Saturday, November 7, 2009

കേന്ദ്രസേന


കോലത്തുനാട്ടില്‍ രാജാവു തിരുമുല്‍പ്പാട് സുധാംഗധന്‍ അന്നദാനം നടത്തുന്നതറിഞ്ഞ്, വോട്ടുകഴിഞ്ഞ പാടേ ചെക്കിണി കൊട്ടാരത്തിലെത്തി. ആരൊക്കെയോ പറഞ്ഞറിഞ്ഞ വിവരമാണ്. ഒന്നു സുഖമായി ഭക്ഷിച്ചു കളയാം എന്നു മാത്രമേ കരുതിയുള്ളൂ. രാജപാതകള്‍ക്കിരുപുറമായി തോരണങ്ങള്‍ തൂക്കി ജഡ്ക്ക വണ്ടികളില്‍ ആളെയും കൊണ്ട് നാടുനാടാന്തരം പാഞ്ഞു നടന്നും ഖദറുകുപ്പായമിട്ടു ചിരി തൂകിയും സ്നേഹിച്ചു കൊന്നും രാജ്യസ്നേഹികളായ തമ്പുരാക്കന്‍മാര്‍ നിറഞ്ഞു കവിഞ്ഞതുകണ്ട് ചെക്കിണീ സ്തബ്ധനായിപ്പോയി.
കൊട്ടാരത്തിലേക്കു കയറിയ പാടേ കണ്ടത് രാജാവിനെയാണ്. അന്വേഷിച്ചപ്പോള്‍ രാജാവു തിരുമുല്‍പ്പാടു തന്നെയാണ് അന്നദാനം ഉദ്ഘാടനം ചെയ്യുന്നത് എന്നറിഞ്ഞു. അതിന് സര്‍വ്വദാ യോഗ്യന്‍ അദ്ദേഹം തന്നെയാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കൊണ്ടും കൊടുത്തും കൊന്നും തിന്നും ജീവിച്ച സിംഹമാണദ്ദേഹം. കേരള സിംഹം എന്ന പേര് പഴശ്ശി രാജയേക്കള്‍ ചേരുന്നത് ടിയാനാണെങ്കിലും ഏതോ വിവര ദോഷികള്‍ ആദ്യമേ അത് പഴശ്ശി രാജക്ക് ഇട്ടു കളഞ്ഞു. ചെക്കിണീ തഞ്ചി തഞ്ചി നടന്നു ചെന്നപ്പോള്‍ സുധാംഗധന്‍ ഊദ്ഘാടനത്തിലായിരുന്നു. അദ്ദേഹം കോഴിക്കാലു കടിച്ചു പറിച്ചുകൊണ്ട് മൊബൈലില്‍ ആരോടോ കയര്‍ക്കുകയാണ്. ചെക്കിണീ ഓരം പറ്റി നിന്നു.
പള്ളി യൂട്ടിനിടക്ക് ഒരാള്‍ വന്ന് ഊണര്‍ത്തിച്ചു.
“കേന്ദ്രസേനക്ക് ഒന്നിനു പോകാന്‍ ഇടമില്ല”
“ അവര്‍ രാജ പാ‍തക്ക് ഇരുവശവും പോകട്ടെ” രാജാവു കല്‍പ്പിച്ചു.
“നമ്മുടെ വോട്ടര്‍മാര്‍ എങ്ങനെ വഴി നടക്കും” ഒരു പ്രജ ചോദിച്ചു.
“കള്ള വോട്ടു കൂറയട്ടെ. “
“ അങ്ങുന്ന് തൂറി തോല്‍പ്പിക്കുകയാണോ?”
“ ജനാധിപത്യം സംരക്ഷിക്കണ്ടെ?”
ഊണു കഴിഞ്ഞ തിരുമുല്‍പ്പാട് എഴുന്നേറ്റു നിന്നു. മൂപ്പരുടെ പള്ള ഒരു മീറ്റര്‍ മുന്നില്‍ പോയിനിന്നു. നിന്നപാടേ തിരുമുല്‍പ്പാട് മൂന്ന് ഏമ്പക്കവും രണ്ട് വളീയുമിട്ടു. ശബ്ദം കേട്ട് കേന്ദ്ര സേന തോക്കു ചൂണ്ടി റെഡിയായി നിന്നു. കൈ കഴുകാനായി പടിയിറങ്ങുമ്പോളാണ് മൂപ്പര് ചുമരിലെ ഫോട്ടോ കണ്ടത്.
“ഇതിപ്പൊ ആരാ, ഒരു വയസ്സന്‍?”
“അത് മഹാത്മാ ഗാന്ധി, ഇമ്പളെ പഴേ ആള്...” രാജാവിന്‍റ്റെ പി.എ പറഞ്ഞു
“ ഓ സ്വാതന്ത്ര്യ സമരം, ഐ സീ... “
കൈ കഴുകി വന്ന രാജാവ് പറഞ്ഞു. “സ്വാ‍തന്ത്ര്യ സമരം അവിടെ നില്‍ക്കട്ടെ, പോളിങ് എത്രയായി”
“എഴുപത്തഞ്ചു ശതമാനം കഴിഞ്ഞു”
“കള്ള വോട്ട് ഒക്കെ ചെയ്തു കഴിഞ്ഞൊ?”
“അതൊക്കെ രാവിലെ കഴിഞ്ഞു”
“ പത്രകാര്‍ക്ക് സഖാക്കളുടെ കള്ള വോട്ടു കണക്കൊക്കെ കൊടുത്തില്ലെ?”
“ ഒക്കെ റെഡി”
രാജാവു തിരുമുല്‍പ്പാട് ഇതു പറഞ്ഞു തിരിഞ്ഞു നില്‍ക്കുമ്പോളാണ് ഒരു ചുരുള്ന്‍ മുടിക്കാരന്‍ ശയന പ്രദക്ഷിണം നടത്തുന്നത് കണ്ടത്
രാജാവ് ചാടി വീണ് കത്തിയൂരി. കേന്ദ്രസേന തോക്കു ചൂണ്ടി ചാടി വീണു. ശയന പ്രദക്ഷിണക്കാരന്‍ ഇതു കണ്ട് പൊട്ടിക്കരഞ്ഞു
“പറയെടാ, നീയാര്” രാജാവ് ചോദിച്ചു.
“ ഞാന്‍ കിങ്ങിണി കോണ്‍ഗ്രസ്സിന്‍റ്റെ നേതാവാ, ഒരു സൂചി കുത്താന്‍ ഇടം തന്നാല്‍ മതി, പ്ലീസ്.”
“സൂചി കുത്താന്‍ ഇടം തന്നാല്‍ നീ തൂമ്പാ കയറ്റും, അച്ചന്‍റ്റെ മോനല്ലെ? പോടാ”
രാജാവ് ഇതു പറഞ്ഞ് ഒന്നു തുമ്മി. ശബ്ദം കേട്ട് കേന്ദ്ര സേന ഞെട്ടി വിറച്ചു. ചെക്കിണിഇത് കണ്ടപാടേ പൊട്ടി ചിരിച്ചു പോയി. ശബ്ദം കേട്ട് രജാവ് പറഞ്ഞു
“ ആരവിടെ? ഇറ്റാലിയന്‍ കോണ്‍ഗ്രസിന്‍റ്റെ അന്ന ദാനം നടക്കുന്നിടത്ത് നമ്മെ അധിക്ഷേപിക്കുന്നതാര്?”
കേന്ദ്രസേന ചെക്കിണിയുടെ പിന്നാലെ പാഞ്ഞു. അന്നദാനത്തിനു വന്ന ചെക്കിണീ ഇതു കണ്ട് ജീവനും കൊണ്ട് ഓടി. കേന്ദ്ര സേന പിന്നലെയും. ചെക്കിണീ ഓടി ഒരു മരത്തിനു മുകളില്‍ കയറി, അതിന്‍റ്റെ അഗ്രത്തില്‍ പോയി ശ്വാസമടക്കി ഒളിച്ചിരുന്നു. സൈന്യം ആകാശത്തേക്കു വെടി വെച്ചു. രണ്ടു മൂന്ന് വയല്‍ കൊക്കുകള്‍ ചത്തു വീണപ്പോള്‍ സുധാംഗധ രാജാവു പറഞ്ഞു.
“മതി, ഓന്‍ പോട്ടെ, നമുക്ക് തല്‍ക്കാലം കൊക്കിനെ മതി, കേന്ദ്രസേന വിചാരിച്ചാല്‍ ഇവിടെ എന്തും നടക്കും എന്നു മനസ്സിലായില്ലേ?”
കോലത്തിരി ചിരിച്ചതു ചെക്കിണി മരത്തില്‍ നിന്നു കേട്ടു.

4 comments:

Gini said...

നല്ല സ്റ്റൈലന്‍ എഴുത്ത്, വായനക്കാരനായി ഇതാ ഞാനും ഉണ്ട് .
നല്ല കിടു ഐറ്റംസ് പ്രതീക്ഷിക്കുന്നു.

aaro said...

ഉഷാറായി. വീണ്ട്ും ധറ്മപുരാണം?

aaro said...

ഉഷാറായി. വീണ്ട്ും ധറ്മപുരാണം

Sulfikar Manalvayal said...

ബാലു ഏട്ടാ : ഇത്തിരി സിമ്പിള്‍ ആക്കി കൂടെ.
ബാലു ഏട്ടന്റെ കഥകള്‍ എല്ലാം പരീക്ഷക്ക്‌ പഠിക്കുന്ന പോലെ മനസിരുത്തി വായിച്ചാലേ മനസിലാവൂ എന്നൊരു പ്രശ്നമുണ്ട്. എങ്കിലും അങ്ങിനെ വായിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ കിട്ടും എന്നത് മറ്റൊരു വാഷ്ടവം. എന്റമ്മോ ആരെയൊക്കെയാ വെച്ചത്, ജാനാധിപത്യ വാഴ്ച, കൊണ്ഗ്രെസ്സ്. ആരെയും വിട്ടില്ലല്ലോ അല്ലെ. നന്നായി. തുടരട്ടെ അങ്ങയുടെ എഴുത്തും, എന്റെ വായനയും.

My Blog List

Subscribe Now: Feed Icon