പ്രണയ രാഗത്തിന് പഴയപല്ലവി
പകുതിമൂളിനീ മിഴിയടച്ചുവോ?
നിറനിലാവിതള്‍ പകുത്തുരാവിന്റ്റെ
കരിമുകില്‍ വേണിയണിഞ്ഞയാമത്തില്‍
ചിറകടിക്കുന്ന കിളീകളസ്പഷ്ടം
പകരുമാര്‍ദ്രമാം ഹ്ര് ദയരാഗത്തില്‍,
ചിലനിമിഷത്തില്‍ ബധിരനായ് വന്നു
തുടലുപൊട്ടിച്ചു തിമര്‍ക്കും കാറ്റിന്റ്റെ
ഗമന വേഗങ്ങള്‍, കുളിരുപോല്‍ നേര്‍ത്ത
കരങ്ങള്‍ നീട്ടിയീ വഴിയിലാരെയോ
തിരയുമോര്‍മ്മതന്‍ വിരല്‍സ്പര്‍ശം, നിന്റ്റെ
ചിറകിനുള്ളിലെന്‍ മയില്പ്പീലിക്കുഞ്ഞിന്
ചിറകു സ്വപ്നത്തിന് നിറമോലും നൂറു-
കിളീക്കുഞ്ഞുങ്ങളായ് പറന്നതും, എന്റ്റെ-
ചെറിയ മണ്‍കുടില്‍ച്ചുമരു ചാരി ഞാന്‍
മിഴിയടയ്ക്കവേ, ഒരു നിലാവിത-
ളിറുത്തു കണ്ണീരിന് ചുടുനീരില്‍ നിന് റ്റെ
കവിത ചാലിച്ചു പകര്‍ന്നതും, എന്റ്റെ
ഹരിതചേതസ്സിന്‍ പ്രണയതല്‍പ്പത്തില്‍
ഇരുളു പൂത്തതും അറിയുന്നേന്, എന്നാല്‍
അകലെയാര്‍ദ്രമാം മിഴികളുമായി
കരയുകയാണെന് വിരഹതാരകം.
സമയമാകുന്നൂ, നിശയുടെ നീല
ധമനിയിലൊരു മദഭരതാളം.
കുളിരുചൂഴുമീ വിധുരഹേമന്തം
വിരലുകള്‍കൊണ്ടെന്നിതളുനുള്ളുന്നു.
അകലെയാരുടെ പതിഞ്ഞകാലൊച്ച
അകലുകയാണെന് വെളുത്തരാപ്പക്ഷി!
കരള്‍ പിളരുമീ കറുത്തപക്ഷത്തിന്
നിഴലുപാകിയ വഴികളിലൂടെ
തലയെരിയുന്നൊരുടലുറക്കത്തിന്‍
പടികടന്നെങ്ങോ നടന്നു പോകുന്നു.
പ്രണയത്തിന് തരിവളകിലുങ്ങിയ
പഴയൊരാല്‍മരച്ചുവട്ടില്‍ നിന്നു ഞാന്‍
എരിഞ്ഞുതീരുമീ തിരിയിലേക്കെന്റ്റെ-
യൊരുതുള്ളി ജീവകണമൊഴിക്കട്ടെ.
വരിക നീ സഖീ, സദയമെന്നിലെ
തളിര്‍ലതാകുഞജ വിരഹസന്തപ്ത
നിഭ്ര് തസുന്ദര നിശയില്‍- എങ്കിലും
ഉരുകിവീഴുമെന്നുടലുവിട്ടെന്റ്റെ
കിളികളൊക്കെയും പറന്നുപോയല്ലോ...
3 comments:
ഞാന്‍ ബ്ലോഗ് മുഴുവന്‍ വായിച്ചു..
വളരെ നന്നായിട്ടുണ്ട്..
ഇവിടെ മറ്റുള്ളവരുടെ കമന്റുകള്‍ ഒന്നും കാണാഞ്ഞു അത്ഭുതം തോന്നുന്നു...
അഗ്രെഗെറ്ററുകളില് ഒന്നും രജിസ്റ്റര്‍ ചെയ്തില്ലായിരുന്നോ?
ഇല്ലെങ്കില്‍ വേഗം തന്നെ ചിന്ത,സൈബെര്‍ജാലകം എന്നിവയിലെല്ലാം ചേരൂ.....
എഴുത്തും വരയും കെടാതെ കൊണ്ട് നടക്കുക..
അഭിനന്ദനങ്ങള്‍..
ആന്റിക്രൈസ്റ്റ് ആസ്വാദനം വായിച്ചു.
valare nalla kavitha...
Post a Comment