രാത്രിയിതെന്തു വിഷാദം പകരും രാത്രി-
യെനിക്കെന്‍ കാതരഹ്ര് ദയം
തേങ്ങുവതെന്തേ വെറുതെ?
ഓര്‍മ്മയിലേതൊ വേദനപോലെ
നിലാക്കുളിര് നീറിയമര്‍ന്നൊരു
വര്‍ഷാകാലം, മൌനത്തിന്റ്റെ ചിലമ്പിയ
ചീവീടുകളുടെയര്‍ധവിരാമം.
ഏകാന്തതയുടെ നിര്‍ജ്ജനവീഥികള്‍,
മഴയുടെ കുളിരംഗുലികള്‍ മീട്ടും
നേര്‍ത്തൊരുശ്രുതിയില്‍ പാടുകയാണു
കടുംതുടി കൊട്ടിപ്പാതിരനേരം
വിഭ്രമമെന്റ്റെ ഞരമ്പുകള്‍, ഇലകളിലാരോ
താളമടിക്കുമിലത്താളത്തിന്‍ മേളം,
ആരോ വാതില്‍ തുറന്നു വരുന്നൂ, വാനില്‍
നീറി മുനിഞ്ഞു തെളിഞ്ഞൂ, നേര്‍ത്തൊരു വെട്ടം.
നിഴലുകള്‍ കെട്ടുപിണഞ്ഞുമയങ്ങും
തെരുവോരങ്ങളില്‍ കരള്‍ പിളരുന്നൊരു നാദം,
പൊട്ടിയ കുപ്പിവളക്കൈ കൊണ്ടവള്‍ കുഞ്ഞിനെ
നെഞ്ചിലമര്‍ത്തിയുറങ്ങാതേങ്ങിയിരുന്നു.
രാത്രിയിതെന്തു വികാരം പകരും രാത്രി
മഴക്കുളിര് ചാര്‍ത്തിയ മൂക വികാരിണിയായി
നിറന്നു വരുമ്പോള്‍, ഊഷ്മളമാരുടെ
കൈകളിലമരുകയാണു
വിമൂകവിമോഹിനിയാമീ രാവിന് ദേഹം?
രാത്രിയിലെന്റ്റെ നിശാഗന്ധികളില്‍
പൂവിട്ടില്ലൊരു മൊട്ടും, കാറ്റിന് കാട്ടുകടന്നല്‍
കുത്തിയ ചെണ്ടുകള്‍ വാടി മയങ്ങീ,
നീളന്‍ മുടിയിലിറുത്തണിയാനൊരു
വാടാമുല്ലയുമില്ലെന്‍ മുറ്റ,ത്തേതൊ ചൂടിയ പൂക്കള്‍
കിടപ്പൂ മുന്നില്‍, നഷ്ട വസന്തം പോലെ.
രാവിതു തീരുകയില്ലെന്‍ മുമ്പില്‍
പാടുകയാണെന്‍ നാടികള്‍ വീണ്ടും.
ആതിരതന്നനുരാഗ സ്മ്ര് തികള്‍
പാതിരനേരമൊരൂഞ്ഞാല്‍ പാട്ടായ്
മൂളുവതെന്റ്റെ കിനാവില്, ഞാനെന്‍
ജാലകവാതില്‍ തുറന്നൂ, മഴയുടെ
നാരുകള്‍ ചുറ്റിയൊരാലിന്‍ കൊമ്പില്‍
മൂങ്ങകള്‍ തന്നതിഗൂഡ സമസ്യാ പൂരണ
ഘോഷം, മണ്ണിലുറങ്ങും പൂവിന് സ്വപ്നം
മിന്നാമിന്നികളായി നിരന്നൂ,
വാതിലടക്കുകയാണെന്‍ ചുറ്റും
ഭൂതാവിഷ്ടര്‍ നിരന്നു കഴിഞ്ഞൂ,
രാത്രിയിതെന്തെന്‍ കണ്ണില്‍ കത്തും
നേര്‍ത്ത വെളിച്ചവുമൂതി മടങ്ങീ?
2 comments:
സുന്ദരമായ ഒരു കവിത..
ഇടയ്ക്ക് ഇവിടെയുമൊന്നു വന്നു പോവുക..
പണിക്കർ സ്പീക്കിംഗ്
very strong varikal..
nannayi..
Post a Comment