Wednesday, November 11, 2009

രാധ


റയൂ നീ രാധേ, നിന്‍ ചൊടി
മലരിതളില്‍ ബാഷ്പമിതെന്തേ?
മദനോത്സവരാവുകള്‍ തീര്‍ത്തൊരു
കുളിര്‍ തഴുകും നിന്നുടെ കണ്ണില്‍
നിഴലെന്തേ പരയൂ, രാധേ?

കാളിന്ദി മരിച്ചുകിടക്കും
കാലത്തിന്‍ പ്രേതവനത്തില്‍
ശ്യാമാംബരശൂന്യത നിറയും
ഏകാന്ത വസന്തച്ചെരിവില്‍
വനമാലീ, നിന്നെയുമോര്‍ത്തീ
മനമെന്തേ തരളിതമായീ
വനരോദനമാവുകയാണോ
പ്രിയരാധേ, നിന്നുടെ തേങ്ങല്‍?
ഹരിനീല വസന്തം നിന്നുടെ-
യകതാരില്‍ നീറുകയാണോ
മലരമ്പുകള്‍ കൂരമ്പുകളായ്
മനമാകെ നിറയുകയാണോ
പറയൂ നീ രാധേ നിന്നില്‍
മുറിവായവനെരിയുകയാണോ?

തളിര്‍ ചൂടും വ്റ്ന്ദാവനവും
ത്ര്ണ ഗിരിയും ഗോവര്‍ധനവും
അരയാലും മുരളിയിലാടും
അനുരാഗ കദംബക്കൊമ്പും
വെറുതേ നിന്‍ നീള്‍മിഴിമുനയില്‍
നിറയുന്നോ പറയൂ രാധേ?
രതി മോഹന ഗീതികളില്ലാ,
പ്രണയാര്‍ദ്ര വചസ്സുകളില്ലാ
മധുമാസ മനോജ്ഞത ചൊരിയും
നിറമാരികള്‍ പൂവുകളില്ലാ,
റ്തുഭേദമുറക്കെയുരക്കും
പറവകളും പുലരിയുമില്ലാ,
വിരഹത്തിന്‍ വിധുരതപാകും
മ്രിദുവാര്‍ന്ന നിലാവൊളിയില്ലാ
പകലന്തികള്‍, കനവുകളില്ലാ,
നിഴല്‍ മാത്രം നിന്നുടെ കണ്ണില്‍.

അവനെവിടെന്നറിയാതെങ്ങോ
അലയുകയായ് കാലികളെന്നോ,
അനുതാപം പൂണ്ടുകിടപ്പൂ
യദുകുലവുമിതെന്നറിയൂ, നീ

ദ്വാരകയുടെ മട്ടുപ്പാവില്‍
ദ്വാപര യുഗമെരിയുകയായീ
കാളിയനും കംസനുമെത്തി
കൂരിരുളായ് നിറയുകയായീ
മാകന്ദച്ചില്ലകളെല്ലാം
മണ്ണില്‍ വീണടിയുകയായീ
രാഗത്തിന്‍ ശുക്തികളെല്ലാം
ആഴിയില്‍ വീണമരുകയായീ
ഘനവേണിയഴിച്ചും കൊണ്ടീ
മുഖമാകെ വിയര്‍ത്തും കൊണ്ടീ
വഴിയില്‍ നീ നില്‍ക്കുവതെന്തേ
വരുകില്ലവന്നോ വീണ്ടും?
വഴി നീണ്ടു കിടപ്പൂ മുന്നില്‍
തണലില്ലാ ചോലകളില്ലാ
ശരദഭ്രം നിഴലൊളി വീഴ്ത്തും
അരുവികളില്ലറുകളില്ലാ!

രാധേ, നീ കരയരുതിനിയും
കാമനകള്‍ വ്യര്‍ഥം, നോക്കൂ
കാലത്തിന്‍ വേദന തിങ്ങും
കാതരമാം കണ്ണുകളെങ്ങും
കരിമൂര്‍ഖന്‍ പെറ്റുകിടക്കും
ഇരുള്‍ മൂടിയ പനിമതി തൂകും
കറയാര്‍ന്ന വെളിച്ചം, കണ്ണീര്‍
ചുരമാന്തിയ മിഴികളുമായി
വഴിതെറ്റിനടക്കും സ്ത്രീകള്‍,
തളിര്‍നാമ്പുകള്‍ കുട്ടികളെങ്ങും
പൂതനകളിറങ്ങിനടക്കും
പാതകളാണഖിലം മണ്ണില്‍,
ഭീതിദമാം കാഴ്ച്ചകള്‍ നിറയും
നാളെകളാണിനിയും രാധേ.

പോവുമ നീയേകാകിനിയായ്
പോവുക നീ പോവുക രാധേ

No comments:

My Blog List

Subscribe Now: Feed Icon