വാര്‍ദ്ധക്യത്തിലെ ഏകാന്തതയില്‍ ഒരാള്‍ക്ക് കൂട്ടിനിരിക്കുന്നത് എന്തായിരിക്കും? ജീവിതത്തിലെ സുഖനിമിഷങ്ങളില്‍ താന്‍ പങ്കുവെച്ച അനര്‍ഘവും വേദനാജനകവുമായ ഒരുപാട് ഓര്‍മ്മകള്‍ ഒരു ഫാന്റസി കണക്കെ മനസ്സില്‍ വന്ന് തിരയിളക്കുന്ന മുഹൂര്‍ത്തങ്ങളില്‍ വ്യാപൃതനായി അയാള്‍ ഇരിക്കും, അല്ലെങ്കില്‍. ഒരു തരത്തിലുള്ള ക്രിയേറ്റിവിറ്റിയും ഇല്ലാത്ത ആളാണെങ്കില്‍ പോലും സൃഷ്ടിയുടെ വേദനയെന്നപോലെ അയാളില്‍ നിറയുന്ന വൈകാരികത കാണാനും അതിന്റെ ആഴം അനുഭവിച്ചറിയാനും നമുക്ക് കഴിഞ്ഞെന്നു വരില്ല. ഗൃഹാതുരതയുടെ സുരഭിലമായ ധന്യസ്മൃതികളില്‍ വിലയിക്കുന്നത് മനുഷ്യനു സുഖകരമായ അനുഭവമാകുന്നു.
സുന്ദരമായ ഭൂതകാലത്തെപ്പറ്റി ഓര്‍ക്കാത്തവരുണ്ടോ? തന്റെ കലമായിരുന്നു നല്ലത് ഇപ്പോള്‍ കാലം ഒരുപാട് മാറിയിരിക്കുന്നു എന്ന ചിന്ത നമ്മെ വല്ലാതെ അലട്ടും. വര്‍ത്തമാന കാലത്തോട് സംവദിക്കാന്‍ കഴിയാതിരിക്കുക, ഭൂതകാലത്തെ നെന്‍ചിലേറ്റുക അതിന്റെ ഗുണ ഗണങ്ങള്‍ പാടി നടക്കുക... ഈ പണി നമ്മളില്‍ പലരും ചെയ്യുന്നതു തന്നെ. പണ്ടത്തെ അദ്ധ്യാപകര്‍ എത്ര നല്ലവര്‍, ഇന്നത്തവര്‍ അധ്യാപകരാണോ എന്നൊക്കെ പണ്ടുള്ളവര്‍ ചോദിക്കും. എന്തുകൊണ്ട് നാം ഗൃഹാതുരത എന്ന നൊസ്റ്റാള്‍ജിയയെ ഇത്രമാത്രം സ്നേഹിക്കുന്നു? നമ്മുടെ മനസ്സ് ഇന്നിനോട് സംവദിക്കുന്നതിനെക്കാള്‍ ഇന്നലയോട് സംവദിക്കുന്നു. സമൂഹം മുന്നോട്ടു പോകുമ്പോഴും അറിയാതെ നാം പഴയ മയില്പ്പീലിയെ, മാമ്പൂക്കളെ, നെറ്റിയേല്‍ പൊട്ടനെ , നടന്നുപോയ ഇടവഴികളെ വല്ലാതെ സ്നേഹിക്കുന്നു?
മൂല്യം നഷ്ടപ്പെടുന്ന രാഷ്ട്രീയത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസക്തി വർദ്ധിച്ചു വരുന്നത് മുതല്‍ തെരുവുകച്ചവടക്കാരന്റെ സ്വഭാവ വ്യതിയാനം വരെ നമ്മില്‍ നൊസ്റ്റാള്‍ജിയയുടെ ചിന്തകള്‍ ഉണര്‍ത്തുന്നു.
കാമ്പസ്സുകളിലെ പ്രണയത്തിന്റെ സ്വഭാവം മാറി അത് വെരും ഒരു ‘ലൈന്‍’ ആയി തരം താഴ്ന്നുപോയത് നമ്മില്‍ നൊമ്പരം ഉയര്‍ത്തുന്നു. ദാവണിയും ബ്ലൗസും ധരിച്ച് സുസ്മിതയായി മാവിന്‍ ചുവട്ടില്‍ കാമുകനുമൊത്ത് ജീവിതത്തെപ്പറ്റി ഗൗരവമായി ചിന്തിക്കുന്ന കൗമാരം ഇന്ന് മധ്യവയസ്സിലേക്ക് കാലൂന്നുന്നവന്റെ ഗൃഹാതുരതയായി. ഇടവഴികളും വയലേലകളും അന്ന് കാമുകീകാമുകന്മാര്‍ക്ക് സ്വന്തമായിരുന്നു. പ്രേം നസീറും ഷീലയും അല്ലെങ്കില്‍ ജയഭാരതിയും ഒരുപാട് മരം ചുറ്റിയിട്ടും മലയാളി അവരെ വെറുത്തില്ല .പ്രണയം അന്ന് വായനയിലൂടെയും മറ്റും അനുഭവിച്ചറിഞ്ഞ ഒരു ചാലിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. അറുപതുകളിലെയും എഴുപതുകളിലെയും എഴുത്തിന്റെ ശക്തി, കാവ്യത്മകമായ പ്രണയത്തിന് വഴിമരുന്നായി. ‘വിഡ്ഡിത്തരങ്ങള്‍’ എന്നു പിന്‍ തലമുറ വിധിയെഴുതിയ ഇത്തരം ഏര്‍പ്പാടുകള്‍ മൂല്യവത്തായിരുന്നു എന്നതാണ് ഒരു തലമുറയുടെ ഗൃഹാതുര ബോധം.
സിനിമാ ഗാനങ്ങള്‍ തന്നെ എടുക്കൂ. ഇന്നത്തെ ഗാനങ്ങള്‍ ഒന്നിനും കൊള്ളില്ല എന്നാണ് ഒരു കൂട്ടരുടെ നിരീക്ഷണം. മലയാളിയെ പ്രണയിപ്പിച്ചതില്‍ കാര്യമായ പങ്കു വഹിച്ചത് വയലാറാണെന്നു തോന്നുന്നു. വയലാറിന്റെ ഗാനങ്ങളുടെ അര്‍ഥവ്യാപ്തിയും സൗന്ദര്യവും അംഗീകരിക്കപ്പെട്ടതാണല്ലോ. വയലാറി നെപ്പോലെ നല്ല ഗാനങ്ങളെഴുതിയ ഒരുപാടു കവികള്‍ നമുക്കുണ്ട്. എന്നാല്‍ സര്‍ഗ്ഗാത്മകതയില്‍ ഇത്രമാത്രം മൗലികത വെച്ചു പുലര്‍ത്തിയ, സംസ്കൃത കാവ്യങ്ങളില്‍നിന്നും ബിംബങ്ങള്‍ ഒരുപാട് എടുത്ത് ഉപയോഗിച്ച ആള്‍ ഇല്ല തന്നെ. ഈ ഗാനങ്ങള്‍ മലയാളിയുടെ പ്രണയസങ്കല്‍പ്പത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ പുതു തലമുറയെ എന്തുകൊണ്ട് ഈ ഗാനങ്ങള്‍ സ്വാധീനിക്കുന്നില്ല? അവക്ക് റാഫിയെയോ സൈഗാളിനെയോ മുകേഷിനെയോ ഒരു പരിധി വരെ യേശുദാസിനെയോ വേണ്ട. മംഗ്ലീഷ് ശൈലിയില്‍ പരദേശികള്‍ ‘പച്ച്മാങ്ങാ, പച്ച്മാങ്ങാ’ എന്നു പാടുന്നതായിരിക്കും അവരുടെ ഗൃഹാതുരത.
ഗൃഹാതുരതയുടെ പാ0ഭേദങ്ങള്‍ ഇങ്ങനെ നീളുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ മായാതെ നില്ക്കുന്ന ചില നൊസ്റ്റാള്‍ജിയകളുണ്ട്.
തൊടിയിലൂടെ ഓടിക്കളിച്ച കളിക്കൂട്ടുകാര്‍, മതിലില്‍ പറ്റിപ്പിടിച്ചു തൂങ്ങിക്കിടക്കുന്ന ‘പുല്ലെണ്ണ’കൈകൊണ്ട് പൊട്ടിച്ചെടുത്ത് കണ്‍പോളയില്‍ വെക്കുമ്പോള്‍ കിട്ടുന്ന സുഖം, ഇടവഴിയിലെ ‘പാമ്പ് വായ പിളര്‍ക്കുമ്പോള്‍’ ഉണ്ടാകുന്ന പ്രത്യേക ഗന്ധം, കാശാവിന്റെയും കാട്ടപ്പയുടെയും സമ്മിശ്ര ഗന്ധം, സന്ധ്യാ സമയത്ത് വയലില്‍ നിന്നും ഉയരുന്ന ചീവീടുകളുടെ നെയ്യുരുക്കുന്നതുപോലുള്ള സ്വരം, പിന്നെ വായില്‍ നിന്നും ഒലിച്ചിങ്ങിയ ‘കേല’യുടെ ഗന്ധമുള്ള തലയണ, കര്‍ക്കിടകത്തില്‍ പുതച്ചുകിടക്കുന്ന പുതപ്പിന്റെ പൂപ്പല്‍ മണം, ചെരിപ്പിടാത്തകാല്‍ ഇടക്കിടെ കല്ലില്‍ വെച്ചുകുത്തി ചോരപൊടിയുന്നതിന്റെ വേദന, മെഴുക്കു പുരണ്ട തലയില്‍ നിന്നും വെയിലത്ത് ഒലിച്ചിറങ്ങുന്ന എണ്ണ മയമുള്ള വിയര്‍പ്പ്.... അങ്ങനെ ഇതില്‍ ഏതെങ്കിലും ഗൃഹാതുരതയായി അനുഭവിക്കാത്തവരുണ്ടാകുമോ? കാണും ഒരു പക്ഷേ, എന്നാല്‍ അവരുടെ ഗൃഹാതുരത എന്താവും?
4 comments:
ഇതൊന്നും അനുഭവിക്കാത്തവരുടെ ഗൃഹാതുരതകള്‍ മറ്റൊന്നാകാം....
അതേ. പരസ്പരം അറിയാന്‍ കഴിഞ്ഞതിനു നന്ദി. നിസ്വാര്‍ത്ഥ സൌഹൃദങ്ങളും ഒരു ഗൃഹാതുരമായ ഓര്‍മ്മ മാത്രമാകുമോ?
പറയാന്‍ തോന്നുകയും എന്തുകൊണ്ടൊക്കെയോ പറയാനാവാതെപോവുകയും ചെയ്യുന്ന ഒരുപാട് കാര്യങ്ങള്‍.. അത്രയുമാണ് ഇത് വായിച്ചപ്പോള്‍ തോന്നിയത്. അഭിനന്ദനങ്ങള്‍!
ഓര്‍മ്മകളെ താലോലിക്കുന്ന എല്ലാവര്‍ക്കും നന്ദി.
Post a Comment