Monday, December 21, 2009

ഒരേ കടല്‍, ഒരേ ജീവിതം




തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ്ണചകോരം പങ്കിട്ട ഇന്തോനേഷ്യന്‍ സിനിമയായ ‘ജര്‍മ്മലി’നെപ്പറ്റി.


ജീവിതം എല്ലായിടത്തും ഒരേപോലെയാണ്. പ്രാദേശികവും കാലികവുമായ അവസ്ഥാന്തരങ്ങള്‍ അതിന് ഉപരിപ്ലവമായ മാറ്റങ്ങള്‍ മാത്രം നല്‍കുന്നു. കരച്ചിലിനും ചിരിക്കും ഭാഷയില്ലാത്തതുപോലെ അടിസ്ഥാനപരമായ വികാരങ്ങള്‍ ഒന്നും അനുഭവിച്ചറിയാന്‍ ഭാഷയുടെ ആവശ്യമില്ല. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെ പട്ടിക്കുട്ടിയുടെ ദയനീയമായ മോങ്ങല്‍ അനുഭവിച്ചറിഞ്ഞത് ഭാഷകൊണ്ടല്ലല്ലോ. വന്‍ കരകള്‍ക്കപ്പുറത്ത് കടലിന്‍റ്റെ മദ്ധ്യത്തില്‍ ആരോരുമറിയാതെ ജോലി ചെയ്ത് ജീവിക്കുന്നവരുണ്ട്. അവരുടെ ഭാഷയെന്തെന്ന് നമുക്കറിയില്ല. അവരുടെ ജീവിതമെന്തെന്ന് നമുക്കറിയില്ല. എന്നാല്‍ കഥ പറയാനറിയുന്നവര്‍ കാണിച്ചുതരുന്ന ഇരുളും വെളിച്ചവും ചേര്‍ന്ന പ്രതിഛായകള്‍ നല്‍കുന്ന വൈകാരികാനുഭവം അനുഭവിച്ചറിയുക് തന്നെ വേണം.
അഗ്നിപര്‍വ്വതങ്ങള്‍ പുകയുകയും ആഭ്യന്തരമായ പ്രശ്നങ്ങള്‍ അനുഭവിക്കുകയും അത്ര മുന്തിയതല്ലാത്ത സാമ്പത്തിക സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്ന ഇന്തോനേഷ്യന്‍ ജീവിതത്തില്‍ വിചിത്രമെന്നു നമുക്കു തോന്നവുന്ന ഹൈന്ദവത കലര്‍ന്ന ഇസ്ലാമിസം നിലനില്‍ക്കുന്നു. കടല്‍ അവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്തെന്നാല്‍ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടക്കു കിടക്കുന്ന ഈ ഭൂഭാഗം കടലിനാല്‍ ചുറ്റപ്പെട്ടതാണ്.




പുറം ലോകം അത്ര അറിഞ്ഞിട്ടില്ലാത്ത തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ‘ജെര്‍മ്മല്‍‘ എന്ന ചിത്രത്തിലൂടെ സംവിധായകനായ രവി ഭിര്‍വാനി പറയുന്നത്. നടുക്കടലില്‍ മത്സ്യബന്ധനത്തിനും സംസ്ക്കരണത്തിനുമായി നിര്‍മ്മിക്കുന്ന ‘ജര്‍മ്മലുകള്‍’ (Fishing Platforms) ഇന്തോനേഷ്യയില്‍ അനവധിയുണ്ടത്രേ. അതില്‍ തൊഴില്‍ ചെയ്യുന്നവരില്‍ അധികപങ്കും കുട്ടികളാണത്രേ. അവര്‍ മൂന്നുമാസത്തോളം കഴിഞ്ഞേ തിരിച്ച് കരയിലേക്കു വരുകയുള്ളൂ. അത്രയും കാലം ഏകാന്തമായ കടലില്‍ അവര്‍ കഴിഞ്ഞുകൂടുന്നു.
അമ്മയുടെ മരണശേഷം തന്‍റ്റെ പിതാവിനെ തേടീ ഇത്തരം ഒരു ജര്‍മ്മലില്‍ എത്തിപ്പെട്ടതാണ് ജയ എന്ന പന്ത്രണ്ട് വയസ്സുകാരന്‍. അവന്‍റ്റെ പിതാവ് ജോഹര്‍ ജെര്‍മ്മലില്‍ മേല്‍നോട്ടക്കാരനാണ്. “താങ്കളുടെ മകന്‍ കണാന്‍ വന്നിരിക്കുന്നു” എന്ന സഹപ്രവര്‍ത്തകനും ഊമയുമായ ‘ബന്തി’യുടെ ആംഗ്യഭാഷക്ക് അയാള്‍ നല്‍കുന്ന മറുപടി “എനിക്ക് അങ്ങനെയൊരു മകനില്ല” എന്നാണ്. അലസമയി താടി വളര്‍ത്തി കുടവയറുമായി കറുത്തിരുണ്ടു കാണപ്പെടുന്ന ജോഹര്‍ ഒറ്റനോട്ടത്തില്‍ തന്നെ നമ്മില്‍ വെറുപ്പും ഭീതിയും ഉളവാക്കും. മകനെ സ്വീകരിക്കതെ അവനെ ശകാരിക്കുകയും പിടിച്ചുവിഴുങ്ങാന്‍ ശ്രമിക്കുന്നതായി നമുക്കു തോന്നുകയും ചെയ്യും. എന്നാല്‍ മിതത്വമാര്‍ന്ന ആ അഭിനയത്തിലൂടെ അയാളുടെ ഉള്ളില്‍ എവിടെയോ അനുകമ്പയുടെ ഉറവ ഉള്ളതായി നമുക്ക് അനുഭവപ്പെടും. എന്നാല്‍ പിതാവിന്‍റ്റെ വഴക്കമില്ലായ്മമൂലം ജയ നിരാശനാകുന്നു. അവന്‍ ജര്‍മ്മലിലെ ജോലികള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു. സഹപ്രവര്‍ത്തകാരായ കുട്ടികള്‍ അവനെ കളിയാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. അവനെ അനുകമ്പയോടെ നോക്കാനും ആശ്വസിപ്പിക്കാനും കപ്പലില്‍ ഊമയായ ബന്തി മാത്രമേയുള്ളു. തന്‍റ്റെ ഇരുണ്ട ഭൂതകാലം മറക്കാന്‍ ജര്‍മ്മലില്‍ വന്നു താമസിക്കുന്ന ജോഹര്‍ പുറത്തെ ശബ്ദം കേള്‍ക്കാതിരിക്കന്‍ ഇയര്‍പ്ലഗ് ധരിക്കുന്നു. മുറിയിലെ വെളിച്ചം മറക്കാന്‍ കര്‍ട്ടന്‍ നിവര്‍ത്തിയിടുന്നു. തന്‍റ്റെ ഇരുണ്ട പശ്ചാത്തലത്തലത്തിലെ തെറ്റിദ്ധാരണകളെ സ്നേഹത്താല്‍ തിരിച്ചറിഞ്ഞ അയാള്‍ അവഗണിക്കാനാവാത്ത പിത്ര് പുത്ര ബന്ധതിന്‍റ്റെ കെട്ടുപാടില്‍ വീണുപോവുകയും പുത്രനോടൊപ്പം തിരിച്ചുപോവുകയുമാണ്.
സംവിധായകന്‍ തന്നെ സൂചിപ്പിച്ചതുപോലെ ഭാഷ ഉപയോഗിക്കുന്നതിലെ ഒരു വൈരുദ്ധ്യം ഈ സിനിമയിലുണ്ട്. ജോഹര്‍ എന്ന കഥാപാത്രം അഭിനയിക്കുന്നത് ഒരു നോട്ടംകൊണ്ടോ ഒരു ചലനം കൊണ്ടോ മാത്രമാണ്. അനിവാര്യഘട്ടത്തില്‍ മാത്രമേ അയാള്‍ എന്തെങ്കിലും പറയുന്നുള്ളു. എന്നാല്‍ ഊമയായ ബന്തിയാണ് ഇതില്‍ ഏറ്റവുമധികം ‘സംസാരിക്കുന്ന’(expressive) കഥാപാത്രം.
ജയ(ഇഖ്ബാല്‍ എസ് മനുരഗ്) എന്ന ക്താപാത്രമാണ് ഇതിലെ കേന്ദ്രബിന്ദുവെങ്കിലും പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റുന്ന ബന്തിയും((യുയു ഉന്‍ റു) മറ്റു കുട്ടികളും ചെയ്ത സ്വാഭാവികമായ അഭിനയ പ്രകടനം ഉജ്ജ്വലമാണ്. ഒരു കടലും ഒരു കൊച്ചു പ്ലാറ്റ്ഫോമും മാത്രമേ ഈ ചിത്രത്തില്‍ ദ്രിശ്യവിരുന്ന് ഒരുക്കുന്നുള്ളൂ. ഒരു നാടകത്തിലേതുപോലെ പരിമിതമായ സ്ഥലത്തുനിന്ന് ക്യാമറ ചലിപ്പിച്ച് ഒപ്പിയെടുത്ത ഈ ജീവിതചിത്രണം നമ്മെ സ്വത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു. പിത്ര് പുത്ര ബന്ധത്തിന്‍റ്റെ ആഴം, വറ്റാത്തകാരുണ്യം, നിസ്സഹായത, ഏകാന്തത എന്നിവ അനുഭവിച്ചറിയുന്നതായി നമുക്കു തോന്നും, ഈ ചിത്രം കണ്ടാല്‍.
മനോഹരമായ ഈ ആഖ്യാനം മലയാളികള്‍ കാണേണ്‍ടതു തന്നെയാണ്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു പുതിയ അറിവ് പകര്‍ന്നു ഈ വായന

Balu puduppadi said...

നന്ദി. മുഹമ്മദ് സഗീര്‍.

My Blog List

Subscribe Now: Feed Icon