ചെക്കിണി ഇതികര്‍ത്തവ്യതാ മൂഡനായി നിന്നു.
കുഞ്ഞിക്കണ്ണന്‍റ്റെ ചായപ്പീടികയില്‍ ചെന്ന് രാവിലെത്തന്നെ ഒരു ചായ കുടിച്ചുകൊണ്ടാണ് മൂപ്പരുടെ പ്രഭാതം തുടങ്ങുന്നത്. പീടികയിലെ നിത്യസന്ദര്‍ശകന്‍ മാത്രമല്ല, ആദ്യസന്ദര്‍ശകന്‍ കൂടിയാണ് ചെക്കിണീ. ചായയും ഒരു കഷണം പുട്ടും പപ്പടവും കൂട്ടിയടിച്ച് കുലുക്കുഴിഞ്ഞ് ഒരു ബീഡിയും കത്തിച്ച് വലിച്ച് തിരിച്ച് പോകും. കൊയിലാണ്‍ടിയില്‍നിന്നും മാപ്പിളമാര്‍ സൈക്കിളില്‍ പുലര്‍ച്ചനേരം മീനുമായി വരുമ്പോള്‍ അവരോട് പത്തു മത്തി വാങ്ങി പൊതിഞ്ഞു കൈയില്‍ വെക്കും. ഉച്ചനേരത്തെ ശാപ്പാടിനുള്ള വകയാണ്.
പത്രം വായന കഷ്ടി നടത്താനുള്ള ക്ഴിവുണ്ടെങ്കിലും മൂപ്പര്‍ അതില്‍ അത്ര തല്‍പ്പരനല്ലാ. കുഞ്ഞിക്കണ്ണന്‍ മക്കളെക്കൊണ്‍ട് കുശിനിയില്‍ പണീയെടുപ്പിച്ച് , പണം വാങ്ങുന്ന മേശക്കരികെ പത്രം വായിച്ചുകൊണ്‍ടിരിക്കെ ചെക്കിണീയോട് പറഞ്ഞു.
“ചെക്കിണ്യേ, ഇമ്പളെ ഏട്വന്‍ഷളിന്‍റ്റെ പണി പോയി”
“ഏത് ഏട്വന്‍ഷളിന്‍റ്റെ?” സംഗതി മനസ്സിലായെങ്കിലും ചെക്കിണി കാര്യം ഉറപ്പു വരുത്താനാണ് അങ്ങനെ ചോദിച്ചത്.
“ഇമ്പളെ കള്ളനെ പിടിച്ച.....”
അതു കേട്ടാണ് ചെക്കിണീ നേരത്തെ പറഞ്ഞ ഇതികര്‍ത്തവ്യതാ മൂഡ്ഡനായിപ്പോയത്. കുട്ടികള്‍ക്ക് വാക്യത്തില്‍ പ്രയോഗിക്കാനുള്ള ഒരു ‘സംഗതിയായി‘ ചെക്കിണീ ഒരു നിമിഷം നിന്നുപോയി.
ചെക്കിണിക്കു സങ്കടം വന്നു. കാരണം ഏട്വന്‍ഷളിന്‍റ്റെ(ഹെഡ് കോണ്‍സ്റ്റബിള്‍ എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ)പണീ പോയത് താന്‍ കാരണമാണെന്ന് ചെക്കിണിക്ക് അറിയാം. ഒരു പണി അയാള്‍ക്കു വാങ്ങിക്കൊടുക്കാന്‍ ചെക്കിണീക്ക് ആവില്ല. മരത്തിന്‍മേല്‍ കയറാന്‍ അയാളോടു പറയുന്നത് മോശമല്ലേ എന്നു ചെക്കിണിക്കു തോന്നി. ചെക്കിണി ആകെ സ്തബ്ധനായിപ്പോയി. ‘സ്തബ്ധനായി’ എന്ന വാക്കു മാത്രമേ അവിടെ അനുയോജ്യമായി വരു. ഇതികര്‍ത്തവ്യതാമൂഡ്ന്‍, സ്തബ്ധന്‍, നിര്‍ന്നിമേഷന്‍, വ്യാകുലന്‍ എന്നു തുടങ്ങി വിവിധ സമയങ്ങളില്‍ ഉപയോഗിക്കേണ്ട പദങ്ങളെല്ലാം സംസ്ക്ര് തത്തിലുള്ളതായിപ്പോയി. പാവം ചെക്കിണീക്ക് അതൊന്നും അറിയില്ലെങ്കിലും ഇതെഴുതുന്നവന് വേറെ വഴിയില്ലല്ലോ.
സംഭവങ്ങള്‍ ഒന്നുകൂടി ചെക്കിണിയുടെ അന്തരിന്ദ്രിയത്തിലൂടെ മിന്നിമറിഞ്ഞു.
ഭീതിദമായ രാത്രികളെ കാളരാത്രിയെന്നു പറഞ്ഞത് ആരാണ് എന്ന് അറിയില്ല. മലബാറുകാര്‍ പക്ഷെ അതിനെ ‘മൂരിരാത്രി’ എന്നു എന്നു പറഞ്ഞു കേട്ടിട്ടില്ല. കള്ളന്‍മാര്‍ രാപ്പകല്‍ ഭേദമില്ലാതെ നാട്ടില്‍ പ്രവര്‍ത്തന നിരതരായപ്പോള്‍ പെണ്ണുങ്ങളുടെ മാല, വള, പണം എന്നിവ എന്നിവ പോയിത്തുടങ്ങി. മോഷണത്തിന്‍റ്റെ കഥകള്‍ പത്രത്താളുകളില്‍ നിറഞ്ഞപ്പോള്‍ ആളുകള്‍ക്ക് പേടി കൂടി. പോലീസുകാര്‍ പത്രത്തിലൂടെ കള്ളനെ നേരിടേണ്‍ട നൂറ്റൊന്നു വഴികള്‍ പ്രസിദ്ധീകരിച്ചെങ്കിലും കള്ളന്മാര്‍ വഴങ്ങിയില്ല. ദരിദ്ര നാരായണന്മാരുടെ പ്രതിനിധിയായ ഇറ്റാലിയന്‍ കാണ്‍ഗ്രസ്സ്മണ്ഡലം പ്രസിഡണ്ടിന്‍റ്റെ വീട്ടില്‍ കയറിയ കള്ളന്‍, അവിടെ ഒന്നും കാണാത്തതിനാല്‍ ദേഷ്യം വന്ന് അടുക്കളയില്‍ ‘സംഗതി’ നടത്തിയിട്ടു പോയി. കാഷ്ടം കോരി വെടിപ്പാക്കല്‍ നേതാവിന്‍റ്റെ മൂപ്പത്ത്യാരുടെ സ്ഥിരം ജോലിയാതിനാല്‍ അവര്‍ അതത്ര കാര്യമാക്കിയില്ലെങ്കിലും വാര്‍ത്ത പുറത്തു വന്നതോടെ കള്ളനു രാഷ്ട്രീയമുണ്ടെന്നു വരെ ചിലര്‍ പറഞ്ഞു നടന്നു. വിലക്കയറ്റത്തോടൊപ്പം മോഷണം കൂടി പെരുകിയതോടെ രാത്രികള്‍ ‘മൂരിരാത്രികള്‍’ തന്നെയായി.
നാട്ടില്‍ കര്‍മ്മവേദി രൂപീകരിച്ചു. രാത്രികളെ പകലാക്കി വടി, കത്തി, മറ്റു മാരകായുധങ്ങള്‍ എന്നിവ കൈയിലേന്തി ആളുകള്‍ രാത്രിയില്‍ കാവലിരുന്നു. ചെക്കിണി രണ്ടുഗ്ലാസ്സ് റാക്ക് അകത്താക്കി ദിവസവും കര്‍മ്മ സമിതിയില്‍ നിറഞ്ഞു നിന്നു. പക്ഷെ, കള്ളന്‍ ഈസിയായി ഗള്‍ഫുകാരത്തി മൈമുനയുടെ മാളികയില്‍ നിന്നും പഞ്ചായത്ത് പ്രസിഡണ്‍ഡ് കോമളവല്ലിയുടെ വീട്ടില്‍ നിന്നുംകൂടി മുപ്പത്തി മൂന്നു പവന്‍ കവര്‍ന്ന് ഹീറോ ആയി. ഉച്ചക്ക് ഗള്‍ഫുകാരന്‍ സുധാകരന്‍റ്റെ അഛന്‍ ചാപ്പുണ്യാര് ചെക്കിണിയെ വിളീച്ച് ചെക്കന്‍ കൊണ്ടുവന്ന രണ്ടു പെഗ്ഗ് ജോണീ വാക്കര്‍ സല്‍ക്കരിച്ചതും സ്വീകരിച്ച് , മന്ദചേഷ്ടനായി നടന്നു വരുമ്പോള്‍ വില്ലേജാപ്പീസിന്‍റ്റെ മുമ്പിലുള്ള ഇടവഴിയില്‍നിന്നും ഒരു കുണ്ടന്‍ തിരിഞ്ഞു കളിക്കുന്നത് ചെക്കിണി കണ്‍ടു.
‘’ഇഞ്ഞി ആരാ മോനേ?’‘ ചെക്കിണി ചോദിച്ചു.
ചെക്കന്‍ ആദ്യം ചെക്കീണിയെ ഒന്നു നോക്കി. പിന്നെ നിസ്സാര മട്ടില്‍ നിന്നു. ചെക്കിണി അവനെ സൂക്ഷിച്ചു നോക്കി. യവന്‍ ആളു പുലിയാണ്, വെറും കുണ്ടനല്ല എന്നു ചെക്കിണിക്കു തോന്നി.
''വില്ലേജാപ്പീസില് വന്നതാ?” ചെക്കിണി വിനയാന്വിതനായി.
ചെക്കന്‍ അതെ എന്നു തല കുലുക്കിയതും ഒരൊറ്റ ഓട്ടം വെച്ചുകൊടുത്തതും ഒരുമിച്ചായിരുന്നു. ഓടുമ്പോള്‍ ലവന്‍റ്റെ ശരീരസൌന്ദര്യം കണ്‍ട് ചെക്കിണിയുടെ തൊള്ള തുറന്നു പോയി. ഇരുമ്പുപോലുള്ള ശരീരം! ചെക്കിണിഅറിയാതെ “കള്ളന്‍...” എന്ന് ഉറക്കെ ഉരിയാടിപ്പോയതും അസംഖ്യം പുരുഷാരം ഒന്നിച്ചുകൂടിയതും ഒരുമിച്ചു തന്നെ.
കള്ളന്‍ ഓട്ടം നിര്‍ത്തി സുസ്മേരവദനനായി തിരിഞ്ഞു നിന്നു. ആളുകള്‍ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും ചോദ്യം ചെയ്യാന്‍ ഒന്നും നില്‍ക്കാതെ പ്രഹരം തുടങ്ങി. വടിയില്ലാത്തവര്‍ കൈകൊണ്‍ട്‘ചാമ്പി’യിട്ടു മാറി നിന്നു. എല്ലാവര്‍ക്കും അടിക്കാനുള്ള സൌകര്യത്തിന് കള്ളന്‍ ഒതുങ്ങി വിനയപൂര്‍വം നിന്നുകൊടുത്തു. ഒരു ചെകിടു വേദനിച്ചപ്പോള്‍ കള്ളന്‍ മഹാത്മാവിനെപ്പോലെ മറ്റെ ചെകിടും കാണിച്ചു കൊടുത്തു.
ചെക്കിണിക്ക് ഇതുകണ്ട് സങ്കടം വന്നു. ഒരുത്തനെ വെറുതെ ദേഹോപദ്രവം ചെയ്യുന്നത് കണ്ട് ചെക്കിണി തടയാന്‍ ശ്രമിച്ചു. ആളുകളെ ഒരുവിധം മാറ്റി നിര്‍ത്തി ചെക്കിണി ചോദിച്ചു.
“മോനേ, ഇന്‍റ്റെ പേരെന്താ..”
കള്ളകുമാരന്‍ മന്ദഹാസം പ്ച്ചൊഴിച്ചു നിന്നു. കഥയുടെ അവസാനമാണ് സിനിമയില്‍ കാണുന്നത് പോലെ പോലീസ് എത്തിയത്. പോലീസിനെ കണ്ടതും കള്ളന്‍ ഒന്നുകൂടി ഉഷാറായി. കള്ളനെ പിടിക്കുന്നതിനു പകരം പോലീസുകാര്‍ ലാത്തി വീശി ജനങ്ങളെ മാറ്റി നിര്‍ത്തി.
“ഇപ്പം കാണാനേ ഇല്ലല്ലോ” ഏട്വന്‍ഷള് കള്ളനോടു ചോദിച്ചു.
“തിരക്കോടു തിരക്കാ, സീസണല്ലേ?” അതുവരെ മിണ്ടാതിരുന്ന കള്ളന്‍ പറഞ്ഞു.
“ഇന്നാല്‍ പോക്വല്ലേ? കയറിക്കൊ.” കള്ളനെ നോക്കി, ഏട്വന്‍ഷള് ചോദിച്ചു.
ഒരു നിമിഷം കൊണ്‍ട് എല്ലാം കഴിഞ്ഞിരുന്നു. കള്ളന്‍ ജീപ്പില്‍ കയറാതെ കാട്ടിന്‍ കൂറ്റിയിലേക്ക് ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു. പത്തു സെക്കന്‍റ്റ് നേരം ആര്‍ക്കും ഒന്നും ചെയ്യാന്‍ ക്ഴിഞ്ഞില്ല. മുന്നില്‍ ഓടിയത് ചെക്കിണിയും കൂട്ടരുമാണ്. പിന്നാലെ ഏട്വന്‍ഷളും ഒരു പോലീസുകാരനും ഓടി. ഏട്വന്‍ഷള് വഴിയില്‍ വീണ് തൂറിപ്പോയി. പോലീസുകാരന്‍ കൊളസ്റ്റ്രോളുകാരണം കിതച്ച് വീണുപോയി.
ചെക്കിണി കള്ളനെ പിടിച്ചു പിടിച്ചില്ല എന്ന മട്ടില്‍ ഓടി. പക്ഷെ, പകലായിരുന്നതിനാല്‍ കള്ളന് വഴി തെറ്റി ഒരു പൊട്ടക്കിണറ്റില്‍ ഉരുണ്ടു വീണു. പൊട്ടക്കിണറില്‍ ഏന്തി നോക്കിയ ആളുകള്‍ ഒന്നും കണ്ടില്ല. കിണറ്റിലേക്ക് കയര്‍ ഇറക്കി നോക്കി, പക്ഷെ കള്ളന്‍ അതില്‍ പീടിച്ചില്ല. കള്ളന്‍ ഓടി രക്ഷപ്പെട്ടുകാണും എന്നു കരുതി ആളുകള്‍ പിരിഞ്ഞു.
പിറ്റേന്ന് ജനാധിപത്യ ചിന്താഗതിക്കാരായ പത്രക്കാര്‍ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തു.
‘പോലീസിനെ പേടിച്ച് ഓടിയ ആള്‍ കിണറില്‍ വീണ് മരിച്ചു’
(പോലീസ് അയാളുടെ പിന്നാലെ ഓടിയിട്ടില്ലായിരുന്നുവെങ്കില്‍, “പോലീസ് നോക്കിനില്‍ക്കെ കള്ളന്‍ ഓടി രക്ഷപ്പെട്ടു“ എന്ന വാര്‍ത്തയായിരിക്കും അവര്‍ കോടുക്കുകയെന്ന് സ്ഥലത്തെ വിപ്ലവ്കാരിയായ ഒരാള്‍ പറഞ്ഞു.)
രണ്‍ടു ദിവസം കഴിഞ്ഞപ്പോളാണ് കുഞ്ഞിക്കണ്ണന്‍റ്റെ ചായപ്പീടികയില്‍ നിന്നും ചെക്കീണി വാര്‍ത്ത അറിഞ്ഞത്
- കള്ളനെന്നു കരുതി ഓടിച്ച ആള്‍ കിണറില്‍ വീണു മരിച്ചതിനാല്‍ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
പോലീസുകാരന്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നതില്‍ ചെക്കിണിക്കു മനസ്താപം തോന്നി.
No comments:
Post a Comment