നീ ഇന്നും ഒരു ബി.പി.എൽ.കാരി
ഈ വരൾച്ചയിലും നിന്റെ കണ്ണിലൂടെ
ഒരു പുഴ ഒഴുകുന്നുണ്ട്.
കൈവഴികളില്ലാത്ത പുഴയിലൂടെ
അനാദ്യന്തമയ കാലത്തിന്റെ
ഓരം പറ്റി ഋതുഭേദങ്ങളിൽ
നടന്നു നടന്ന് നിന്റെ അമ്മ മരിച്ചു വീണു.
ഓരോ റേഷൻ കാർഡിലും നിന്റെ നിറം
ചുവപ്പായിരുന്നു.
പക്ഷേ, ഇരപിടിക്കാനിറങ്ങിയവരും
ഇരകോർക്കാൻ നിന്നെ എടുത്തവരും-
ചേർന്ന് നിന്നെ ചുവപ്പിൽ തന്നെ
പിടിച്ചു നിർത്തി.
ഉൾക്കാടിലെവിടെയോ ഊയലാടുന്ന
കാറ്റിന്റെ ചിറകടിയിൽ, മാമ്പൂക്കൾ
വിരിഞ്ഞ ഹേമന്തത്തിന്റെ കുഞ്ഞു
കൈനഖങ്ങളിൽ, കരഞ്ഞു വിളിച്ച്
ആർത്തെത്തുന്ന ഇടവപ്പാതിയുടെ
കുളിർ സ്പർശത്തിൽ നീ കാടിനെയറിഞ്ഞു.
വിരലിനാൽ വാക്കുകൾ കോറിയിട്ടു
കളിക്കാൻ മൺ ചുമരുകൾ പോലു-
മില്ലാത്ത നിനക്ക് ഭാഷ പോലും വേണ്ട.
നിനക്കറിയാം ഇലഞ്ഞികൾ
പൂക്കുന്നത്,കാറ്റത്ത് മാമ്പഴം വീഴുന്നത്,
മദം പൊട്ടിവരുന്ന ഇരുട്ടത്ത്
കാട്ടാനകൾ നിന്റെ അമ്മയുടെ,
സഹോദരിയുടെ കീറത്തുണികൾ
കടിച്ചു വലിക്കുന്നത്.
നീയിന്നും ഒരു ബി.പി.എൽ.കാരി.
ചുവന്ന കാർഡിൽ നിനക്കുള്ള
രണ്ടു രൂപയുടെ അരിയുംതിന്ന്
ആശാരിച്ചിയെയും കടിച്ച് പട്ടി
പിന്നെയും മുന്നോട്ടു വെക്കുമ്പോൾ
നീ ഒലിച്ചിറങ്ങിയ മൂക്കട്ട
നക്കി തിന്ന് സ്വയം
തൃപ്തിയടഞ്ഞു.
ഇരുട്ടത്ത് ആകാശത്തെ നക്ഷത്ര-
ങ്ങളെ മാടിവിളിച്ചു കിടക്കുന്ന
രാത്രിയിൽ ഒരു ഒളിക്യാമറയിൽ
നീ നിന്റെ പ്രായം തെളിയിക്കും
പിന്നെ നീ ആരായിത്തീരും?
ആർക്കറിയാം.
അതെ ആർക്കറിയാം.
1 comment:
ഒരാള്‍ പോലും ഒരു കമന്റ് നല്‍കാത്തതിനാല്‍ ഞാന്‍ സ്വന്തമായി ഒന്ന് കമന്റുന്നു.
Post a Comment