ ഇരുമ്പന്‍ ചെങ്കല്ലു ചുമന്നു പോകുമ്പോള്‍ അടി തെറ്റി വീണ് കഴുത്തിന്‍റ്റെ ഞരമ്പിനു കേടു പറ്റിയതില്‍ പിന്നെ ആരും പണിക്കു വിളിക്കാതായി. ആശാരപ്പണിക്കു പോകുന്ന കുണ്ടന്‍ എന്തെങ്കിലും കൊണ്ടുക്കൊടുത്താല്‍ ആയി. കണ്ണു തള്ളി പല്ലു കൊഴിഞ്ഞ് അസ്ഥി മാത്രശേഷനായി വീട്ടില്‍ കഴിഞ്ഞ ഇരുമ്പന്‍ എങ്ങനെ തൊഴിലുറപ്പു പണിക്കു വന്നു എന്നു ചെക്കിണിക്കു മനസ്സിലായില്ല.
പെണ്ണൂങ്ങള്‍ നിര്‍ത്തിപ്പോയ ചര്‍ച്ച പുനരാരംഭിച്ചു. ചെക്കിണി ഒരു കൊമ്പു മുറിച്ചു മാറ്റി മറ്റേ കൊമ്പില്‍ ഇരു കാലും നീട്ടി താഴോട്ടിട്ട് ഇരുന്ന് മുറുക്കന്‍ പൊതി തുറന്ന് വെറ്റിലയില്‍ നൂ റു തേച്ചു. അപ്പോള്‍ പണിക്കാര്‍ ചായ കുടിക്കാനുള്ള ചിട്ട വട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പെണ്ണുങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും ദോശയും പത്തിരിയും മറ്റും പുറത്തെടുത്തു. പുഴുങ്ങിയ കപ്പയും പഴംചോറും മീന്‍ കറിയും പുറത്തിറങ്ങി. വട്ടത്തിലിരുന്ന് ചായ കുടിക്കുമ്പോള്‍ ചെത്തുകാരന്‍റ്റെ ഓള് തടിച്ചിപ്പൂതം ഒരു കിലോ പൂള(കപ്പ) പുഴുങ്ങിയത് ഒറ്റയിരുപ്പിന്‍ തിന്ന് ഗ്യാസ് മൂന്നുവട്ടം പുറത്തുവിട്ടതിന്‍റ്റെ പ്രകമ്പനം ചെക്കിണിക്ക് അനുഭവ വേദ്യമായി. ഇരുമ്പന്‍ ഗോയിന്നന്‍ ഒരു ഗ്ലാസില്‍ ബാര്‍ലി വെള്ളം കൂടിച്ച് കിട്ടിയ ചാന്‍സിന് കരിയിലയില്‍ കിടന്നുഴച്ചു. ചാപ്പുണ്യാര് ഒരു ദോശ തിന്നാനുള്ള പാഴ്വേല നടത്തിക്കൊണ്ടിരിക്കുകയാണ്.
ഗള്‍ഫുകാരന്‍റ്റെ ഭാര്യ ഗ്ലാസില്‍ എന്തോ ഒന്നു കലക്കി കുടിക്കുന്നത് ചെക്കിണി കണ്ടു. അവള്‍ കണ്ണാടി നോക്കി മുഖം മിനുക്കി. ഇവളൊക്കെ എന്തിനു പണിക്കു വന്നു എന്നു ചെക്കിണിക്കു മനസ്സിലായില്ല.
“ശാരദേ ഇഞ്ഞി എന്തിനു വന്നതാ കണ്ണാടി നീക്കാന?”
കാര്‍ത്യായനിയേടത്തി ഉറക്കെ വിളിച്ചു ചോദിച്ചത് മൂപ്പത്തിക്ക് അത്ര ഇഷ്ടമായില്ലെന്നു ചെക്കിണിക്കു തോന്നി.
“ഞാന്‍ കൊളസ്റ്റ്രോള് കൊറക്കാന്‍ വന്നതാ..പണിക്കു വന്നല്ല കര്‍ത്യായനി ഏടത്യേ..”
കര്‍ത്യായനി ഏടത്തിക്ക് അത് അത്ര മനസ്സിലായില്ല. ചെക്കിണിക്കും അതത്ര മനസ്സിലായില്ല. ചെക്കിണി രണ്ടാമത്തെ മരവും മുറിച്ചു കഴിഞ്ഞപ്പോളാണ് അതുകണ്ടത്. തോട്ടുവക്കത്ത് ഒരു പ്രണയം. മൂഷികന്‍ ചാത്തുവിന്‍റ്റെ മൂത്തമകന്‍ വാസുവും കോമള വല്ലിയും കൂടി. വാസു പട്ടാളത്തി നിന്നും ചാടിപ്പോന്ന് പിന്നെ കുറച്ചുകാലം സിലോണില്‍ പാര്‍ത്തു. അതു കഴിഞ്ഞ് ഊരു തെണ്ടി വന്നതാണ്. ചാത്തുവിന് മകനെ തീരെ ഇഷ്ടമല്ല. കോമളവല്ലിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് ചെക്കിണിക്ക് അറിയാം. പ്രണയം കണ്ട് ചെക്കിണിക്ക് റൊമാന്‍സ് ഉണ്ടായി. അയാള്‍ സങ്കല്‍പ്പത്തില്‍ വിലയിച്ച് ‘അദ്വൈതാമല ഭാവസ്പന്ദിത വിദ്യുന്മേഖല പൂകി’യിരിക്കുമ്പോളാണ് താഴെനിന്നും ഘോരമായ ഒരു ശബ്ദം കേള്‍ക്കുന്നത്.
മൂഷികവംശം ഒന്നാകെ ഇളകിയിരിക്കുന്നു. വാസുവിന്‍റ്റെ ഒളിസേവ കണ്ടുപിടിച്ചതാവാമെന്നു കരുതി ചെക്കിണീ ഭൂമിയിലേക്കു നോക്കി. അതല്ല കാര്യം. മൂഷികന്‍ ചാത്തുവും മക്കളും പടപ്പുറപ്പാടിലാണ്. ദാരിദ്ര്യരേഖക്കു താഴെ കിടക്കുന്ന ഒരു പാവം റിയല്‍ എസ്റ്റേറ്റ്- ഭൂപ്രഭു വര്‍ഗ്ഗക്കാരനായ മൂഷികന് പ്രകോപനം ഉണ്ടാവാന്‍ മാത്രം എന്തു പണിയാണ് തൊഴിലുറപ്പുകാര്‍ ചെയ്തുവെച്ചത് എന്ന് ചെക്കിണി ആശ്ചര്യപ്പെട്ടു. ഭൂമിയില്‍ നിന്ന് വീണ്ടും ചെക്കിണി സബ്ദകോലാഹലം തുടര്‍ന്നു കേട്ടു.
“ പോ, നായിന്‍റ്റെ മക്കളേ......., ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വാനിലേം മാഞ്ചിയോം ഇങ്ങള് പറച്ചു കളഞ്ഞോ? കൊല്ലും ഞാന്‍ എല്ലാരേം.....”
ചാത്തുവും മക്കളും വട്യുമെടുത്ത് വരുന്നത് കണ്ട്, തൊഴിലുറപ്പുകാര്‍ അതിവേഗം ബഹുദൂരം എന്ന ബൂര്‍ഷ്വാ സിദ്ധാന്തം ഉപയോഗിച്ച് വയല്‍ കടന്ന് ഓടി രക്ഷപ്പെട്ടു. ചെത്തുകാരന്‍റ്റെ ഓള് വയല്‍ വരമ്പത്തുനിന്ന് വീ ണ് വെള്ളത്തില്‍ കിടന്ന് കൈ കാലിട്ട് അടിച്ചു. ചാപ്പുണ്യാരും ഇരുമ്പനും സംഗതി എന്താണെന്ന് മനസ്സിലായില്ല. തിരിഞ്ഞു നോക്കുമ്പോള്‍ ആരെയും കാണാനില്ല!
സംഗതി എന്താണെന്ന് ചെക്കിണിക്ക് തിരിഞ്ഞു. എന്തോ കാട്ടുവള്ളിയാണെന്നു കരുതി ചാപ്പുണ്യാരും ഇരുമ്പനും ചേര്‍ന്ന് ഉച്ചവരെ പറിച്ചു നീക്കിയത് മൂഷികവര്‍ഗ്ഗം സ്നേഹിച്ചു നട്ടുവളര്‍ത്തിയ ഒരേക്കര്‍ വാനിലയാണ്. അതു ചെയ്തവരാകട്ടെ അന്തസ്സായി അവിടെ തന്നെ ഇരിക്കുന്നു! തൊഴിലുറപ്പു പണിക്കാരുടെ കൂടെ ചാപ്പുണ്യാരെയും ഇരുമ്പനെയും മൂഷികന്‍ പെടുത്തിയില്ല. അതുകൊണ്ട് തല്ലു കിട്ടാതെ ഇരുവരും രക്ഷപ്പെട്ടു. വെള്ളത്തില്‍ വീണ തടിച്ചിപ്പൂതം അനക്കമറ്റു കിടന്നു.
ചെക്കിണി ആകാശത്തുനിന്നും ഇറങ്ങിവന്നപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ പ്രയാസപ്പെട്ട് അവര്‍ ചിരിച്ചുകൊണ്ട് ഇരുമ്പന്‍ പറഞ്ഞു.
“ ഉച്ചയാകുമ്പളേക്ക് എല്ലാരും പണീന്ന് കയറി.. വല്ലാത്തൊരു പണിക്കാര്വന്നെ....” ചാപ്പുണ്യാര് ശ്വാസം ആഞ്ഞു വലിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു.
ചളിയില്‍ നിന്ന് എഴുന്നേറ്റ് വരുന്ന തടിച്ചിപ്പൂതത്തെ കണ്ട് ചെക്കിണിക്കു ചിരി വന്നു.
തടിച്ചിപ്പൂതം വരുന്നത് കണ്ട് ചാപ്പുണ്യാരും ഇരുമ്പനും കഥയറിയാതെ ആര്‍ത്തുചിരിച്ചു.

4 comments:

അങ്കിള്‍ said...

ഹാസ്യം വളരെ ഇഷ്ടപ്പെട്ടു.

ഇരുമ്പനെ പോലെയുള്ളവർക്ക് വേണ്ടി മാത്രമാണു കേന്ദ്രസർക്കാർ ഈ പദ്ധതി കൊണ്ടു വന്നത്. കാരണം, ഒരു നേരത്തെ ആഹാരത്തിനു പോലും വകയുണ്ടാക്കാൻ കഴിയാത്തവർക്ക് (ബി.പി.എൽ) എന്തെങ്കിലും ജോലി ചെയ്യിപ്പിച്ചു എന്നു വരുത്തി ഒരു ദിവസത്തെ കൂലി കൊടുത്താൽ (അതു 30 രൂപ മുതൽ തുടങ്ങുന്നു)അത്രയുമായല്ലോ എന്നു വിജാരിച്ചു. കേന്ദ്രത്തിനറിയില്ലല്ലോ, കേരളത്തിൽ 3 നേരത്തെ ആഹാരത്തിനു വഴിമുട്ടുന്നവരാണു ബി.പി.എൽ എന്നത്.

Balu puduppadi said...

thank u UNCLE for ur comments

shabas said...

please add all BPO persons to THOZHILURAPPU PADDADI OTHER WISE THEY WILL GO TO SUICIDE

Balu puduppadi said...

jdv,xjbvx.,v

My Blog List

Subscribe Now: Feed Icon