ചെക്കനെ മരത്തില്‍ കയറ്റിയത് ചെക്കിണിയാണ്. നല്ല ഉയരമുള്ള മരമൊന്നുമായിരുന്നില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ചെക്കന്‍ ഉരുണ്ടു താഴെ വീണു. ചെക്കിണി ഒരു ഔദാര്യം ചെയ്തതാണ്. പണിയൊന്നുമില്ലാതെ നടക്കുകയായിരുന്നു, രാമന്‍ കുട്ടിയുടെ മകന്‍. മരം മുറിക്കാന്‍ പോകുമ്പോള്‍കൂടെ കൂട്ടിയതാണ്. ചെക്കന്‍ ഉരുണ്ടു താഴെ വീഴുമെന്നു സ്വപ്നേപി കരുതിയതല്ല.
ഉരുണ്ടു വീണ ചെക്കനെ വാരിയെടുത്ത് ചെക്കിണിയും പരിവാരങ്ങളും ഓടി. ജീപ്പുവിളിച്ച് അതില്‍ കയറി നേരെ പോയത് മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍ ധര്‍മ്മ കുമാരന്‍റ്റെ വീട്ടിലേക്കാണ്. ധര്‍മ്മ കുമാരന്‍ എന്തുകൊണ്ടും അനുയോജ്യന്‍. എല്ലു വിദഗ്ധനായതിനാല്‍ മാത്രമല്ല, എല്ലുറപ്പുള്ള പഴയ സഖാവിന്‍റ്റെ മകനാണ്. ഇ.എം. എസ്സിന്‍റ്റെ കാലത്ത് ആദര്‍ശത്തിനും പ്രത്യയശസ്ത്രത്തിനും വേണ്ടി ജീവിച്ച വലിയൊരു സഖാവിന്‍റ്റെ മകനായ ധര്‍മ്മ കുമാരനെ ആളുകള്‍ ആദ്യം ദൈവത്തെപ്പോലെയണു കണ്ടത്. ധര്‍മ്മ കുമാരനും പ്രാക്ടീസ് തുടങ്ങിയത് അങ്ങനെയൊക്കെയാണ്. പണം അയാള്‍ക്ക് പുല്ലു വിലയായിരുന്നു. പിന്നെയാണ് അയാള്‍ ആളെ മയക്കുന്ന (അനസ്ത്യേഷ്യക്കാരത്തിയായ) ഒരു പെണ്‍ ഡോക്ടറത്തിയെ കല്ല്യാണം കഴിച്ചത്. അവളു പറഞ്ഞിട്ടോ എന്തോ ഡോക്റ്ററ് മൂപ്പര് പണം വാങ്ങിത്തുടങ്ങി. മാത്രമല്ല, പണം അസാരം കേമമായി വാങ്ങിത്തുടങ്ങി. പ്രാക്ടീസ് ഗംഭീരമായി തുടര്‍ന്നു. മെഡിക്കല്‍ കോളജില്‍ പോയില്ലെങ്കിലും ടിയാന്‍ വീട്ടില്‍ കേമമായി പ്രാക്റ്റീസു തുടര്‍ന്നു. എവിടെയില്ലെങ്കിലും വൈദ്യന്‍ വീട്ടില്‍ കാണും എന്നു കരുതിയാണ് നാട്ടുകാര്‍ ചെക്കനെ ധര്‍മ്മ കുമാരന്‍റ്റെ വീട്ടിലെത്തിച്ചത്.
വന്നു കയറിയതും മുന്നില്‍ കണ്ട ബോഡ് അവരെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു.” ഇവിടെ പരിശോധനയില്ല.” അപ്പോഴാണ് ആരോ പറഞ്ഞത് ഡോക്ട്റുമാര് ‘സ്വകാര്യം‘ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്‍ടെന്ന്. ഇനിയെന്തു ചെയ്യുമെന്നു കരുതി ഒരു നിമിഷം നിന്നുവെങ്കിലും മെഡിക്കല്‍ കോളജില്‍ നേരിട്ടുപോയി കാണിക്കാന്‍ ഉടന്‍ ചര്‍ച്ച ചെയ്ത് ധാരണയായി.
കാഷ്വാലിറ്റിയില്‍ കാലുപൊട്ടിക്കിടന്ന ചെക്കനെ തിരിച്ചും മറിച്ചുമിട്ട് രണ്‍ട് കൊട്ടുകൊട്ടി ഒരു ഡോക്ട്റൂ പറഞ്ഞു, “എക്സറേ എടുക്കണം”
“ ആവാം”
അത് എടുത്തു കഴിഞ്ഞപ്പോള്‍ ചെക്കിണി ചോദിച്ചു പോയി.
“എനി, പോകാലോ?”
എക്സറെയുടെ ഗുട്ടന്‍സ് ചെക്കിണിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. കൂട്ടത്തില്‍ വന്ന മൊറ്റൊരു ചെക്കന്‍ തന്നെ കളിയാക്കുന്നത് കണ്‍ട് ചെക്കിണി തനിക്ക് എന്തോ അബദ്ധം പിണഞ്ഞു എന്നു മനസ്സിലാക്കി മിണ്‍ടാതെ ഇരുന്നു. എക്സറേ എടുത്തിട്ടും ചെക്കന്‍ വേദന തിന്ന് കീടക്കുകയാണ്. ചെക്കിണീ കാഷ്വാലിറ്റിക്കു മുന്നില്‍ ഓഛാനിച്ചു നിന്നു. രക്ഷയില്ല. ആരും തിരിഞ്ഞു നോക്കിയില്ല. അവസാനം ഒരു ഡോക്റ്ററു വന്ന് പറഞ്ഞു.
“ ഓപ്പറേഷന്‍ തിയേറ്റര്‍ ഒഴിവില്ല, ആക്സിഡന്‍ഡു കേസാണ് മുഴുവന്‍, തിരക്കുണ്ടെങ്കില്‍ മറ്റെവിട്യന്നിച്ചാല്‍ പോയ്ക്കോളുക”
ഇളിഭ്യരായിനിന്ന നാട്ടുകാര്‍ അവസാനം ഒരു തീരുമാനത്തിലെത്തി. ഈ സര്‍കാര്‍ ആസ്പത്രി ശരിയാവില്ല. ചെക്കന്‍ വേദന തിന്ന് ചത്തുപോകും. ഏതെങ്കിലും ഒരു സ്വകാര്യ ആസ്പ്ത്രി തന്നെ നോക്കാം. ജീപ്പ് ശരം വിട്ടപോലെ കുതിച്ചു. ചെക്കിണീ ജീപ്പിനു പിന്നില്‍ തൂങ്ങിക്കിടന്നു.
ആസ്പത്രിയുടെമുന്നില്‍ ജീപ്പു നിര്‍ത്തി,ചെക്കനെ എടുത്ത് വരാന്തയില്‍ കയറിയപ്പോള്‍ ഇക്കിളികൊണ്‍ട് ചെക്കിണിയുടെ കാല്‍ വഴുവഴുത്തു.
“എന്തൊരു മിനുസം!”
സിസ്റ്ററുമാര്‍ വന്ന് ചെക്കനെ വളഞ്ഞു. “എല്ലാവരും പുറത്ത് നിന്നോളൂ, ഇനി ഞങ്ങള്‍ ആയിക്കോളാം”
ഹാവൂ സമാധാനം. ചെക്കിണീക്ക് ഡോക്റ്ററുമാരോടും പ്രൈവറ്റ് ആസ്പത്രിയോടും ആദരവും ബഹുമനവും ഉണ്‍ ടായി. മൂപ്പര് പുറത്ത് തട്ടുകടയില്‍ പോയി ഒരു ബീഡി വലിച്ച് പുകയൂതി മേലോട്ടു വിട്ടു. എന്നിട്ട് കട്ടന്‍ ചായയും പരിപ്പു വടയും തിന്ന് പുറത്തിറങ്ങിയപ്പോള്‍ കൂട്ടത്തില്‍ വന്ന ഒരു കുണ്‍ടന്‍ തിരക്കിട്ടു നടന്നു വരുന്നതു കണ്‍ടു.
“എന്താണ്‍ടാ കാര്യം?” ചെക്കിണീ തിരക്കി.
“കേമായി. ഓപ്പറേശന്‍ വേണംന്ന്”
“അയിനെന്താ നടത്തിക്കോട്ടെ?”
“ഇരുപത്തയ്യായിരം വേണംന്ന്” ചെക്കന്‍ പറഞ്ഞു
ചെക്കിണീ ഇതുകേട്ട് ഒന്നു ഞെട്ടി. ചെക്കന്‍റ്റെ വീട്ടുകാര്‍ക്ക് ഇരുപത്തയ്യായിരം പോയിട്ട് ഇരുപത്തഞ്ച് ഉറുപ്പിക എടുക്കാന്‍ വകയില്ല. പിന്നെ ആരുമുടക്കാന്‍? ചെക്കിണീ തല ചൊറിഞ്ഞു.കൂട്ടത്തിലെ വിദഗ്ധന്‍ പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു, “ഇമ്പക്ക് ഒന്നു ശ്രമിച്ചു നോക്കം”
മെമ്പര്‍ മൊബൈല്‍ ഫോണീല്‍ തലങ്ങും വിലങ്ങും വിളിച്ചു. അവസാനം വിജയശ്രീലാളിതനയി മെമ്പര്‍ തിരിച്ചു വന്നു.
“അഞ്ച് ആസ്പത്രിക്കാരെ വിളിച്ചു. അവസാനം ഒരാളെ റേറ്റ് പറഞ്ഞ് ഏതാണ്‍ട് ഒറ്പ്പിച്ചിട്ടുണ്‍ട്.
ഏറ്റവും കുറഞ്ഞ റേറ്റ് അതു മാത്രമാണ്. നമ്മളെ മിനിസ്റ്ററെ ബിനാമിയിലുള്ള സാധനാ. ഒന്നു മുട്ടിച്ചെടുകാനുള്ള ഒരു പാട്. അഡ്ജസ്റ്റ് ചെയ്യാം എന്നൊക്കെ പറയുന്നുണ്‍ടെങ്കിലും ആയിരം ആയിരത്തഞ്ഞൂറിനപ്പുറത്തേക്ക് ആരുംഒന്നും ചെയ്യൂല. പതിനെട്ടെ അഞ്ഞൂറിന് ഒറപ്പിച്ചിട്ടുണ്‍ട്“. മെമ്പര്‍ ചിരിച്ചുകൊണ്‍ട് പറഞ്ഞു.
ചെക്കിണീക്ക് ഒരു മരക്കച്ചവടത്തിനു പൊയതാണോ എന്നൊരു സംശയമുണ്ടായെങ്കിലും ടിയാന്‍ നിശ്ശ്ബ്ദനായി ഒന്നും പറയാതെ നിന്നു. കാരണം വീണ്‍ടും ഒരു അബദ്ധം പുറപ്പെടേണ്‍ട എന്നയാള്‍ക്കു തോന്നി.
ചെക്കന്റെ ദയനീയാവസ്ഥ കണ്‍ട് മനസ്സലിഞ്ഞ നാട്ടുകാര്‍ റേറ്റ് പറഞ്ഞ് ഉറപ്പിച്ച പുതിയ ആസ്പത്രിയിലേക്ക് കുതിച്ചു. ഏക്സ് റേയും മറ്റും കയ്യിലുള്ളതിനാല്‍ നേരെ അങ്ങൊട്ടു കയറ്റി ഡോക്റ്ററുമാര്‍ പരിപാടി തുടങ്ങി. അപ്പോഴാണ് അവര്‍ക്കുമുന്നിലൂടെ സുസ്മേരവദനനായി ഒരാള്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്കു കയറീയത്.
ചെക്കിണീ നിര്‍ന്നിമേഷനായി അയാളെ നോക്കി തൊഴുതുപോയി. ‘ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം‘ എന്ന കവിവചനം അറിയാത്തത് ചെക്കിണീ പാമരനായതുകൊണ്‍ടു മാത്രമാണ്. എന്നാലും കഴുത്തില്‍ തന്നെ വന്നു ചുറ്റിയ തേടിയ വള്ളീ കണ്‍ട് ചെക്കിണീ അമ്പരന്നു.
ഡോ. ധര്‍മ്മ കുമാരന്‍! പ്രൈവറ്റ് സംഗതി നിര്‍ത്തിയിട്ടും ജനസേവനത്തിനു വരുന്നത് എത്ര ആനന്ദകരം എന്ന് അയാള്‍ കരുതി. ആകാശത്തു നിന്നും ദേവകള്‍ പുഷ്പവ്റ്ഷ്ടി നടത്തിയതും വന്ദികള്‍ കീര്‍ത്തിച്ചു പാടിയതും പുരാണത്തില്‍ അറിവില്ലാത്തതിനാല്‍ ചെക്കിണീ അറിഞ്ഞില്ല.
അയാള്‍ ഇത്ര മാത്രം പറഞ്ഞു.
“ഡോക്റ്ററ് ക്മ്മോണിഷ്ട് ആകാത്തത് എത്ര നന്നായി?”
4 comments:
nannayittundu
nannayittundu
ദൈവമെ വീണ്ടും ധര്‍മപുരാണം ?
Oru samoohathinte avastha....
nannayi varachukaattan kazhinhittundu
Post a Comment