ആള് പഴയ പട്ടാളക്കാരനാണെങ്കിലും പൊതുജനങ്ങള്‍ അത് അറിയുന്നത് മൂപ്പര് മാസം ആറുകുപ്പി നല്ല ഉശിരന്‍ സംഗതി പട്ടാള കാന്റീനില്‍ നിന്ന് വാങ്ങി കൊണ്ടു പോകുന്നത് കണ്ടാണ്. പട്ടാളക്കഥകളിലൊന്നും ടിയാന് താല്‍പ്പര്യമില്ല. അല്ലെങ്കില്‍, പട്ടാളക്കാരനായിരുന്നു എന്നു പറയുന്നതില്‍ ദാസേട്ടന് അത്ര തല്‍പ്പരനായിരുന്നില്ല എന്നു സാരം. പട്ടാള സേവനത്തെക്കാള്‍ ദാസേട്ടന് പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്. ഒരു പ്രവാസിയുടെ സകല മാനറിസങ്ങളും നടപ്പിലും ഇരുപ്പിലും സംസാരത്തിലും വരുത്താന്‍ മനഃപൂര്‍വമായ ഒരു ശ്രമം ദാസേട്ടന് കാണിക്കുന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പില്ല. കാരണം ദാസേട്ടന് അങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം.
മൂപ്പര് ഒരു സ്ഥലത്തേക്ക് ഇറങ്ങുന്നതു നല്ലൊരു കെട്ടി കാഴ്ചയോടെയാണ്. കാലില്‍ വുഡ് ലാന്‍സ് ഷൂ, കില്ലര്‍ ജീന്‍സ്, ഇന്‍സൈഡ് ചെയ്തിരിക്കുന്ന കിടിലന്‍ ടീ ഷര്‍ട്ട്, അല്ലെങ്കില്‍ വാന്‍ ഹുസ്സൈന്‍ പോലെ ‘കായി’കൂടിയ ഷര്‍ട്ട് എന്നിവ ധരിച്ച് കഷണ്ടിത്തല മീന്നിച്ച് (നല്ല സ്റ്റൈലന്‍ കഷണ്ടിയാണ്, അല്ലാതെ പോളീഷ് ചെയ്യാത്ത പരുക്കനല്ല) ഒരു പോക്കുണ്ട്. അത് കണ്ടു നില്ക്കാന് ഒരു സുഖമാണ്. ദാസേട്ടന് മലയാളം സംസാരിക്കുന്നതില്‍ അത്ര തല്പ്പരനല്ല. മലയാളത്തിന്റെ കൂടെ ആംഗലേയം കേമമായി വരും. സ്വന്തം അച്ഛനോട് വരെ ദാസേട്ടന് സംസാരിക്കുമ്പോള്‍ ‘ഇംഗിരീസ്’ കടന്നു വരും. അച്ഛന് കേളപ്പ കുറുപ്പിന് ഇംഗ്ലീഷ് പോയിട്ട് മലയാളം തന്നെ ശരിക്ക് വായിക്കാന്‍ അറിയില്ല.
ആളു വലിയ പണക്കാരനായിരുന്നു. അഞ്ചെട്ടേക്കര്‍ തെങ്ങിന് തോട്ടമുണ്ടായിരുന്ന കേളപ്പ കുറുപ്പ് കൊപ്രക്കച്ചവടക്കാരനും ക്രിഷിക്കാരനും ഒക്കെ ആയിരുന്നു. ദാസേട്ടന്റെ വിക്രിയകള്‍ കണ്ടാല്‍ കുറുപ്പിനു ചിരി വരും. ദസേട്ടനെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ കേളപ്പ കുറുപ്പ് കുറെ യത്നിച്ചതാണ്. പത്താം ക്ലാസില്‍ രണ്ടു തവണ തോറ്റ ദാസേട്ടന് അവസാനം ഒരു ദിവസം അപ്രത്യക്ഷനായി. പിന്നെ പട്ടാളക്കാരനായണ് പൊങ്ങിയത്. ആറേഴു വര്‍ഷമേ രാജ്യ സേവനം നടത്തിയുള്ളൂ. പിന്നെ അവിടെ നിന്നും അപ്രത്യക്ഷമായി. ജര്‍മ്മനിയില്‍ നിന്ന് കത്തു വന്നപ്പോളാണ് കേളപ്പ കുറുപ്പ് സ്തബ്ധനായി പോയത്. പോഴത്തക്കാരന്‍ ചെക്കന് എന്ന് താന്‍ കരുതിയവന് ജഗിലാണെന്ന് മൂപ്പര്‍ക്കു മനസ്സിലായി. അന്നാണ് കുറുപ്പ് മുതല്‍ ചെക്കിണി വരെയുള്ളവര്‍ ജര്‍മ്മനി എന്ന ഒരു രാജ്യമുണ്ട് എന്ന് അറിയുന്നത് തന്നെ. പിന്നെ ഒരു ദിവസം ഒരു വരവാണ്. ആ വരവും നടപ്പും കണ്ട് ആളുകള്‍ ‘ഹര ഹര’ എന്ന് പറഞ്ഞുപോയി. അഴകിയ രാവണനായി ചെത്തി നടന്ന ദാസേട്ടന് ഒരു ഹീറോ ആയി മാറി. ദാസേട്ടന് ചില ഫോറിന് സാധനങ്ങള്‍ കൂടി ഇഷടപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. അങ്ങനെയാണ് ആളുകള്‍ ഹീറോ പേന ആദ്യമായി കാണുന്നത്. മഷി ലീക്കു ചെയ്യുന്ന ക്രെസ്റ്റ്, ബിസ്മി മുതലായ പെന്നുകള് മാത്രം ഉപയോഗിക്കുന്ന ഞങ്ങള്‍ക്ക് ഹീറോ പേന ഒരു അദ്ഭുത വസ്തുവായി. ഫോറിന് കുട ആദ്യമായി കണ്ടതും ദാസേട്ടന് കൊണ്ടു വന്നിട്ടാണ്. ദാസേട്ടന് കൊണ്ടു വന്ന ബീര്‍, പെണ്ണൂക്കുട്ടി എന്ന വീട്ടു വേലക്കാരിക്ക് ദാസേട്ടന് കൊടുക്കുകയും അതു കുടിച്ച അവള് ലഹരി കയറി കേളപ്പ കുറുപ്പിനെ ഊണു കഴിക്കാന്‍ കൈ കൊണ്ട് തോണ്ടി വിളിച്ചെന്നും പറഞ്ഞ് മൂപ്പരുടെ പെണ്ണുങ്ങള്, അതായത് ദാസേട്ടന്റെ അമ്മ ബഹളം വെച്ച് സംഗതി കച്ചറയാക്കി. ദാസേട്ടന്റെ അമ്മ വലിയ ഭക്തയാണ്. അമ്പലമായ അമ്പലമൊക്കെ കയറിയിറങ്ങുന്ന അവര്‍ക്ക് ഇതൊന്നും ഇഷ്ടമല്ല. ചെക്കിണി പിന്നമ്പുറത്തു കൂടി ചെന്ന് ദിവസവും രണ്ടിറക്ക് ചുവന്ന റാക്ക് ദാസേട്ടനില്‍ നിന്നും വാങ്ങി കുടിക്കുമായിരുന്നു.
ദാസേട്ടന് രണ്ടു പ്രാവശ്യം കൂടി വിദേശത്ത് പോയി വന്നു. പിന്നീട് പോയത് ജര്‍മ്മനിയിലേക്കല്ല. ഗള്‍ഫിലേക്കായിരുന്നു. (ഗള്‍ഫില്‍ എവിടെയാണെന്ന് ഞങ്ങളോട് ചോദിക്കരുത്. ഞങ്ങള്‍ക്ക് ദുബായിയും അബുദാബിയും ഖത്തറും ഒമാനും ഒക്കെ ദുബായി തന്നെയാണ്. ആര് ഗള്‍ഫില്‍ പണിക്കു പോയാലും ഞാള് പറയുക ദുബായില്‍ പോയി എന്നാണ്). അത് പോകട്ടെ, പിന്നീട് ദാസേട്ടന് ഒരു ‘ദാനഗന്ധര്‍വന്‍’ തന്നെ ആയി. വരുന്നവര്‍ക്കൊക്കെ എന്തെങ്കിലും കൊടുത്തേ പറഞ്ഞ് വിടൂ. അതിനിടക്ക് സെയില്‍സ് ടാക്സില്‍ ജോലിയുള്ള ഒരു പെണ്‍കുട്ടിയെ കേളപ്പ കുറുപ്പ് ദാസേട്ടനു വേണ്ടി കണ്ടെത്തുകയും മംഗലം ഗംഭീരമായി നടത്തപ്പെടുകയും ചെയ്തു. നാട്ടിന് പുറത്തുനിന്നു വന്ന ആ പെണ്‍കുട്ടി ദാസേട്ടന്റെ വിക്രിയകള്‍ കണ്ട് അതിശയിച്ചു നിന്നു. ഫോക്കസ് ഫ്രീ ക്യാമറ ഞങ്ങള്‍ ആദ്യമായി കാണുന്നത് ദാസേട്ടന്റെ കൈയിലാണ്. അതു വെച്ച് മൂപ്പര് നാട്ടിലുളള പ്രമാണിമാര്‍ മുതല്‍ പ്രാണികള്‍ വരെയുള്ള മനുഷ്യ തിര്യക് ഗണങ്ങളുടെ മുഴുവന്‍ പടമെടുത്ത് നല്കി. ഞങ്ങളെ ഞെട്ടിച്ച മറ്റൊരു സംഗതി മൂപ്പര് കൊണ്ടുവന്ന ചെറിയ കാം കോഡര്‍ ആണ്. കൈയില്‍ ഒതുങ്ങുന്ന ആ ചെറിയ മൂവി ക്യാമറ കണ്ട് ഞങ്ങള്‍ അതിശയിച്ചു നിന്നു. ദാസേട്ടന് നേരിട്ടു വന്ന് പാവപ്പെട്ടവര്‍ മുതല്‍ പണക്കാര് വരെയുള്ളവരുടെ വിവാഹത്തിന്റെ വീഡിയോ ആ ചെറിയ ക്യാമറയില്‍ പകര്‍ത്തി നല്കി. ടേപ്പ് റെക്കര്‍ഡര്‍ എന്ന അദ്ഭുത വസ്തു ഞങ്ങള്‍ കണ്ടതും ദാസേട്ടന് വഴിയാണ്. നാഷണല്‍ പാനാസോണിക്കിന്റെ സ്റ്റീരിയോയില്‍ ഒരു ദിവസം ചെക്കിണി അറിയാതെ അയാളുടെ ശബ്ദം ദാസേട്ടന് പകര്‍ത്തി. ചെക്കിണി മരത്തില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ തന്റെ ശബ്ദത്തില്‍ ഒരാള്‍ സംസാരിക്കുന്നു. സംസാരിക്കുന്നതാകട്ടെ അത്ര നല്ല കാര്യവുമായ്യിരുന്നുല്ല.തട്ടിന് പുറത്തെ അയമ്മദ് ഹാജിയുടെ രഹസ്യബന്ധത്തിന്റെ കഥയാണ് പറയുന്നത്. ചെക്കിണി തൊള്ള തുറന്ന പടി ആയി പോയി. അന്ന് സേവിച്ച റാക്ക് അതെ പടി ആവി ആയി പോയി. പിന്നെയാണ് ദാസേട്ടന് ചെക്കിണിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതും ചെക്കിണി അദ്ഭുതപരതന്ത്രനായി പോയതും. പിന്നെ എങ്ങനെ ഞങ്ങള്‍ നാട്ടുകാര്‍ ദാസേട്ടന്റെ ഫാന്‍സ് ആവാതിരിക്കും?
പിന്നീടാണ് കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ പരിണമിക്കാന്‍ തുടങ്ങിയത്. കൊണ്ടുവന്ന പണം മുഴുവന്‍ ദാസേട്ടന് ഭംഗിയായി കൈകാര്യം ചെയ്തു. പിന്നെ ഗള്‍ഫിലേക്ക് തിരിച്ചു പോകാനുളള ബദ്ധപ്പാടായി. ഗള്‍ഫില്‍ പോകാതെ ദാസേട്ടന് നിലനില്‍പ്പില്ല. കാരണം ദാസേട്ടന് ഇന്ത്യക്കാരനാണെങ്കിലും വിദേശിയാണ്. പിന്നെ ഒന്ന് ഇംഗ്ലീഷ് സംസാരിക്കണമെങ്കില്‍ ഇവിടെ ആരാണുള്ളത്? നിര്‍ഭാഗ്യം ദാസേട്ടനെ പിടികൂടാന്‍ തുടങ്ങി. തിരിച്ചു പോകാനുള്ള വിസ കിട്ടാതെ വന്നപ്പോള്‍ ആളുകള്‍ ചോദ്യം തുടങ്ങി.
ചോദ്യം ദാസേട്ടനെ തളര്‍ത്തി എങ്കിലും ഉഷാറുവിടാതെ ദാസേട്ടന് പറഞ്ഞു.
“ ഓഫ്കോഴ്സ്... പിന്നെ പോകാതെ ? കുറച്ചു കൂടി നാട്ടില്‍ സ്റ്റേ ചെയ്തിട്ടാവാം എന്നു കരുതി”
വഴിയില്‍ കാണുന്നവരൊക്കെ ഈ ചോദ്യം തന്നെ ചോദിച്ചപ്പോള്‍ ദാസേട്ടന് വല്ലാതാകാന്‍ തുടങ്ങി. ഞങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങളുടെ ദാസേട്ടന് ഈനാട്ടില്‍ അധികം നില്ക്കുന്നവനല്ല, അല്ലെങ്കില്‍ നില്ക്കാന് പാടില്ല. സംഗതി കുഴപ്പമാകുമെന്നും തന്റെ പരിപ്പ് ഇവര്‍ എടുക്കുമന്നും വിചാരിച്ചതോടെ ദാസേട്ടന് ഒരു തീരുമാനത്തിലെത്തി. - ഇവിടെ നിന്നും മുങ്ങുക. അങ്ങനെ ദാസേട്ടന് ഒരുദിവസം നാടു വിട്ടു. ഗള്‍ഫിലേക്കാണ് പോയത് എന്ന് ഭാര്യയോടും മറ്റും പറഞ്ഞുവെങ്കിലും ദാസേട്ടന് നേരെ പോയത് ബോംബെയിലേക്കാണ്. അവിടെ വാടകക്ക് ഒരു കുടുസ്സു മുറിയില്‍ താമസിച്ച ദാസേട്ടന് ഒരു വിസ സംഘടിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒത്തില്ല. അവസാനം എയര്‍ പോര്‍ട്ടില്‍ എന്തൊ ചെറിയൊരു പണി ഒപ്പിച്ചെടുത്തു. അത് ജീവിക്കാന്‍ തെകയാതെ വന്നപ്പോള്‍ വിവരം ഭാര്യയെ അറിയിക്കുകയും മുപ്പത്തി നാട്ടില്‍ നിന്നും മണിയോര്‍ഡര്‍ അങ്ങോട്ട് അയച്ചു കൊടുത്ത് മുപ്പരുടെ മാനം കാക്കുകയും ചെയ്തു. ഈ വിവരം ഒന്നും പക്ഷെ ഞങ്ങാള്‍ അറിഞ്ഞില്ല, കെട്ടോ. ഞങ്ങള്‍ക്ക് ദാസേട്ടന് അപ്പോള്‍ ഗള്‍ഫില്‍ ആണ്. മാത്രമല്ല. മാധവന് ആശാരി ഒരു ഗള്‍ഫ് ടോര്ച്ചിന് ദാസേട്ടന്റെ പെണ്ണുങ്ങള് മുഖാന്തരം ഓര്‍ഡര്‍ കൊറ്റുക്കുകയും ചെയ്തു.
ഗള്‍ഫില്‍ നിന്നും ദാസേട്ടന് പെട്ടെന്നു തന്നെ തിരിച്ചു വന്നു. ഈ തവണ വന്നപ്പോള്‍ ദാസേട്ടന് ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. ഒന്നും കൊണ്ടു വന്നില്ല. പക്ഷേ കൂടെ ഒരു മദാമ്മപെണ്ണിനെയും കൂട്ടിയാണ് വന്നത്. മദാമ്മ പെണ്ണ് വന്നതും കേളപ്പ കുറുപ്പിന് ഷേക്ക് ഹാന്‍ഡ് കൊടുത്തു. കുറുപ്പിന് ദേഷ്യവും നാണവുംവന്ന് മൂപ്പര് അകത്തേക്ക് ഓടിക്കളഞ്ഞു. ചെക്കിണിക്കും കിട്ടി ഒരു ഷേക്ക് ഹാന്‍ഡ്. ചെക്കിണീ ഇക്കിളിയായിട്ട് ഒറ്റ ചിരി ചിരിച്ചു. മരം മുറിക്കുന്ന കൈയാണല്ലോ ചെക്കിണിയുടേത്. മദാമ്മയുമായി ദാസേട്ടന് ഇടവഴികളിലും അങ്ങാടിയിലും കറങ്ങി നടന്നു. ദാസേട്ടന്റെ പെണ്ണൊരുത്തി മദാമ്മയെ കണ്ടതും അകത്തു പോയി ഒറ്റ കരച്ചിലാണ്. ദാസേട്ടന് എന്തു പറഞ്ഞിട്ടും അവര്‍ കേട്ടില്ല.
“ഷീ ഈസ് എ സ്റ്റുഡന്റ് ഓഫ് ഓഹിയോ... ഷീ ഈസ് ഏ സൈന്റിസ്റ്റ്... ഐ മീന്‍... ശാസ്ത്രജ്ഞ... എന്റമോളജിയില്‍.... ഇവിടെ പ്രാണികളെ പറ്റി മനസ്സിലാക്കാന്‍....’
“ഇങ്ങളും പ്രാണിയും തമ്മില്‍ എന്താ ബന്ധം...” മൂപ്പത്തി ചോദിച്ചു.
“ ഞങ്ങള്‍ ട്രെയിനില്‍ നിന്നും പരിചയപ്പെട്ടതാണ്.”
“ ഏതോ പൊലയാടിച്ചി....”
“ വനജേ... നമ്മള് ഒന്നു കൂടി അഡ്വാന്‍സ്ഡ് ആകണം, കള്‍ചേര്‍ഡ് ആവണം.... വിദേശങ്ങളിലൊക്കെ......”
“ ഇനിക്ക് കേക്കണ്ട..... ഓള് പോയില്ലെങ്കില്‍ ഞാന്‍ തൂങ്ങി ചത്തുകളയും.”
ഭീഷണിയില്‍ ദാസേട്ടന് അവസാനം വീണു. മദാമ്മയെ ദാസേട്ടന് കലിക്കറ്റ് യൂണിവേഴ്സിറ്റിയിലുള്ള ഏതോ പ്രോഫസറുടെ വീട്ടില്‍ ആക്കി എന്നാണു പറയുന്നത്. വനജ ആള് ഉദ്യോഗസ്ഥയാണെങ്കിലും സ്ത്രീ സഹജമായ നിഷ്ക്കളങ്കതയാല്‍ ഞങ്ങളുടെ ദാസേട്ടനെ അവിശ്വസിച്ചു കളഞ്ഞു. നാടും നഗരവും എത്രയോ കണ്ട ദാസേട്ടന് ചെയ്യുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമാണ്. എന്നാല്‍ ചില വിവര ദോഷികള്‍ ദസേട്ടനെയും ആ വിദേശിപ്പെണ്ണിനെയും ചേര്‍ത്ത് അപഖ്യാതികള്‍ പറഞ്ഞുണ്ടാക്കിയത് ഞങ്ങളെ വിഷമിപ്പിച്ചു. എതായാലും ദാസേട്ടന് വീണ്ടും നാടു വിട്ടു.
ദാസേട്ടന് നാടുവിട്ടതില്‍ പിന്നെയാണ് കാര്യങ്ങള്‍ക്ക് പുതിയ പരിണാമം ഉണ്ടായത്. ദാസേട്ടന്റെ അച്ഛന് കേളപ്പ കുറുപ്പ് ഓട്ടോറിക്ഷയിടിച്ച് മരിച്ചു പോയി. വാര്‍ത്ത ദാസേട്ടനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാരണം ദാസേട്ടന് നല്കിയ ഫോണ്‍ നമ്പറില്‍ വിളിച്ചിട്ട് ഒരു അനക്കവുമില്ല. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണ്. വിദേശത്തേക്ക് വിളിക്കുന്നത് നോക്കി നിന്നാല്‍ പോലും ബില്‍ വരുന്ന കാലമാണ്. അതുകൊണ്ട് ഫോണില്‍ കളിക്കാന്‍ കൂടുതല്‍ ആരും മിനക്കെട്ടില്ല. കത്തയച്ചും കമ്പിയടിച്ചും ആളെ വരുത്താന്‍ ഒട്ട് ഒക്കുകയുമില്ല. ഇതികര്‍ത്തവ്യതാ മൂഡരായി ആളുകള്‍ നില്‍ക്കുമ്പോളാണ്, മാവു മുറിക്കുന്ന ചെക്കിണി മരത്തിന്നു മുകളില്‍ നിന്ന് വിളിച്ചു പറഞ്ഞത്
“ദാസേട്ടന് വരുന്നുണ്ടേയ്..........” ആളുകള്‍ അവീശ്വാസത്തോടെ കിഴക്കോട്ടു നോക്കി. അതെ, ദാസേട്ടന് ദൂരെനിന്നും നടന്നു വരുന്നു! ദുബായില്‍ പോയ ദാസേട്ടന് അച്ഛന് മരിച്ചതറിഞ്ഞ് ഇത്രപെട്ടെന്ന് എങ്ങനെ നാട്ടിലെത്തി? ആളുകള്‍ നെറ്റി ചുളിച്ചു. അപ്പോള്‍ മറ്റൊരാള്‍ പടിഞ്ഞാറുവശത്തെ പാറക്കൊടുമ്പിന്റെ പിന്നിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. കറുത്ത് മെലിഞ്ഞ അയാളെ കണ്ട് ആളുകള്‍ അദ്ഭുതത്തൊടെ നോക്കി.
(അടുത്ത ഒരു ഭാഗത്തോടെ അവസാനിക്കും)
9 comments:
ദാസേട്ടെന് മനസ്സിലേക്ക് കയറിയിരിക്കുന്നു.ഇനി അടുത്ത ഭാഗം കൂടി വരട്ടെ,
പിന്നെ ബാലുമാഷേ,ഈ പ്രൊഫൈലില്‍ എന്താ എഴുതിയിരിക്കുന്നെ?? ഞാന്‍ പണ്ടൊരു ഒരു മെയില്‍ അയച്ചപ്പോള്‍ റിപ്ലെ പോലും തരാതിരുന്ന ആളാ..
:):)
അങ്ങനെ ഒരു മെയില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. അഥവാ എന്റെ ഓര്‍മ്മ തെറ്റുകൊണ്ടാണെങ്കില്‍ സദയം ക്ഷമിക്കുക. എനിക്ക് സാധാരണയായി പല മെയിലുകള്‍ക്കും പലരില്‍ നിന്നും മറുപടി കിട്ടാറില്ല. അത് സാധാരണ സംഭവം ആണ്. പക്ഷേ ഞാന്‍ എനിക്ക് ആരെങ്കിലും സന്ദേശം അയച്ചാല്‍ അതേ അനുഭവം കൊണ്ട് മറുപടി എഴുതാറുണ്ട്. എനിക്കു തെറ്റുപറ്റിയെങ്കില്‍ ക്ഷമ.
good.dassettane manassilayee
ചിത്രങ്ങളും ആനിമേഷന്‍സും മറ്റും ഒരല്പം കുറച്ചിരുന്നെങ്കില്‍ എന്നെപ്പോലെയുള്ള പാവം ഡയല് അപ് യൂസേഴ്സിനും വല്ലപ്പോഴുമൊക്കെ ഈ വഴി വന്നുപോകാമായിരുന്നു..... :)
ചിത്രങ്ങളും ആനിമേഷന്‍സും മറ്റും ഒരല്പം കുറച്ചിരുന്നെങ്കില്‍ എന്നെപ്പോലെയുള്ള പാവം ഡയല് അപ് യൂസേഴ്സിനും വല്ലപ്പോഴുമൊക്കെ ഈ വഴി വന്നുപോകാമായിരുന്നു..... :)
ദാസേട്ടന് മുഴുവന്‍ വായിക്കാനൊത്തില്ല.... അടുത്ത തവണ ഡയല് അപ് കണക്ഷന് ഒരല്പം കൂടി കരുണ കാണിക്കുകയാണെങ്കില്‍ മുഴുമിക്കണമെന്നുണ്ട്..... :)
ഇഷ്ട്ടായി
ഒടുക്കം ഇന്ന് ഡയല് അപ് കനിഞ്ഞപ്പോള്‍ സംഭവം കോപ്പി-പേസ്റ്റ് ചെയ്ത് വായിച്ചു (കോപ്പി റൈറ്റ് വയലേഷന്‍ കേസെടുത്തേക്കല്ലെ മാഷെ.... അമ്മച്ചിയാണെ, വായിച്ച ഉടനെ സംഭവം ഡിലിറ്റിയിട്ടുണ്ട്....) :)
ജഗല് ദാസേട്ടനെ നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്.... രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.... കാത്തിരിക്കാതെ തരമില്ലല്ലൊ - വല്ലാത്തൊരു ദശാസന്ധിയില്‍ ഞങ്ങളെ കൊണ്ടുചെന്നാക്കിയിട്ടല്ലേ ഒന്നാം ഭാഗം അവസാനിപ്പിച്ചത്....:) ഒരുമാതിരി തുടരന് കഥകളുടെ ഒടുക്കം പോലെ..... :)
പ്രിയ അനോണി,
നന്ദി. തുടര്‍ന്നും പ്രതികരണം അറിയിക്കുക.
''ദാസേട്ടന്'' മുഴുവന്‍ വായിച്ചു .ഇനി അടുത്ത ഭാഗം വരുന്നതിനു മുന്‍പ് ഇത് വായിച്ചു തീര്‍ത്തു എന്നും അറിയിക്കുന്നു
Post a Comment