Tuesday, March 16, 2010

മതിഭ്രമം


അപാര പണ്ഡിതനും വാഗ്മിയും വേദ വേദാന്തസാരം ഗ്രഹിച്ച് ആത്മാവിങ്കല്‍ മാത്രം തല്‍പ്പരനുമായ വൈരാഗ്യമേറിയ(വൈരാഗ്യംന്ന് ച്ചാല്‍ ഒന്നിനോടും പ്രത്യേകിച്ച് താല്‍പ്പര്യമില്ലാത്തവന്‍ എന്നു സാരം) ആ മഹാ ചിന്തകനെ ക്ണ്ടതും ചെക്കിണി നിര്‍ല്ലീനാവസ്ഥയിലായിപ്പോയി. ഗാന്ധിയന്‍ പാതയില്‍ സ്വജീവിതം മുന്നോട്ടു നയിച്ച് സ്വാതന്ത്ര്യാനന്തരം ഇത്ര നിസ്വാര്‍ഥനായി ജീവിച്ച ഒരാള്‍ ഇന്ത്യയിലുണ്ടോ? അദ്വൈത വേദാന്തം എന്നു കേള്‍ക്കുമ്പോള്‍ ശ്രീ ശങ്കരനെയല്ലാ, മെലിഞ്ഞുണങ്ങിയ ആ മഹാനെയാണ് ചെക്കീണിക്ക് ഓര്‍മ്മ വരുക. ദേഷ്യം എന്നൊരു സംഗതി അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. പക്ഷേ, ധാര്‍മ്മിക രോഷം കേമമായി ഉണ്ട് താനും. നീതി, ധര്‍മ്മം എന്നിവക്ക് എവിടെ ഗ്ലാനിയുണ്ടാകുന്നോ, അവിടെ അദ്ദേഹം അവതരിക്കും. അദ്വൈത വേദാന്തത്തില്‍ സിനിമയെപ്പറ്റി പറഞ്ഞിട്ടില്ലെങ്കിലും സിനിമാ ലൊകത്തു നടക്കുന്ന അനീതി കണ്ടു കണ്ട് അദ്ദേഹത്തിന്റെ ‘ക്ഷുഭിത വാര്‍ദ്ധ്ക്യം’ സട കുടഞ്ഞ് എഴുന്നേറ്റതാണ്. അദ്ദേഹത്തിന്റെ ധിഷണയെ അറിയാത്ത ചില സിനിമാക്കാര്‍ ഓരോന്നു വിളിച്ചു പറയുമ്പോള്‍ ഒന്ന് ഓര്‍ക്കുന്നത് നന്ന്. ഗവര്‍ണ്ണര്‍ സ്ഥാനമുള്‍പ്പടെ വലിയ വലിയ സ്ഥാനമാനങ്ങള്‍ കിട്ടുമായിരുന്നത് പുല്ലുപോലെ വലിച്ചെറിഞ്ഞ് അതിലൊന്നും ഒരു താല്‍പ്പര്യവുമില്ലാതെ ‘പാരിനെക്കുറിച്ചുദാസീനനായ്’ നില്‍ ക്കുന്ന അദ്ദേഹം എങ്ങ്,ഈ സിനിമാക്കാര്‍ എങ്ങ്? ഏതായാലും സംഗതി വേദവും വേദാന്തവും ഒക്കെയാണെങ്കിലും തലയില്‍ വിഗ്ഗുവെച്ച് വാര്‍ധക്യം മറച്ചു നടക്കുന്ന ചില മരത്തലയന്‍ സിനിമാക്കാരുടെ തൊലി ഉരിയാന്‍ പോകുകയാണ്. ഇനി ഒരു കാള്‍ ഷീറ്റിനു വേണ്ടി അവര്‍ പരക്കം പായുന്നത് നമുക്ക് കാണേണ്ടി വരും. വേണ്ടാത്തത് പറയുമ്പോള്‍ അവര്‍ ഇതൊക്കെ അറിയണമായിരുന്നു. അല്ലെങ്കില്‍ പറഞ്ഞതിന്റെ അര്‍ഥമെന്തെന്ന് ഇവന്മാര്‍ക്ക് അറിയാമോ? ‘മതിഭ്രമം’. ആരെങ്കിലും പറയുന്ന ഒരു വാക്കാണോ ഇത്. അമരകോശം മുതല്‍ ശബ്ദതാരാവലി വരെ കാണാതെ പറയാന്‍ കെല്‍പ്പുള്ള ഒരാളെ ഇത്തരം ഒരു പദം ഉപയോഗിച്ച് പേടിപ്പിക്കാന്‍ നോക്കുന്നോ? അതല്ല, മതിയെന്നാല്‍ ബുദ്ധി, ധിഷണ, ഓര്‍മ്മ തുടങ്ങി ഒരുപാട് അര്‍ഥങ്ങളുണ്ട്. അതിന് ഭ്രമമുണ്ടാകുക എന്നു പറഞ്ഞാല്‍ ഭ്രാന്ത് വന്നു എന്ന് പറയുന്നതിന്റെ സാഹിത്യ ഭാഷയല്ലേ? ഇത്തരം ഒരു ഭാഷ കൈകാര്യം ചെയ്യേണ്ടത് ഭാഷയില്‍ ഡോക്ടറേറ്റ് കിട്ടിയവര്‍ മാത്രമാണ്. വിഗ്ഗു വെച്ച് വൈരൂപ്യം മറയ്ക്കുന്ന ആപ്പ ഊപ്പ സിനിമാക്കാര്‍ ഇതൊന്നും പറയാന്‍ തന്നെ പാടില്ല. അതൊക്കെ പോകട്ടെ, ധിഷണാശാലിയായ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചിരിക്കുകയാണ്. പ്രാണന്‍ പോകും വരെ ഇത്തരക്കാര്‍ക്കെതിരെ പ്രചാരണം തുടരും. സമൂഹത്തില്‍ നടമാടുന്ന മറ്റ് അനീതികളെല്ലാം ശ്രീനാരായണ ഗുരു, അയ്യങ്കാളീ, കുറെ കമ്മ്യൂണിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്ന് നശിപ്പിച്ചതിനാല്‍ ഇന്ന് ബാക്കിയായ ഒരേയൊരു അനീതികൂടി ഉച്ചാടനം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കടമയാണെന്ന് ചെക്കിണിക്ക് അറിയാം. ഗാന്ധിയമാരില്‍ പച്ചവെള്ളം ചവയ്ക്കുന്നവരും അല്ലാത്തവരും എന്ന രണ്ടുവിഭാഗം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു. അദ്ദേഹം ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവനാണ് എന്നു പറഞ്ഞത് ഒരു മുന്നറിയിപ്പാണ് എന്ന് ചെക്കിണിക്ക് തോന്നി. മതിഭ്രമം എന്ന വാക്കിന്റെ അര്‍ഥം എന്തായലും ചിലര്‍ അറിയാന്‍ പോവുകയാണ്. ഏതായാലും ഒരു കാര്യം ഉറപ്പായിരിക്കയാണ് കേന്ദ്ര മന്ത്രിക്ക് അയച്ച കത്ത് കിട്ടിക്കഴിഞ്ഞാല്‍ തീര്‍ന്നതു തന്നെ. പട്ടാളക്കാരുടെ വേഷവുമിട്ട് തട്ടാന്റെ ആലയില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ആ മഹാന്റെ പാദാരവിന്ദങ്ങള്‍ നമസ്ക്കരിച്ച് ചെക്കിണീ മരത്തില്‍ വലിഞ്ഞു കയറി.

No comments:

My Blog List

Subscribe Now: Feed Icon