ഒരു കൗമാര പ്രായക്കാരന് എഴുപതുകളിലോ എണ്പതുകളിലോ സ്വപ്നം കണ്ടിരുന്നത് അധികവും ഒരു സാഹിത്യകാരനായി പേരും പെരുമയും നേടുന്നതായിരുന്നു. അവന്റെ മനസ്സില്‍ ‘കാലം‘ എഴുതിയ എം.ടി.യോ ദേശത്തിന്റെ കഥാകാരനോ തകഴിയോ ദേവോ ചങ്ങമ്പുഴയോ, ഇനി അതുമല്ല, ആധുനികരായ കടമ്മനിട്ടയോ ഒ.എന്‍.വി.യോ ചുള്ളിക്കാടോ ആരെങ്കിലുമൊരാള്‍ ആരാധനാപാത്രമായി നിലകൊള്ളുന്നുണ്ടാവും. അവരെപ്പോലെ എഴുത്തിന്റെ വഴി തേടി പഴയ നോട്ടു ബുക്കില്‍ കുറിച്ചുവെക്കുന്ന വരികള്‍ വെളീച്ചം കാണാന്‍ വേപഥു പൂണ്ട് പത്രമാപ്പീസുകളിലേക്ക് ആരും കാണാതെ സൃഷ്ടികള്‍ അയച്ചുകൊടുത്തും അത് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നുകാണാന്‍ ഹൃദയമിടിപ്പോടെ വാരികയുടെ താളുകള്‍ മറിച്ച് നിരാശയോടെ സ്വയം ശപിച്ചും പലപ്പോഴും അവരുടെ സാഹിത്യ സ്വപ്നം പൂവണിയാതെ പോകുന്നു. ഇങ്ങനെ മലയാളത്തിലെ പല പ്രസിദ്ധ സാഹിത്യകാരന്മാരെയും പത്രാധിപന്മാര് വട്ടം കറക്കിയിട്ടുണ്ട്. ചിലരുടെയെങ്കിലും മാസ്റ്റര്‍ പീസുകള്‍ തിരിച്ചയക്കപ്പെട്ട ചരിത്രവും ഉണ്ട്.
പത്രാധിപന്മാരുടെ സാഹിത്യ സങ്കല്‍പ്പവും അവരുടെ സങ്കുചിത മനസ്ഥിതിയും എഴുത്തിന്റെ ശൈലിയെ നിര്‍വചിക്കുമ്പോള്‍ അതിനു വഴങ്ങാതെ വരുന്നവ അവര്‍ക്ക് പഥ്യമല്ലാതാവുന്നു. ഇതു പഴയ കഥയല്ല. ഇന്നും ചിലര്‍ തീരുമാനിക്കുന്നത് അവരാണ് സാഹിത്യകാരമാരെ സ്രുഷ്ടിക്കുന്നത് എന്നാണ്. എന്തായാലും ഒരു കാര്യം ഉറപ്പുതന്നെ. ഒരുപാട് സാഹിത്യ കുതുകികളുടെ എഴുത്തിനോടുള്ള താല്‍പ്പര്യത്തെ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഇത് പറയുന്നതിനു ഒരു കാര്യമുണ്ട്. സ്വയം എഴുതാനും അത് പരസഹായമില്ലാതെ പ്രസിദ്ധീകരിക്കാനും ബ്ളോഗ് വന്നതോടെ എളുപ്പമായിരിക്കയാണ്. മലയാളത്തില്‍ ബ്ലോഗുകളുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. എഴുതാനറിയാവുന്നവര്‍ക്ക് ആത്മപ്രകാശനത്തിന് ഇത്രനല്ലൊരവസരം ലഭിക്കാനില്ല. ആനുകാലികങ്ങളിലെ സൃഷ്ടികളെ വെല്ലുന്ന ഒരുപാട് കഥകളും കവിതകളും ലേഖനങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ മാധ്യമശ്രദ്ധ ഇപ്പോള്‍ ഇങ്ങോട്ടു തിരിഞ്ഞിരിക്കയാണ്. ഏറ്റവും നല്ല രീതിയില്‍ ആനുകാലിക സംഭവങ്ങളെ വിലയിരുത്തുന്ന ബ്ലോഗുകള്‍ ഉണ്ട്. എന്നാല്‍ ഇന്നുകണ്ടുവരുന്ന തീരെ ശരിയല്ലാത്ത ഒരു പ്രവണത കമന്റുകള്ക്കായുള്ള നെട്ടോട്ടമാണ്. കമന്റുകള്‍ ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കിട്ടാവുന്ന ബ്ലോഗുകളില്‍ എല്ലാം കയറി ചെന്ന് ‘ഉഗ്രനായിരിക്കുന്നു’, ‘ഗംഭീരം’, ‘കലക്കി’ മുതലായ ചില പ്രയോഗങ്ങള്‍ നടത്തുക എന്നുള്ളതാണ്. ഇത് എഴുതാന്‍ ആരുടെയും ബ്ലോഗ് വായിക്കണം എന്നു തന്നെയില്ല. ഇത്തരം കമന്റുകള്‍ നടത്തുന്നതിനു പിന്നില്‍ തനിക്കും “വാരിധി തന്നില്‍ തിരമാലകളെന്ന പോലെ” കമന്റുകള്‍ വരണേ ദൈവമേ എന്ന ഒരു അപേക്ഷ മാത്രമാണ്. ഇത്തരം ‘ബ്ലോഗിങ്ങുകള്‍’ വെറും പബ്ലിസിറ്റി ലാക്കാക്കിയുള്ളതാണെന്നും അത് നിരുല്സാഹപ്പെടുത്തേണ്ടതാണെന്നും നാം മനസ്സിലാക്കണം. ‘മാത്രുഭൂമി’യിലും മറ്റും ലഭിക്കുന്ന കത്തുകളുടെ നിലവാരം തന്നെ ബ്ലോഗിലെ കമന്റുകള്‍ക്കു വേണം. ബ്ലോഗിലെ എഴുത്തിന്റെ നിലവാരം പ്രത്തികരണങ്ങള്‍ക്ക് ലഭിക്കാത്തത് ഇത്തരം“ആര്‍ത്തി” ഒന്നുകൊണ്ട് മാത്രമാണ്. എന്നാല്‍ ഇതിനു വിപരീതമായി നല്ല കമന്റുകള്‍ നല്കുന്ന ഒരുപാട് ബ്ലോഗര്‍മാരെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്.
നമുക്ക് കാര്യങ്ങള്‍ ഒന്നുകൂടി ഭംഗിയാക്കാം അല്ലേ, സുഹൃത്തുക്കളേ?
Tuesday, March 30, 2010
Monday, March 22, 2010
മധ്യവേനല്‍

തിളക്കുന്നൂ, പകല്‍-
ഉടലിലൊക്കെയും നിറയെയുഷ്ണത്തിന്
മുറിവുമായി നീ നിഴലുപറ്റുമ്പോള്,
കൊഴിയും ഗ്രീഷ്മത്തിന്നിതളുകള്
വീണവഴികളിലഗ്നിച്ചിറകുകള്
കൊഴി-ഞ്ഞമരുമ്പോള്,
പൂത്തുകൊഴിഞ്ഞ വാക്കിന്റെ
പിടക്കും ചേതന മറവിയില്‍ വീണു
മറഞ്ഞുപോകുമ്പോള്‍,
പഴയ വീടിന്റെ ചുമരില്‍
ഞാനെന്റെ പ്രണയ കാവ്യത്തിന് വരികള്‍
കോറുമ്പോള്‍, കിളിച്ചുണ്ടന്‍ മാവില്‍
ഉടലുചുറ്റിക്കൊണ്ടൊരു കാറ്റിന്
കൈകളിലകള് തല്ലുമ്പോല്
മറവിയില്‍ വീണ പഴയകാലത്തിന്
ശിഥിലജാലകം തുറന്നു നീ വീണ്ടും
കവിതയും കൂര്‍ത്ത ചരല്ക്കല്ലും
കൊണ്ടെന്മനസ്സിലുഷ്ണത്തി-
ന്നെരിവു പാകുമ്പോള്‍
സമയം മധ്യാഹ്നം,
ഒഴുകും ലാവയില്‍
വിരിയുന്നൂ ശത ദള സുരഭിയാം
ഒരുപുഷ്പം-
നിന്റെ വിരലിലാളുന്ന
വിരഹ വഹ്നിയില്‍
തിളക്കുന്നൂ പകല്‍.
Sunday, March 21, 2010
നീ ഇന്നും ഒരു ബി.പി.എല്‍.കാരി

നീ ഇന്നും ഒരു ബി.പി.എൽ.കാരി
ഈ വരൾച്ചയിലും നിന്റെ കണ്ണിലൂടെ
ഒരു പുഴ ഒഴുകുന്നുണ്ട്.
കൈവഴികളില്ലാത്ത പുഴയിലൂടെ
അനാദ്യന്തമയ കാലത്തിന്റെ
ഓരം പറ്റി ഋതുഭേദങ്ങളിൽ
നടന്നു നടന്ന് നിന്റെ അമ്മ മരിച്ചു വീണു.
ഓരോ റേഷൻ കാർഡിലും നിന്റെ നിറം
ചുവപ്പായിരുന്നു.
പക്ഷേ, ഇരപിടിക്കാനിറങ്ങിയവരും
ഇരകോർക്കാൻ നിന്നെ എടുത്തവരും-
ചേർന്ന് നിന്നെ ചുവപ്പിൽ തന്നെ
പിടിച്ചു നിർത്തി.
ഉൾക്കാടിലെവിടെയോ ഊയലാടുന്ന
കാറ്റിന്റെ ചിറകടിയിൽ, മാമ്പൂക്കൾ
വിരിഞ്ഞ ഹേമന്തത്തിന്റെ കുഞ്ഞു
കൈനഖങ്ങളിൽ, കരഞ്ഞു വിളിച്ച്
ആർത്തെത്തുന്ന ഇടവപ്പാതിയുടെ
കുളിർ സ്പർശത്തിൽ നീ കാടിനെയറിഞ്ഞു.
വിരലിനാൽ വാക്കുകൾ കോറിയിട്ടു
കളിക്കാൻ മൺ ചുമരുകൾ പോലു-
മില്ലാത്ത നിനക്ക് ഭാഷ പോലും വേണ്ട.
നിനക്കറിയാം ഇലഞ്ഞികൾ
പൂക്കുന്നത്,കാറ്റത്ത് മാമ്പഴം വീഴുന്നത്,
മദം പൊട്ടിവരുന്ന ഇരുട്ടത്ത്
കാട്ടാനകൾ നിന്റെ അമ്മയുടെ,
സഹോദരിയുടെ കീറത്തുണികൾ
കടിച്ചു വലിക്കുന്നത്.
നീയിന്നും ഒരു ബി.പി.എൽ.കാരി.
ചുവന്ന കാർഡിൽ നിനക്കുള്ള
രണ്ടു രൂപയുടെ അരിയുംതിന്ന്
ആശാരിച്ചിയെയും കടിച്ച് പട്ടി
പിന്നെയും മുന്നോട്ടു വെക്കുമ്പോൾ
നീ ഒലിച്ചിറങ്ങിയ മൂക്കട്ട
നക്കി തിന്ന് സ്വയം
തൃപ്തിയടഞ്ഞു.
ഇരുട്ടത്ത് ആകാശത്തെ നക്ഷത്ര-
ങ്ങളെ മാടിവിളിച്ചു കിടക്കുന്ന
രാത്രിയിൽ ഒരു ഒളിക്യാമറയിൽ
നീ നിന്റെ പ്രായം തെളിയിക്കും
പിന്നെ നീ ആരായിത്തീരും?
ആർക്കറിയാം.
അതെ ആർക്കറിയാം.
Tuesday, March 16, 2010
മതിഭ്രമം

അപാര പണ്ഡിതനും വാഗ്മിയും വേദ വേദാന്തസാരം ഗ്രഹിച്ച് ആത്മാവിങ്കല്‍ മാത്രം തല്‍പ്പരനുമായ വൈരാഗ്യമേറിയ(വൈരാഗ്യംന്ന് ച്ചാല്‍ ഒന്നിനോടും പ്രത്യേകിച്ച് താല്‍പ്പര്യമില്ലാത്തവന്‍ എന്നു സാരം) ആ മഹാ ചിന്തകനെ ക്ണ്ടതും ചെക്കിണി നിര്‍ല്ലീനാവസ്ഥയിലായിപ്പോയി. ഗാന്ധിയന്‍ പാതയില്‍ സ്വജീവിതം മുന്നോട്ടു നയിച്ച് സ്വാതന്ത്ര്യാനന്തരം ഇത്ര നിസ്വാര്‍ഥനായി ജീവിച്ച ഒരാള്‍ ഇന്ത്യയിലുണ്ടോ? അദ്വൈത വേദാന്തം എന്നു കേള്‍ക്കുമ്പോള്‍ ശ്രീ ശങ്കരനെയല്ലാ, മെലിഞ്ഞുണങ്ങിയ ആ മഹാനെയാണ് ചെക്കീണിക്ക് ഓര്‍മ്മ വരുക. ദേഷ്യം എന്നൊരു സംഗതി അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. പക്ഷേ, ധാര്‍മ്മിക രോഷം കേമമായി ഉണ്ട് താനും. നീതി, ധര്‍മ്മം എന്നിവക്ക് എവിടെ ഗ്ലാനിയുണ്ടാകുന്നോ, അവിടെ അദ്ദേഹം അവതരിക്കും. അദ്വൈത വേദാന്തത്തില്‍ സിനിമയെപ്പറ്റി പറഞ്ഞിട്ടില്ലെങ്കിലും സിനിമാ ലൊകത്തു നടക്കുന്ന അനീതി കണ്ടു കണ്ട് അദ്ദേഹത്തിന്റെ ‘ക്ഷുഭിത വാര്‍ദ്ധ്ക്യം’ സട കുടഞ്ഞ് എഴുന്നേറ്റതാണ്. അദ്ദേഹത്തിന്റെ ധിഷണയെ അറിയാത്ത ചില സിനിമാക്കാര് ഓരോന്നു വിളിച്ചു പറയുമ്പോള്‍ ഒന്ന് ഓര്‍ക്കുന്നത് നന്ന്. ഗവര്‍ണ്ണര്‍ സ്ഥാനമുള്‍പ്പടെ വലിയ വലിയ സ്ഥാനമാനങ്ങള്‍ കിട്ടുമായിരുന്നത് പുല്ലുപോലെ വലിച്ചെറിഞ്ഞ് അതിലൊന്നും ഒരു താല്പ്പര്യവുമില്ലാതെ ‘പാരിനെക്കുറിച്ചുദാസീനനായ്’ നില് ക്കുന്ന അദ്ദേഹം എങ്ങ്,ഈ സിനിമാക്കാര് എങ്ങ്? ഏതായാലും സംഗതി വേദവും വേദാന്തവും ഒക്കെയാണെങ്കിലും തലയില്‍ വിഗ്ഗുവെച്ച് വാര്‍ധക്യം മറച്ചു നടക്കുന്ന ചില മരത്തലയന് സിനിമാക്കാരുടെ തൊലി ഉരിയാന്‍ പോകുകയാണ്. ഇനി ഒരു കാള്‍ ഷീറ്റിനു വേണ്ടി അവര്‍ പരക്കം പായുന്നത് നമുക്ക് കാണേണ്ടി വരും. വേണ്ടാത്തത് പറയുമ്പോള്‍ അവര്‍ ഇതൊക്കെ അറിയണമായിരുന്നു. അല്ലെങ്കില്‍ പറഞ്ഞതിന്റെ അര്‍ഥമെന്തെന്ന് ഇവന്മാര്ക്ക് അറിയാമോ? ‘മതിഭ്രമം’. ആരെങ്കിലും പറയുന്ന ഒരു വാക്കാണോ ഇത്. അമരകോശം മുതല്‍ ശബ്ദതാരാവലി വരെ കാണാതെ പറയാന്‍ കെല്‍പ്പുള്ള ഒരാളെ ഇത്തരം ഒരു പദം ഉപയോഗിച്ച് പേടിപ്പിക്കാന്‍ നോക്കുന്നോ? അതല്ല, മതിയെന്നാല്‍ ബുദ്ധി, ധിഷണ, ഓര്‍മ്മ തുടങ്ങി ഒരുപാട് അര്‍ഥങ്ങളുണ്ട്. അതിന് ഭ്രമമുണ്ടാകുക എന്നു പറഞ്ഞാല്‍ ഭ്രാന്ത് വന്നു എന്ന് പറയുന്നതിന്റെ സാഹിത്യ ഭാഷയല്ലേ? ഇത്തരം ഒരു ഭാഷ കൈകാര്യം ചെയ്യേണ്ടത് ഭാഷയില്‍ ഡോക്ടറേറ്റ് കിട്ടിയവര്‍ മാത്രമാണ്. വിഗ്ഗു വെച്ച് വൈരൂപ്യം മറയ്ക്കുന്ന ആപ്പ ഊപ്പ സിനിമാക്കാര് ഇതൊന്നും പറയാന്‍ തന്നെ പാടില്ല. അതൊക്കെ പോകട്ടെ, ധിഷണാശാലിയായ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചിരിക്കുകയാണ്. പ്രാണന് പോകും വരെ ഇത്തരക്കാര്‍ക്കെതിരെ പ്രചാരണം തുടരും. സമൂഹത്തില്‍ നടമാടുന്ന മറ്റ് അനീതികളെല്ലാം ശ്രീനാരായണ ഗുരു, അയ്യങ്കാളീ, കുറെ കമ്മ്യൂണിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്ന് നശിപ്പിച്ചതിനാല്‍ ഇന്ന് ബാക്കിയായ ഒരേയൊരു അനീതികൂടി ഉച്ചാടനം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കടമയാണെന്ന് ചെക്കിണിക്ക് അറിയാം. ഗാന്ധിയമാരില്‍ പച്ചവെള്ളം ചവയ്ക്കുന്നവരും അല്ലാത്തവരും എന്ന രണ്ടുവിഭാഗം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു. അദ്ദേഹം ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവനാണ് എന്നു പറഞ്ഞത് ഒരു മുന്നറിയിപ്പാണ് എന്ന് ചെക്കിണിക്ക് തോന്നി. മതിഭ്രമം എന്ന വാക്കിന്റെ അര്‍ഥം എന്തായലും ചിലര്‍ അറിയാന്‍ പോവുകയാണ്. ഏതായാലും ഒരു കാര്യം ഉറപ്പായിരിക്കയാണ് കേന്ദ്ര മന്ത്രിക്ക് അയച്ച കത്ത് കിട്ടിക്കഴിഞ്ഞാല്‍ തീര്‍ന്നതു തന്നെ. പട്ടാളക്കാരുടെ വേഷവുമിട്ട് തട്ടാന്റെ ആലയില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ആ മഹാന്റെ പാദാരവിന്ദങ്ങള്‍ നമസ്ക്കരിച്ച് ചെക്കിണീ മരത്തില്‍ വലിഞ്ഞു കയറി.
Sunday, March 14, 2010
മുപ്പത്തിമൂന്ന് ശതമാനം സംവരണംകൊണ്ട് മഞ്ജു വാര്യര്‍ക്ക് എന്തുകാര്യം?

സ്ത്രീകള്‍ മോശക്കാരാണെന്ന് അവര്‍ക്കു തോന്നുന്നുണ്ടെങ്കിലും കേരളത്തിലെ ആണ്പിറന്നോന്മാര്ക്കു തോന്നുന്നില്ല. അതുകൊണ്ടാണല്ലോ ഇത്ര കഷ്ടപ്പെട്ടും ലാലു മുലായം ദളിത നേത്രിത്വത്തെ ചൊടിപ്പിച്ചും പെണ്ണുങ്ങളെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങി അവസാനം അങ്കം ജയിച്ചു കയറിയത്. സ്ത്രീകള്‍ എന്തുകൊണ്ട് ഇത്ര പിന്നാക്കം പോയി? ആര്‍ക്കറിയാം? എല്ലാത്തിലും അവര്‍ പിന്നിലായിപ്പോയതില്‍ ജനിതകപരമായ സവിശേഷതകളുണ്ട്. അടിമത്തം അനുഭവിച്ച് മനസ്സില്‍ സ്ഥായിയായിപ്പോയ അപകര്‍ഷതാ ബൊധത്തിന്റെ ജന്മാന്തരങ്ങളായി പേറുന്ന അടിസ്ഥാന ഭാവമുണ്ട്. എന്നാല്‍ ഇതൊക്കെ ഇന്ത്യ പോലുള്ള മൂനാം ചേരി(പഴയ)കളിലെ പെണ്ണുങ്ങളിലാണ് കൂടുതലായി കണുന്നത്. വിദേശത്തെ പെണ്ണുങ്ങള് കപ്പലോ വിമാനമോ കയറി വന്ന് ഒറ്റക്ക് നാടുനാടാന്തരം സൈക്കിളില്‍ ചുറ്റിയടിക്കുന്നുണ്ട്. അവര്‍ അനായാസം ആളുകളോട് സംസാരിക്കുകയും എന്തിനും ഏതിനും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ തകരാറ് ആര്‍ക്കാണ്? നമ്മള് അറുപതു വര്‍ഷത്തിലേറയായി നേടിയ സ്വാതന്ത്ര്യം കൊണ്ടും സ്ത്രീകള്‍ സ്വതന്ത്രരായിട്ടില്ല. ഇന്ത്യയില്‍ ഏതു കര്യം എടുത്തു നോക്കിയാലും സ്ത്രീകള്‍ പുരുഷന്മാരെക്കാള് എത്രയോപിന്നിലാണെന്നുകാണാം. കായിക രംഗം, കലാസാഹിത്യരംഗം എന്നു തുടങ്ങി രാഷ്ട്രീയ രംഗത്തുവരെ സ്ത്രീകള്‍ ഇപ്പോഴും പിന്നില്‍ നില്ക്കുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജാഥ നോക്കൂ. അതില്‍ എത്ര സ്ത്രീകള്‍ കാണും? എന്തിനേറെ? കേരളത്തിലെ കവികളുടെ ചിത്രകാരന്മരുടെ, നോവലിസ്റ്റുകളുടെ കണക്ക് എടുത്തു നോക്കൂ. അതില്‍ എത്രപേര്‍ സ്ത്രീകള്‍ ഉണ്ടാകും. എന്തായാലും സര്‍ഗാത്മകത ആവശ്യമുള്ള രംഗങ്ങളില്‍ സംവരണം കൊണ്ട് ആരെയും മുന്നാക്കക്കാരാക്കാന് കഴിയുമെന്ന് തോന്നുന്നില്ല. അത് രാഷ്ട്രീയത്തില്‍ മാത്രമേ നടക്കുകയുള്ളൂ. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ സ്ത്രീകളുടെ ദയനീയമായ പ്രകടനത്തിന് ഉത്തരവാദികള്‍ ആരാണ്? അടുക്കളയില്‍ നിന്ന് അരംഗത്തേക്കുവരാന് ഇന്നും മടികാണിക്കുന്ന ഒരുപാടു സ്ത്രീകള്‍ ഇന്നുമുണ്ട്. ഒരു ഇന്ദിരഗാന്ധിയെയോ,മഹാശ്വേതാദെവിയെയോ അരുന്ധതി റോയിയെയോ പി.ടി.ഉഷയെയോ ബ്രിന്ദ കാരാട്ടിനെയോ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. എന്നാല്‍ എല്ലാ കാര്യത്തിലും സ്ത്രീകള്‍ അങ്ങനെയങ്ങു പിന്നിലാണെന്നു പറയാനും കഴിയുമോ? സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ രംഗത്തേക്കു വരുന്ന ഒരു മേഖല സിനിമയുടേതാണ്. വെള്ളിത്തിരയുടെ മായിക ലോകത്ത് എത്താന്‍ സാമ്പത്തിക സാമൂഹിക രംഗത്തൊന്നും സ്ത്രീകള്‍ തടസ്സം കാണുന്നില്ല. ഒരു പിക്കറ്റിങ്ങിനു പോകാന്‍ മടിക്കുന്ന പെണ്‍കുട്ടിയോട് അതിനെപ്പറ്റി ചോദിച്ചാല്‍ അവള് ഒരു പക്ഷെ പറയുന്നത് സാമൂഹിക വിലക്കുകളെപ്പറ്റിയാവും. എന്നാല്‍ സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ ക്ഷണം കിട്ടിയാല്‍ അവളുടെ പ്രതികരണം എന്താവും? അപ്പോള്‍ സാമുഹിക വിലക്കുകള്‍ ഉണ്ടെങ്കില്‍ പോലും അത് ലംഘിക്കാന്‍ അവള് സന്നദ്ധയാവും. അഭിനയ രംഗമാണ് ഇന്ത്യയില്‍ ഇന്ന് സ്ത്രീകള്‍ അടക്കി വാഴുന്ന രംഗം. അഭ്യസ്ത വിദ്യയായ ഇടത്തരക്കാരിയായ ഒരു പെണ്‍കുട്ടി തെരുവില്‍ സമരം ചെയ്യാന്‍ പോകുന്നത് അപൂര്‍വമാണ്. സിനിമയില്‍ അഭിനയിക്കാനാണെങ്കില്‍ സ്വന്തം തന്തമാര് തന്നെ അവളെ അനുഗമിക്കുകയും അവ്ലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ ഇത് കലയോടൂള്ള പ്രേമം കൊണ്ടല്ല. പണത്തോടുള്ള ആര്‍ത്തികൊണ്ടാണ്. സ്ത്രീ സ്വതന്ത്രയല്ലെങ്കില്‍ അല്‍പ്പം അപകടം പിടിച്ചത് എന്നു വേണമെങ്കില്‍ പറയാവുന്ന ഈ പണി അവള്‍ക്ക് എങ്ങനെ ചെയ്യാന്‍ കഴിയും? സ്വന്തം ശരീര ഭംഗി വിറ്റു കാശാക്കാന്‍ സാമൂഹിക വിലക്കുകള്‍ ബാധകമല്ലെങ്കില്‍ അതിനര്‍ഥം മറ്റൊന്നിനും മനസ്സില്ലാ എന്നല്ലേ? യതാര്‍ഥ പ്രശ്നം സംവരണമില്ലായ്മയുടേതാണോ? സ്ത്രീകള്‍ മനസ്സിനിട്ട ചങ്ങല പൊട്ടിച്ചെറിയാന്‍ തയ്യാറാവുന്നില്ല എന്നുള്ളതല്ലേ? ഇനി മറ്റൊരു കാര്യം. പുരുഷനു വേണ്ടിയാണ് താന്‍ ജീവിക്കുന്നത് എന്ന മിഥ്യാ ബോധം വെച്ചു പുലര്‍ത്താത്ത എത്ര സ്ത്രീകള്നമ്മുടെനാട്ടിലുണ്ട്? അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സിനിമാ രംഗത്തെ സ്ത്രീകളുടെ വിവാഹം. അഭിനയ മികവു തെളിയിച്ച എത്ര വിഖ്യാതരായ നടികള്‍ പുരുഷമേധാവിത്വത്തിന് വശം വദരായി സ്വന്തംകഴിവു കുഴിച്ചു മൂടിക്കളഞ്ഞു? അഭിനയം ഒരു കലയാണെന്നും അത് അപൂര്‍വമായി ലഭ്യമാകുന്ന ഒരു വരദാനമാണെന്നും മനസ്സിലാക്കാത്ത മഞ്ജു വാര്യര്‍മാരും സംയുക്തമാരും അടുപ്പില്‍ തീ കൂട്ടിയും വിഴുപ്പലക്കിയും ഭര്ത്രു സേവ നടത്തുമ്പോള്‍ ആനന്ദലബ്ധിയില്‍ ആറാടുകയാണ് ആണ് താരങ്ങള്‍. തനിക്ക് ഏതു പെണ്ണിന്റെ കൂടെയും ആടിക്കുഴഞ്ഞ് അഭിനയിക്കാം എന്നാല്‍ തന്റെ ഭാര്യയായ മുന്‍ താരം പുരുഷനെ കണ്ണുകൊണ്ട് നോക്കാന്‍ കൂടിപ്പാടില്ല എന്ന പ്രാക്രിത നിയമത്തെ അനുസരിച്ച് അണിയറയില്‍ പോയി ഒളിച്ച നടികള്‍ ഇത്തരം സമൂഹിക അടിമത്തത്തെ സ്വയം ഏറ്റു വാങ്ങുമ്പോള്‍ മുപ്പത്തിമൂന്നു ശതമാനം സം വരണം കൊണ്ട് മഞ്ജു വാര്യര്‍ക്ക് കാര്യമൊന്നുമില്ല.
Saturday, March 6, 2010
സ്വാമി നിത്യ വിശുദ്ധാനന്ദ തിരുവടികള്‍...

അത് ചെക്കിണി വിശ്വസിച്ചില്ല. സ്വാമി നിത്യവിശുദ്ധാനന്ദ തിരുവടികള്‍ എന്നു കേള്‍ക്കുംപ്പോഴേക്കും ചെക്കീണിക്ക് മോഹാലസ്യമുണ്ടാകും. മോഹാലസ്യം എന്നു കേള്‍ക്കുമ്പോള്‍ അത് ഭീതികൊണ്ടാണെന്ന് കരുതരുത്. ശരിക്കും ഭക്തിരസത്തില്‍ നിന്നും ഉദ്ഭവിക്കുന്ന മാസ്മരികാനുഭവം നല്കുന്ന ഒരു അപസ്മാരം. ചെക്കിണി ആളു കമ്മ്യൂണിസ്റ്റാണെന്നതൊക്കെ ശരി തന്നെ. കമ്മ്യൂണിസ്റ്റുകള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍ പാടില്ല എന്നത് സത്യം. ഏന്നാല്‍ മനുഷ്യരൂപത്തില്‍ അവതരിച്ചിരിക്കുന്ന ദൈവാവതാരങ്ങളില്‍ വിശ്വസിക്കാന്‍ പാടില്ലാ എന്ന സര്‍ക്കുലര്‍ ഇറങ്ങാത്തതു കൊണ്ടു മാത്രമല്ലാ, ഇറ്റാലിയന്‍ കോണ്‍ഗ്രസ്സ് മുതല്‍ ജനതാ ദളത്തിന്റെ ഏറ്റവും പുതിയ ഗ്രൂപ്പില്‍ പെട്ട ബൂര്‍ഷ്വാ ചിന്തകന്മാര് വരെ ആശ്രമത്തില്‍ പുല്ലു പറിച്ചും അടിച്ചുവാരിയും വിഴുപ്പലക്കിയും കഴിഞ്ഞുകൂടുന്നത് ചെക്കിണി കണ്ടിട്ടുണ്ട്. അടുത്തിടെ ദൈവ ചിന്ത മൂത്ത് പാര്‍ട്ടി വിട്ടുപോയ അസാമാന്യ പ്രതിഭാശാലികളായ ചില മുന്‍ കമ്യൂണിസ്റ്റുകളുടെ ഗ്യാപ്പ് അടക്കുന്നതിനോ എന്തോ ബജറ്റില്‍ കൊന്തക്കും പൂണൂലിനും വില കുറച്ച് പാര്‍ട്ടിയില്‍ നിന്നുമുള്ള ഭക്തന്മാരുടെ പലായനം തടയുന്നതിനുള്ള അടിയന്തിര മാര്‍ഗ്ഗങ്ങള്‍ തേടിയതും പത്രം വായിക്കാത്ത ചെക്കിണീ കേട്ടിട്ടുണ്ട്. സംഗതി എന്തുമാകട്ടെ, ചെക്കിണിക്ക് സ്വാമി നിത്യവിശുദ്ധാനന്ദ തിരുവടികള്‍ എന്നു കേള്‍ക്കുംപ്പോഴേക്കും രോമാഞ്ചമുണ്ടാകും. മനുഷ്യരൂപത്തില്‍ നാട്ടില്‍ ഒരുപാട് ദൈവങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് ചെക്കിണിക്ക് അറിയാം. അവരൊന്നുമില്ലായിരുന്നെങ്കില്‍ ഈ ലോകത്തിന്റെ ഗതി എന്താകുമായിരുന്നു എന്ന് ചെക്കിണീ ചിന്തിച്ചു പോയിട്ടുണ്ട്. ഒരു സുനാമി വരുമ്പോള്‍, ഒരു ഭീകരാക്രമണം വരുമ്പോള്‍, പ്രളയം വരുമ്പോള്‍ കണ്ണീരൊപ്പാനും വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കാനും മനുഷ്യ രൂപത്തില്‍ തന്നെ അവതാരം എടുക്കണം. ദൈവം എന്ന ആള് എവിടെ എന്ന് ചില നരീശ്വര വാദികല് ചോദിച്ചേക്കനിടയുണ്ട് എന്നതിനാല്‍ അവതാരം എന്തുകൊണ്ടും ഉത്തമമാണ്. പിന്നെ, പഴയ നക്സലുകളും കമ്മ്യൂണിസ്റ്റുകാരും മറ്റും അവസാന കാലത്ത് മറ്റ് എവിടെ പോകും? മനുഷ്യ സ്നേഹം മൂത്ത് ബൂര്‍ഷ്വാസികളെ ഉന്മൂലനം ചെയ്ത പഴയ മാവൊയിസ്റ്റുകള്‍ വിവാഹം പോലും കഴിക്കാത്തതിനാല്‍ അവര്‍ക്ക് അത്താണി ഇത്തരം ആശ്രമങ്ങള്‍ മാത്രമാണ്. നമ്മള് മലയാളികള്‍ കണ്ടാലും കൊണ്ടാലും അറിയാത്തവരാണെന്ന് ചെക്കിണിക്ക് അറിയാം. അവിശ്വാസികളായ ചില പുരോഗമനം പറയുന്ന മലയാളികള്‍ കാണേണ്ട ഒരു കാഴ്ചയുണ്ട്. സ്വാമികളുടെ ആശ്രമത്തില്‍ തുണിയലക്കുന്നതും ചാണകം വാരുന്നതും വരെ വിദേശികളാണ്. നമ്മള് കുറ്റം പറയാനേ കൊള്ളൂ എന്ന് ചെക്കിണിക്ക് തോന്നി. സ്വാമി നിത്യവിശുദ്ധാനന്ദ തിരുവടികളെ ചെക്കീണിക്ക് പരിചയപ്പെടുത്തിയത് ഗള്‍ഫുകാരി സൌദാമിനിയാണ്. സൌദാമിനിക്ക് കുട്ടികളുണ്ടായത് സ്വാമികളുടെ അനുഗ്രഹം മൂലമാണെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. സൌദാമിനിക്കു കൂട്ടുപോയ ദിവസം ചെക്കിണിയെ സ്വാമി തിരുവടികള്‍ അടുത്തു വിളിച്ച് ഒന്നു ആലിംഗനം ചെയ്തു കളഞ്ഞു. മരം മുറിച്ച് വിയര്‍ത്തു കുളിച്ച് പുഴയില്‍ പോയി ഒന്നു മുങ്ങിയാല്‍ കിട്ടുന്നതിനേക്കാള്‍ പരമാനന്ദം വന്ന ചെക്കിണി കരഞ്ഞു പോയി. ഭക്തിയുടെ ഗുട്ടന്‍സ് അപ്പോഴാണ് ചെക്കിണിക്ക് തിരിഞ്ഞത്. അങ്ങനെ സ്വാമി തിരുവടികള്‍ ചെക്കീണിയെ തന്റെ ശിഷ്യനാക്കിക്കളഞ്ഞു. അവിടെ ചെന്നപ്പോഴല്ലേ തിരിഞ്ഞത്. സ്വാമികള്‍ക്ക് ആണും പെണ്ണും തൂണും തുരുമ്പും ഒക്കെ സമമാണെന്ന്. “ഭോഗങ്ങളൊക്കെ ക്ഷണപ്രഭാ ചഞ്ചലം, വേഗേന നഷടമിതായുസ്സു മോര്‍ക്ക നീ” എന്ന ലക്ഷ്മണൊപദേശം സാമികള് ചെക്കിണിക്ക് സ്വകാര്യമായി ഉപദേശിച്ചു കൊടുത്തത് ചെക്കിണിക്ക് അശ്ശേഷം മനസ്സിലായില്ലെങ്കിലും മൂപ്പര് തലയാട്ടി. അതിനു ശേഷം രണ്ടു പെണ്ണുങ്ങള് തിരുവടികളുടെ അനുഗ്രഹത്തിനായി കാത്തു നിന്നതിനാല്‍ സ്വാമികള്‍ തിടുക്കത്തില്‍ അകത്തേക്ക് പോയി. സ്വാമികളുടെ പാദ സം സ്പര്‍ശനം കാത്ത് ആധ്യാത്മിക ചിന്തയുടെ ഹൈമവത ഭൂമികള്‍ കീഴടക്കിയവര്‍ മുതല്‍ സാഹിത്യ കുലശേഖരന്മാര് വരെ അഞ്ജലീ ബദ്ധരായി കാത്തു നില്‍ക്കുകയാണെന്ന് വിവരമുള്ള ഒരു ഭക്തന് പറഞ്ഞത് ചെക്കിണിക്ക് മനസ്സിലായില്ല. ഏതായാലും പത്രത്തില്‍ വന്ന കാര്യം ചെക്കിണി വിശ്വസിച്ചില്ല. കാഷായം ധരിച്ച് ജപവും പൂജയുമായി നടക്കുന്ന സ്വാമി തിരുവടികള്‍ ഒരു പെണ്ണുമായി.... ഇല്ല. നടക്കില്ല. സ്വാമികള്‍ അങ്ങനത്തെ ആളാണെങ്കില്‍ വിവരമുള്ള വെള്ളകാര്‍ വന്ന് ആശ്രമത്തിലെ പൂല്ലു പറിച്ചുനീക്കുമോ? സ്വാമികളുടെ പാദം കഴുകിക്കുമോ? മാത്രമോ? ഉണ്ണിത്താന് തമ്പ്രാനെ പ്പോലെ വല്ല പണിയും ഒപ്പിക്കണമെങ്കില്‍ സ്വാമി വേഷം എന്തിന്, രാഷ്ട്രീയക്കാരനായാലും പോരെ എന്നും ചെക്കിണി ചിന്തിച്ചു പോയി. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വാര്‍ത്തയെ നാലു വരിയില്‍ ഒതുക്കിയതിനു പിന്നില്‍ ഗൂഡ ലക്ഷ്യ്ങ്ങളുണ്ട് എന്ന് ഒരു ചെക്കന് വിളിച്ചു പറഞ്ഞതും ചെക്കിണിക്ക് മനസ്സിലായില്ല. ചെക്കിണി “തമ്പായിയേ.. രക്ഷിക്കണേ....” എന്ന് ഉറക്കെ വിളിച്ചു പോയി.
Subscribe to:
Posts (Atom)