Saturday, March 6, 2010

സ്വാമി നിത്യ വിശുദ്ധാനന്ദ തിരുവടികള്‍...


ത് ചെക്കിണി വിശ്വസിച്ചില്ല. സ്വാമി നിത്യവിശുദ്ധാനന്ദ തിരുവടികള്‍ എന്നു കേള്‍ക്കുംപ്പോഴേക്കും ചെക്കീണിക്ക് മോഹാലസ്യമുണ്ടാകും. മോഹാലസ്യം എന്നു കേള്‍ക്കുമ്പോള്‍ അത് ഭീതികൊണ്ടാണെന്ന് കരുതരുത്. ശരിക്കും ഭക്തിരസത്തില്‍ നിന്നും ഉദ്ഭവിക്കുന്ന മാസ്മരികാനുഭവം നല്‍കുന്ന ഒരു അപസ്മാരം. ചെക്കിണി ആളു കമ്മ്യൂണിസ്റ്റാണെന്നതൊക്കെ ശരി തന്നെ. കമ്മ്യൂണിസ്റ്റുകള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍ പാടില്ല എന്നത് സത്യം. ഏന്നാല്‍ മനുഷ്യരൂപത്തില്‍ അവതരിച്ചിരിക്കുന്ന ദൈവാവതാരങ്ങളില്‍ വിശ്വസിക്കാന്‍ പാടില്ലാ എന്ന സര്‍ക്കുലര്‍ ഇറങ്ങാത്തതു കൊണ്ടു മാത്രമല്ലാ, ഇറ്റാലിയന്‍ കോണ്‍ഗ്രസ്സ് മുതല്‍ ജനതാ ദളത്തിന്റെ ഏറ്റവും പുതിയ ഗ്രൂപ്പില്‍ പെട്ട ബൂര്‍ഷ്വാ ചിന്തകന്മാര്‍ വരെ ആശ്രമത്തില്‍ പുല്ലു പറിച്ചും അടിച്ചുവാരിയും വിഴുപ്പലക്കിയും കഴിഞ്ഞുകൂടുന്നത് ചെക്കിണി കണ്ടിട്ടുണ്ട്. അടുത്തിടെ ദൈവ ചിന്ത മൂത്ത് പാര്‍ട്ടി വിട്ടുപോയ അസാമാന്യ പ്രതിഭാശാലികളായ ചില മുന്‍ കമ്യൂണിസ്റ്റുകളുടെ ഗ്യാപ്പ് അടക്കുന്നതിനോ എന്തോ ബജറ്റില്‍ കൊന്തക്കും പൂണൂലിനും വില കുറച്ച് പാര്‍ട്ടിയില്‍ നിന്നുമുള്ള ഭക്തന്മാരുടെ പലായനം തടയുന്നതിനുള്ള അടിയന്തിര മാര്‍ഗ്ഗങ്ങള്‍ തേടിയതും പത്രം വായിക്കാത്ത ചെക്കിണീ കേട്ടിട്ടുണ്ട്. സംഗതി എന്തുമാകട്ടെ, ചെക്കിണിക്ക് സ്വാമി നിത്യവിശുദ്ധാനന്ദ തിരുവടികള്‍ എന്നു കേള്‍ക്കുംപ്പോഴേക്കും രോമാഞ്ചമുണ്ടാകും. മനുഷ്യരൂപത്തില്‍ നാട്ടില്‍ ഒരുപാട് ദൈവങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് ചെക്കിണിക്ക് അറിയാം. അവരൊന്നുമില്ലായിരുന്നെങ്കില്‍ ഈ ലോകത്തിന്റെ ഗതി എന്താകുമായിരുന്നു എന്ന് ചെക്കിണീ ചിന്തിച്ചു പോയിട്ടുണ്ട്. ഒരു സുനാമി വരുമ്പോള്‍, ഒരു ഭീകരാക്രമണം വരുമ്പോള്‍, പ്രളയം വരുമ്പോള്‍ കണ്ണീരൊപ്പാനും വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കാനും മനുഷ്യ രൂപത്തില്‍ തന്നെ അവതാരം എടുക്കണം. ദൈവം എന്ന ആള്‍ എവിടെ എന്ന് ചില നരീശ്വര വാദികല്‍ ചോദിച്ചേക്കനിടയുണ്ട് എന്നതിനാല്‍ അവതാരം എന്തുകൊണ്ടും ഉത്തമമാണ്. പിന്നെ, പഴയ നക്സലുകളും കമ്മ്യൂണിസ്റ്റുകാരും മറ്റും അവസാന കാലത്ത് മറ്റ് എവിടെ പോകും? മനുഷ്യ സ്നേഹം മൂത്ത് ബൂര്‍ഷ്വാസികളെ ഉന്മൂലനം ചെയ്ത പഴയ മാവൊയിസ്റ്റുകള്‍ വിവാഹം പോലും കഴിക്കാത്തതിനാല്‍ അവര്‍ക്ക് അത്താണി ഇത്തരം ആശ്രമങ്ങള്‍ മാത്രമാണ്. നമ്മള്‍ മലയാളികള്‍ കണ്ടാലും കൊണ്ടാലും അറിയാത്തവരാണെന്ന് ചെക്കിണിക്ക് അറിയാം. അവിശ്വാസികളായ ചില പുരോഗമനം പറയുന്ന മലയാളികള്‍ കാണേണ്ട ഒരു കാഴ്ചയുണ്ട്. സ്വാമികളുടെ ആശ്രമത്തില്‍ തുണിയലക്കുന്നതും ചാണകം വാരുന്നതും വരെ വിദേശികളാണ്. നമ്മള്‍ കുറ്റം പറയാനേ കൊള്ളൂ എന്ന് ചെക്കിണിക്ക് തോന്നി. സ്വാമി നിത്യവിശുദ്ധാനന്ദ തിരുവടികളെ ചെക്കീണിക്ക് പരിചയപ്പെടുത്തിയത് ഗള്‍ഫുകാരി സൌദാമിനിയാണ്. സൌദാമിനിക്ക് കുട്ടികളുണ്ടായത് സ്വാമികളുടെ അനുഗ്രഹം മൂലമാണെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. സൌദാമിനിക്കു കൂട്ടുപോയ ദിവസം ചെക്കിണിയെ സ്വാമി തിരുവടികള്‍ അടുത്തു വിളിച്ച് ഒന്നു ആലിംഗനം ചെയ്തു കളഞ്ഞു. മരം മുറിച്ച് വിയര്‍ത്തു കുളിച്ച് പുഴയില്‍ പോയി ഒന്നു മുങ്ങിയാല്‍ കിട്ടുന്നതിനേക്കാള്‍ പരമാനന്ദം വന്ന ചെക്കിണി കരഞ്ഞു പോയി. ഭക്തിയുടെ ഗുട്ടന്‍സ് അപ്പോഴാണ് ചെക്കിണിക്ക് തിരിഞ്ഞത്. അങ്ങനെ സ്വാമി തിരുവടികള്‍ ചെക്കീണിയെ തന്റെ ശിഷ്യനാക്കിക്കളഞ്ഞു. അവിടെ ചെന്നപ്പോഴല്ലേ തിരിഞ്ഞത്. സ്വാമികള്‍ക്ക് ആണും പെണ്ണും തൂണും തുരുമ്പും ഒക്കെ സമമാണെന്ന്. “ഭോഗങ്ങളൊക്കെ ക്ഷണപ്രഭാ ചഞ്ചലം, വേഗേന നഷടമിതായുസ്സു മോര്‍ക്ക നീ” എന്ന ലക്ഷ്മണൊപദേശം സാമികള്‍ ചെക്കിണിക്ക് സ്വകാര്യമായി ഉപദേശിച്ചു കൊടുത്തത് ചെക്കിണിക്ക് അശ്ശേഷം മനസ്സിലായില്ലെങ്കിലും മൂപ്പര് തലയാട്ടി. അതിനു ശേഷം രണ്ടു പെണ്ണുങ്ങള്‍ തിരുവടികളുടെ അനുഗ്രഹത്തിനായി കാത്തു നിന്നതിനാല്‍ സ്വാമികള്‍ തിടുക്കത്തില്‍ അകത്തേക്ക് പോയി. സ്വാമികളുടെ പാദ സം സ്പര്‍ശനം കാത്ത് ആധ്യാത്മിക ചിന്തയുടെ ഹൈമവത ഭൂമികള്‍ കീഴടക്കിയവര്‍ മുതല്‍ സാഹിത്യ കുലശേഖരന്മാര്‍ വരെ അഞ്ജലീ ബദ്ധരായി കാത്തു നില്‍ക്കുകയാണെന്ന് വിവരമുള്ള ഒരു ഭക്തന്‍ പറഞ്ഞത് ചെക്കിണിക്ക് മനസ്സിലായില്ല. ഏതായാലും പത്രത്തില്‍ വന്ന കാര്യം ചെക്കിണി വിശ്വസിച്ചില്ല. കാഷായം ധരിച്ച് ജപവും പൂജയുമായി നടക്കുന്ന സ്വാമി തിരുവടികള്‍ ഒരു പെണ്ണുമായി.... ഇല്ല. നടക്കില്ല. സ്വാമികള്‍ അങ്ങനത്തെ ആളാണെങ്കില്‍ വിവരമുള്ള വെള്ളകാര്‍ വന്ന് ആശ്രമത്തിലെ പൂല്ലു പറിച്ചുനീക്കുമോ? സ്വാമികളുടെ പാദം കഴുകിക്കുമോ? മാത്രമോ? ഉണ്ണിത്താന്‍ തമ്പ്രാനെ പ്പോലെ വല്ല പണിയും ഒപ്പിക്കണമെങ്കില്‍ സ്വാമി വേഷം എന്തിന്, രാഷ്ട്രീയക്കാരനായാലും പോരെ എന്നും ചെക്കിണി ചിന്തിച്ചു പോയി. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വാര്‍ത്തയെ നാലു വരിയില്‍ ഒതുക്കിയതിനു പിന്നില്‍ ഗൂഡ ലക്ഷ്യ്ങ്ങളുണ്ട് എന്ന് ഒരു ചെക്കന്‍ വിളിച്ചു പറഞ്ഞതും ചെക്കിണിക്ക് മനസ്സിലായില്ല. ചെക്കിണി “തമ്പായിയേ.. രക്ഷിക്കണേ....” എന്ന് ഉറക്കെ വിളിച്ചു പോയി.

2 comments:

Balu puduppadi said...

Thanks a lot

Gini said...

ഹ ഹ കൊള്ളാം.

My Blog List

Subscribe Now: Feed Icon