നനുത്ത സ്പര്‍ശത്താലുറക്കുകെന്നെ നീ.
മതി- യിരുളിന്‍റ്റെ പടിപ്പുരയിലേ-
ക്കൊരു കയറിനാല്‍ വലിച്ചിഴക്കുകീ മ്ര്ഗത്തെ,
യൂപത്തില്‍ തളക്കുകെന്‍ ശിര,സ്സെരിയും
കണ്ണില്‍ നിന്‍ വിരലുകള്‍ കുത്തിയിരുള്‍ പരത്തുക.
പരമ നിര്‍വ്വാണ സുഖലയത്തിലെന്‍
കവിതയപ്പടിയുരുകട്ടെ, നിന്‍റ്റെ
പതിഞ്ഞകാലൊച്ച ശ്രവിക്കവേയെന്‍റ്റെ-
പ്രണയ സംത്രാസം പടര്‍ന്നു കത്തട്ടെ.
നിനക്കറിയില്ലെന്‍ കറുത്ത വാവുകള്‍,
കരള്‍ പിളരുന്ന ദുരന്തങ്ങള്‍ തീര്‍ത്ത
കറുത്ത പക്ഷങ്ങള്‍ ഇടിമുഴക്കത്തിന്നിരവുകള്‍...
പകലുകള്‍ വെന്തു കരിയുമഗ്നിയില്‍
ചലനമറ്റുഞാനെരിഞ്ഞുതീരുമ്പോള്‍
ചിറകുകത്തുന്ന പകല്‍ക്കിനാവിന്‍റ്റെ
ശിഥിലജാലകം തുറന്നു നീ വീണ്ടും.
വെറുതെയീ നോട്ടം,
വിളര്‍ത്തയൌവനം,
കരിഞ്ഞുനീലിച്ചു മുനിഞ്ഞുകത്തുന്ന
കറുത്തരാവില്‍ വീണുടഞ്ഞ ചന്ദ്രിക.
മതി-
ഉദാസീനം മനസ്സുകത്തിച്ചു
മകരജ്യോതിസ്സായ് പുനര്‍ജ്ജനിക്കുക.
No comments:
Post a Comment