Tuesday, May 18, 2010

ബപ്പന്‍കാട് ഗേറ്റ്

            
               ബപ്പന്‍ കാട് ഗേറ്റിലൂടെ എത്ര തീവണ്ടികള്‍  ആര്‍ത്തലച്ച് കടന്നു പോയിട്ടുണ്ട് എന്ന് ആ ര്‍ക്കും പയാനാവില്ല.രാത്രിയില്‍ഹൃദയഭേദകമായ നിലവിളി പോലെ ഓടിയകലുന്ന തീവണ്ടിയുടെ ശബ്ദത്തില്‍ ആരും ഉണരാറില്ല.  ഉറക്കം പോലെ തന്നെ തീവണ്ടിയുടെ ശബ്ദവും ആളുകള്‍ക്ക് പരിചിതമായിപ്പോയി. ഒരു ശരിയടയാളം പോലെയാണ്  തീവണ്ടിപ്പാളം കുഞ്ഞുണ്ണിക്കു ചുറ്റും കിടക്കുന്നത്. അതിന്റെ ഒരു തല കാലന്‍ കുടയുടേതുപോലെ വളഞ്ഞ് കിടക്കുമ്പോള്‍ റെയില്‍ വേ സ്റ്റേഷനിലേക്കു നീളുന്ന മറു തല നീണ്ടു നിവര്‍ന്നു കിടക്കുന്നു. കുഞ്ഞുണ്ണിക്ക് തീവണ്ടി, സമയത്തെ ബന്ധിപ്പിക്കുന്ന ഒരു ചങ്ങലയാണ്. ഓരോ തീവണ്ടിയുടെയും  പേരും സമയവും കുഞ്ഞുണ്ണിക്ക് അറിയാം. ബപ്പന്‍ കാട് ഗേറ്റിനടുത്ത് ഉക്കം വരാത്ത രാത്രികളില്‍ കുഞ്ഞുണ്ണി മുറുക്കാന്‍ ചവച്ചുകൊണ്ട് ഏകാന്തനായി നടക്കും. ചിലപ്പോള്‍ പോലീസുകാര്‍ അയാളെ വിരട്ടിയോടിക്കും. പോലീസുകാര്‍ പലരും പുതിയവരായിരിക്കും. അവര്‍ക്ക് അറിയില്ലല്ലോ കുഞ്ഞുണ്ണി എത്രമാത്രം യാത്രകള്‍ കണ്ടിരിക്കുന്നു എന്ന വിവരം. പരിചയക്കാരനായ ഗേറ്റ് കീപ്പര്‍ രാത്രിയിലെ ചടപ്പു മാറ്റാന്‍ കുഞ്ഞുണ്ണിയെ കൂടെ കൂട്ടും. കുഞ്ഞുണ്ണി നാടന്‍ റാക്ക് വാങ്ങി അരയില്‍ തിരുകി വെച്ചത് അവര്‍ രണ്ടു പേരും കൂടി ചേര്‍ന്ന് അടിക്കും. കാലം ഒരു പാട് മുമ്പാണ്. അന്ന് ദിവസം രണ്ടോ മൂന്നോ തീവണ്ടി മാത്രം ഓടിക്കൊണ്ടിരിക്കുന്ന കാലമാണ്. അതു തന്നെ കരിവണ്ടിയും. ഗേറ്റ് കീപ്പറും കുഞ്ഞുണ്ണിയും കൂടി ചിലപ്പോള്‍ അടിച്ചു പൂസായി തോറ്റം പാട്ടും പാടി റെയില്‍ വേ ഗേറ്റില്‍ കിടന്ന് കെട്ടി മറിയും. പുലര്‍ച്ചക്ക് തീവണ്ടി വരുന്ന സമയം വരെ അങ്ങനെ കിടന്നാലും പാളത്തിനു ജീവന്‍ വെക്കുന്നത് അരിഞ്ഞാല്‍ എഴുന്നേറ്റ് പോയി ഗേറ്റ് അടക്കും. സിഗ്നല്‍ വന്നാലും വന്നില്ലെങ്കിലും സ്ഥിതി ഇതു തന്നെ.
അക്കാലത്ത് ഗേറ്റ് അടച്ചാലും അടച്ചില്ലെ ങ്കിലു രാത്രിയില്‍ ഒരുത്തനും വരില്ല. ബ്രിട്ടീഷ് സായ്പ്പിനു പോകാന്‍ ഉണ്ടാക്കിയ റോഡില്‍ ഒരു പരിഷ്ക്കാരത്തിനു വേണ്ടിമാത്രം ഗേറ്റ് വെച്ചതാണ്. കാവലിനു മുചുകുന്നു മലയില്‍  റാക്കു വിറ്റിരുന്ന നല്ലാളന്‍ എന്നു പേരായ ഒരാളെ പിടിച്ച് സായിപ്പ് ഏല്പ്പിച്ചതാണ്. നാടന്‍ വാറ്റ് കുടിക്കാന്‍ പോയ സായിപ്പിന് അതിന്റെ രുചി ഇഷ്ടപ്പെട്ടതിനാല്‍ സ്ഥിരമായി സാധനം കിട്ടാനുള്ള മാര്‍ഗ്ഗം  കണ്ടെത്താന്‍ സായിപ്പ് കണ്ടെത്തിയ വഴിയാണെന്നാണ് നല്ലാളന്‍ പഞ്ഞത്.  നല്ലാളന്‍ മരിച്ച് മണ്ണടിഞ്ഞിട്ട് കാലം ഒരു പാടായി.  പിന്നെ അയാളുടെ മകനാണ് പച്ചക്കൊടിയും ചുവപ്പ് കൊടിയും പിടിച്ചത്.  രാത്രിയില്‍ അഗ്നി ഗോളം തലയിലേറ്റി പുകതുപ്പി കിതച്ചു പാഞ്ഞുപോകുന്ന തീവണ്ടിയുടെ മനസ്സ് വായിച്ചിരുന്ന അയാള്‍ എങ്ങനെയാണ് മരിച്ചത് എന്ന് കുഞ്ഞുണ്ണിക്ക് അറിയില്ല. ഒരു ദിവസം അയാള്‍ പച്ചക്കൊടി കാട്ടാതെ തന്നെ തീവണ്ടിക്ക് ബപ്പന്‍ കാട് ഗേറ്റ് കടന്നു പോകേണ്ടി വന്നു. ആഫ്രിക്കന്‍ പായല്‍ നിറഞ്ഞുനിന്ന ചതുപ്പു നിലത്ത് ഒരു ചുവന്ന കൊടി പിടിച്ചുകൊണ്ട് നല്ലാളന്‍ ചത്തു കിടന്നത് കുഞ്ഞുണ്ണി ഇപ്പോഴും ഓര്‍ക്കുന്നു. അന്നും തീവണ്ടി ഒന്നും സംഭവിക്കാത്തതു പോലേ കടന്നു പോയി
കുഞ്ഞുണ്ണിക്ക് ഓര്‍ക്കാന്‍ സുഖമുണ്ട്. വയസ്സായെങ്കിലും വയസ്സിനു തളര്‍ത്താനാവാത്ത ഊര്‍ജ്ജം തന്നിലുണ്ടെന്ന് കുഞ്ഞുണ്ണിക്ക് തോന്നി. റെയില്‍പ്പാളത്തിനടുത്ത് ചെറ്റക്കുടിലില്‍ കിടക്കുമ്പോള്‍ പ്രകമ്പനം കോള്ളിച്ച് കടന്നു പോകുന്ന ഓരോ വണ്ടിയും തന്നിലേക്ക് ശക്തി പകരുന്നതായി അയാള്‍ക്കു തോന്നി. തീവണ്ടിയുടെ താളം രതിമൂര്‍ഛ പോലെ ഒരു ലഹരിയാണ് അയാള്‍ക്ക്. തീവണ്ടി ഒരിക്കലും അയാള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. ഒരിക്കല്‍ പോലും കുഞ്ഞുണ്ണി തീവണ്ടിയില്‍ കയറിയിട്ടുമില്ല.  പണ്ട് ഒരിക്കല്‍ പറശ്ശിനിക്കടവില്‍ പോകുമ്പോള്‍ തീവണ്ടിയില്‍ പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് മൂപ്പരുടെ കുടുംബത്തില്‍ ആരോ മരിച്ചതിനാല്‍ അന്നു പോകാന്‍ കഴിഞ്ഞില്ല. പിന്നെ അതില്‍ കയറാന്‍ പേടി തോന്നി.
            കുഞ്ഞുണ്ണി ഒരു പാട് യാത്രകള്‍ കണ്ടിരിക്കുന്നു. അജ്ഞാതരായ ആളുകള്‍ അജ്ഞാതമായ ഇട ങ്ങളിലേക്ക് മിന്നല്‍ വേഗത്തില്‍ പാഞ്ഞു പോകുന്നു.  ഒരു തീവണ്ടിയും ഇതുവരെ ബപ്പന്‍ കാട് ഗേറ്റില്‍ നിര്‍ത്തിയിട്ടില്ല. ഒരു യാത്രികന്‍ പോലും അയാളുടെ കൈ പിടിച്ച് കുലുക്കിയിട്ടില്ല. എഞ്ജിന്‍ ഡ്രൈവര്‍ ഒരിക്കല്‍ പോലും കുഞ്ഞുണ്ണിയെ തിരിച്ചറിഞ്ഞതായി അയാള്‍ക്കു തോന്നിയിട്ടില്ല. ഗേറ്റ് മാന്‍ മാര്‍ എത്രയോ മാറി മാറി വന്നു. തീവണ്ടികള്‍ എത്രയോ പുതിയവ വന്നു. കുഞ്ഞുണ്ണിയുടെ ഓര്‍മ്മയില്‍ ബപ്പന്‍ കാട് ഗേറ്റ് രണ്ടോ മൂന്നോ പ്രാവശ്യം പുതുക്കി പണിതു.  പക്ഷേ, കുഞ്ഞുണ്ണി നീണ്ട എഴുപത് വര്‍ഷമായി അവിടെ തീവണ്ടിയുടെ ഉച്ഛ്വാസ നിശ്വാസങ്ങള്‍ ഏറ്റുവാങിയും കാതു തുളക്കുന്ന പ്രകമ്പനം ഹൃദയത്തില്‍ ഏറ്റുവാങ്ങിയും  കഴിയുന്നു.

           ഒരിക്കല്‍ അയാളെ നടുക്കിയ ഒരു സംഭവമുണ്ടായി.  കുഞ്ഞുണ്ണീക്ക് ഒരു കുഞ്ഞുണ്ടായ കാലമാണ്. റെയില്‍ വേയുടെ പുറമ്പോക്കില്‍ ഓലമേഞ്ഞ ഒരു ചെറിയ കുടില്‍ കെട്ടി കുഞ്ഞുണ്ണീ കഴിഞ്ഞുകൂടുകയാണ്. കൈതോലകൊണ്ട് പായയുണ്ടാക്കി വില്‍ക്കലായിരുന്നു അന്ന് അയാളുടെ പണി. പകല്‍ മുഴുവന്‍ കുമ്പിട്ടിരുന്ന് പണിചെയ്യും. അകത്തുനിന്നും കുഞ്ഞു കരയുന്നതു കേട്ടാല്‍ അതിനെ പോയി എടുത്ത് തീവണ്ടി പ്പാളത്തിനടുത്തുള്ള അതിരാണിപ്പൂക്കള്‍ക്കിടയില്‍ പറന്നു വരുന്ന ചെറിയ ചെകിടന്‍ കിളിയെ കാണിച്ചുകൊടുക്കും. അല്ലെങ്കില്‍ കാശാവിന്റെ ഇലകള്‍ ചുരുട്ടിയുണ്ടക്കുന്ന പീപ്പി വിളിച്ച് ഒച്ചയുണ്ടാക്കി അതിനെ രസിപ്പിക്കും. അങ്ങനെ തീവണ്ടിപ്പാളത്തിനടുത്ത് നില്‍ക്കുമ്പോളാണ് ഒരു ദിവസം വണ്ടിയില്‍ നിന്നും എന്തോ തെറിച്ചു വീഴുന്നത് കുഞ്ഞുണ്ണി കണ്ടത്. ഓടിചെന്നപ്പോഴാണ് കുഞ്ഞുണ്ണീ തരിച്ചുപോയത്. ജീവനുള്ള ഒരു കുഞ്ഞ്! രണ്ടോ മൂന്നോ വയസ്സു പ്രായം കാണും. കടലാവണക്കു കൊണ്ട് കെട്ടിയ വേലി കടന്ന്  ചോയി മൂപ്പരുടെ പറമ്പിലേക്ക് ചെക്കിണി എങ്ങനെയോ കടന്നെത്തി. തന്റേ കയ്യിലെ  കുഞ്ഞിനെ ആരെയോ ഏല്‍പ്പിച്ച് കുഞ്ഞുണ്ണീ അതിനെയുമെടുത്ത് വൈദ്യരുടെ അടുത്തേക്ക് ഓടി. പക്ഷേ അയാളുടെ കൈയ്യില്‍ കിടന്ന് കുഞ്ഞ് നിശ്ചലമായി. .  ഒരാള്‍ പോലും കുഞ്ഞിനെ തിരഞ്ഞു വന്നില്ല. മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അയാള്‍ക്ക് അത്. തീവണ്ടി ഒന്നും അറിയുന്നില്ലല്ലോ എന്ന് കുഞ്ഞുണ്ണീ സങ്കടപ്പെട്ടു.
      പിന്നീട് കുഞ്ഞുണ്ണിക്ക് ഇത് ഒരു നേരം പോക്കായി. എത്രയോ ശിരസ്സറ്റ ശരീരം അയാള്‍ കണ്ടു. അധികവും പെണ്‍കുട്ടികളുടേതായിരുന്നു. പ്രേമത്തില്‍ തോറ്റുപോയവര്‍ ഇരുമ്പു പാളത്തില്‍ അവസാനമായി കിടക്കാന്‍ വരും. പരീക്ഷയില്‍ തോറ്റവര്‍ അവസാന പരീക്ഷണത്തിനായി വരും. വിധി തോല്‍പ്പിച്ചു കളഞ്ഞ നിരപരാധികള്‍ അറിയാതെ തീവണ്ടിയുടെ ഇരുമ്പു ചക്രങ്ങളില്‍ അകപ്പെട്ടു പോയത് കുഞ്ഞുണ്ണീ നേരിട്ടു കണ്ടിട്ടുണ്ട്.  പരാജയപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച രണ്ടറ്റവും പരസ്പരം കൂട്ടി മുട്ടുന്ന ഒരു പാതയാണ് ഇതെന്ന്  കുഞ്ഞുണ്ണീക്ക്  തോന്നിയിരുന്നു.
കുഞ്ഞുണ്ണി വളരെ വിരളമായേ ബപ്പന്‍ കാട് ഗേറ്റ് വിട്ട് പോയിട്ടുള്ളൂ. അങ്ങനെ പോകേണ്ട ഒരു ആവശ്യം അയാള്‍ക്ക് ഉണ്ടായിരുന്നില്ല. പിഷാരികാവില്‍ ഉത്സവത്തിന് അയാള്‍ പോകും.  അയാള്‍ എന്നല്ല, ജന സഹസ്രങ്ങള്‍ പോകും. കാളിയാട്ടം തീരുന്നതു വരെ കുഞ്ഞുണ്ണി അവിടെ കറങ്ങി നടക്കും. അത് ഒരു ലഹരി ആയിരുന്നു. വരവ് പൊകുമ്പോള്‍ പിന്നാലെ കൂടി “ആര്‍പ്പോ....’‘ എന്ന് ഉറക്കെ പറഞ്ഞ് നടക്കുമ്പോള്‍ ഭഗവതി കൂടെ ഉള്ളതുപോലെ കുഞ്ഞുണ്ണിക്കു തോന്നും. എത്രയായാലും തീവണ്ടിയുടെ താളം ശ്രവിക്കാതെ അയാള്‍ക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. വയസ്സാകുമ്പോള്‍ മനസ്സില്‍ ഒരു പാടു ചിന്തകള്‍ കടന്നു കൂടും. അറിയാതെ കടന്നു വരികയാണ്. കുഞ്ഞുണ്ണി അധികം സ്വന്തം കുടുമ്പത്തെപ്പറ്റി ഓര്‍ക്കാറില്ല. കുടുമ്പം എന്നു പറയാന്‍ അയാള്‍ക്ക് ഭാര്യയും ഒരു പെണ്‍കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടിയെ കല്യാണം കഴിച്ചത് ഒരു   മൂരി വണ്ടിക്കാരനയിരുന്നു. മൂരി\വണ്ടിക്കാരന്‍ മഞ്ഞക്കാമല പിടിച്ച് ചത്തുപോയി. അവരുടെ ഒരേ ഒരു മകന്‍ ശ്രീധരന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഒരു ദിവസം ഏതോ ഒരു തീവണ്ടിയില്‍ കയറി പണി അന്വേഷിച്ച് പോയതാണ്. പിന്നെ തിരിച്ചു വന്നിട്ടില്ല. കുഞ്ഞുണ്ണിയുടെ പെണ്ണ് നടപ്പു ദീനം വന്ന് എന്നോ ചത്തുപോയി. ഇപ്പോള്‍ അസുഖകാരിയായ മകള്‍മാത്രമേ വീട്ടിലുള്ളൂ. പഴയ കടലാസുകള്‍ വാങ്ങി വിറ്റ് കുഞ്ഞുണ്ണി ജീവിക്കുകയാണ്. പായ കെട്ടുന്ന പണിയായിരുന്നു ആദ്യം. ഇപ്പോള്‍ പായ വാങ്ങാന്‍ അളുകളില്ല  കുഞ്ഞുണ്ണി രത്രിയില്‍ വെറുതെ കൂരക്കു പുറത്തു  കടന്നു നിന്നു. വയസ്സായെങ്കിലും അയാള്‍ അതത്ര കാര്യമാക്കാറില്ല.  രാത്രിയില്‍  ഇപ്പോള്‍ ഒരുപാട് തീവണ്ടികള്‍ ഉണ്ട്. പേരൊന്നും അയാള്‍ക്ക് ഓര്‍മ്മയില്ല. അതിന്റെ താളം ശ്രവിച്ച് കുഞ്ഞുണ്ണീ മുറുക്കാന്‍ പൊതി തുറന്ന് ഒന്നു ചവച്ചു തുപ്പും. പുകയില തലക്കു പിടിച്ചാല്‍ ചിലപ്പോള്‍ ശരീരം വിറക്കും. പുതിയ ഗേറ്റ് മാന്‍ അയാളെ അത്ര കാര്യമാക്കാറില്ല. ചിലപ്പോള്‍ അയാള്‍ സിനിമാടക്കീസിലേക്കുള്ള വഴിയുടെ അരികില്‍ കിടക്കുന്ന കല്ലില്‍ കയറിയിരിക്കും. എന്നിട്ട് ഉറക്കെ ഒരു പാട്ടുപാടും. ഭ്രാന്തനാണെന്നു കരുതി ആരും ഒന്നും പറയില്ല.  ഗേറ്റ്മാന്‍ അതു കേട്ട് ചിരിക്കും. 
              നാട്ടില്‍ കുഞ്ഞുണ്ണിയെ അറിയാത്തവരായി ആരും തന്നെയില്ല. ബസ്സു യാത്രക്കാര്‍ക്കും മറ്റും അയാള്‍ സ്ഥിരപരിചിതന്നണ്. എന്നാല്‍ കുഞ്ഞുണ്ണിക്ക് മറക്കാനാകാത്ത ഒരാള്‍ നാട്ടിലുണ്ടായിരുന്നു.. കുഞ്ഞുണ്ണിക്ക് അവരെപ്പറ്റിയുള്ള ഓര്‍മ്മ വേദനിപ്പിക്കുന്നതായിരുന്നു. അത് അയാളുടെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും ദാരുണമായ സംഭവമായിരുന്നു. സമയത്തെയും ലോകത്തയും ഖണ്ഡിക്കുന്ന ഒരു സൈറണ്‍ പോലെ മനസ്സിനെ പിളര്‍ത്തിക്കൊണ്ടാണ് തീവണ്ടി കടന്നു പോകുന്നത്  എന്ന് അയാള്‍ മനസ്സിലാക്കിയത് അങ്ങനെയാണ്. പത്തു മുപ്പതു കൊല്ലം മുമ്പാണ്.  അന്ന് കുഞ്ഞുണ്ണി മധ്യവയസ്സിലേക്ക് കാലൂന്നിയിട്ടേയുള്ളൂ. പായ നെയ്യുന്നതോടൊപ്പം  പഴയ സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന പണി അന്നുമുണ്ട്.  വീടുകള്‍ തോറും കയറിയിറങ്ങി പഴയ സാധനങ്ങള്‍ ശേഖരിച്ചു തിരിച്ച് കൂരയിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പഴയ കടലാസുകളുടെ കൂട്ടത്തില്‍ നിന്നും  ചെറുമകന്‍  ശ്രീധരന്‍ ഒരു ഭാഗ്യക്കുറി ടിക്കറ്റ് പുറത്തെടുത്തു. ശ്രീധരന് അന്ന് അഞ്ചോ അറോ വയസ്സു കാണും.

അവന്‍ ആഹ്ളാദത്തോടെ പറഞ്ഞു.
“ലോട്ടറി ടിക്കറ്റ്”                                                                      
         കുഞ്ഞുണ്ണി അത് ശ്രദ്ധിച്ചില്ല.
“ അച്ചച്ചാ.. നറക്കെടുപ്പ് കയിഞ്ഞിറ്റില്ല...”         . ശ്രീധരന്‍ വീണ്ടും      .         പറഞ്ഞു
        “എന്നോട് ആര് പറഞ്ഞു?“                                                                                                                   
  “അമ്മ”                                                                                                                                            കുഞ്ഞുണ്ണി അതത്ര കാര്യമാക്കിയില്ല. ലോട്ടറികളും നറുക്കെടുപ്പും ഒന്നും അയാള്‍ കാര്യമാക്കാറില്ല. അതൊന്നും   തനിക്ക് പറഞ്ഞതല്ല എന്ന ഭാവം. അന്ന് വൈകുന്നേരമാണ് പത്തുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി കുഞ്ഞുണ്ണിയുടെ വീട്ടുപടിക്കല്‍ വന്നുനിന്നത്.  അവള്‍ വരുമ്പോള്‍ കുഞ്ഞുണ്ണി വീട്ടിലുണ്ടായിരുന്നില്ല. തോട്ടുവക്കത്ത് വെട്ടിയിട്ട കൈതോല എടുത്തുകോണ്ടുവരാന്‍ പോയതായിരുന്നു.  കുഞ്ഞുണ്ണി തലയിലെ ചുമട് റെയില്‍പ്പാളത്തിനടുത്ത് വെച്ച് വീട്ടിലേക്ക് കയറാന്‍ നോക്കുമ്പോള്‍ മുറ്റത്ത് ഒരു പെണ്‍കുട്ടി. പായ വാങ്ങാന്‍ ആരോ പറഞ്ഞയച്ചതാവുമെന്നാണ് കുഞ്ഞുണ്ണി ആദ്യം കരുതിയത്.                                                          ‘’എന്താ മോളേ വന്നത്?‘’ കുഞ്ഞുണ്ണി തിരക്കി.
 ‘’അമ്മ പഞ്ഞിട്ടാ‘’
 ‘’ഏതമ്മ?“”
 ‘’ന്റെ അമ്മ, തോട്ടിന്റെ അപ്പത്തെ ഒറ്റതെങ്ങുള്ള...‘’
 ആളെ കുഞ്ഞുണ്ണിക്ക് മനസ്സിലായി. ഒറ്റതെങ്ങുള്ള വീട്ടില്‍ ഒരു അമ്മയും മോളും ഉണ്ട്. പഴയ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴി കുഞ്ഞുണ്ണി അതിലെയാണ്  പോകാറ്. ഒരു അസുഖക്കാരിയായ അമ്മയും അവരുടെ മകളും മാത്രമേ അവിടെയുള്ളു. അവര്‍ എങ്ങനെയാണ് കഴിഞ്ഞു കൂടുന്നത് എന്ന് കുഞ്ഞുണ്ണി അദ്ഭുതപ്പെട്ടിട്ടുണ്ട്. തള്ള, വീണും എണീറ്റും അടുത്ത വീട്ടില്‍ പോയി എന്തെങ്കിലും സഹായിക്കും. പെണ്‍ കുട്ടിയും അവിടെ തന്നെ എന്തെങ്കിലും ഒക്കെ ചെയ്തുകൊടുക്കും. അവള്‍ മൂന്നാം ക്ളാസ്സുവരെയേ സ്കൂളില്‍ പോയിട്ടുണ്ടായിരുന്നുള്ളൂ എന്നൊക്കെ കുഞ്ഞുണ്ണിയോട് പറഞ്ഞതാണെങ്കിലും അയാള്‍ക്ക് പേട്ടെന്ന് അവളെ മനസ്സിലായില്ല..
കുഞ്ഞുണ്ണിക്ക് ആളെ  മനസ്സിലായെങ്കിലും കുട്ടി വന്നു നില്ക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. അയാള്‍ ചോദിച്ചു.
എന്താമോളേ വന്നത്?‘  ‘’ഇന്റെ ലോട്ടരി ടിക്കറ്റ്....”
കുഞ്ഞുണ്ണിക്ക് കാര്യം മനസ്സിലായി. അവള്‍ ഏതോ പഴയ പുസ്തകങ്ങള്‍ കുഞ്ഞുണ്ണിക്ക് പഴയ കടലാസു വിലയ്ക്ക് വിറ്റിരുന്നു. ശ്രീധരന്‍ കാണിച്ചു തന്ന ലോട്ടറി ടിക്കറ്റ് അതില്‍നിന്നായിരിക്കും വീണത് .                                      “അത് മോളേ ല്യോട്ടര്യാ...? ഞാളു വിചാരിച്ച്.... അത് പോട്ടെ ലോട്ടരി മാങ്ങാന്‍ മോക്കേട്ന്നാ പൈശ..?“
‘’അമ്മ തന്നതാ.. ഇനിക്ക് ബാഗ്യം ഇണ്ടോന്ന് നോക്കാന്‍ അമ്മ എട്ക്കാന്‍ പറഞ്ഞതാ...”
‘’ഏട്ന്ന് കിട്ടി മോളേ പൈശ?“ കുഞ്ഞുണ്ണി ഒന്നുകൂടി ചോദിച്ച് പോയി.
  ‘’അമ്മക്ക് കഷായം   മാങ്ങാന്‍ വെച്ച പൈശ്യാ....”

കുഞ്ഞുണ്ണി ഒന്നും പറയാതെ പുസ്തകം മുഴുവന്‍ തിരഞ്ഞു. എവിടെയും കാണാതെ വന്നപ്പോള്‍ ശ്രീധരനെ വിളിച്ചു.  ശ്രീധരന്‍ പറഞ്ഞു താന്‍ പുസ്തകത്തില്‍ തന്നെ വെച്ചിട്ടുണ്ടെന്ന്. അവന്‍ അത്തരം കാര്യങ്ങളില്‍ കളവ് പറയില്ലെന്ന് കുഞ്ഞുണ്ണിക്ക് അറിയാം.  കാണുന്നില്ല എന്ന് കുട്ടിയോട് എങ്ങനെ പറയും? കുഞ്ഞുണ്ണി വല്ലാതായി. നേരം ഇരുട്ടി തുടങ്ങിയിരുന്നു. കുട്ടി പ്രതീക്ഷയോടെ തിളങ്ങുന്ന കണ്ണു കളോടെ അകത്തേക്കു തന്നെ നോക്കി നില്‍ക്കുകയാണ്. കുഞ്ഞുണ്ണി അകത്തുനിന്നും പുറത്തേക്ക് വന്ന് ഒരു നിമിഷം ആ കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കി. എന്താണ് അവളോട് പറയുക?  പെട്ടെന്ന് ഒരു തീവണ്ടിയുടെ ശബ്ദം കുഞ്ഞുണ്ണി കേട്ടു. ഈ സമയത്ത് തീവണ്ടിയൊന്നും ഇല്ലാതതാണ്. ഒരു എക്സ്പ്രെസ്സ് വണ്ടിയുള്ളത് പോയിക്കഴിഞ്ഞതാണ്. തീവണ്ടി ഭൂമി കുലുക്കിക്കൊണ്ട് പാഞ്ഞു വരുന്നുണ്ട്. കുഞ്ഞുണ്ണി കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കി. അവളോട് എന്തെങ്കിലും പറയണമെങ്കില്‍ തീവണ്ടിയൊന്ന് പോയിക്കിട്ടണം.  തീവണ്ടി വരുന്നതല്ലാതെ അത് പോകുന്നത് കാണുന്നില്ല. പാളം കീറിമുറിക്കുന്ന ശബ്ദം.... ഇത്ര ശബ്ദമുള്ള ഒരു തീവണ്ടി മുമ്പ് കണ്ടിട്ടില്ല. കുഞ്ഞുണ്ണി ചെവി പൊത്തിനിന്നു. പക്ഷേ ആ പെണ്‍കുട്ടി ആ ശബ്ദം കേട്ടതായി തോന്നിയില്ല. അവള്‍ അയാളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.  അവളുടെ മനസ്സില്‍ ലോട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
               തീവണ്ടിയുടെ ശബ്ദം നേര്‍ത്തുവരുന്നതായി അയാള്‍ക്കു തോന്നി. തീവണ്ടി പക്ഷേ പോയതായി അയാള്‍ കണ്ടില്ല. എന്തോ കുഴപ്പം കാണും എന്നു കരുതി അയാള്‍ ആഭാഗം വിട്ടു .                                                   “ മോക്ക് ഞാന്‍ പൊരേല് എത്തിച്ച് തരാം.. മോള് ഇപ്പം പോയിക്കോ...”   കുഞ്ഞുണ്ണി പ്രയാസപ്പെട്ട് അവളെ മടക്കി അയച്ചു. കൂട്ടി മനസ്സില്ലാ മനസ്സോടെ പാളം കടന്ന് പോയി. ലോട്ടറി ടിക്കറ്റ് തിരഞ്ഞ് എടുത്തുവെക്കണം എന്നു വിചാരിച്ചതാണെങ്കിലും കുഞ്ഞുണ്ണിയോട് ആ കാര്യം മറന്നു പോയി. അന്നു വൈകുന്നേരം ഗേറ്റ്മാനുമൊത്ത് കുഞ്ഞുണ്ണി നല്ല നാടന്‍ റാക്ക് കുടിച്ച് പൂസായി ഹരവും പഞ്ഞ് കിടന്നുപോയി. രാവിലെയായപ്പോള്‍ തിക്കോടി കടലൂര്‍ ഭാഗങ്ങളില്‍ പായ കോടുക്കാന്‍ പോയി. തിരികെ പാളത്തിലൂടെ നടന്നു വരുമ്പോള്‍ കുട്ടി പാളം കടന്നു വരുന്നു.  കുഞ്ഞുണ്ണി എന്തുചെയ്യണം എന്നറിയാതെ പരുങ്ങി.                  ലോട്ടറി ടിക്കറ്റ് തിരഞ്ഞ് എടുത്തുവെക്കണം എന്നുവിചാരിച്ചതാണെങ്കിലും കുഞ്ഞുണ്ണിയോട് ആ കാര്യം മറന്നുപോയി. അന്നു വൈകുന്നേരം ഗേറ്റ്മാനുമൊത്ത് കുഞ്ഞുണ്ണി നല്ല നാടന്‍ റാക്ക് കുടിച്ച് പൂസായി ഹരവും പറഞ്ഞ് കിടന്നുപോയി. രാവിലെയായപ്പോള്‍ അയാള്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പേ കുട്ടി വന്നിരുന്നു.

കുട്ടിയുടെ കണ്ണില്‍ എന്തോ തിളങ്ങുന്നുണ്ടായിരുന്നു. അവള്‍ ചെറ്റ  കുടിലിന്റെ മുമ്പില്‍ വന്നു നിന്നു. കുഞ്ഞുണ്ണി മെല്ലെ പുറത്തു വന്ന് കുട്ടിയൊട് പരഞ്ഞു.
മോള് നിക്ക് ഞാന്‍ നോക്കട്ടെ”
അയാള്‍ അകത്തുപോയി തിരയാന്‍ തുടങ്ങി. ലോട്ടറി ടിക്കറ്റ് കാണാതെ വന്നപ്പോള്‍ അയാള്‍ സ്വയം ശപിച്ചു. വേരുതെ ആ  പീറക്കടലാസ് വാങ്ങേണ്ട  കാര്യം ഉണ്ടായിരുന്നില്ല.
അയാള്‍ വീണ്ടും മുറ്റത്തിങ്ങി. അവളോട് എന്താണു പറയുക? ആളുകള്‍ അറിഞ്ഞാല്‍ ചെരിയ പെണ്ണിന്റെ ലോട്ടറി ടിക്കറ്റ് അയാള്‍ തട്ടിയെടുത്തെന്നു പറയില്ലേ??
കുട്ടി ഒന്നും പയാതെ മുറ്റത്ത് നില്ക്കുകയാണ്.
കുഞ്ഞുണ്ണി പഞ്ഞു.
“മോളു പോയ്ക്കോ നാളെ എന്തായാലും ഞാന്‍ കൊണ്ടുതരാം..”    അയാള്‍ കുട്ടിയുടെ മുഖത്തുനോക്കതെയാണ് അതു പറഞ്ഞത്.കുട്ടി തിരിഞ്ഞ് നടക്കുമ്പോള്‍ അവളുടെ കണ്ണിലേക്ക് കുഞ്ഞുണ്ണി നോക്കി. അത് നിറഞ്ഞ് നിന്നിരുന്നു. തീവണ്ടി ഇരുട്ടിലൂടെ കുതിച്ചു പാഞ്ഞുപോകുന്നതിന്റെ പിന്നാലെ അവള്‍ ലയിച്ചു നീങ്ങി. ആ ചെറിയ കൂട്ടി കുഞ്ഞുണ്ണിയെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു. പോകുമ്പോള്‍ അവള്‍ പറഞ്ഞിരുന്നു. “ അമ്മ പറഞ്ഞിയ്ക്ക്, നറക്കെടുപ്പ് മറ്റന്നാളാന്ന്...”  അതിനു മുമ്പ് എന്തായാലും അത് തെരഞ്ഞെടുത്ത് കൊടുക്കണം എന്ന് കുഞ്ഞുണ്ണി തീരുമാനിച്ചു.
                പിറ്റേന്ന് രാവിലെ എന്തുവന്നാലും അത് തെരഞ്ഞു കണ്ടുപിടിക്കണം എന്നു ഉറപ്പിച്ച് പായ നെയ്ത്ത് നിര്‍ത്തിവെച്ച് കുഞ്ഞുണ്ണി അകത്തേക്കു കയറിയതേയുള്ളൂ. പെട്ടെന്ന് ഭീകരമായ ഒരു ശബ്ദം കേട്ട് അയാള്‍ മുറ്റത്തേക്ക് ചാടിയിറങ്ങി  ഏതോ വാഹനം തീവണ്ടിയില്‍ പോയി ഇടിച്ചതാണെന്നു കരുതി ‘അമ്മേ എന്നു നിലവിളിച്ചുകോണ്ടാണ് കുഞ്ഞുണ്ണീ മുറ്റത്തെത്തിയത്. ഒരു മൂരിവണ്ടി ഗേറ്റിനടുത്ത് നിര്‍ത്തിയിട്ടതല്ലാതെ അയാള്‍ മറ്റൊന്നും കണ്ടില്ല. ആളുകള്‍ എല്ലാവരും സാധാരണപോലെ....ആരിലും ഒരു ശബ്ദവും കേട്ടതായ ഭാവമൊന്നും കണ്ടില്ല. കുഞ്ഞുണ്ണീ ടാക്കീസിനടുത്തുള്ള കച്ചവടക്കാരനോട് ചോദിച്ചു.                            
  “ ഇങ്ങള് കേട്ടില്ലെ ഒരു ഒച്ച?”                                          “എന്തൊച്ച?”                                                                                                                                                                         “തീവണ്ടി മറഞ്ഞോണം...”
“തീവണ്ടി മറയാനോ?“  അയാള്‍ കളിയാക്കിയെങ്കിലും കുഞ്ഞുണ്ണിക്ക് ആ ശബ്ദം അവിശ്വസിക്കാന്‍ കഴിഞ്ഞില്ല.  പക്ഷേ അങ്ങനെയൊരു ശബ്ദം കേട്ടതിന്റെ പ്രതികരണം അയാള്‍ അവിടെയെങ്ങും കണ്ടില്ല. കുഞ്ഞുണ്ണി വീണ്ടും ലോട്ടറി ടിക്കറ്റ് തെരയാന്‍ തുടങ്ങി. എവിടെ തിരഞ്ഞിട്ടും അയാള്‍ ലോട്ടറി കണ്ടില്ല. അയാള്‍ ശ്രീധരനെ വിളിച്ച് ശകാരിച്ചു. അവസാനം ദേഷ്യം വന്ന്, കുഞ്ഞുണ്ണി അകത്തെ മൂലയില്‍  കുപ്പിയില്‍ കരുതിവെച്ച റാക്ക് ഒരു ഗ്ലാസ്സില്‍ പകര്‍ന്നു കുടിച്ചു.  മതി വരാതെ അയാള്‍ വീണ്ടും വീണ്ടും കുടിച്ചു.        വെയില്‍ കത്തിക്കാളുന്ന മധ്യാഹ്നത്തില്‍ കുഞ്ഞുണ്ണി കോലായില്‍ മല ര്‍ന്നു കിടന്ന് മയങ്ങി. ബോധത്തിനും ബോധശൂന്യതക്കുമിടയില്‍  അയാള്‍ സ്വപ്ന സഞ്ചാരം നടത്തി. കത്തിയ വെയിലിന്റെ ചാമ്പല്‍ വീണ പാളത്തിന്റെ സമാന്തരങ്ങളില്‍ അയാള്‍ ഓടിക്കൊണ്ടിരുന്നു. ഒരു തീവണ്ടിയുടെ പ്രകമ്പനത്തില്‍ കുഞ്ഞുണ്ണീ ഞെട്ടി വിയര്‍ത്ത് ഉണര്‍ന്നപ്പോള്‍ കൂരക്കു മുമ്പില്‍ രണ്ടു തിളങ്ങുന്ന കണ്ണുകള്‍..... കുഞ്ഞുണ്ണി ഒന്നേ നോക്കിയുള്ളൂ.  ആ പെണ്‍കുട്ടി മുന്നില്‍! കുഞ്ഞുണ്ണിക്ക് അരിശം അരിച്ചു കയറി. അയാള്‍ പെണ്‍കുട്ടിയെ നോക്കി ഉറക്കെ രണ്ടു ചീത്ത വിളിച്ചു പോയി.               “ “എന്റെ ലോട്ടരി, ആമാട.. പോടു പെണ്ണേ.....”
പെണ്‍കുട്ടി പേടിച്ചു പോയി. അവളുടെ കണ്ണിലെ കനലില്‍ ജലം വീണു കുതിര്‍ന്നു. അവള്‍ വിതുമ്പിക്കൊണ്ട് പികോട്ട് പോയി. പിന്നെ അവള്‍ നിന്നില്ല. അവള്‍ തിരിഞ്ഞോടുന്നതു കണ്ട കുഞ്ഞുണ്ണിക്ക് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി. അയാള്‍ പെണ്‍കുട്ടിയുടെ പിറകെ ഓടി. പാവപ്പെട്ട കുട്ടി. അയാള്‍ക്ക് തന്റെ മകളെ ഓര്‍മ്മ വന്നു. പെട്ടെന്ന് ഇരുള്‍ വീണു. തീവണ്ടി കിഴക്കു നിന്നും ഇരമ്പലോടെ കുതിച്ചു വരുന്നത് കുഞ്ഞുണ്ണി കേട്ടു പിന്നെ ആ രാക്ഷസന്റെ ഒറ്റക്കണ്ണ് അടുത്തെത്തി. കുഞ്ഞുണ്ണി ഗേറ്റ് കടക്കും മുമ്പേ തീവണ്ടി വന്നു. അത് ധിക്കാരപൂര്‍വം അയാളെ നോക്കാതെ ഇരുളിലേക്ക് പാഞ്ഞുപോയി. അത് പോയിക്കഴിഞ്ഞപ്പോള്‍ കുഞ്ഞുണ്ണി മുന്നോട്ടാഞ്ഞ് ആ കുട്ടിയെ നോക്കി. അവള്‍ അവിടെയൊന്നുമില്ല. റെയിപ്പാളത്തില്‍ അയാളുടെ കാല്‍ വഴുതി.  പാളത്തിനു മേല്‍ എന്തോ അയാളുടെ കാലിനെ ചുറ്റിപ്പിടിക്കുന്നത് അയാള്‍ അറിഞ്ഞു. മുടിയിഴകള്‍.... ചോരയില്‍ കുതിര്‍ന്ന പാളത്തിനു മേല്‍ അയാളുടെ കാലില്‍ ആയിരമുടലുള്ള സര്‍പ്പത്തെപ്പോലെ മുടിയിഴകള്‍ ചുറ്റിപ്പിടിച്ചു. കുഞ്ഞുണ്ണി ഉറക്കെ കരഞ്ഞു പോയി.   “ അമ്മേ..”
       ഓര്‍മ്മയുടെ ഇരുളടഞ്ഞ അദ്ധ്യായം തുറന്ന് അയാള്‍ വിറയാര്‍ന്ന് ബപ്പന്‍ കാട് ഗേറ്റില്‍ നിന്നു.  കാലം ഒരു പാട് കഴിഞ്ഞു. ആ പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ ഉണ്ടാകുമോ? ഒന്നു കാണണം എന്നു മനസ്സില്‍ കരുതിയതാണ്, പക്ഷേ അന്ന് അവരെ അഭിമുഖീകരിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.  രാത്രി വണ്ടി വീണ്ടും വരികയാണ്. കുഞ്ഞുണ്ണി അടഞ്ഞ ഗേറ്റിന്റെ വാതില്ക്കല്‍ നിന്നു.  ആ പെണ്‍കുട്ടിയുടെ അമ്മയെ കണ്ട് കുറ്റം ഏറ്റു പറയണം. അയാള്‍ക്ക് ഇന്ന് അത് ചെയ്തേ പറ്റൂ, പക്ഷേ, തീവണ്ടി സമ്മതിക്കുന്നില്ല. രാത്രി വണ്ടി കിതച്ചുകൊണ്ട് പായുകയാണ്. ഇത്രനീളമുള്ള ഒരു തീവണ്ടി അയാള്‍ കണ്ടിട്ടേയില്ല. 

കുഞ്ഞുണ്ണി ബപ്പന്‍കാട് ഗേറ്റിനുമുമ്പില്‍ നിന്നു. തീവണ്ടി പോയി തീര്‍ന്നിട്ടു വേണം ഗേറ്റ് മുറിച്ചു കടക്കാന്‍.
                                                                                                                                                                                                                                                     

33 comments:

ജയിംസ് സണ്ണി പാറ്റൂർ said...

ജനറല്‍ കംപാര്‍ട്ടുമെന്‍റിലും സെക്കന്ഡ്
ക്ലാസ്സിലും ഫസ്റ്റിലും ഏസിയിലും
യാത്ര ച്ചെയ്യാനനുവദിക്കുന്ന ട്രെയിനിനെ
മനസ്സാക്ഷിയില്ലാത്ത തീവണ്ടിയെന്നു
നമ്മള്‍ ചിലപ്പോഴെക്കെ പറഞ്ഞു പോകും
നല്ല കഥ

Balu puduppadi said...

ഇത് എന്റെ മനസ്സിലെ ഒരുദുരന്താനുഭവമാണ്.

Unknown said...

ബാലു,
ട്രെയിന്‍ യാത്രകള്‍ പലപ്പോഴും നമുക്ക് ചില നല്ലതും തീയതുമായ അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്. അതിനെ സമാഹരിച്ചു ഇത്ര മനോഹരമായി കോറിയിടാന്‍ കഴിയുക, അതഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല കഥ വായിച്ച പ്രതീതി

കൂതറHashimܓ said...

നല്ല കഥ, ഒഴുക്കോടെ വായിച്ചു.

മൂന്നിടങ്ങളില്‍ ‘ചത്തു’ എന്ന പ്രയൊഗം കണ്ടു, അരോജകരമായി തോനി ആ വാക്ക്, അവരും മനുഷ്യരല്ലേ.. അപ്പോ മരിച്ചു എന്നല്ലേ പറയേണ്ടത്

Balu puduppadi said...

റ്റോംസ്, നന്ദി. കൂതറ, ചത്തു എന്ന പ്രയോഗം നാടന്‍ രീതിയില്‍ പ്രയോഗിച്ചു എന്നേയുള്ളൂ.

ബിനോയ്//HariNav said...

കൊള്ളാം :)

manoharan said...

കഥ നന്നായി. ചെക്കിനിയുടെ ബാധ ഒഴിഞ്ഞിട്ടില്ല അല്ലെ? ഒരു സ്ഥലത്ത് കുഞ്ഞുണ്ണി ചെക്കിനി ആയി.

Balu puduppadi said...

മനോഹരന്‍ സര്‍, അതു സത്യമാണ്. ബ്ലോഗില്‍ ഏറെ എഴുതിയത് ചെക്കിണിയെപ്പറ്റിയാണ്. ക്ഷമിക്കുക

molysivaram said...

balu..... katha eshtamayi,kunjunni oru nanmayude murthimatbhavamayi nirajunilkunnu. Athiranipookalude paramarshathinu nandhi,metro geevithathil ethellam enikanyamavunnu

molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.
molysivaram said...
This comment has been removed by the author.

My Blog List

Subscribe Now: Feed Icon