Wednesday, December 15, 2010

നടന്നും നടന്നേറെ തളര്‍ന്നും....

മക്കള്‍ തിലകവും മക്കളും പിന്നെ അവരുടെ മക്കളും.-- ഇത് തമിഴ്നാട് മുന്‍ മുഖ്യ മന്ത്രി ശ്രീ എം.ജി. രാമചന്ദ്രന്റെ ശവകുടീരം. മറീന ബീച്ചില്‍ നിന്നും അടിച്ചെത്തുന്ന കാറ്റിലും അണയാ‍ത്ത എല്‍.പി.ജി ദീപശിഖക്കടുത്ത് ശവകുടീരത്തിനു മേല്‍ ചെവി വെച്ച് എം.ജി.ആറിന്റെ ‘ഹ്രിദയസ്പന്ദനം‘ കേള്‍ക്കുന്ന തമിഴ് മക്കള്‍.  തമിഴ് നാട്ടിലല്ലാതെ എവിടെ ഒരു രാഷ്ട്രീയ നേതാവിന് ഇത്രമാത്രം ആരാധന നേടാനാവും?  സ്പെക്ട്രം ഇടപാടുകള്‍ പുകയുമ്പോള്‍ നമുക്ക് ഒന്നു ചെവിയോര്‍ത്തു നോക്കാം. പുതിയ രാഷ്റ്ട്രീയക്കാരുടെ ഹ്രിത്സ്പന്ദം ചെവിയോര്‍ക്കുവാനും ആരെങ്കിലുമൊക്കെ ഇങ്ങനെ ഉണ്ടാവുമോ?

Thursday, October 28, 2010

തെരുവില്‍ അലിഞ്ഞുപോയ ഒരാള്‍

                                              കവിത വിറ്റ് കള്ളു കുടിച്ച് നീ
                                              വഴി പിഴച്ചു പോയി.
                                              നിനക്കു മുമ്പേ ജനിച്ചവന്‍ നീ തന്നെ
                                              ആയിരുന്നു.
                                              നിന്റെ സ്നാപകനും വഴികാട്ടിയും എല്ലാം നീ തന്നെ.
                                              വഴിവക്കില്‍, ആള്‍ക്കൂട്ടത്തില്‍,
                                              ഉത്സവപ്പറമ്പില്‍, തീവണ്ടിയില്‍,
                                              നീ ലഹരിയെ കവിതയാക്കി,
                                              കവിതയെ ലഹരിയാക്കി.
                                              കത്തുന്ന മധ്യാഹ്നത്തില്‍
                                              നീ പ്രണയത്തിന്റെ ‘ഒരില ഭക്ഷിച്ചു’
                                              വറുതിയാല്‍ വറ്റിയ കണ്ണില്‍
                                              കെട്ടുപോയ അഗ്നി ഉമിത്തീ പോലെ പടരുന്നത്
                                              ഞങ്ങള്‍ അറിഞ്ഞില്ല.
                                              ചിത്തരോഗാശുപത്രില്‍ നിന്നും
                                              ഇറങ്ങിയോടിയത് നീ ആയിരുന്നില്ല.

                                              വഴിയില്‍ എവിടെയോ നീ പൊഴിഞ്ഞു പോയിരുന്നു.
                                              ഹ്രിദയത്തിലെ ആ ചുവന്ന പൂ
                                              ആരോ ഇറുത്തെടുത്ത്
                                              നിന്റെ മുഖം മൂടുമെന്ന് നീ വെറുതെ സ്വപ്നം കണ്ടു.
                                              നിന്റെ ശവപ്പെട്ടി ചുമക്കുന്നവരില്‍ ഏറ്റവും
                                              മുമ്പില്‍ ബറബ്ബാസ് തന്നെയായിരുന്നു.

                                             തെരുവോരത്ത് നീ വീണ്ടും നുരഞ്ഞു പൊന്തുകയാണ്.
                                             പ്രണയത്തിനും പാപത്തിനുമിടക്ക്
                                             അലിഞ്ഞുതീര്‍ന്നു പോയി, നീ.


Monday, September 6, 2010

ദാസേട്ടന്‍-

       ദാസേട്ടന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഉദ്വേഗത്തോടെ കോലായിലേക്ക് കയറി, അഛന്റെ ശവശരീരം കിടത്തിയ പായക്കരികില്‍ ഇരുന്ന് കുറെ നേരം ദുഃഖത്തോടെ അദ്ദേഹത്തെ നോക്കി നിന്നു. ദാസേട്ടന്‍ വന്നതോടെ അമ്മയും പെങ്ങന്മാരും ചേര്‍ന്ന് കൂട്ട കരച്ചില്‍ തുടങ്ങി. ദാസേട്ടന്‍ വന്നതുകൊണ്ടല്ല, മരിച്ചു കിടക്കുന്നിടത്തേക്ക് വേണ്ടപ്പെട്ടവരാരെങ്കിലും കയറി വന്നാല്‍ കുടുംബക്കാര്‍ക്ക് ദുഃഖം ഒന്നു കൂടി ഇരട്ടിക്കും. ദാസേട്ടന്‍ കയറി വന്നതോടെ ഇനിയാരും വരാനില്ല എന്ന തീരുമാനത്തില്‍ ശവ സംസ്ക്കാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു തുടങ്ങി.  
         ശവം കുളിപ്പിച്ച് കിടത്തി അന്ത്യോദകം നല്‍കി ക്രിയകള്‍ ചെയ്ത് ചിതയിലേക്ക് എടുത്തു. തെക്കു ഭാഗത്ത് ചെക്കിണിയും അനുയായികളും ചേര്‍ന്ന് മാവു മുറിച്ച് വെടിപ്പാക്കി കുഴിക്കു മേല്‍ പാവു കൊള്ളി നിരത്തിയും മഴകൊള്ളാതിരിക്കാന്‍ ചിതക്കുമേല്‍ പനയോല കൊണ്ട് മേല്‍പ്പുര കെട്ടിയും റെഡിയായി ഇരുന്നു. മരണാനന്തര ക്രിയകളുടെ നടത്തിപ്പുകാരന്‍ കോന്തുണ്ണി മാരാര്‍ തന്റെ വലിയ പള്ളയും പിടിച്ചു വെച്ച് കണ്ടത്തില്‍ ശവം കാത്തു നിന്നു. ദാസേട്ടന്‍ ശവത്തിന്റെ തലഭാഗത്തും അനിയന്‍മാരായ സുധാകരനും ഭാസ്ക്കരനും ദിനേശനും പിന്നെ മരുമക്കളും പേരമക്കളും പിന്നാലെയും നിന്ന് ശവം ചിതയിലേക്ക് എടുക്കപ്പെട്ടു. അസംഖ്യം നാട്ടുകാര്‍ പിന്നാലെയും. ചിതക്ക് മൂന്നു ചുറ്റി മാവിന്‍ കൊള്ളിയില്‍ ശരീരം കിടത്തി മുണ്ടു കൊണ്ട് മൂടി ശരീരത്തിനു മേല്‍ രാമച്ചവും പനിനീരും കുടഞ്ഞ്, ‘ശേഷം’ കീറിയെടുത്ത് ദാസേട്ടനെ ഏല്‍പ്പിക്കാന്‍ നോക്കുമ്പോളാണ് കോന്തുണ്ണീ മാരാര്‍ ദാസേട്ടനെ ശരിക്കും ഒന്ന് കണ്ടത്. ജഗിലന്‍ കാലുറ ധരിച്ച് പളുങ്കൂസന്‍ കുപ്പായവുമിട്ട് അങ്ങനെ ശവം ദഹിപ്പിക്കാന്‍ വരട്ടെ. മൂപ്പര്‍ കൈകൊണ്ട് ആജ്ഞ നല്‍കിയവാറേ, തോര്‍ത്തുമുണ്ടുമായി ചെക്കിണീ ഓടി വന്നു. തോര്‍ത്തു മുണ്ട് അരക്കു ചുറ്റാന്‍ തുടങ്ങുമ്പോഴാണ് ജന സാഗരത്തിനിടയിലൂടെ മണ്ടിലി (നീര്‍ക്കോലി എന്ന് വിവക്ഷ) വെള്ളത്തിലൂടെ വളഞ്ഞു പുളഞ്ഞ് പാഞ്ഞു വരുന്നതുപോലെ ഒരു കറുത്ത രൂപം പ്രാന്തെടുത്ത് വരുന്നത്. ചേര കാലിനിടയില്‍ കുടുങ്ങിയാലെന്ന പോലെ ആളുകള്‍ സൈഡ് മാറി കൊടുത്തു.
        ശബ്ദം കേട്ട് കോന്തുണ്ണി മാരാര്‍ പേടിച്ച് വിറകു കൊള്ളിക്കു മേല്‍ വീണു പോയി.  പാഞ്ഞു വരുന്ന രൂപത്തെ മനസ്സിലാക്കാന്‍ ആളുകള്‍ അധിക സമയം എടുത്തില്ല. ആളുകള്‍ക്ക് അയാളെ അങ്ങനെ മറക്കാന്‍ കഴിയില്ല. ആള്‍ നാടുവിട്ട് പോയിട്ട് കാലം ഏറെയായെങ്കിലും ആരൂപത്തിന് ഒരു മാറ്റവുമില്ല. മെലിഞ്ഞ് എല്ലുന്തിയ കറുത്ത രൂപം.

“ഗണേശന്‍.....”  ആരൊക്കെയോ ഉറക്കെ പറഞ്ഞു പോയി.
ഗണേശന്‍ കയറി വന്നതും ചിത കത്തിക്കാന്‍ തയാറെടുത്തു നില്‍ക്കുന്ന ദാസേട്ടനെ പിടിച്ച് ഒരു തള്ള് തള്ളി.  ദാസേട്ടന്‍ പ്രതീക്ഷിക്കാതെ കിട്ടിയ തള്ള് ആയതിനാല്‍ മൂപ്പര്‍ വീണു പോയി.  ഗണേശന്‍ എന്തിനാണ് തള്ളിയത് എന്ന് ആര്‍ക്കും മനസ്സിലായില്ല.  ദാസേട്ടന്‍ എഴുന്നേറ്റ് വരുമ്പോഴത്തേക്കും ഗണേശന്‍ ഒന്നു കൂടി ഉഷാറായി വന്നുവെങ്കിലും ആളുകള്‍ അയാളെ പിടിച്ചു മാറ്റി. അതീവ ഗൌരവമുള്ള ഒരു ചടങ്ങ് നടക്കുന്നതാകയാല്‍ എന്തു പ്രശ്നമുണ്ടെങ്കില്‍ തന്നെയും  ഇത്തരം നടപടി ക്രമങ്ങള്‍ ശരിയല്ല എന്ന് നാട്ടുകാര്‍ പറഞ്ഞു.   ആജാനു ബാഹുവായ സഖാവ് വാസു ഗണേശനെ തന്റെ കൈപ്പിടിയിലൊതുക്കി.  ഗണേശന്‍ കല്ലിനിടയില്‍ കുടുങ്ങിയ പാമ്പിനെപ്പോലെ സഖാവ് വാസുവിന്റെ പള്ളയില്‍ കിടന്ന് കാലും തലയും ഇട്ടടിച്ചുകൊണ്ടിരുന്നു.  വാസു പെണ്ണുങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി ഇടം കണ്ണു കൊണ്ട് ഒന്ന് കൊളുത്തി വലിച്ച് തലയാട്ടി പറഞ്ഞു.
“പഹയാ പെടക്കണ്ടാ ചത്തുപോകും...”
 ഈ സമയത്ത്  ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും കേളപ്പ കുറുപ്പിന്റെ ശരീരം ആവിയായി മേല്‍പ്പോട്ടുയരുകയും ചെയ്തു. സഖാവ് വാസു പിടി വിട്ടതും ഗണേശന്‍ കുളിക്കാന്‍ പോകുന്ന ദാസേട്ടന്റെ പിന്നാലെ പാഞ്ഞു. ഇടവഴിയില്‍ വെച്ച് ദാസേട്ടനും ഗണേശനും തമ്മില്‍ ഉഗ്രമായ സംഘട്ടനം നടന്നു.
ദാസേട്ടന്‍ ഗണേശന്റെ വളഞ്ഞ മുതുകത്ത് നാലു മേട്ട് മേടി അവനെ വലിച്ച് കണ്ടത്തിലേക്ക് എറിഞ്ഞു. ഗണേശന്‍ അവിടെ നിന്നും എപ്പോഴാണ് എഴുന്നേറ്റു പോയതെന്ന് ആര്‍ക്കും അറിയില്ല.
ഇവിടെ രണ്ടു കാര്യങ്ങള്‍ പരാമശ വിഷയങ്ങളാണ്. 


ആരാണ് ഗണേശന്‍?
എങ്ങനെ ഇത്ര കണിശമായി ദാസേട്ടന്‍ തന്റെ പിതാവ് മരിച്ചത് അറിഞ്ഞു?

ഗണേശന്‍ ദാസേട്ടന്റെ അനുജന്‍ തന്നെയാണ്. കേളപ്പ കുറുപ്പ് തന്റെ മകനായി തന്നെയാണ് ഗണേശനെ വളര്‍ത്തിയത്.  എന്നാല്‍ നാട്ടുകാര്‍ പറയുന്നത് ഗണേശന്‍ കേളപ്പ കുറുപ്പിന്റെ മകനല്ല എന്നാണ്. ദാസേട്ടന്റെ അമ്മ എന്താണ് പറയുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏതായാലും തേങ്ങാവലിക്കാന്‍ വരുന്ന കോരപ്പന്‍ കണ്ണാടി നോക്കിയില്ലെങ്കിലും ഗണേശനെ നോക്കിയാല്‍ മതി. തെങ്ങില്‍ നിന്നു വീണ് മൂക്കിന്റെ എല്ലുപൊട്ടിപ്പോയില്ലായിരുന്നുവെങ്കില്‍ രണ്ടിനും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകുമായിരുന്നില്ല. അതു പോക്കട്ടെ, ഇവിടുത്തെ പ്രശ്നം അതല്ലല്ലോ. ഗണേശന്‍ നാടു വിട്ടിട്ട് കാലം ഏറെയായി. വല്ലപ്പോഴുമൊക്കെ നാട്ടില്‍ വരും. ആള്‍ പൂണെയിലാണെന്നും ഭോപ്പാലിലാണെന്നും സൂരത്തിലാണെന്നുമൊക്കെ പറയുന്നതു കേള്‍ക്കാം. എന്താണു പണി എന്നു ചെക്കിണി ചോദിച്ചപ്പോള്‍ ഗണേശന്‍ പറഞ്ഞു

“ സ്മഗ്ലിംങ്....”
“ആതു സരി എന്നിട്ടാ..? കൊടു കൈ...”  

ചെക്കിണി കരുതിയത് എന്തോ നല്ല പണിയാണെന്നാണ്.  ഗണേശന്‍ അരയില്‍ ചുറ്റി പിണഞ്ഞു കിടക്കുന്ന ചേരയെപ്പോലെയുള്ള  പുകയില ഉറുമി വലിക്കുന്നതു പോലെ വലിച്ചെടുത്ത് ഒരു ചാണ്‍ നീളത്തില്‍ ഒരു കഷണം മുറിച്ചെടുത്ത് വായിലേക്ക് തിരുകി.  ചെക്കിണി ഹര ഹര എന്നു നോക്കി നിന്നു പോയി.
“വേണോ?” ഗണേശന്‍ ചോദിച്ചു.
ചെക്കിണി കൊഞ്ചി കുഴഞ്ഞു നാണം പൂണ്ടു നിന്നു.  അതുകണ്ട് ഗണേശന്‍ ഒരു കഷണം ചെക്കിണിക്കും കൊടുത്തു.

ഗണേശന്‍ ദാസേട്ടനെ തല്ലാന്‍ വന്നത് എന്തിനായിരുന്നു എന്ന വിവരം ഞങ്ങള്‍ പിന്നിടു മനസ്സിലാക്കി. കേളപ്പ കുറുപ്പിന്റെ പത്തേക്കര്‍ വരുന്ന ഭൂമിയുടെ അവകാശം എന്തു തന്നെയായാലും ഗണേശനും കൂടി ഉള്ളതാണെല്ലോ.  സ്കൂള്‍ രജിസ്റ്ററില്‍ തന്റെ പിതാവായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത് കേളപ്പ കുറുപ്പിന്റെ പേരാണല്ലോ. പത്തേക്കര്‍ ഭൂമിയില്‍ രണ്ടേക്കര്‍ ദാസേട്ടന്‍ സ്വന്തം കാര്യത്തിനു വിറ്റു എന്നാണു പറയുന്നത്. മാത്രവുമല്ല, രണ്ടു ലക്ഷം രൂപയുടെ കടവും ബാക്കി സ്വത്തിന്മേല്‍ വരുത്തി വെച്ചിട്ടുണ്ടത്രേ. വീതിച്ചു നല്‍കിയതില്‍ പാറക്കൊടുമ്പില്‍ പത്തിരുപത് സെന്റ് മാത്രമേ ഗണേശനു നീക്കി വെച്ചിട്ടുള്ളൂ.  ഇതിനിക്കെ പുറമേ, ഗണേശനെ പൂണെയില്‍ വെച്ച് വകവരുത്താന്‍ ദാസേട്ടന്‍ ശ്രമിച്ചു എന്നാണ് ഗണേശന്‍ പറയുന്നത്.  ഇതിനൊക്കെ പ്രതികാരം വീട്ടാന്‍ വന്നതാണ് ഗണേശന്‍. അഛന്‍ മരിച്ചതൊന്നും ഗണേശന്‍ അറിഞ്ഞിരുന്നില്ല.  നാട്ടില്‍ വരാതെ പത്തു വര്‍ഷത്തോളം ആയിരുന്നു. അയാള്‍ ജീവിച്ചിരിപ്പില്ല എന്നു തന്നെയാണ് പലരും കരുതിയത്. കല്യാണം കഴിച്ച പെണ്‍ കുട്ടി അവള്‍‍ക്കു കിട്ടിയ സ്ഥലത്ത് ഒരു ചെറ്റപ്പുര വെച്ചു കെട്ടി അവിടെ കഴിഞ്ഞു കൂടുകയായിരുന്നു. അയാള്‍ പാതിരാക്ക് എപ്പോഴോ അവിടെ വന്നു പോയിരുന്നു എന്നതിനു തെളിവായി അവള്‍ രണ്ടു പെറ്റു. പിഴച്ചു പെറ്റവള്‍ എന്ന് നാട്ടു ഭാഷ്യം അതിനു ലഭിക്കാഞ്ഞത് കുട്ടികള്‍ ഗണേശന്റെ മുറിച്ച മുറി ആയതുകോണ്ടു മാത്രം.
    നാട്ടില്‍ സാമാന്യം പേരും പെരുമയും ഉണ്ടായിരുന്ന കേളപ്പ കുറുപ്പ് മരിച്ചതോടെ ആ വലിയ വീട് ഒന്നു ചെരിഞ്ഞു.  നാട്ടിലെ ചെറിയൊരു ഭൂപ്രഭുവിന്റെ വീട്, ഇഷ്ടം പോലെ തിന്നാനും കുടിക്കാനും ഉള്ളവര്‍, നാട്ടില്‍ ആദ്യമായി ഗള്‍ഫ് സാധനങ്ങള്‍ ഇറക്കുമതി ചെയ്ത വീട് മൂന്നു നാലു പെണ്‍കുട്ടികളും അവരുടെ രണ്ടു മൂന്ന് സഹോദരന്മാരും ചേര്‍ന്ന് സന്തോഷത്തോടെ കളിച്ചു രസിച്ച വീട്...
     കേളപ്പ കുറുപ്പ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ദാസേട്ടന്‍ മൂപ്പരെ മണിയടിച്ച് സ്വത്തു വകകള്‍ വിറ്റിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്.  ദാസേട്ടന്‍ അച്ഛന്‍ മരിച്ച വിവരം അറിഞ്ഞ് എങ്ങനെ ഇത്രപെട്ടെന്ന് എത്തി എന്ന് ആശങ്കപ്പെട്ട ജനത്തിന് ഉത്തരം നല്‍കിയത് റെയില്‍ വേ കോയ എന്ന കോയസ്സന്‍ മാപ്പളയാണ്. കോയസ്സന്‍ മാപ്പള റെയില്‍ വേയില്‍ കാറ്ററിംഗ് ജോലി ചെയ്യുന്നയാളാണ്. ഇന്ത്യയുടെ പലഭാഗത്തും തീവണ്ടിയില്‍ യാത്ര ചെയ്യുന്ന മാപ്പള ദാസേട്ടനെ മഗലാപുരത്ത് ‍കണ്ടു എന്നാണു പറയുന്നത്.  അവിടെ കൊങ്ങിണികള്‍ നടത്തുന്ന ഒരു ചെറിയ വെജിറ്റേറിയന്‍ ഹോട്ടലില്‍ സപ്ലയറായി നില്‍ക്കുകയാണത്രേ. കോയ ദാസേട്ടനെ കാണാറുണ്ടായിരുന്നുഎങ്കിലും അ വിവരമൊന്നും കോയ പുറത്തു പറഞ്ഞിരുന്നില്ല. അവര്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തിയതാണ്.  അതിനു കാരണം മറ്റൊന്നായിരുന്നു.  കോയക്ക്, നാട്ടിലേതിനു പുറമെ കോയമ്പത്തൂരില്‍ ഒരു പെണ്ണും കുട്ടികളും ഉള്ള വിവരം അറിയവുന്ന ഒരേ ഒരാള്‍ ദാസേട്ടനായിരുന്നു.   നാട്ടില്‍ പേരുള്ള ദാസേട്ടന്‍ ഗള്‍ഫിലല്ലാതെ മറ്റൊരിടത്തും ജോലി ചെയ്യില്ല. ഒരു ഊച്ചാ‍ളി ചായപ്പീടികയില്‍ പുട്ടും കടലയും എടുത്തുകൊടുക്കുന്ന ദാസേട്ടനെ നാട്ടുകാര്‍ അംഗീകരിക്കില്ല.  അങ്ങനെ രണ്ടു രഹസ്യങ്ങളും നില നിന്നു പോരുകയായിരുന്നു. 
       അയല്‍വാസിയായ കുറുപ്പ് മരിച്ച വിവരം കോയ അറിഞ്ഞത് തീവണ്ടിയില്‍ വെച്ചാണ്.  കാസറഗോഡുള്ള ഏതോ ബന്ധുവിനെ  മരണ വിവരം    വിവരം അറിയിക്കാന്‍ പോകുന്ന വഴി തീവണ്ടിയില്‍ വെച്ച് കോയയെ കുറുപ്പിന്റെ ഒരു ബന്ധു അവിചാരിതമായി കണ്ടു മുട്ടിയതാണ്. വിവരം അറിഞ്ഞതും സംഗതി കോയ ദാസേട്ടനെ അറിയിക്കാന്‍ തിടുക്കത്തില്‍ പോയി.  മടക്ക തീവണ്ടിയില്‍ തന്നെ ടിക്കറ്റ് ഏര്‍പ്പാടാക്കി കൊടുത്തതും കോയ തന്നെ.   ഈ വിവരങ്ങളൊക്കെ നാട്ടിലെ പത്രാധിപരും, മനോരമ മുതല്‍ ദേശാഭിമാനി വരെയുള്ള പത്രങ്ങളുടെ പ്രാദേശിക മുതലാളിയുമായ ഏജന്റ് അവുള്ളയോട് അബദ്ധവശാല്‍ കോയ പറഞ്ഞു പോയതാണ്.  വാര്‍ത്താവിതരണത്തില്‍ അഗ്രഗണ്യനായ ടിയാന്‍ സൈക്കിള്‍ നിര്‍ത്തി നിര്‍ത്തി കണ്ടവരോടൊക്കെ വിവരം ധരിപ്പിച്ചു പത്രധര്‍മ്മം നിറവേറ്റി.

       ദാസേട്ടന്‍ അങ്ങനെ വീണ്ടും നാട്ടില്‍ തന്നെയായി. വനജ കൊണ്ടു വരുന്ന ശംബളം മൂപ്പര്‍ക്ക് തികയാതെ വന്നു. എങ്ങനെയെങ്കിലും ഗള്‍ഫില്‍ എത്തിയാല്‍ മതി എന്ന ചിന്ത മാത്രമേ ദാസേട്ടന് ഉണ്ടായിരുന്നുള്ളു. പക്ഷേ, ഗ്രഹ നില ശരിയല്ലെന്നും ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും പണിക്കന്മാര്‍ പലരും പറഞ്ഞു.   ദാസേട്ടന്റെ പഴയ ഉത്സാഹം പോയി തുടങ്ങി. രണ്ടു കുട്ടികള്‍ വലുതായി വരുന്നുണ്ട്.  തൊഴിലില്ലാതെ അവരെ എങ്ങനെ വളര്‍ത്തും എന്നതായിരുന്നില്ല ദാസേട്ടന്റെ ചിന്ത.  ഒരു ഗള്‍ഫുകാരനല്ലാതെ അവരുടെ മുഖത്ത് എങ്ങനെ നോക്കും? രാത്രി ഉറക്കമില്ലാതെ സിഗരറ്റും പുകച്ച് ദാസേട്ടന്‍ ഇരുന്നു.

         അതിനിടക്ക് മറ്റൊരു സംഭവമുണ്ടായി.  തറവാടു സ്വത്ത് ഭാഗം വെച്ചപ്പോള്‍ വീട് ആര്‍ക്കും കൊടുത്തിരുന്നില്ല. അത് കേളപ്പ കുറുപ്പിന്റെ പേരില്‍ തന്നെ ആയിരുന്നു.  വീട് ഇളയമകന്‍ ദിനേശന് നല്‍കാമെന്ന് അമ്മ പറഞ്ഞതാണ് കാരണമായത്.  അതു പറ്റില്ലെന്ന് ദാസേട്ടന്‍ പറഞ്ഞു. വാക്കു തര്‍ക്കം മൂര്‍ച്ഛിക്കുകയും   അതിനെ തുടര്‍ന്ന് അര്‍ധ രാത്രിയില്‍ വീട്ടില്‍ ചില അതിക്രമങ്ങളുണ്ടായി.   മരം മുറിക്കുന്നതു പോലത്തെ ശബ്ദവും വീട്ടില്‍ നിന്നുള്ള നിലവിളിയും കേട്ടാണ് ആളുകള്‍ ഓടി കൂടിയത്. 
    ഓടി വന്ന ആളുകള്‍ കണ്ടത് ദാസേട്ടന്‍ കൊടുവാളുകൊണ്ട് വീടിന്റെ തൂണ്‍ വെട്ടി മുറിക്കുന്ന കാഴ്ചയാണ്.  ചെക്കിണി ഓടിചെന്ന് കൊടുവാള്‍ പിടിച്ചു. തന്റെ പണി തട്ടിയെടുക്കുന്നവനെ അങ്ങനെ വെറുതെ വിട്ടു കൂടല്ലോ.  തുണ്‍ പകുതിയിലധികം മുറിച്ചു മാറ്റിയിരുന്നു.  ദാസേട്ടന്റെ അമ്മ അപസ്മാരമെടുത്ത് നുരം പിണ്ടി വായില്‍ നിന്നും ഒലിപ്പിച്ച് കോലായില്‍ കിടക്കുന്നു.  വനജ പുല്ലു പായില്‍ കമഴ്ന്നു കിടക്കുന്നു. കുട്ടികള്‍ വനജയെ കെട്ടിപ്പിടിച്ച് കരയുന്നു. ദാസേട്ടനു പിന്നെ ഭ്രാന്ത് ആയിരുന്നു. ദാസേട്ടന്‍ പുരക്കു ചുറ്റും പാഞ്ഞു നറ്റന്നു. മാത്രമല്ല, കേള്‍ക്കാന്‍ അറക്കുന്ന ഭാഷയില്‍ മൂപ്പര്‍ ആദ്യമായി ശുദ്ധ മലയാളം സംസാരിച്ചു.  അതില്‍ ഒരു തരി ഇംഗ്ലിഷും കയറി വന്നില്ല.  എന്തായാലും സഖാവ് വാസു തന്നെ വന്ന് സംഗതി കൈകാര്യം ചെയ്യേണ്ടി വന്നു.  വാസു  ദാസേട്ടനെ പരിരംഭണം ചെയ്ത് തന്റെ പള്ളയില്‍ കൂട്ടി പിടിച്ച് ഒരു കാലു കൊണ്ട് മറ്റേകാലില്‍ ഒരു തട്ടു കൊടുത്തു.  ദാസേട്ടന്‍ മറിഞ്ഞു താഴെ വീണു.  വാസു ദാസേട്ടനെ ആമ പൂട്ടിട്ട് പൂട്ടി, മയക്കി കിടത്തി. 
    ദാസേട്ടന്‍ ശവാസനത്തില്‍ കിടന്നു.  രംഗം ശാന്തമായപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞു.  ദാസേട്ടന്‍ ഇത്ര പ്രകോപിതനാകാന്‍ കാരണം, വീട് ഭാഗിച്ചു അനിയനു കൊടുക്കാന്‍ തുനിഞ്ഞത് മാത്രമായിരുന്നില്ല എന്ന് ബുദ്ധിമാന്മാരായ ഞങ്ങള്‍ മനസ്സിലാക്കി.  ദാസേട്ടന് ഗള്‍ഫില്‍ പോകണം. പറ്റിയ വിസ കിട്ടുന്നില്ല,  വിസ കിട്ടിയാല്‍ അതിനു പണം തികയുന്നില്ല.  ആധി പിടിച്ചു നടക്കുന്ന ദാസേട്ടനെ പ്രകോപിപ്പിക്കാന്‍ ഒരു ഭാഗ പ്രശ്നം ഉണ്ടായി, അത്രമാത്രം.

   ദാസേട്ടന്‍ അവസാനം എടുത്ത തീരുമാനമാണ് ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞത്.  മതം മാറി മുസ്ലിം ആവുകയെന്ന അവസാനത്തെ അടവ് ദാസേട്ടന്‍ പുറത്തെടുത്തു.  മുസ്ലീം ആയാല്‍ നല്ലൊരു വിസ കിട്ടുമെന്നും അങ്ങനെ ഗള്‍ഫില്‍ നല്ലൊരു ജോലി തരപ്പെടുത്താമെന്നും ദാസേട്ടന്‍ കരുതി.  ഇതെല്ലാം പക്ഷേ വളരെ രഹസ്യമായാണ് നടന്നത്.  ദാസേട്ടന്റെ പെണ്ണ്, വനജയോ, മക്കളോ തള്ളയോ അറിയാതെയാണ് മൂപ്പര്‍ പൊന്നാനിക്കു പോയതും സംഗതി നടത്തിയതും.   എറണാകുളത്ത് വെച്ച് ഗള്‍ഫിലേക്കുള്ള മെഡിക്കല്‍ ടെസ്റ്റ് ഉണ്ടെന്നും ഒരാ‍ഴ്ച കഴിഞ്ഞേ വരികയുള്ളൂ എന്നും പറഞ്ഞാണ് മൂപ്പര്‍ മുങ്ങിയത്.
     എല്ലാം കഴിഞ്ഞ്  പുറത്ത് ഹിന്ദുവും അകത്ത് മുസ്ലീമുമായി ദാസേട്ടന്‍ വീണ്ടും നാട്ടിലെത്തി.  ദാസേട്ടന്‍ യൂസഫ് ആയി മാറിയത് പാവം വനജ അറിഞ്ഞില്ല. ഗള്‍ഫിലേക്ക് കയറാനുള്ള അടവ് പയറ്റുന്നതിനിടയിലാണ് ഒരു കാര്യം മൂ‍പ്പര്‍ക്ക് ഓര്‍മ്മ വന്നത്. പാസ്പോര്‍ട്ടില്‍ താന്‍ ഇപ്പോഴും ഹിന്ദു തന്നെയാണെന്നതും പേര് ദാസന്‍ എന്നാണെന്നതും ഒരു സത്യമായി അവശേഷിച്ചു.  അതുമാറാതെ തരമില്ലല്ലോ. ഗസറ്റില്‍ പേരു മാറ്റം പ്രസിദ്ധീകരിച്ചതിനു ശേഷമേ പാസ്പോര്‍ട്ടില്‍ അതു മാറ്റാന്‍ സാധിക്കുകയുള്ളു.  അതിനൊന്നും ദാസേട്ടനു നേരമില്ലാ താനും ഒരു വ്യാജ പാസ്പോര്‍ട്ട് എങ്ങനെയെങ്കിലും സംഘടിപ്പിക്കണം എന്ന ചിന്തയായിരുന്നു, പിന്നെ.
      പിന്നീട് എന്തൊക്കെയാണ് സംഭവിച്ചത് എന്ന് കണിശ്ശമായി ഞങ്ങള്‍ക്ക് അറിയില്ല. ദാസേട്ടന്‍ വ്യാജന്‍ സംഘടിപ്പിച്ചോ, ഉണ്ടെങ്കില്‍ തന്നെ അത് എങ്ങനെ കിട്ടി എന്നൊന്നും.  ഒരു കാര്യം ഞങ്ങള്‍ക്ക് അറിയാമായിരുന്നു.  ദാസേട്ടന്‍ പിന്നെ ഗള്‍ഫിലേക്ക് പോയിട്ടില്ല.  അതു മാത്രമല്ല മറ്റൊരു സംഭവം കൂടി ഉണ്ടായി.  ദാസേട്ടനും ഭാര്യയും രണ്ടു മുറിയിലാണ് ഉറക്കം എന്നും രാത്രിയില്‍ അസുഖകരമായ ശബ്ദ കോലാഹലങ്ങള്‍ വീട്ടില്‍ നിന്നും ഉണ്ടാവാറുണ്ട് എന്നും അയല്‍ വാസികള്‍ പറയുന്നു. 
‘ഒരു മാപ്ലേന്റെ കൂടെ കെടക്കാന്‍ ഇനിക്ക് ആവൂലാ...’ എന്ന് വനജ പറഞ്ഞതായും കേട്ടു.
    എന്തായാലും ഓഫീസില്‍നിന്നും ആരു ചോദിച്ചാലും വനജ പറയുന്നത് ‘ഹസ്ബന്റ് ഗള്‍ഫിലാണ് എന്നാണ്.

ഞങ്ങളും പറയുന്നത്  ഗള്‍ഫുകാരന്‍ ദാസേട്ടന്‍ എന്നു തന്നെ.




Saturday, August 21, 2010

ഓര്‍ക്കാന്‍ ഒരു ഓണം കൂടി

                                                 ഒരു   പഴയ ഓണസ്മരണ.

ഇന്നത്തെ ഓണത്തെക്കാള്‍ ഇന്നലത്തെ ഓണം നമുക്ക് നൊസ്റ്റാള്‍ജിയ ആണ്.  ഓണം മനസ്സില്‍ ഒരുക്കുന്നത് ഒരു തിരിച്ചുപോക്കാണ്.  അതുകൊണ്ടാണ് നമ്മുടെ ബാല്യവും കൌമാരവും ഒക്കെ ഓണസ്മരണകളോടൊപ്പം പൂത്തുലഞ്ഞു നില്‍ക്കുന്നത്.  ഒ.എന്‍.വി. സാര്‍ പറഞ്ഞതു പോലെ, ‘ഓരോവഷവും ഓണക്കളിയുടെ താളമയഞ്ഞീടുന്നൂ ഞങ്ങളില്‍’ എന്നതാണു സത്യം. ഓണം പടിയിറങ്ങുമ്പോള്‍ മനസ്സില്‍ നിറയുന്ന നഷ്ട ബോധം ഇപ്പൊഴും ഓര്‍മ്മയുണ്ട്. എന്നാല്‍ ഇന്ന് ഒരു ചടങ്ങുപോലെ ഓണം ആചരിക്കപ്പെടുകയാണ്. കുട്ടികളില്‍ ഓണത്തിന്റെ ഉത്സാഹം ഇന്നും നിറയുന്നുണ്ട്.  പ്ലസ്റ്റിക്കു പൂവാണെങ്കിലും ഉപഭോഗ സംസ്ക്കാരത്തിലെ കൊള്ളരുതായ്മകളുണ്ടെങ്കിലും ഓണത്തിന് നമ്മള്‍, അറിയാതെ സ്വന്തം വീട്ടിലേക്കു തിരിച്ചു പോകും. എല്ലാ തിരക്കുകളും മാറ്റി വെച്ച് നമുക്ക് വീട്ടില്‍ ഓണം കൂടിയേ പറ്റൂ.  എന്തെന്നാല്‍ മലയാളിക്ക് മനസ്സില്‍ കൊണ്ടു നടക്കാന്‍ വര്‍ഷത്തില്‍ ഒരു ഓണമല്ലേയുള്ളു...

Monday, August 9, 2010

ദാസേട്ടന്‍

ദാസേട്ടന്‍ ആള് ജഗിലാണ്. 


       ആള് പഴയ പട്ടാളക്കാരനാണെങ്കിലും പൊതുജനങ്ങള്‍ അത് അറിയുന്നത് മൂപ്പര്‍ മാസം ആറുകുപ്പി നല്ല ഉശിരന്‍ സംഗതി പട്ടാള കാന്റീനില്‍ നിന്ന് വാങ്ങി കൊണ്ടു പോകുന്നത് കണ്ടാണ്.  പട്ടാളക്കഥകളിലൊന്നും ടിയാന് താല്‍പ്പര്യമില്ല.  അല്ലെങ്കില്‍, പട്ടാളക്കാരനായിരുന്നു എന്നു പറയുന്നതില്‍ ദാസേട്ടന്‍ അത്ര തല്‍പ്പരനായിരുന്നില്ല എന്നു സാരം.  പട്ടാള സേവനത്തെക്കാള്‍ ദാസേട്ടന്‍ പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്.      ഒരു പ്രവാസിയുടെ സകല മാനറിസങ്ങളും നടപ്പിലും ഇരുപ്പിലും സംസാരത്തിലും വരുത്താന്‍ മനഃപൂര്‍വമായ ഒരു ശ്രമം ദാസേട്ടന്‍ കാണിക്കുന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പില്ല.  കാരണം ദാസേട്ടന്‍ അങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം.

       മൂപ്പര്‍ ഒരു സ്ഥലത്തേക്ക് ഇറങ്ങുന്നതു നല്ലൊരു കെട്ടി കാഴ്ചയോടെയാണ്. കാലില്‍ വുഡ് ലാന്‍സ് ഷൂ, കില്ലര്‍ ജീന്‍സ്, ഇന്‍സൈഡ് ചെയ്തിരിക്കുന്ന കിടിലന്‍ ടീ ഷര്‍ട്ട്, അല്ലെങ്കില്‍ വാന്‍ ഹുസ്സൈന്‍ പോലെ ‘കായി’കൂടിയ ഷര്‍ട്ട് എന്നിവ ധരിച്ച് കഷണ്ടിത്തല മീന്നിച്ച് (നല്ല സ്റ്റൈലന്‍ കഷണ്ടിയാണ്, അല്ലാതെ പോളീഷ് ചെയ്യാത്ത പരുക്കനല്ല) ഒരു പോക്കുണ്ട്.  അത് കണ്ടു നില്‍ക്കാന്‍ ഒരു സുഖമാണ്.   ദാസേട്ടന്‍ മലയാളം സംസാരിക്കുന്നതില്‍ അത്ര തല്‍പ്പരനല്ല. മലയാളത്തിന്റെ കൂടെ ആംഗലേയം കേമമായി വരും.  സ്വന്തം അച്ഛനോട്  വരെ ദാസേട്ടന്‍ സംസാരിക്കുമ്പോ‍ള്‍ ‘ഇംഗിരീസ്’ കടന്നു വരും. അച്ഛന്‍ കേളപ്പ കുറുപ്പിന് ഇംഗ്ലീഷ് പോയിട്ട് മലയാളം തന്നെ ശരിക്ക് വായിക്കാന്‍ അറിയില്ല.

       ആളു വലിയ പണക്കാരനായിരുന്നു. അഞ്ചെട്ടേക്കര്‍ തെങ്ങിന്‍ തോട്ടമുണ്ടായിരുന്ന കേളപ്പ കുറുപ്പ് കൊപ്രക്കച്ചവടക്കാരനും ക്രിഷിക്കാരനും ഒക്കെ ആയിരുന്നു. ദാസേട്ടന്റെ വിക്രിയകള്‍ കണ്ടാല്‍ കുറുപ്പിനു ചിരി വരും.  ദസേട്ടനെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ കേളപ്പ കുറുപ്പ് കുറെ യത്നിച്ചതാണ്.  പത്താം ക്ലാസില്‍ രണ്ടു തവണ തോറ്റ ദാസേട്ടന്‍ അവസാനം ഒരു ദിവസം അപ്രത്യക്ഷനായി.  പിന്നെ പട്ടാളക്കാരനായണ് പൊങ്ങിയത്. ആറേഴു വര്‍ഷമേ രാജ്യ സേവനം നടത്തിയുള്ളൂ.  പിന്നെ അവിടെ നിന്നും അപ്രത്യക്ഷമായി.  ജര്‍മ്മനിയില്‍ നിന്ന് കത്തു വന്നപ്പോളാണ് കേളപ്പ കുറുപ്പ് സ്തബ്ധനായി പോയത്.  പോഴത്തക്കാരന്‍ ചെക്കന്‍ എന്ന് താന്‍ കരുതിയവന്‍ ജഗിലാണെന്ന് മൂപ്പര്‍ക്കു മനസ്സിലായി.  അന്നാണ് കുറുപ്പ് മുതല്‍ ചെക്കിണി വരെയുള്ളവര്‍ ജര്‍മ്മനി എന്ന ഒരു രാജ്യമുണ്ട് എന്ന് അറിയുന്നത് തന്നെ. പിന്നെ ഒരു ദിവസം ഒരു വരവാണ്.  ആ വരവും നടപ്പും കണ്ട് ആളുകള്‍ ‘ഹര ഹര’ എന്ന് പറഞ്ഞുപോയി. അഴകിയ രാവണനായി ചെത്തി നടന്ന ദാസേട്ടന്‍ ഒരു ഹീറോ ആയി മാറി. ദാസേട്ടന്‍ ചില ഫോറിന്‍ സാധനങ്ങള്‍ കൂടി ഇഷടപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു തുടങ്ങി.  അങ്ങനെയാണ് ആളുകള്‍ ഹീറോ പേന ആദ്യമായി കാണുന്നത്. മഷി ലീക്കു ചെയ്യുന്ന ക്രെസ്റ്റ്, ബിസ്മി മുതലായ പെന്നുകള്‍ മാത്രം ഉപയോഗിക്കുന്ന ഞങ്ങള്‍ക്ക് ഹീറോ പേന ഒരു അദ്ഭുത വസ്തുവായി.  ഫോറിന്‍ കുട ആദ്യമായി കണ്ടതും ദാസേട്ടന്‍  കൊണ്ടു വന്നിട്ടാണ്.  ദാസേട്ടന്‍ കൊണ്ടു വന്ന ബീര്‍, പെണ്ണൂക്കുട്ടി എന്ന വീട്ടു വേലക്കാരിക്ക് ദാസേട്ടന്‍ കൊടുക്കുകയും അതു കുടിച്ച അവള്‍ ലഹരി കയറി   കേളപ്പ കുറുപ്പിനെ ഊണു കഴിക്കാന്‍ കൈ  കൊണ്ട് തോണ്ടി വിളിച്ചെന്നും പറഞ്ഞ് മൂപ്പരുടെ പെണ്ണുങ്ങള്‍, അതായത് ദാസേട്ടന്റെ അമ്മ ബഹളം വെച്ച് സംഗതി കച്ചറയാക്കി. ദാസേട്ടന്റെ അമ്മ വലിയ ഭക്തയാണ്. അമ്പലമായ അമ്പലമൊക്കെ കയറിയിറങ്ങുന്ന അവര്‍ക്ക് ഇതൊന്നും ഇഷ്ടമല്ല.  ചെക്കിണി പിന്നമ്പുറത്തു കൂടി ചെന്ന് ദിവസവും രണ്ടിറക്ക് ചുവന്ന റാക്ക് ദാസേട്ടനില്‍ നിന്നും വാങ്ങി കുടിക്കുമായിരുന്നു.   

      ദാസേട്ടന്‍ രണ്ടു പ്രാവശ്യം കൂടി വിദേശത്ത് പോയി വന്നു.  പിന്നീട് പോയത് ജര്‍മ്മനിയിലേക്കല്ല. ഗള്‍ഫിലേക്കായിരുന്നു.  (ഗള്‍ഫില്‍ എവിടെയാണെന്ന് ഞങ്ങളോട്   ചോദിക്കരുത്. ഞങ്ങള്‍ക്ക് ദുബായിയും അബുദാബിയും ഖത്തറും ഒമാനും ഒക്കെ ദുബായി തന്നെയാണ്. ആര് ഗള്‍ഫില്‍ പണിക്കു പോയാലും ഞാള് പറയുക ദുബായില്‍ പോയി എന്നാണ്).  അത് പോകട്ടെ, പിന്നീട് ദാസേട്ടന്‍ ഒരു ‘ദാനഗന്ധര്‍വന്‍’ തന്നെ ആയി.  വരുന്നവര്‍ക്കൊക്കെ എന്തെങ്കിലും കൊടുത്തേ പറഞ്ഞ് വിടൂ. അതിനിടക്ക് സെയില്‍സ് ടാക്സില്‍ ജോലിയുള്ള ഒരു പെണ്‍കുട്ടിയെ കേളപ്പ കുറുപ്പ് ദാസേട്ടനു വേണ്ടി കണ്ടെത്തുകയും മംഗലം ഗംഭീരമായി നടത്തപ്പെടുകയും ചെയ്തു.  നാട്ടിന്‍ പുറത്തുനിന്നു വന്ന ആ പെണ്‍കുട്ടി ദാസേട്ടന്റെ വിക്രിയകള്‍ കണ്ട് അതിശയിച്ചു നിന്നു. ഫോക്കസ് ഫ്രീ ക്യാമറ ഞങ്ങള്‍ ആദ്യമായി കാണുന്നത് ദാസേട്ടന്റെ കൈയിലാണ്. അതു വെച്ച് മൂപ്പര്‍ നാട്ടിലുളള പ്രമാണിമാര്‍ മുതല്‍ പ്രാണികള്‍ വരെയുള്ള മനുഷ്യ തിര്യക് ഗണങ്ങളുടെ മുഴുവന്‍ പടമെടുത്ത് നല്‍കി. ഞങ്ങളെ ഞെട്ടിച്ച മറ്റൊരു സംഗതി മൂപ്പര്‍ കൊണ്ടുവന്ന ചെറിയ കാം കോഡര്‍ ആണ്. കൈയില്‍ ഒതുങ്ങുന്ന ആ ചെറിയ മൂവി ക്യാമറ കണ്ട് ഞങ്ങള്‍ അതിശയിച്ചു നിന്നു.  ദാസേട്ടന്‍ നേരിട്ടു വന്ന് പാവപ്പെട്ടവര്‍ മുതല്‍ പണക്കാര്‍ വരെയുള്ളവരുടെ  വിവാഹത്തിന്റെ വീഡിയോ ആ ചെറിയ ക്യാമറയില്‍ പകര്‍ത്തി നല്‍കി. ടേപ്പ് റെക്കര്‍ഡര്‍ എന്ന അദ്ഭുത വസ്തു ഞങ്ങള്‍ കണ്ടതും ദാസേട്ടന്‍ വഴിയാണ്. നാഷണല്‍ പാനാസോണിക്കിന്റെ സ്റ്റീരിയോയില്‍ ഒരു ദിവസം ചെക്കിണി അറിയാതെ അയാളുടെ ശബ്ദം ദാസേട്ടന്‍ പകര്‍ത്തി. ചെക്കിണി മരത്തില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ തന്റെ ശബ്ദത്തില്‍ ഒരാള്‍ സംസാരിക്കുന്നു. സംസാരിക്കുന്നതാകട്ടെ അത്ര നല്ല കാര്യവുമായ്യിരുന്നുല്ല.തട്ടിന്‍ പുറത്തെ അയമ്മദ് ഹാജിയുടെ രഹസ്യബന്ധത്തിന്റെ കഥയാണ് പറയുന്നത്. ചെക്കിണി തൊള്ള തുറന്ന പടി ആയി പോയി. അന്ന് സേവിച്ച റാക്ക് അതെ പടി ആവി ആയി പോയി.  പിന്നെയാണ് ദാസേട്ടന്‍ ചെക്കിണിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതും ചെക്കിണി അദ്ഭുതപരതന്ത്രനായി പോയതും. പിന്നെ എങ്ങനെ ഞങ്ങള്‍ നാട്ടുകാര്‍ ദാസേട്ടന്റെ ഫാന്‍സ് ആവാതിരിക്കും?

      പിന്നീടാണ് കാര്യങ്ങള്‍  മറ്റൊരു  രീതിയില്‍ പരിണമിക്കാന്‍ തുടങ്ങിയത്.  കൊണ്ടുവന്ന പണം മുഴുവന്‍ ദാസേട്ടന്‍ ഭംഗിയായി കൈകാര്യം ചെയ്തു. പിന്നെ ഗള്‍ഫിലേക്ക് തിരിച്ചു പോകാനുളള ബദ്ധപ്പാടായി. ഗള്‍ഫില്‍ പോകാതെ ദാസേട്ടന് നിലനില്‍പ്പില്ല. കാരണം ദാസേട്ടന്‍ ഇന്ത്യക്കാരനാണെങ്കിലും വിദേശിയാണ്. പിന്നെ ഒന്ന് ഇംഗ്ലീഷ് സംസാരിക്കണമെങ്കില്‍ ഇവിടെ ആരാണുള്ളത്? നിര്‍ഭാഗ്യം ദാസേട്ടനെ പിടികൂടാന്‍ തുടങ്ങി. തിരിച്ചു പോകാനുള്ള വിസ കിട്ടാതെ വന്നപ്പോള്‍ ആളുകള്‍ ചോദ്യം തുടങ്ങി.
       
“ അല്ലാ, ദാസേട്ടന്‍ പോകുന്നില്ലേ?”
ചോദ്യം ദാസേട്ടനെ തളര്‍ത്തി എങ്കിലും ഉഷാറുവിടാതെ ദാസേട്ടന്‍ പറഞ്ഞു.
“ ഓഫ്കോഴ്സ്... പിന്നെ പോകാതെ  ?  കുറച്ചു കൂടി നാട്ടില്‍ സ്റ്റേ ചെയ്തിട്ടാവാം എന്നു കരുതി”
വഴിയില്‍ കാണുന്നവരൊക്കെ ഈ ചോദ്യം തന്നെ ചോദിച്ചപ്പോള്‍ ദാസേട്ടന്‍ വല്ലാതാകാന്‍ തുടങ്ങി.   ഞങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങളുടെ ദാസേട്ടന്‍ ഈനാട്ടില്‍ അധികം നില്‍ക്കുന്നവനല്ല, അല്ലെങ്കില്‍ നില്‍ക്കാന്‍ പാടില്ല.  സംഗതി കുഴപ്പമാകുമെന്നും തന്റെ പരിപ്പ് ഇവര്‍ എടുക്കുമന്നും വിചാരിച്ചതോടെ ദാസേട്ടന്‍ ഒരു തീരുമാനത്തിലെത്തി.  - ഇവിടെ നിന്നും മുങ്ങുക.  അങ്ങനെ ദാസേട്ടന്‍ ഒരുദിവസം നാടു വിട്ടു. ഗള്‍ഫിലേക്കാണ് പോയത് എന്ന് ഭാര്യയോടും മറ്റും പറഞ്ഞുവെങ്കിലും ദാസേട്ടന്‍ നേരെ പോയത് ബോംബെയിലേക്കാണ്. അവിടെ വാടകക്ക് ഒരു കുടുസ്സു മുറിയില്‍ താമസിച്ച ദാസേട്ടന്‍ ഒരു വിസ സംഘടിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒത്തില്ല. അവസാനം എയര്‍ പോര്‍ട്ടില്‍ എന്തൊ ചെറിയൊരു പണി ഒപ്പിച്ചെടുത്തു. അത് ജീവിക്കാന്‍ തെകയാതെ വന്നപ്പോള്‍ വിവരം ഭാര്യയെ അറിയിക്കുകയും   മുപ്പത്തി നാട്ടില്‍ നിന്നും മണിയോര്‍ഡര്‍ ‍അങ്ങോട്ട് അയച്ചു കൊടുത്ത് മുപ്പരുടെ മാനം കാക്കുകയും ചെയ്തു.  ഈ വിവരം ഒന്നും പക്ഷെ ഞങ്ങാള്‍ അറിഞ്ഞില്ല, കെട്ടോ. ഞങ്ങള്‍ക്ക് ദാസേട്ടന്‍ അപ്പോള്‍ ഗള്‍ഫില്‍ ആണ്.  മാത്രമല്ല. മാധവന്‍ ആശാരി ഒരു ഗള്‍ഫ് ടോര്‍ച്ചിന് ദാസേട്ടന്റെ പെണ്ണുങ്ങള്‍ മുഖാന്തരം ഓര്‍ഡര്‍ കൊറ്റുക്കുകയും ചെയ്തു.

      ഗള്‍ഫില്‍ നിന്നും ദാസേട്ടന്‍ പെട്ടെന്നു തന്നെ തിരിച്ചു വന്നു.  ഈ തവണ വന്നപ്പോള്‍ ദാസേട്ടന്‍ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. ഒന്നും കൊണ്ടു വന്നില്ല. പക്ഷേ കൂടെ ഒരു മദാമ്മപെണ്ണിനെയും കൂട്ടിയാണ് വന്നത്. മദാമ്മ പെണ്ണ് വന്നതും കേളപ്പ കുറുപ്പിന് ഷേക്ക് ഹാന്‍ഡ് കൊടുത്തു. കുറുപ്പിന് ദേഷ്യവും നാണവുംവന്ന് മൂപ്പര്‍ അകത്തേക്ക് ഓടിക്കളഞ്ഞു. ചെക്കിണിക്കും കിട്ടി ഒരു ഷേക്ക് ഹാന്‍ഡ്.  ചെക്കിണീ ഇക്കിളിയായിട്ട് ഒറ്റ ചിരി ചിരിച്ചു. മരം മുറിക്കുന്ന കൈയാണല്ലോ ചെക്കിണിയുടേത്. മദാമ്മയുമായി ദാസേട്ടന്‍ ഇടവഴികളിലും അങ്ങാടിയിലും കറങ്ങി നടന്നു. ദാസേട്ടന്റെ പെണ്ണൊരുത്തി മദാമ്മയെ കണ്ടതും അകത്തു പോയി ഒറ്റ കരച്ചിലാണ്. ദാസേട്ടന്‍ എന്തു പറഞ്ഞിട്ടും  അവര്‍ കേട്ടില്ല.

“ഓള് എന്തിനു വന്നതാ?”
“ഷീ ഈസ് എ സ്റ്റുഡന്റ് ഓഫ് ഓഹിയോ... ഷീ ഈസ് ഏ സൈന്റിസ്റ്റ്...  ഐ മീന്‍... ശാസ്ത്രജ്ഞ... എന്റമോളജിയില്‍.... ഇവിടെ പ്രാണികളെ പറ്റി മനസ്സിലാക്കാന്‍....’
“ഇങ്ങളും പ്രാണിയും തമ്മില്‍ എന്താ ബന്ധം...”  മൂപ്പത്തി ചോദിച്ചു.
“ ഞങ്ങള്‍ ട്രെയിനില്‍ നിന്നും പരിചയപ്പെട്ടതാണ്.”
“ ഏതോ പൊലയാടിച്ചി....”
“ വനജേ... നമ്മള്‍ ഒന്നു കൂടി അഡ്വാന്‍സ്ഡ്  ആകണം, കള്‍ചേര്‍ഡ് ആവണം.... വിദേശങ്ങളിലൊക്കെ......”
“ ഇനിക്ക് കേക്കണ്ട..... ഓള് പോയില്ലെങ്കില്‍ ഞാന്‍ തൂങ്ങി ചത്തുകളയും.”
       ഭീഷണിയില്‍ ദാസേട്ടന്‍ അവസാനം വീണു. മദാമ്മയെ ദാസേട്ടന്‍ കലിക്കറ്റ്        യൂണിവേഴ്സിറ്റിയിലുള്ള ഏതോ പ്രോഫസറുടെ വീട്ടില്‍ ആക്കി എന്നാണു പറയുന്നത്.  വനജ ആള് ഉദ്യോഗസ്ഥയാണെങ്കിലും സ്ത്രീ സഹജമായ നിഷ്ക്കളങ്കതയാല്‍ ഞങ്ങളുടെ ദാസേട്ടനെ അവിശ്വസിച്ചു കളഞ്ഞു.  നാടും നഗരവും എത്രയോ കണ്ട ദാസേട്ടന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമാണ്. എന്നാല്‍ ചില വിവര ദോഷികള്‍ ദസേട്ടനെയും ആ വിദേശിപ്പെണ്ണിനെയും ചേര്‍ത്ത് അപഖ്യാതികള്‍ പറഞ്ഞുണ്ടാക്കിയത് ഞങ്ങളെ വിഷമിപ്പിച്ചു.  എതായാലും ദാസേട്ടന്‍ വീണ്ടും നാടു വിട്ടു.
ദാസേട്ടന്‍ നാടുവിട്ടതില്‍ പിന്നെയാണ് കാര്യങ്ങള്‍ക്ക് പുതിയ പരിണാമം ഉണ്ടായത്. ദാസേട്ടന്റെ അച്ഛന്‍ കേളപ്പ കുറുപ്പ് ഓട്ടോറിക്ഷയിടിച്ച് മരിച്ചു പോയി. വാര്‍ത്ത ദാസേട്ടനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.  കാരണം ദാസേട്ടന്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചിട്ട് ഒരു അനക്കവുമില്ല. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണ്. വിദേശത്തേക്ക് വിളിക്കുന്നത് നോക്കി നിന്നാല്‍ പോലും ബില്‍ വരുന്ന കാലമാണ്. അതുകൊണ്ട് ഫോണില്‍ കളിക്കാന്‍ കൂടുതല്‍ ആരും മിനക്കെട്ടില്ല. കത്തയച്ചും കമ്പിയടിച്ചും ആളെ വരുത്താന്‍ ഒട്ട് ഒക്കുകയുമില്ല. ഇതികര്‍ത്തവ്യതാ മൂഡരായി ആളുകള്‍ നില്‍ക്കുമ്പോളാണ്, മാവു മുറിക്കുന്ന ചെക്കിണി മരത്തിന്നു മുകളില്‍ നിന്ന് വിളിച്ചു പറഞ്ഞത്
“ദാസേട്ടന്‍ വരുന്നുണ്ടേയ്..........”
       ആളുകള്‍ അവീശ്വാസത്തോടെ കിഴക്കോട്ടു നോക്കി.  അതെ, ദാസേട്ടന്‍ ദൂരെനിന്നും നടന്നു വരുന്നു! ദുബായില്‍ പോയ ദാസേട്ടന്‍ അച്ഛന്‍ മരിച്ചതറിഞ്ഞ് ഇത്രപെട്ടെന്ന് എങ്ങനെ നാട്ടിലെത്തി?  ആളുകള്‍ നെറ്റി ചുളിച്ചു. അപ്പോള്‍ മറ്റൊരാള്‍ പടിഞ്ഞാറുവശത്തെ പാറക്കൊടുമ്പിന്റെ പിന്നിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. കറുത്ത് മെലിഞ്ഞ അയാളെ കണ്ട് ആളുകള്‍ അദ്ഭുതത്തൊടെ നോക്കി.
(അടുത്ത ഒരു ഭാഗത്തോടെ അവസാനിക്കും) 

Monday, August 2, 2010

മറയുന്ന കാഴ്ചകള്‍

മറയുന്ന കാഴ്ചകള്‍.......
പണ്ട് നാട്ടിന്‍ പുറങ്ങളില്‍ കണ്ടിരുന്ന ഈ കാഴ്ച, യന്ത്രവത്കരണത്തിന്റെ ഫലമായി മറ  ഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും പണ്ട് ചെയ്തുവന്ന തൊഴില്‍ മറക്കാത്ത ചിലര്‍ ഒരു ചടങ്ങ് എന്നതു പോലെ അത് ഇപ്പോഴും പിന്തുടരുകയാണ്.  മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയയായി നാം കൊണ്ടു നടക്കുന്ന ഈ കാഴ്ച പഴയ തലമുറക്ക് മറക്കാനാവില്ല. എന്നാല്‍ പുതിയ തലമുറ നിശ്ചയമായും ചോദിക്കും “ ഈ അങ്കിള്‍ എന്താ ചെയ്യുന്നേ?” എന്ന്. അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട് ചോദിച്ച് നോക്കൂ...

Wednesday, July 14, 2010

അള്ളോ, ഇത് എന്തേരുത്തും ചര്‍ച്ചയാ......

       പറയുന്നത് ചെക്കിണി ആയതുകൊണ്ടും മൂപ്പര്‍ക്ക് വലിയ ഗ്ലാമര്‍ ഇല്ലാത്തതുകൊണ്ടും കേരളത്തിലെ പേരെടുത്ത വലിയ എഴുത്തുകാര്‍ക്കും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വ്യക്തിത്വങ്ങള്‍ക്കും ഇപ്പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമില്ല.  പിന്നെ ഇന്നാട്ടിലെ വലിയ ബ്ലോഗര്‍മാരും മറ്റും ഇത് തീരെ ഗൌനിക്കാന്‍ ഇടയില്ലെന്ന് അനുഭവം കൊണ്ട് അറിയുന്നതാകയാല്‍ ചില ‘ചെറുകിട ബ്ലോഗു കുലോദ്ഭവ‘ന്മാരുടെ ശ്രദ്ധയില്‍ പെടുന്നതിനും പറ്റിയാല്‍ എന്തെങ്കിലും ഒന്നു ‘കമന്റി‘ വിടുന്നതിനും ഈ ‘സാധനം’ നിര്‍മ്മിച്ച് ചുവടെ കാണുന്ന പ്രകാരം പ്രസിദ്ധീകരിക്കുന്നു.

           കേരളം ചൂടു പിടിച്ച ചര്‍ച്ചയിലാണെന്ന വിവരം ചെക്കിണിക്ക് അറിയാമായിരുന്നുവെങ്കിലും അതിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടത് ഒരു ഇ മെയിലാണ്.  (ചെക്കിണി ഇ മെയില്‍ വായിക്കാന്‍ പ്രാപ്തനായോ എന്ന് ചെക്കിണിയെ അറിയാവുന്നവര്‍ സംശയിച്ചേക്കാം. ദയവു ചെയ്ത് വേണ്ടാത്ത കാര്യങ്ങള്‍ ചോദിക്കരുത്)  ചര്‍ച്ച എന്നു വെച്ചാല്‍, മത്സരിച്ചുള്ള ചര്‍ച്ചയാണ്.  പത്തു പതിനാറ് ചാനലുകാരും പത്തമ്പത് പത്രക്കാരും ചേര്‍ന്ന് നാട്ടിലെ സകല തരത്തിലുള്ള അനാചാരങ്ങളെയും അഴിമതി മുതല്‍ അക്രമം വരെ    എല്ലാതരം അതിക്രമങ്ങളെയും ഉച്ചാടനം ചെയ്യാന്‍ തൂലിക ചലിപ്പിച്ചുകൊണ്ട് ഇരിക്കുന്ന സുവര്‍ണ്ണ കാലത്തിലാണല്ലോ ജീവിക്കുന്നത് എന്ന് ആശ്വസിച്ചിരിക്കുകയാണ് ചെക്കിണി.  ചര്‍ച്ചകളും സംവാദങ്ങളും സാംസ്കാരിക ഔന്നത്യത്തിന്റെ പ്രതീകമായതിനാല്‍ നമ്മുടെ നാട് ബുദ്ധിജീവികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നും ചെക്കിണിക്ക് തോന്നി. ചാനലുകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ എന്നും അങ്ങനെ വരുമ്പോള്‍ നവോത്ഥാന നായകന്മാരുടെ വേക്കന്‍സി റദ്ദു ചെയ്ത് ഗവണ്മെന്റിന് ചെലവു ചുരുക്കാമെന്നും ചെക്കിണി ചിന്തിച്ചു. വാര്‍ത്തകള്‍ ഇപ്പോള്‍ പെറ്റു പെരുകുകയാണ്. പണ്ടത്തെ പോലെ ഞഞ്ഞാപിഞ്ഞ വാര്‍ത്തകളല്ല ഇപ്പോള്‍ ഉള്ളത്. അന്ന് ഒരു വാര്‍ത്ത കേള്‍ക്കണമെങ്കില്‍ എലിപ്പെട്ടി പോലത്തെ റേഡിയോ സെറ്റ് രണ്ടു മിനിറ്റ് മുമ്പ് തന്നെ തുറന്നു വെക്കണം. പത്തു മിനിറ്റ് നേരം വായിക്കുന്ന വാര്‍ത്ത ഉണ്ടാക്കാന്‍ തന്നെ അതിന്റെ പ്രക്ഷേപകര്‍ കഷ്ടപ്പെടുന്ന കാലമാണ്. (അന്ന് സാംസ്കാരിക കേരളം എങ്ങനെ ജിവിച്ചു എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു) ഇന്നിപ്പോള്‍ ബുദ്ധിജീവികളായ പത്രക്കാര്‍ പല തരം ആളുകളെ ഉള്‍പ്പെടുത്തി ചര്‍ച്ചകളിലൂടെയാണ് കേരളത്തെ മുമ്പോട്ടു നയിക്കുന്നത്. അനങ്ങിയാല്‍ ചര്‍ച്ച വരും എന്ന് കരുതി ബലാത്സംഗ വീരന്മാരും മോഷ്ടാക്കളും അഴിമതിക്കാരും പേടിച്ചു കഴിയുകയാണ്.  ‘മൂന്നു വയസ്സു കാരിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചൂ’ ഇങ്ങനെ ഒരു വാര്‍ത്ത കിട്ടിയാല്‍ പത്രകാരനെക്കാള്‍ ഉഷാറ് ചാനലു കാരനാണ്. അവന്‍ ഉടന്‍ അതിന് ഒരു തിരക്കഥ ഉണ്ടാക്കി ക്രൈം ത്രില്ലെര്‍ ആയി അവതരിപ്പിക്കും. പിന്നെ പീഡിപ്പിച്ചവന്റെ ആളുകളെയും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ആളുകളെയും വെച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കും. (ചര്‍ച്ചയില്‍ ഒരുകാലത്തും ഒരു തീരുമാനമായതായി കണ്ടിട്ടില്ല) 
വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പുതുമകള്‍ ഏറെയാണ്. വര്‍ഗ്ഗീയതയെ സംബന്ധിച്ച ചര്‍ച്ചകളായിരുന്നു ഒരു കാലത്തെ ഇഷ്ട വിഭവം. ഇപ്പോള്‍ അതിന് അത്ര മാര്‍ക്കറ്റ് ഇല്ല. വര്‍ഗ്ഗീയതയെ ചര്‍ച്ചയിലൂ‍ടെ നാട്ടില്‍ നിന്നും ഉന്മുലനം  ചെയ്തതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍  അതിനെക്കാള്‍ പുതിയ സാധനം വന്നു കഴിഞ്ഞു. ‘ക്യൂലക്സിനെ വെല്ലുന്ന ഈഡിസ് ഈജിപ്തി’കൊതുകുകളെപ്പോലെ തകര്‍പ്പന്‍ തീവ്രവാദികള്‍ രംഗത്തെത്തിയതോടെ രംഗം ഒന്നു കൂടി കൊഴുത്തിരിക്കുകയാണ്. നാടന്‍ ബോംബുകള്‍ ഇപ്പോള്‍ നായക്കു പോലും വേണ്ടാതായിരിക്കുകയാണ്. ജലാറ്റിന്‍ സ്റ്റിക്കുകളോ ആര്‍.ഡി.ഏക്സോ ഉണ്ടെങ്കില്‍ അത് വാര്‍ത്തയാണ്.  കട കുത്തി തുറക്കല്‍, ഭവന ഭവന ഭേദനം തുടങ്ങിയതൊന്നും ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല.  അതെല്ലാം പണ്ടേ തന്നെ ചില മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍ത്തലാക്കിയ കുറ്റക്ര്ത്യങ്ങളാണ്.

നാം ജീവിക്കുന്ന ചുറ്റുപാടില്‍ അഴിമതി, അക്രമം, ലൈംഗികചൂഷണം എന്നിവ കണ്ടു പിടിക്കുന്നതിന് മാധ്യമങ്ങളുടെ കഴുകന്‍ കണ്ണുകള്‍ ക്യാമറയുടെ രൂപത്തില്‍ ചുറ്റി തിരിയുകയാണ്.  മാവേലി നാടു പോലെ മനോഹരമായ ഒരു നാട് നമുക്ക് കൈവരാന്‍ അധിക കലമില്ല. ഒരു മൂന്നു  നാലു ചാനല്‍ കൂടി വരാനുണ്ട്. അതോടു കൂടി സംഗതി ക്ലീന്‍.  പിന്നെ മറ്റൊരു പ്രധാന കാര്യം ചര്‍ച്ചകളാണ്. കൊടും പിരിക്കൊള്ളുന്ന ചര്‍ച്ചകള്‍ ചെയ്യുന്നവര്‍ ചാനലുകാ‍ര്‍ മാത്രമല്ല. അതിന്റെ ക്രെഡിറ്റ് അവര്‍ക്കു മാത്രം കൊടുക്കുന്നത് ശരിയല്ലല്ലോ.  വാരികകള്‍ നാടു നന്നാക്കാന്‍ ഇറങ്ങിയിട്ട് പതിറ്റാണ്ടുകളയി.  ഒരു കവര്‍ സ്റ്റോറിയോടെ അവര്‍ സ്വത്വ രാഷ്ട്രീയം മുതല്‍ സ്വത്തു രാഷ്ട്രീയം വരെ ചര്‍ച്ച ചെയ്ത് കേരളത്തെ ധാര്‍മ്മികവും സാംസ്ക്കാരികവുമായി ഉന്നതിയിലേക്ക് നയിക്കുകയാണ്. 

നമുക്ക് ചാനലുകാരന്റെ ചര്‍ച്ചകളിലേക്ക് തിരിച്ചു വരാം.  വിലക്കയറ്റം, ഡീസല്‍/പെട്രോള്‍ വില വര്‍ദ്ധന, അഴിമതി, സിനിമാ പ്രതിസന്ധി, സ്ത്രീ പീഡനം, വേശ്യാവ്രിത്തി, സംവരണം, വര്‍ഗ്ഗീയത, തീവ്രവാദം, പ്രേത ബാധ എന്നു തുടങ്ങി സകല കാര്യങ്ങളും ഉണ്ടാവുന്നതിനെയും അത് ഇല്ലാതാക്കുന്നതിനെയും ചൊല്ലി ബഹു കേമമായി ചര്‍ച്ചകള്‍ തുടരുന്നത് ‘ശ്ശി നല്ലത്വന്നെ’ എന്ന് ചെക്കിണി കരുതുമ്പോഴും ഇതൊക്കെ ഇപ്പോഴും അസാരായി കൂട്വന്നെ അല്ലേ എന്ന് ചെക്കിണിക്ക് ശങ്ക ണ്ടാവാണ്ട് ഇരുന്നില്ല. ഏ.സി. മുറിയില്‍ ഇടക്കിടക്ക് ‘ബ്രേക്ക്’ ഇട്ട് ( ഓം സ്പോണ്‍സറായ നമഃ)വാദികളെയും പ്രതികളെയും ‘തമ്മില്‍ തല്ലിക്കുന്ന‘ നാടകം കാണുന്ന പോഴത്തക്കാരന്‍ പ്രേക്ഷകന്‍ കരുതുന്നത് മാധ്യമങ്ങളുടെ ആത്മാര്‍ഥമായ ഇടപെടലാണ് ഇതൊക്കെ എന്നാണ്.  രോഗം മാറ്റാനാണ് ഡോക്ടര്‍ എങ്കില്‍ നാട്ടില്‍ അകെ പത്തു ഡോക്ടര്‍മാര്‍ മതിയാവും. രോഗം ഇനിയും ഉണ്ടാവട്ടെ എന്നല്ലേ ‘ആത്മാര്‍ത്ഥതയുള്ള’ ഒരു ഡോക്ടര്‍ കരുതുക? അല്ലെങ്കില്‍ അയാള്‍ ആരെ ചികിത്സിക്കും? അതത്രേ നമ്മുടെ പൊടിപാറുന്ന ചര്‍ച്ചക്കാരുടെയും മനോഗതി എന്നു ചെക്കിണിക്ക് തോന്നി. 

കേരളം അസാരം കേമായി തന്നെ വളരുന്ന്ണ്ട്... ചെക്കിണിക്ക് സംശയം ഇല്യ. 1956 മുതല്‍ 2010 വരെയുള്ള കണക്ക് എടുത്തു നോക്കൂ. അടിപിടി മുതല്‍ തീവ്രവാദം വരെയുള്ള ദിനചര്യകള്‍ കുറഞ്ഞു വരുന്നുണ്ട്.  ചര്‍ച്ച ‘വീണ്ടും  പുനരാംഭിക്കട്ടെ’.....

എന്നാലും അറിയാതെ ചോദിച്ചു പോവുകയാണ്  “അള്ളാ ഇത് എന്തേരുത്തും ചര്‍ച്ചയാ, പഹയന്മാരേ...?”

Saturday, July 10, 2010

നീരാളി പോക്കര്‍

           ഇന്ത്യ ലോകകപ്പില്‍ ഗോള്‍ നേടുമെന്ന് ഉണ്ടക്കണ്ണന്‍ പോക്കര്‍ ഹാജി പറഞ്ഞത് ചെക്കിണീ കേട്ടു.  പോക്കര്‍ ഹാജി പറഞ്ഞതില്‍ അധികവും സത്യമായി വന്നതിനാല്‍ ഇതും സത്യമാവും എന്നു തന്നെ ചെക്കിണി കരുതിയിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആരൊക്കെയാണ് കളിക്കുന്നത് എന്ന വിവരം പോക്കര്‍ ഹാജിക്ക് അറിയില്ല. മൂപ്പര് വൈകുന്നേരത്തെ നിസ്കാരം കഴിഞ്ഞപാടെ  ഒരു കട്ടന്‍ ചായയും മുട്ട പുഴുങ്ങിയതും തിന്ന് വായ കഴുകാതെ മുട്ടയുടെ രുചി നുണഞ്ഞുകൊണ്ട് ടെലിവിഷനു മുമ്പില്‍ കുണ്ടന്മാര്‍ക്ക് ഒപ്പം ഇരുന്ന് കളി കണ്ടു. ഹാജ്യാര്‍ അര്‍ജ്ജന്റീനയുടെ ആളായാണ് അറിയപ്പെടുന്നത്.ചാര നിരത്തില്‍ വെള്ള വരയുള്ള ടീ ഷര്‍ട്ടുമിട്ട് ഹാജ്യാര്‍ ഫാന്‍സുകാരോടൊപ്പം ഇരുന്ന് ലോക ഫുട് ബോളിന്റെ ചരിത്രം അവലോകനം ചെയ്തു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും   ആരാണ് കളിക്കുന്നത് എന്നോ എങ്ങനെയാണ് കളിക്കുന്നതെന്നോ ടിയാന് നല്ല ഗ്രാഹ്യം ഇല്ല.  ബാര്‍ബര്‍ കുഞ്ഞാമന്‍ കുട്ടി, ഔസേപ്പ്, മൊയമ്മത്,  പാറ പൊട്ടിക്കുന്ന സാമി, ചെക്കിണീ തുടങ്ങിയ പൌര പ്രമുഖരും പരശതം കുണ്ടന്മാരും കാണുന്ന കളി ആയതിനാല്‍ കാണാതിരിക്കാന്‍ പറ്റില്ല. പ്രവചന സിദ്ധിയുള്ള ആളായതിനാല്‍ പോക്കരാജിക്ക് പ്രവചിക്കാതിരിക്കാനും പറ്റില്ല.ആയതിനാല്‍ ഗോള്‍വീഴുമ്പോള്‍ പോക്കര്‍ഹാജി ഉച്ചത്തില്‍ അട്ടഹസിക്കും. (ഗോള്‍ വീഴുന്നത് ശുഭ ലക്ഷണമാണെന്ന് കരുതി തന്റെ ടിം ആയ അര്‍ജ്ജന്റിനയുടെ പോസ്റ്റില്‍ ഗോള്‍ വീണത് കണ്ട് മൂപ്പര്‍ ഹര്‍ഷാരവം മുഴക്കി ഒരുദിവസം ‘മൊയന്ത്’ ആയതാണ്.) ആരു ഗോള്‍ അടിച്ചാലും ഹാജ്യാര് അവരുടെ ഭാഗം കൂടിയിരുന്ന പണി അന്നു നിര്‍ത്തിയതാണ്. അതിനുശേഷം ഗോള്‍ വീണാല്‍ മൂപ്പര്‍ തന്റെ ഭാഗക്കാര്‍ എന്തെങ്കിലും ശബ്ദം ഉണ്ടാക്കുന്നൊ എന്നു നോക്കും. എന്നിട്ടേ മൂപ്പര്‍ വായ തുറക്കുകയുള്ളൂ.                അങ്ങനെയാണ് ഒരു ദിവസം പീടികത്തിണ്ണയില്‍ വെച്ച് മൂപ്പര് വെളിപാടു പോലെ പറഞ്ഞത്-
 “ലോക കപ്പില്‍ ഇന്ത്യ ഗോളടിക്കും മോനേ....”
പോക്കര്‍ ഹാജിയെക്കൊണ്ട് ഇത് പറയിച്ച്താണ്.
“ഫുട് ബോളില്‍ ഇന്ത്യ ജയിക്ക്വോ ആജ്യാരേ?”  ഒരു ചെക്കന്‍ ഹാജ്യാരെ സുയിപ്പ് ആക്കാന്‍ ചോദിച്ചു.
ക്ഷണത്തില്‍ പോക്കരാജി അങ്ങു പറഞ്ഞു പോയി.

ഉത്തരം കേട്ടതും പീടിക മുറ്റത്ത് കുനിഞ്ഞു നിന്ന് തേങ്ങാ പൊളിക്കുകയായിരുന്ന പാക്കരന്‍ പാരയില്‍ കുരുങ്ങിപ്പോയതു പോലെ വളഞ്ഞു നിന്ന്  ചിരിച്ചു വളി വിട്ടു പോയി.

“അദ്ഭുതകരമായ പ്രവചനം“

(ഇതിന് രണ്ട് ആശ്ചര്യ ചിഹ്നം ഇടേണ്ടതാണ്, എന്നാല്‍ അത് പഴയ എഴുത്തുകാരുടെ ഒരു രീതി ആയതിനാല്‍ ഇടുന്നില്ല)

പറഞ്ഞത് നാട്ടിലെ താത്വികാചാര്യന്‍ ചെക്കിണി തന്നെ. ചെക്കിണി മരത്തില്‍ നിന്നും ഊര്‍ന്നിറങ്ങി വൈകുന്നേരം ഏഴര്യാകുമ്പോഴേക്കും ഒന്നര കുപ്പി വ്യാജന്‍(ഒറിജിനല്‍ കള്ള് അല്ല) അകത്താക്കി സ്നാന ജപാദികള്‍  കഴിഞ്ഞ് മന്ദ ചേഷ്ടനായി ചാപ്പുണ്യാരുടെ വീടിന്റെ ചാരു പടിയില്‍ ചാരിയിരിക്കും. കളി കണ്ടും പുറം കളി കളിച്ചും നിഗമനങ്ങളും വിശകലനങ്ങളുമായി ‘ഇമ്പളെ ചെക്കിണി” തത്വിക പരിവേഷം അണിയും.  പറയുന്നതിലെ 'ആധികാരികത' കേട്ട് ചെക്കന്മാര്‍ ചെപ്പു കിലുക്കുന്നതു പോലെ ചിരിക്കും. കോര്‍ട്ടിനു പുറത്ത് ടെന്‍ഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന മറഡോണയെ കണ്ട് ചെക്കിണി പറഞ്ഞു.

“ഓനേതാ, ആ ചങ്ങായി? ഓന് തൂറാന്‍ മുട്ട്ന്നുണ്ടോ”(അകത്തുള്ള പെണ്ണുങ്ങളെ ചിരിപ്പിക്കാനുള്ള ഒരു ഏര്‍പ്പാടു കൂടിയാണ്, ഇത്)

ഇതുകേട്ട് ചാപ്പുണ്യാരെ ഓള് (വൈഫ്) അടുക്കളേന്ന് ചിരിക്കും.  കളിക്കുന്ന രാജ്യക്കാരുടെ പേരു വിവരങ്ങള്‍ കുറെയൊക്കെ ചെക്കിണിക്ക് അറിയാം. ഇന്ത്യക്കാരന്‍ ഇതിനേക്കാള്‍ വലിയ കളി കളിക്കുന്നവരായതുകൊണ്ടാണ്, അവര്‍ ഈ കാല്‍പ്പന്തു കളിയില്‍ പങ്കെടുക്കാത്തത് എന്നാണ് ചെക്കിണി മനസ്സിലാക്കിയത്. ഈ അവസരത്തിലാണ് പോക്കര്‍ ഹാജിയുടെ പ്രവചനം ഉണ്ടായത്.  പോക്കര്‍ ഹാജി പ്രവചനത്തിന്റെ ആശാനാണ്. പാത്തുമാന്റെ പിയ്യാപ്ല ഗള്‍ഫില്‍ പോകുമെന്ന് പ്രവചിച്ചതും നായരു ചത്തുപോയ കാര്‍ത്യായനി പ്രസവിക്കുമെന്ന് മുന്‍ കൂട്ടി കണ്ടതും മാത്രമല്ലാ,  ലോക കപ്പില്‍ ബ്രസീല്‍ തോല്‍ക്കുമെന്നു വരെ മൂ‍പ്പര്‍ പ്രവചിച്ചു കഴിഞ്ഞു. പോള്‍ എന്ന നീരാളി പ്രവചിക്കും മുമ്പേ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ നീരാളി പോക്കര്‍ എന്ന അപര നാമം കൂടി ചെക്കന്മാര്‍ മൂപ്പര്‍ക്കു നല്‍കി.  എന്തായാലും ഇന്ത്യ ലോകകപ്പില്‍ എങ്ങനെ ഗോളടിക്കാന്‍? അത് നടക്കാന്‍ പോകുന്ന കാര്യമല്ല എന്ന വിവരം പോക്കര്‍ ഹാജി പിന്നീടാണ് മനസ്സിലാക്കിയത്.  ഇന്ത്യ കളിക്കുന്നില്ലെന്നും ഇന്ത്യയില്‍ ഫുട്ബോള്‍ ഇല്ലെന്നും ചെക്കന്മാര്‍ ഹാജിയെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ ഹാജി വിഷണ്ണനായി.  കാരണം ഒന്ന്- തന്റെ പ്രവചനം ഫലിക്കാതിരിക്കാന്‍ പാടില്ല. രണ്ട്- തനിക്ക് ഫുട് ബോളിനെപ്പറ്റി ഒന്നും അറിയില്ല എന്ന് ആളുകള്‍ കരുതും.

    ഹാജ്യാര്‍ അല്‍പ്പനേരം ഒന്നും മിണ്ടാതെ നിന്നു. എന്നിട്ട് ദുഃഖത്തോടെ പറഞ്ഞു.
“ഞമ്മള് ഇന്ത്യക്കാര്‍ക്ക് ബാഗ്യം ഇല്ല...”
“അതെന്താ ആജ്യാരേ?” ചെക്കന്മാര്‍ ചോദിച്ചു.
“ഒരു ഗോളടിക്കാന്‍ പറ്റിയ അവസരം ബെറുതെ ആക്കി?”  ഹാജ്യാര്‍ പറഞ്ഞു.
“ അത് എങ്ങനെ?”
“ പഹേന്മാരേ ഓല് പോകാത്തെതോണ്ടല്ലേ ഗോളടിക്കാഞ്ഞത്? ഞമ്മള് പറഞ്ഞതില് എന്താ തെറ്റ്?
കുണ്ടന്മാര്‍ ഇതു കേട്ട് ഒരു നിമിഷം ആലോചിച്ചു നിന്നപ്പോള്‍ പോക്കരാജി സ്ഥലം കാലിയാക്കി.

Wednesday, June 9, 2010

വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?”

എന്നെ തന്നെയാണോ ഫോക്കസ് ചെയ്യുന്നത്...?
              കോവളത്തെ ഒരു സായാഹ്നമാണ്. പടിഞ്ഞാറുനിന്നും നാടു കാണാനെത്തുന്നവരുടെ സ്ഥിരം സങ്കേതമായ കോവളത്ത് സൂര്യസ്നാനം ചെയ്യുന്ന വിദേശികള്‍ മണല്‍പ്പരപ്പില്‍ കസേരകളില്‍ നിരന്ന് ഇരിക്കുകയാണ്. ഇവരുടെ ഇടയിലൂടെ നടക്കുന്ന ‘നമ്മുടെ ആളുകള്‍ക്ക്’ കോവളവും കടലും ഒന്നും ഒരു പ്രശ്നമല്ല. അവര്‍ പ്രധാന്മായും നോക്കി നില്‍ക്കുന്നത് മണലില്‍ അര്‍ദ്ധ നഗ്നരായി ഇരിക്കുന്ന വിദേശി സ്ത്രീകളെയാണ്. ഈ കാഴ്ച്ച അങ്ങോളം ഇങ്ങോളം ഉള്ളതിനാല്‍ വായില്‍ നോക്കികള്‍ക്ക് ഒരു കൊയ്ത്തുത്സവം തന്നെയാണ് ഇവിടങ്ങളില്‍. സാമാന്യം തൊലിക്കട്ടിയുള്ള വിദേശിപ്പെണ്ണുങ്ങള്‍ പോലും ഇവന്മാരുടെ കളി കണ്ട് അറപ്പും മടുപ്പും വന്നിട്ട് എത്രയെത്ര പരാതികളാണ് നല്‍കുന്നത്. നമ്മുടെ നാട്ടില്‍ ഒറ്റക്ക് ജോലിക്കു പോകാന്‍ പോലും സ്ത്രീകള്‍ പേടിക്കുമ്പോള്‍ വിദേശിപ്പെണ്ണുങ്ങള്‍ ഇവിടെ വന്ന് മുട്ടു മറയാത്ത ഉടുപ്പുമിട്ട് ഒറ്റക്ക് നാടൊട്ടുക്കും ചുറ്റിയടിക്കുകയും വേണമെങ്കില്‍ ബാറില്‍ പോയി രണ്ടെണ്ണം വീശുകയും ചെയ്യുന്നത് കാണുമ്പൊള്‍ അവര്‍ അറപ്പുകൊണ്ട് കാര്‍ക്കിച്ചു തുപ്പും. “മാനമില്ലാത്ത ജാതി”യെന്നോ “ഉളുപ്പില്ലാത്തവര്‍” എന്നോ പറഞ്ഞ് നാം നമ്മുടെ കുലീനത കാണിക്കും. നിയമനിര്‍മ്മാണ സഭയില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണത്തിന് കൈകാലിട്ടടിച്ച് നമ്മുടെ സ്ത്രീകള്‍ മുന്‍ നിരയിലെത്താന്‍ പെടാപ്പാടു പെടുമ്പോള്‍ പുറം നാട്ടുകാരായ സ്ത്രീകള്‍ നമ്മുടെ പുരുഷന്മാരെക്കാള്‍ മിടുക്കികളാ‍യി ധീരത കാണിക്കുന്നു.  ചുളുവില്‍ എന്തെങ്കിലും രണ്ട് ‘സീന്‍’ ഒപ്പിച്ചെടുത്ത്  ചുറ്റിക്കറങ്ങി നടക്കുന്ന പുരുഷ വര്‍ഗ്ഗത്തില്‍ പെട്ട തദ്ദേശ ടൂറിസ്റ്റുകളെ കാണണോ? ഇവടങ്ങളില്‍ ഒക്കെ ഒന്നു വന്നു നോക്കൂ, ഇതുകൊണ്ടൊക്കെ തന്നെയാണ് ചെക്കിണി പറഞ്ഞത്.
                                “വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?” എന്ന്.

                                    (ചെക്കിണി എല്ലാരെയും നായര്‍ എന്നാണു വിളിക്കുന്നത്)

Saturday, June 5, 2010

സ്വത്വരാഷ്ട്രീയവും ചെക്കിണിയും

                  ചെക്കിണി ചിരിച്ചു ചിരിച്ചു മണ്ണു കപ്പി. മണ്ണു കപ്പി എന്നു പറഞ്ഞാല്‍ പോരാ മണ്ണു മാന്തി. അയാള്‍ ചുമരു മാന്തിക്കീറി ചിരി തുടങ്ങി. എന്തിനിങ്ങനെ ചിരിക്കുന്നു എന്ന് ചാപ്പുണ്യാര് ചോദിച്ചതൊന്നും ചെക്കിണി കേട്ടില്ല. പണ്ട് സര്‍ക്കുലര്‍ രൂപത്തില്‍ ചിരി നിരോധനം പ്രാബല്യത്തിലുണ്ടായിരുന്ന കാലം കഴിഞ്ഞതിനാല്‍  ചിരിക്കുന്നതില്‍ നിയമ തടസ്സം ഇല്ല എങ്കിലും തനി ബൂര്‍ഷ്വാ രീതിയില്‍ ഇങ്ങനെ ചിരിക്കുന്നത് സൈദ്ധാന്തികമായി ശരിയാണോ എന്നും ചാപ്പുണ്യാര്  ചിന്തിക്കാതിരുന്നില്ല. എന്നാലും എന്തിനാണ് ചെക്കിണീ ഇങ്ങനെ വലിയ വായില്‍ ചിരിക്കുന്നത്? ചിരി നില്‍ക്കാതായപ്പോള്‍ മൂസയും ചാപ്പുണ്യാരും അടുത്തുകൂടി.

“ എന്താ ചെക്കിണ്യേട്ടാ കാര്യം?”   മൂസ ചോദിച്ചു.

“ ഒന്നുല്യാ‍..ഹ്...ഹൂയ്......ഹ..ഹ.....” ചെക്കിണിക്ക് ചിരി നില്‍ക്കുന്നില്ല.

ചെക്കിണിക്ക് എന്തോ തകരാറ് കുടുങ്ങിയിട്ടുണ്ട് എന്ന് തന്നെ ചാപ്പുണ്യാരും മൂസയും മറ്റും കരുതി. അവര്‍ രണ്ടു പേരും ചേര്‍ന്ന് കൂട്ടത്തിലെ ബുദ്ധി ജീവിയായ അയമ്മത് കുട്ടിയെ തിരഞ്ഞു. സംഗതി അയാള്‍ അറിഞ്ഞുകാണില്ല.

“ അല്ല, ഇമ്പളെ ബു.ജി എവിടെ?’  മൂസ ചോദിച്ചു.

“ ഓനെ കാണുന്നില്ല”  ചാപ്പുണ്യാര് ഇതു പറഞ്ഞു തീര്‍ന്നതും ചെക്കിണി ഉറക്കെ ചിരി തുടങ്ങി. ചിരിച്ചുകൊണ്ട് ചെക്കിണി തന്റെ കൈ മുന്നോട്ടു ചൂണ്ടി. ചെക്കിണി കൈ ചൂണ്ടിയ ഭാഗത്തേക്ക് ചാപുണ്യാരും മൂസയും നോക്കി.
അവിടെ ഒരു രൂപം നില്‍ക്കുന്നു. ആളെ മനസ്സിലാകുന്നില്ലെങ്കിലും ഒരു കാര്യം വ്യക്തമായി. ആള്‍ നഗ്നനാണ്. മാത്രമല്ല അയാള്‍ മേലാസകലം ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതു കണ്ടിട്ടാണോ ചെക്കിണി ചിരിക്കുന്നത്? അതില്‍ എന്തിത്ര ചിരിക്കാന്‍?

“ഇഞ്ഞി അയാളെ കണ്ടിട്ടാ ചിരിക്കുന്നത്? അയാള്‍ ഏതോ പ്രാന്തനല്ലെ ചെക്കിണ്യേ...?”
ചെക്കിണീ ഒറ്റയടിക്ക് ചിരി നിര്‍ത്തി.  എന്നിട്ട് ശാന്തനായി തന്റെ ധൈഷണികത വെളിവാക്കുന്ന കഷണ്ടി തടവി പറഞ്ഞു.

‘ഇര......”
‘എന്ത്? എര്യോ”  ചാപ്പുണ്യാര്‍ക്ക് ഒന്നും തിരിഞ്ഞില്ല.

മൂസ ആകാശത്തും ഭൂമിയിലും മാറി മാറി നോക്കി സംശയം മാറ്റി.

“ഇര...  സ്വത്വബോധം ഉണര്‍ന്നു കഴിഞ്ഞു.... കാത്തിരുന്നു കാണുക...”  ചെക്കിണി ഉണര്‍ത്തിച്ചു.
ചെക്കിണിയുടെ നാവില്‍ അനാരതം തുളുമ്പുന്ന വാണീ വിലാസം കണ്ട് ചെക്കിണിയും മൂസയും സ്തബ്ധരായി നിന്നു പോയി. ഏതോ ഭൂതം അല്ലെങ്കില്‍ ജിന്ന് ചെക്കിണിയില്‍ പ്രവേശിച്ചു കഴിഞ്ഞുവെന്നും അതിന്റെ കളിയാണ് ഇതൊക്കെ എന്നും മൂസ പറഞ്ഞു. 

‘ ചാപ്പുണ്യാരേ, ഇമ്പളെ അയമ്മത് കുട്ടീനെ നോക്കി...”  

പറഞ്ഞത് മറ്റാരുമല്ല, ചെക്കിണി തന്നെ. ചെക്കിണി ഇപ്പോള്‍ സാക്ഷാല്‍ ചെക്കിണീയായി തന്നെയാണ് പറയുന്നത്. ചെക്കിണിയുടെ ഭാവ മാറ്റത്തില്‍ അദ്ഭുതം പൂണ്ട് അവര്‍ അയാള്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഒന്നു കൂടി നോക്കി.  അപ്പോഴാണ് അവര്‍ക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത്.
ഭ്രാന്തന്റെ വേഷത്തില്‍ നിന്നും നിന്ന് മേലാസകലം ചൊറിയുന്നത് മറ്റാരുമല്ല. ബുദ്ധി ജീവിയായ അയമ്മത് കുട്ടി തന്നെ.  ചെക്കിണി ചിരി നിര്‍ത്തി ആ കഥ ചുരുക്കത്തില്‍ പറഞ്ഞു.
അയമ്മത് കുട്ടിയെ കുറെ കാലമായത്രേ ഒരു എലി ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. രാത്രി കിടക്കുമ്പോള്‍ എലി ശരീരത്തില്‍ വന്ന് ഇക്കിളി ആക്കും. ആദ്യം അയാള്‍ അത്ര കര്യമാക്കിയില്ല. പിന്നെ എലി അയാളെ നക്കാന്‍ തുടങ്ങി. അതും അയാള്‍ കാര്യമാക്കിയില്ല. പിന്നെ ഗുജറാത്തില്‍ പോയപ്പോള്‍ എലികള്‍ കൂട്ടമായി ആക്രമിച്ച് പ്ലേഗ് ബാധിച്ച ഒരു പാട് മനുഷ്യരെയും കണ്ടു. തിരിച്ച് വീട്ടില്‍ വന്ന് കിടന്ന് ഉറങ്ങിയ ഒരു രാത്രിയില്‍ എലി വയറ്റില്‍ പോയി എന്നാണ് അയമ്മത് കുട്ടി പറയുന്നത്. പിന്നെ ഇക്കിളിയോട് ഇക്കിളിയാണ്. എവിടെ ചെന്നാലും അയാള്‍ ഇക്കിളി കൊണ്ട് ചിരിക്കും. സ്വത്വ ബോധം സട കുടഞ്ഞ് എഴുന്നേറ്റ അയമ്മത് കുട്ടി (ബു.ജി) തന്റെ പഴയ സ്വത്വം നില നിര്‍ത്തിയ താടി തടവി വിളിച്ചു പറഞ്ഞു.
“കൂട്ടമായി ഒറ്റതിരിഞ്ഞുള്ള ഈ ആക്രമണം മതപരമാണ്. അതിനെ നേരിടണമെങ്കില്‍ സ്വത്വബോധം വളരണം. ബുദ്ധി ജീവി ആയതിനാല്‍ അദ്ദേഹം മാര്‍ക്സിന്റെയും മറ്റ് മൂന്ന് ബുദ്ധിജീവികളുടെയും നാലഞ്ച് ഉദ്ധരണികള്‍ കൂടി ക്വോട്ട് ചെയ്ത് ഒരു കിടിലന്‍ പ്രസംഗം ചെയ്തു. ദാര്‍ശനികനായ ചെക്കിണി അനന്തതയില്‍ കുറെ നേരം നോക്കി നിന്നതിനു ശേഷം അയാള്‍ ചിരി തുടങ്ങി.  ചിരി എഞിനാണെന്ന് ചെക്കിണിക്ക് അറിയില്ല.

പീടികത്തിണ്ണയില്‍ ഉടുമുണ്ട് അഴിച്ച് തലയില്‍ കെട്ടി നില്‍ക്കുന്ന അയമ്മത് കുട്ടിയെ കണ്ട് സാവകാശം മൂസയും ചാപ്പുണ്യാരും ചിരി തുടങ്ങി.  ഓറ് മൂന്നാളും കൂടി ചിരിയോചിരി തന്നെ.

Wednesday, June 2, 2010

ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും?

കഷ്ടം, ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും?     
 പാവം കുരങ്ങത്താനാണ്, എന്തു ചെയ്യാം കയ്യാങ്കളിയില്‍ തകര്‍ന്നത് സ്വന്തം പ്രതിച്ഛായയാണ്. ചുണ്ടും പല്ലും മൂക്കും തകര്‍ന്ന് ഗ്ലാമര്‍ പോയ ഈ വിദ്വാന്‍ ആരോടു സങ്കടം പറയാന്‍? ആള്‍ വല്ലാത്ത ഒരു കോമ്പ്ലക്സിലാണ്. ആരെ കണ്ടാലും ആദ്യം ദയനീയമായി ഒന്നു നോക്കും. ആ നോട്ടം പക്ഷേ നമുക്ക് തോന്നുന്നത് ഒരു ഭീകര സത്വം നോക്കുന്നതു പോലെയാണ്.  നമ്മള്‍ അടുക്കാന്‍ ശ്രമിച്ചാല്‍ ആള്‍ വയലന്റ് ആകുമോ എന്ന് നമ്മില്‍ സംശയം ജനിക്കും. ഞാന്‍ പേടിച്ച് പേടിച്ച് എടുത്ത ചിത്രമാണ്. സ്ഥലം കോഴിക്കോട് ജില്ലയിലെ വള്ളിക്കാട്ടു കാവ്. ഒരു പാട് വാനരന്മാരെ സംരക്ഷിക്കുന്ന സ്ഥലമാണ്. പണ്ട് സീതയെ തിരഞ്ഞുള്ള യാത്രാമധ്യേ, ഹനുമാന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ നിന്നും കൂട്ടം തെറ്റിയ വാനരന്മാരാണ് അവിടെ കഴിയുന്നത് എന്ന് സങ്കല്‍പ്പം. എന്തായാലും ഈ കാവും അവിടുത്തെ സുഖകരമായ കുളിരും മനോഹരം.   കുരങ്ങന്മാര്‍ തമ്മിലുള്ള കശപിശയില്‍ മുഖം നഷ്ടമായ വാനരനാണ് ചിത്രത്തില്‍.

Tuesday, June 1, 2010

ഓന്‍ എന്തൊരു ചെക്കനായിരുന്നു!

                ടിപ്പുരയില്‍ പതുങ്ങി നില്‍ക്കുന്ന കുട്ടനെ കുട്ടനെ കണ്ടതും ചെക്കിണി സ്തബ്ധനായി നിന്നു പോയി. 


പണ്ട് പൂന്താനം പാടിയ പാനയുടെ അര്‍ഥം ചെക്കിണിക്ക്  പൂര്‍ണ്ണമായി മനസ്സിലായത്  അപ്പോഴാണ്. ചെക്കിണിക്ക് സാഹിത്യ ഭാഷ അറിയില്ലെങ്കിലും അമ്പലത്തില്‍ നിന്നും ദിവസവും വൈകുന്നേരം കേള്‍ക്കുന്ന പാട്ട് തെങ്ങിന്‍ മുകളില്‍ നിന്നും  കേട്ട് ചെക്കിണി അര്‍ത്ഥഗ്രാഹ്യം  നേടിയിട്ടുണ്ട്. മാളിക മുകളില്‍ കയറിയങ്ങനെ കാരണവരോടൊപ്പം തിന്നുമുടിച്ചും ആഡ്ഡ്യത്തം കൈവിടാതെ പ്രജാക്ഷേമ തല്‍പ്പരനായി വാണരുളിയും അജയ്യനായി കഴിഞ്ഞ ആളാണ്. ആശ്രിതവത്സലത്വം ജീവിതവ്രതമാക്കിയ നേതാവിന്റെ ശിക്ഷണത്തില്‍  പ്രജകള്‍ക്കായി എന്തു ത്യാഗവും ചെയ്യാന്‍ സന്നദ്ധനായി നിന്ന ആശാന്‍ അവസാനം ശ്രീ ബുദ്ധനെപ്പോലെ ജീവിതത്തിന്റെ സാരം അന്വേഷിച്ച് തറവാടു വിട്ട് ഇറങ്ങിയതാണ്. പ്രജകളുടെ ദുഃഖം മാറ്റുക എന്ന ഒരേ ഒരു സിദ്ധാന്തം മാത്രം മുറുകെ പിടിച്ചതിനാല്‍ സ്വന്തം സഹോദരിയെ വരെ അദ്ദേഹത്തിന് വെറുക്കേണ്ടി വന്നു. താങ്ങും തണലുമായിരുന്ന വ്ര് ദ്ധ പിതാവു വരെ പകുതി വഴിയില്‍ വെച്ച് തിരിച്ച് തറവാട്ടിലേക്കു പോയെങ്കിലും  പ്രജകളെ ഓര്‍ത്ത് അദ്ദേഹം പിന്തിരിഞ്ഞില്ല. വഴി തോറും ‘മൈക്കില്‍ ജീപ്പുകെട്ടി‘ തറവാടു ഭരിക്കുന്ന പരിഷകളെ തെറിയഭിഷേകം ചെയ്ത് നാട്ടില്‍ ഒരു തരംഗം തന്നെ ഉണ്ടാക്കി ഇറ്റാലിയന്‍ കോണ്‍ഗ്രസ്സിനെ നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത് അങ്ങനെ വിലസിയ ആളാണ്. പണ്ട് അച്ഛന്‍ മൂത്രം ഒഴിക്കാന്‍ പോയസമയം ഏതോ സന്മനസ്സുള്ള ആളുകള്‍ അഛന്‍ അറിയാതെ (ആദര്‍ശ ശാലിയായ നേതാവ് ആയതിനാല്‍ അദ്ദേഹം ഇതൊന്നും സമ്മതിക്കില്ല) നാമ നിര്‍ദ്ദേശം നല്‍കുക വഴിയാണ് ‘ക്രിസ്തു ദേവന്റെ പരിത്യാഗ ശീലവും സാക്ഷാല്‍ ക്രിഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവുമുള്ള’ ഈ ലോകസേവകന്‍ ഉദ്ഭൂതനായത് എന്നും ചെക്കിണി കേട്ടിട്ടൂണ്ട്.  അങ്ങനെ’അദ്ദ്യേഹം’  ഗാന്ധിസം ജീവിതവ്രതമാക്കി പുതിയൊരു പ്രസ്ഥാനം തന്നെ രൂപപ്പെടുത്തി വരികയായിരുന്നു.  

           ‘പക്ഷീന്ദ്രനുണ്ട് ഗരുഡനെന്നോര്‍ത്തിട്ട് മക്ഷികക്കൂട്ടം മദിക്കും കണ്‍ക്കിന്’ എന്തോ ഒരു ഗുട്ടന്‍സ് കണ്ടിട്ടായിരുന്നു ലംബോദരന്റെ ഈ കളി എങ്കിലും ചുവപ്പന്മാര്‍ ചതിച്ചു കളഞ്ഞു. അപ്ഫന്റ്വിടുന്നു പോന്നെങ്കിലും അമ്മാത്ത് എത്താതെ ഉണ്ണി വഴിയില്‍ പരുങ്ങി നില്‍പ്പായി. അവസാനം അച്ഛനും പെങ്ങളും ഉമ്മച്ചനും അന്തുച്ചനും ചതിച്ചെങ്കിലും പ്രജകള്‍ ഇങ്ങനെ ചതിച്ചു കളയുമെന്ന് കുട്ടന്‍ കരുതിക്കാണില്ല. തോറ്റ് തൊപ്പിയിട്ട് വഴിയില്‍ നിന്നും വാവിട്ടു കരഞ്ഞ കുട്ടനെ ഒന്ന് രക്ഷിക്കാന്‍ കേരളത്തിലെ മൂല്യ ബോധമുള്ള രാഷ്ട്രീയക്കാര്‍ക്ക് കഴിയാത്തത് കഷ്ടമാണെന്ന് ചെക്കിണിക്ക് തോന്നി. ചെക്കന്മാര്‍ക്ക് ഒരു പണികിട്ടാനും മറ്റ് എന്തെങ്കിലും ഒരു കാര്യ സാധ്യത്തിനും ഒന്നു വിളിച്ചു പറഞ്ഞാല്‍ പാര്‍ട്ടി നോക്കാതെ ആളു നോക്കാതെ ഒന്നു ശുപാര്‍ശ ചെയ്യാന്‍ ഇന്നിവിടെ ആരാണുള്ളത്?  സ്വന്തമായി ഒരു ചില്ലിക്കാശുപോലും സമ്പാദിക്കാന്‍ ‘അദ്ദ്യേം’ ഇതു വരെ മിനക്കെട്ടിട്ടില്ല. നാടിനും നാട്ടുകാര്‍ക്കുംവേണ്ടി ഉഴിഞ്ഞു വെച്ച ഒരു ജീവനും ശരീരവും ഇങ്ങെനെ തുരുമ്പെടുക്കുന്നത് കണ്ടു നില്‍ക്കാന്‍ മലയാളികളായ നമുക്കേ സാധിക്കുകയുള്ളൂ. 

              തറവാടു മുറ്റത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കുട്ടനെ കണ്ട് ചെക്കിണി വല്ലാതായി.
       “ ഞാന്‍ ഒന്നങ്ങോട്ട് വന്നോട്ടെ....”      ഉണ്ണി ചൊദിച്ചു
       “ ഈ പടി ചവിട്ടണ്ട.. കടന്നു പോ..”  കാരണവര്‍.
        “ഞാന്‍ ഇവിടെ ഇരിക്കും”
 ഇതു കേട്ട് അകത്തുനിന്നും ഉണ്ണികള്‍ കൂവി. കൂവല്‍ കേട്ട് കൂട്ടന്‍ ഉറക്കെ കരഞ്ഞു. കരഞ്ഞുകൊണ്ട് അവന്‍ തറവാടിന്റെ മുകളിലേക്ക് നോക്കി.
അച്ഛനും പെങ്ങളും അവിടെയിരുന്ന് ഭാഗവതം വായിക്കുന്നു.
അവസാനം കുട്ടന്‍ ചെക്കിണിയോട് പറഞ്ഞു.  “അദ്ദ്യേം അവിടെ ഇരുന്നോട്ടെ. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും ന്നെ വിളിക്കാതിരിക്കില്യ”
ചെക്കിണിക്ക് ഇതു കേട്ട് കരച്ചില്‍ വന്നു. അയാള്‍ മനസ്സില്‍ പറഞ്ഞു” ഓന്‍ എന്തൊരു ചെക്കനായിരുന്നു!“

Saturday, May 29, 2010

അതൊക്കെ ഒരു കാലമായിരുന്നു നായരേ...

ആധുനിക കാലത്തെ രണ്ടു പോഴത്തക്കാര്‍....
മുകളിലെ ചിത്രത്തില്‍ കാണുന്ന ‘സംഗതി’ നേരിട്ടു കാണാത്ത എത്രയോ വിദ്വാന്മാര്‍ നമ്മുടെ നാട്ടിലുണ്ട്.  ഇതെഴുതുന്നയാളുടെ നഗരവാസിയായ കൂട്ടുകാരന്‍ നെല്‍ച്ചെടി കണ്ട് ഒരിക്കല്‍ ചോദിച്ചു. “എന്താണ്ടാ ഈ സാധനം? പശൂന് തിന്നാനുണ്ടാക്കുന്ന പുല്ലാ?” ഞാന്‍ പറഞ്ഞു, “അല്ലെടാ പന്നീ (ക്ഷമിക്കണം) നിനക്കൊക്കെ തിന്ന് തൂറാനുള്ള നെല്ലാ”  ഇപ്പറഞ്ഞ കാര്യം നടന്നിട്ട് ഇപ്പോള്‍ പത്തിരുപത് കൊല്ലം ആയി. ഇപ്പോഴത്തെ സ്ഥിതി പറയേണ്ടി വരില്ലല്ലോ. യന്ത്രവത്ക്രിതമായ ലോകത്തില്‍ ചെളിയിലുരുണ്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ വയലില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കണ്ടാല്‍ ഒരു പക്ഷേ, ചിലര്‍ക്കു തോന്നുക ‘ആധുനിക കാലത്തെ രണ്ടു പോഴത്തക്കാര്‍‘ എന്നായിരിക്കും.  എന്തായാലും ചെക്കിണി പറയുന്നത് ഇതാണ്. “അതൊക്കെ ഒരു കാലമായിരുന്നു നായരേ...“

Wednesday, May 26, 2010

ഇതായിരുന്നു മക്കളേ എന്റെ നാട്...

ഓര്‍മ്മയുടെ ഒരു ഹരിത കാവ്യം.
                ചില കവികളും   കലാകാരന്മരും     തന്റെ നാടും വീടും ഉപേക്ഷിച്ച് നഗരത്തില്‍ പോയി ഫ്ലാറ്റ് എടുത്ത് താമസിക്കും. അത് എന്തിനാണെന്നു ചോദിച്ചാല്‍, ‘പ്രസംഗപ്പണിക്ക്’ പോകാനും വരാനും ഉള്ള എളുപ്പമാണ് എന്നായിരിക്കും മറുപടി.  അത് എന്തുമാകട്ടെ, ഇക്കൂട്ടരുടെ വിലാപമാണ് അസഹനീയം. ‘എന്റെ നാടു പോയീ... എന്റെ കാടു പോയീ ‘(പ്രസിദ്ധ പ്രക്ഷേപകന്‍ ഖാന്‍ കാവിലിനോട് കടപ്പാട്) എന്ന് ഉറക്കെ വിലപിച്ച് ഇവര്‍ കാവ്യം രചിച്ചു കളയും. ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്ന് ആരാനും ഇവരെ അടിച്ചിറക്കിയതാണെന്ന് തോന്നും.  സുഹ്ര് ത്തുക്കളേ, ഇത് എന്റെ ഗ്രാമമാണ്. എന്നെ ആരും അടിച്ചിറക്കിയതല്ലെങ്കിലും എന്റെ നൊസ്റ്റാള്‍ജിയയാണ് ഇത്. ഞാനെടുത്ത പടമാണ്. കണ്ടു നോക്കൂ.

Saturday, May 22, 2010

ഊരുതെണ്ടുമ്പോള്‍ കണ്ടത്.- കോവളത്ത് ഏതാണ്ട് എല്ലാ വൈകുന്നേരങ്ങളും ഇങ്ങനെ യായിരിക്കും. ഇതില്‍ പ്രത്യേകത ഒന്നുമില്ല. മാത്രമല്ല, ഇതുപോലെ എത്ര ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു! എന്നാല്‍ ഈ ബ്ലോഗര്‍ സ്വന്തം ക്യാമറയും സ്വന്തം കണ്ണും കൊണ്ട് എടുത്ത ചിത്രമായതിനാല്‍ നാലാള് കാണട്ടെ എന്നു കരുതി. പത്തും നാല്‍പ്പതും കമന്റുകള്‍ വരുമെന്ന വ്യാമോഹം ഇല്ല. ഏറിയാല്‍ രണ്ട്, അല്ലെങ്കില്‍ മൂന്ന്. ബ്ലോഗര്‍മാരല്ലാത്ത ചിലര്‍ നേരിട്ട് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഈ ചിത്രത്തിന് ആരാനും അഭിപ്രായം എഴുതിയാ‍ല്‍ എഴുതുന്നവര്‍ കുടുങ്ങി. കാരണ. ഇത്തരം സ്റ്റോക്ക് ഫോട്ടോസ് ഒരു പാട് ഉണ്ട്.

Tuesday, May 18, 2010

ബപ്പന്‍കാട് ഗേറ്റ്

            
               ബപ്പന്‍ കാട് ഗേറ്റിലൂടെ എത്ര തീവണ്ടികള്‍  ആര്‍ത്തലച്ച് കടന്നു പോയിട്ടുണ്ട് എന്ന് ആ ര്‍ക്കും പയാനാവില്ല.രാത്രിയില്‍ഹൃദയഭേദകമായ നിലവിളി പോലെ ഓടിയകലുന്ന തീവണ്ടിയുടെ ശബ്ദത്തില്‍ ആരും ഉണരാറില്ല.  ഉറക്കം പോലെ തന്നെ തീവണ്ടിയുടെ ശബ്ദവും ആളുകള്‍ക്ക് പരിചിതമായിപ്പോയി. ഒരു ശരിയടയാളം പോലെയാണ്  തീവണ്ടിപ്പാളം കുഞ്ഞുണ്ണിക്കു ചുറ്റും കിടക്കുന്നത്. അതിന്റെ ഒരു തല കാലന്‍ കുടയുടേതുപോലെ വളഞ്ഞ് കിടക്കുമ്പോള്‍ റെയില്‍ വേ സ്റ്റേഷനിലേക്കു നീളുന്ന മറു തല നീണ്ടു നിവര്‍ന്നു കിടക്കുന്നു. കുഞ്ഞുണ്ണിക്ക് തീവണ്ടി, സമയത്തെ ബന്ധിപ്പിക്കുന്ന ഒരു ചങ്ങലയാണ്. ഓരോ തീവണ്ടിയുടെയും  പേരും സമയവും കുഞ്ഞുണ്ണിക്ക് അറിയാം. ബപ്പന്‍ കാട് ഗേറ്റിനടുത്ത് ഉക്കം വരാത്ത രാത്രികളില്‍ കുഞ്ഞുണ്ണി മുറുക്കാന്‍ ചവച്ചുകൊണ്ട് ഏകാന്തനായി നടക്കും. ചിലപ്പോള്‍ പോലീസുകാര്‍ അയാളെ വിരട്ടിയോടിക്കും. പോലീസുകാര്‍ പലരും പുതിയവരായിരിക്കും. അവര്‍ക്ക് അറിയില്ലല്ലോ കുഞ്ഞുണ്ണി എത്രമാത്രം യാത്രകള്‍ കണ്ടിരിക്കുന്നു എന്ന വിവരം. പരിചയക്കാരനായ ഗേറ്റ് കീപ്പര്‍ രാത്രിയിലെ ചടപ്പു മാറ്റാന്‍ കുഞ്ഞുണ്ണിയെ കൂടെ കൂട്ടും. കുഞ്ഞുണ്ണി നാടന്‍ റാക്ക് വാങ്ങി അരയില്‍ തിരുകി വെച്ചത് അവര്‍ രണ്ടു പേരും കൂടി ചേര്‍ന്ന് അടിക്കും. കാലം ഒരു പാട് മുമ്പാണ്. അന്ന് ദിവസം രണ്ടോ മൂന്നോ തീവണ്ടി മാത്രം ഓടിക്കൊണ്ടിരിക്കുന്ന കാലമാണ്. അതു തന്നെ കരിവണ്ടിയും. ഗേറ്റ് കീപ്പറും കുഞ്ഞുണ്ണിയും കൂടി ചിലപ്പോള്‍ അടിച്ചു പൂസായി തോറ്റം പാട്ടും പാടി റെയില്‍ വേ ഗേറ്റില്‍ കിടന്ന് കെട്ടി മറിയും. പുലര്‍ച്ചക്ക് തീവണ്ടി വരുന്ന സമയം വരെ അങ്ങനെ കിടന്നാലും പാളത്തിനു ജീവന്‍ വെക്കുന്നത് അരിഞ്ഞാല്‍ എഴുന്നേറ്റ് പോയി ഗേറ്റ് അടക്കും. സിഗ്നല്‍ വന്നാലും വന്നില്ലെങ്കിലും സ്ഥിതി ഇതു തന്നെ.
അക്കാലത്ത് ഗേറ്റ് അടച്ചാലും അടച്ചില്ലെ ങ്കിലു രാത്രിയില്‍ ഒരുത്തനും വരില്ല. ബ്രിട്ടീഷ് സായ്പ്പിനു പോകാന്‍ ഉണ്ടാക്കിയ റോഡില്‍ ഒരു പരിഷ്ക്കാരത്തിനു വേണ്ടിമാത്രം ഗേറ്റ് വെച്ചതാണ്. കാവലിനു മുചുകുന്നു മലയില്‍  റാക്കു വിറ്റിരുന്ന നല്ലാളന്‍ എന്നു പേരായ ഒരാളെ പിടിച്ച് സായിപ്പ് ഏല്പ്പിച്ചതാണ്. നാടന്‍ വാറ്റ് കുടിക്കാന്‍ പോയ സായിപ്പിന് അതിന്റെ രുചി ഇഷ്ടപ്പെട്ടതിനാല്‍ സ്ഥിരമായി സാധനം കിട്ടാനുള്ള മാര്‍ഗ്ഗം  കണ്ടെത്താന്‍ സായിപ്പ് കണ്ടെത്തിയ വഴിയാണെന്നാണ് നല്ലാളന്‍ പഞ്ഞത്.  നല്ലാളന്‍ മരിച്ച് മണ്ണടിഞ്ഞിട്ട് കാലം ഒരു പാടായി.  പിന്നെ അയാളുടെ മകനാണ് പച്ചക്കൊടിയും ചുവപ്പ് കൊടിയും പിടിച്ചത്.  രാത്രിയില്‍ അഗ്നി ഗോളം തലയിലേറ്റി പുകതുപ്പി കിതച്ചു പാഞ്ഞുപോകുന്ന തീവണ്ടിയുടെ മനസ്സ് വായിച്ചിരുന്ന അയാള്‍ എങ്ങനെയാണ് മരിച്ചത് എന്ന് കുഞ്ഞുണ്ണിക്ക് അറിയില്ല. ഒരു ദിവസം അയാള്‍ പച്ചക്കൊടി കാട്ടാതെ തന്നെ തീവണ്ടിക്ക് ബപ്പന്‍ കാട് ഗേറ്റ് കടന്നു പോകേണ്ടി വന്നു. ആഫ്രിക്കന്‍ പായല്‍ നിറഞ്ഞുനിന്ന ചതുപ്പു നിലത്ത് ഒരു ചുവന്ന കൊടി പിടിച്ചുകൊണ്ട് നല്ലാളന്‍ ചത്തു കിടന്നത് കുഞ്ഞുണ്ണി ഇപ്പോഴും ഓര്‍ക്കുന്നു. അന്നും തീവണ്ടി ഒന്നും സംഭവിക്കാത്തതു പോലേ കടന്നു പോയി
കുഞ്ഞുണ്ണിക്ക് ഓര്‍ക്കാന്‍ സുഖമുണ്ട്. വയസ്സായെങ്കിലും വയസ്സിനു തളര്‍ത്താനാവാത്ത ഊര്‍ജ്ജം തന്നിലുണ്ടെന്ന് കുഞ്ഞുണ്ണിക്ക് തോന്നി. റെയില്‍പ്പാളത്തിനടുത്ത് ചെറ്റക്കുടിലില്‍ കിടക്കുമ്പോള്‍ പ്രകമ്പനം കോള്ളിച്ച് കടന്നു പോകുന്ന ഓരോ വണ്ടിയും തന്നിലേക്ക് ശക്തി പകരുന്നതായി അയാള്‍ക്കു തോന്നി. തീവണ്ടിയുടെ താളം രതിമൂര്‍ഛ പോലെ ഒരു ലഹരിയാണ് അയാള്‍ക്ക്. തീവണ്ടി ഒരിക്കലും അയാള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. ഒരിക്കല്‍ പോലും കുഞ്ഞുണ്ണി തീവണ്ടിയില്‍ കയറിയിട്ടുമില്ല.  പണ്ട് ഒരിക്കല്‍ പറശ്ശിനിക്കടവില്‍ പോകുമ്പോള്‍ തീവണ്ടിയില്‍ പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് മൂപ്പരുടെ കുടുംബത്തില്‍ ആരോ മരിച്ചതിനാല്‍ അന്നു പോകാന്‍ കഴിഞ്ഞില്ല. പിന്നെ അതില്‍ കയറാന്‍ പേടി തോന്നി.
            കുഞ്ഞുണ്ണി ഒരു പാട് യാത്രകള്‍ കണ്ടിരിക്കുന്നു. അജ്ഞാതരായ ആളുകള്‍ അജ്ഞാതമായ ഇട ങ്ങളിലേക്ക് മിന്നല്‍ വേഗത്തില്‍ പാഞ്ഞു പോകുന്നു.  ഒരു തീവണ്ടിയും ഇതുവരെ ബപ്പന്‍ കാട് ഗേറ്റില്‍ നിര്‍ത്തിയിട്ടില്ല. ഒരു യാത്രികന്‍ പോലും അയാളുടെ കൈ പിടിച്ച് കുലുക്കിയിട്ടില്ല. എഞ്ജിന്‍ ഡ്രൈവര്‍ ഒരിക്കല്‍ പോലും കുഞ്ഞുണ്ണിയെ തിരിച്ചറിഞ്ഞതായി അയാള്‍ക്കു തോന്നിയിട്ടില്ല. ഗേറ്റ് മാന്‍ മാര്‍ എത്രയോ മാറി മാറി വന്നു. തീവണ്ടികള്‍ എത്രയോ പുതിയവ വന്നു. കുഞ്ഞുണ്ണിയുടെ ഓര്‍മ്മയില്‍ ബപ്പന്‍ കാട് ഗേറ്റ് രണ്ടോ മൂന്നോ പ്രാവശ്യം പുതുക്കി പണിതു.  പക്ഷേ, കുഞ്ഞുണ്ണി നീണ്ട എഴുപത് വര്‍ഷമായി അവിടെ തീവണ്ടിയുടെ ഉച്ഛ്വാസ നിശ്വാസങ്ങള്‍ ഏറ്റുവാങിയും കാതു തുളക്കുന്ന പ്രകമ്പനം ഹൃദയത്തില്‍ ഏറ്റുവാങ്ങിയും  കഴിയുന്നു.

           ഒരിക്കല്‍ അയാളെ നടുക്കിയ ഒരു സംഭവമുണ്ടായി.  കുഞ്ഞുണ്ണീക്ക് ഒരു കുഞ്ഞുണ്ടായ കാലമാണ്. റെയില്‍ വേയുടെ പുറമ്പോക്കില്‍ ഓലമേഞ്ഞ ഒരു ചെറിയ കുടില്‍ കെട്ടി കുഞ്ഞുണ്ണീ കഴിഞ്ഞുകൂടുകയാണ്. കൈതോലകൊണ്ട് പായയുണ്ടാക്കി വില്‍ക്കലായിരുന്നു അന്ന് അയാളുടെ പണി. പകല്‍ മുഴുവന്‍ കുമ്പിട്ടിരുന്ന് പണിചെയ്യും. അകത്തുനിന്നും കുഞ്ഞു കരയുന്നതു കേട്ടാല്‍ അതിനെ പോയി എടുത്ത് തീവണ്ടി പ്പാളത്തിനടുത്തുള്ള അതിരാണിപ്പൂക്കള്‍ക്കിടയില്‍ പറന്നു വരുന്ന ചെറിയ ചെകിടന്‍ കിളിയെ കാണിച്ചുകൊടുക്കും. അല്ലെങ്കില്‍ കാശാവിന്റെ ഇലകള്‍ ചുരുട്ടിയുണ്ടക്കുന്ന പീപ്പി വിളിച്ച് ഒച്ചയുണ്ടാക്കി അതിനെ രസിപ്പിക്കും. അങ്ങനെ തീവണ്ടിപ്പാളത്തിനടുത്ത് നില്‍ക്കുമ്പോളാണ് ഒരു ദിവസം വണ്ടിയില്‍ നിന്നും എന്തോ തെറിച്ചു വീഴുന്നത് കുഞ്ഞുണ്ണി കണ്ടത്. ഓടിചെന്നപ്പോഴാണ് കുഞ്ഞുണ്ണീ തരിച്ചുപോയത്. ജീവനുള്ള ഒരു കുഞ്ഞ്! രണ്ടോ മൂന്നോ വയസ്സു പ്രായം കാണും. കടലാവണക്കു കൊണ്ട് കെട്ടിയ വേലി കടന്ന്  ചോയി മൂപ്പരുടെ പറമ്പിലേക്ക് ചെക്കിണി എങ്ങനെയോ കടന്നെത്തി. തന്റേ കയ്യിലെ  കുഞ്ഞിനെ ആരെയോ ഏല്‍പ്പിച്ച് കുഞ്ഞുണ്ണീ അതിനെയുമെടുത്ത് വൈദ്യരുടെ അടുത്തേക്ക് ഓടി. പക്ഷേ അയാളുടെ കൈയ്യില്‍ കിടന്ന് കുഞ്ഞ് നിശ്ചലമായി. .  ഒരാള്‍ പോലും കുഞ്ഞിനെ തിരഞ്ഞു വന്നില്ല. മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അയാള്‍ക്ക് അത്. തീവണ്ടി ഒന്നും അറിയുന്നില്ലല്ലോ എന്ന് കുഞ്ഞുണ്ണീ സങ്കടപ്പെട്ടു.
      പിന്നീട് കുഞ്ഞുണ്ണിക്ക് ഇത് ഒരു നേരം പോക്കായി. എത്രയോ ശിരസ്സറ്റ ശരീരം അയാള്‍ കണ്ടു. അധികവും പെണ്‍കുട്ടികളുടേതായിരുന്നു. പ്രേമത്തില്‍ തോറ്റുപോയവര്‍ ഇരുമ്പു പാളത്തില്‍ അവസാനമായി കിടക്കാന്‍ വരും. പരീക്ഷയില്‍ തോറ്റവര്‍ അവസാന പരീക്ഷണത്തിനായി വരും. വിധി തോല്‍പ്പിച്ചു കളഞ്ഞ നിരപരാധികള്‍ അറിയാതെ തീവണ്ടിയുടെ ഇരുമ്പു ചക്രങ്ങളില്‍ അകപ്പെട്ടു പോയത് കുഞ്ഞുണ്ണീ നേരിട്ടു കണ്ടിട്ടുണ്ട്.  പരാജയപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച രണ്ടറ്റവും പരസ്പരം കൂട്ടി മുട്ടുന്ന ഒരു പാതയാണ് ഇതെന്ന്  കുഞ്ഞുണ്ണീക്ക്  തോന്നിയിരുന്നു.
കുഞ്ഞുണ്ണി വളരെ വിരളമായേ ബപ്പന്‍ കാട് ഗേറ്റ് വിട്ട് പോയിട്ടുള്ളൂ. അങ്ങനെ പോകേണ്ട ഒരു ആവശ്യം അയാള്‍ക്ക് ഉണ്ടായിരുന്നില്ല. പിഷാരികാവില്‍ ഉത്സവത്തിന് അയാള്‍ പോകും.  അയാള്‍ എന്നല്ല, ജന സഹസ്രങ്ങള്‍ പോകും. കാളിയാട്ടം തീരുന്നതു വരെ കുഞ്ഞുണ്ണി അവിടെ കറങ്ങി നടക്കും. അത് ഒരു ലഹരി ആയിരുന്നു. വരവ് പൊകുമ്പോള്‍ പിന്നാലെ കൂടി “ആര്‍പ്പോ....’‘ എന്ന് ഉറക്കെ പറഞ്ഞ് നടക്കുമ്പോള്‍ ഭഗവതി കൂടെ ഉള്ളതുപോലെ കുഞ്ഞുണ്ണിക്കു തോന്നും. എത്രയായാലും തീവണ്ടിയുടെ താളം ശ്രവിക്കാതെ അയാള്‍ക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. വയസ്സാകുമ്പോള്‍ മനസ്സില്‍ ഒരു പാടു ചിന്തകള്‍ കടന്നു കൂടും. അറിയാതെ കടന്നു വരികയാണ്. കുഞ്ഞുണ്ണി അധികം സ്വന്തം കുടുമ്പത്തെപ്പറ്റി ഓര്‍ക്കാറില്ല. കുടുമ്പം എന്നു പറയാന്‍ അയാള്‍ക്ക് ഭാര്യയും ഒരു പെണ്‍കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടിയെ കല്യാണം കഴിച്ചത് ഒരു   മൂരി വണ്ടിക്കാരനയിരുന്നു. മൂരി\വണ്ടിക്കാരന്‍ മഞ്ഞക്കാമല പിടിച്ച് ചത്തുപോയി. അവരുടെ ഒരേ ഒരു മകന്‍ ശ്രീധരന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഒരു ദിവസം ഏതോ ഒരു തീവണ്ടിയില്‍ കയറി പണി അന്വേഷിച്ച് പോയതാണ്. പിന്നെ തിരിച്ചു വന്നിട്ടില്ല. കുഞ്ഞുണ്ണിയുടെ പെണ്ണ് നടപ്പു ദീനം വന്ന് എന്നോ ചത്തുപോയി. ഇപ്പോള്‍ അസുഖകാരിയായ മകള്‍മാത്രമേ വീട്ടിലുള്ളൂ. പഴയ കടലാസുകള്‍ വാങ്ങി വിറ്റ് കുഞ്ഞുണ്ണി ജീവിക്കുകയാണ്. പായ കെട്ടുന്ന പണിയായിരുന്നു ആദ്യം. ഇപ്പോള്‍ പായ വാങ്ങാന്‍ അളുകളില്ല  കുഞ്ഞുണ്ണി രത്രിയില്‍ വെറുതെ കൂരക്കു പുറത്തു  കടന്നു നിന്നു. വയസ്സായെങ്കിലും അയാള്‍ അതത്ര കാര്യമാക്കാറില്ല.  രാത്രിയില്‍  ഇപ്പോള്‍ ഒരുപാട് തീവണ്ടികള്‍ ഉണ്ട്. പേരൊന്നും അയാള്‍ക്ക് ഓര്‍മ്മയില്ല. അതിന്റെ താളം ശ്രവിച്ച് കുഞ്ഞുണ്ണീ മുറുക്കാന്‍ പൊതി തുറന്ന് ഒന്നു ചവച്ചു തുപ്പും. പുകയില തലക്കു പിടിച്ചാല്‍ ചിലപ്പോള്‍ ശരീരം വിറക്കും. പുതിയ ഗേറ്റ് മാന്‍ അയാളെ അത്ര കാര്യമാക്കാറില്ല. ചിലപ്പോള്‍ അയാള്‍ സിനിമാടക്കീസിലേക്കുള്ള വഴിയുടെ അരികില്‍ കിടക്കുന്ന കല്ലില്‍ കയറിയിരിക്കും. എന്നിട്ട് ഉറക്കെ ഒരു പാട്ടുപാടും. ഭ്രാന്തനാണെന്നു കരുതി ആരും ഒന്നും പറയില്ല.  ഗേറ്റ്മാന്‍ അതു കേട്ട് ചിരിക്കും. 
              നാട്ടില്‍ കുഞ്ഞുണ്ണിയെ അറിയാത്തവരായി ആരും തന്നെയില്ല. ബസ്സു യാത്രക്കാര്‍ക്കും മറ്റും അയാള്‍ സ്ഥിരപരിചിതന്നണ്. എന്നാല്‍ കുഞ്ഞുണ്ണിക്ക് മറക്കാനാകാത്ത ഒരാള്‍ നാട്ടിലുണ്ടായിരുന്നു.. കുഞ്ഞുണ്ണിക്ക് അവരെപ്പറ്റിയുള്ള ഓര്‍മ്മ വേദനിപ്പിക്കുന്നതായിരുന്നു. അത് അയാളുടെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും ദാരുണമായ സംഭവമായിരുന്നു. സമയത്തെയും ലോകത്തയും ഖണ്ഡിക്കുന്ന ഒരു സൈറണ്‍ പോലെ മനസ്സിനെ പിളര്‍ത്തിക്കൊണ്ടാണ് തീവണ്ടി കടന്നു പോകുന്നത്  എന്ന് അയാള്‍ മനസ്സിലാക്കിയത് അങ്ങനെയാണ്. പത്തു മുപ്പതു കൊല്ലം മുമ്പാണ്.  അന്ന് കുഞ്ഞുണ്ണി മധ്യവയസ്സിലേക്ക് കാലൂന്നിയിട്ടേയുള്ളൂ. പായ നെയ്യുന്നതോടൊപ്പം  പഴയ സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന പണി അന്നുമുണ്ട്.  വീടുകള്‍ തോറും കയറിയിറങ്ങി പഴയ സാധനങ്ങള്‍ ശേഖരിച്ചു തിരിച്ച് കൂരയിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പഴയ കടലാസുകളുടെ കൂട്ടത്തില്‍ നിന്നും  ചെറുമകന്‍  ശ്രീധരന്‍ ഒരു ഭാഗ്യക്കുറി ടിക്കറ്റ് പുറത്തെടുത്തു. ശ്രീധരന് അന്ന് അഞ്ചോ അറോ വയസ്സു കാണും.

അവന്‍ ആഹ്ളാദത്തോടെ പറഞ്ഞു.
“ലോട്ടറി ടിക്കറ്റ്”                                                                      
         കുഞ്ഞുണ്ണി അത് ശ്രദ്ധിച്ചില്ല.
“ അച്ചച്ചാ.. നറക്കെടുപ്പ് കയിഞ്ഞിറ്റില്ല...”         . ശ്രീധരന്‍ വീണ്ടും      .         പറഞ്ഞു
        “എന്നോട് ആര് പറഞ്ഞു?“                                                                                                                   
  “അമ്മ”                                                                                                                                            കുഞ്ഞുണ്ണി അതത്ര കാര്യമാക്കിയില്ല. ലോട്ടറികളും നറുക്കെടുപ്പും ഒന്നും അയാള്‍ കാര്യമാക്കാറില്ല. അതൊന്നും   തനിക്ക് പറഞ്ഞതല്ല എന്ന ഭാവം. അന്ന് വൈകുന്നേരമാണ് പത്തുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി കുഞ്ഞുണ്ണിയുടെ വീട്ടുപടിക്കല്‍ വന്നുനിന്നത്.  അവള്‍ വരുമ്പോള്‍ കുഞ്ഞുണ്ണി വീട്ടിലുണ്ടായിരുന്നില്ല. തോട്ടുവക്കത്ത് വെട്ടിയിട്ട കൈതോല എടുത്തുകോണ്ടുവരാന്‍ പോയതായിരുന്നു.  കുഞ്ഞുണ്ണി തലയിലെ ചുമട് റെയില്‍പ്പാളത്തിനടുത്ത് വെച്ച് വീട്ടിലേക്ക് കയറാന്‍ നോക്കുമ്പോള്‍ മുറ്റത്ത് ഒരു പെണ്‍കുട്ടി. പായ വാങ്ങാന്‍ ആരോ പറഞ്ഞയച്ചതാവുമെന്നാണ് കുഞ്ഞുണ്ണി ആദ്യം കരുതിയത്.                                                          ‘’എന്താ മോളേ വന്നത്?‘’ കുഞ്ഞുണ്ണി തിരക്കി.
 ‘’അമ്മ പഞ്ഞിട്ടാ‘’
 ‘’ഏതമ്മ?“”
 ‘’ന്റെ അമ്മ, തോട്ടിന്റെ അപ്പത്തെ ഒറ്റതെങ്ങുള്ള...‘’
 ആളെ കുഞ്ഞുണ്ണിക്ക് മനസ്സിലായി. ഒറ്റതെങ്ങുള്ള വീട്ടില്‍ ഒരു അമ്മയും മോളും ഉണ്ട്. പഴയ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴി കുഞ്ഞുണ്ണി അതിലെയാണ്  പോകാറ്. ഒരു അസുഖക്കാരിയായ അമ്മയും അവരുടെ മകളും മാത്രമേ അവിടെയുള്ളു. അവര്‍ എങ്ങനെയാണ് കഴിഞ്ഞു കൂടുന്നത് എന്ന് കുഞ്ഞുണ്ണി അദ്ഭുതപ്പെട്ടിട്ടുണ്ട്. തള്ള, വീണും എണീറ്റും അടുത്ത വീട്ടില്‍ പോയി എന്തെങ്കിലും സഹായിക്കും. പെണ്‍ കുട്ടിയും അവിടെ തന്നെ എന്തെങ്കിലും ഒക്കെ ചെയ്തുകൊടുക്കും. അവള്‍ മൂന്നാം ക്ളാസ്സുവരെയേ സ്കൂളില്‍ പോയിട്ടുണ്ടായിരുന്നുള്ളൂ എന്നൊക്കെ കുഞ്ഞുണ്ണിയോട് പറഞ്ഞതാണെങ്കിലും അയാള്‍ക്ക് പേട്ടെന്ന് അവളെ മനസ്സിലായില്ല..
കുഞ്ഞുണ്ണിക്ക് ആളെ  മനസ്സിലായെങ്കിലും കുട്ടി വന്നു നില്ക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. അയാള്‍ ചോദിച്ചു.
എന്താമോളേ വന്നത്?‘  ‘’ഇന്റെ ലോട്ടരി ടിക്കറ്റ്....”
കുഞ്ഞുണ്ണിക്ക് കാര്യം മനസ്സിലായി. അവള്‍ ഏതോ പഴയ പുസ്തകങ്ങള്‍ കുഞ്ഞുണ്ണിക്ക് പഴയ കടലാസു വിലയ്ക്ക് വിറ്റിരുന്നു. ശ്രീധരന്‍ കാണിച്ചു തന്ന ലോട്ടറി ടിക്കറ്റ് അതില്‍നിന്നായിരിക്കും വീണത് .                                      “അത് മോളേ ല്യോട്ടര്യാ...? ഞാളു വിചാരിച്ച്.... അത് പോട്ടെ ലോട്ടരി മാങ്ങാന്‍ മോക്കേട്ന്നാ പൈശ..?“
‘’അമ്മ തന്നതാ.. ഇനിക്ക് ബാഗ്യം ഇണ്ടോന്ന് നോക്കാന്‍ അമ്മ എട്ക്കാന്‍ പറഞ്ഞതാ...”
‘’ഏട്ന്ന് കിട്ടി മോളേ പൈശ?“ കുഞ്ഞുണ്ണി ഒന്നുകൂടി ചോദിച്ച് പോയി.
  ‘’അമ്മക്ക് കഷായം   മാങ്ങാന്‍ വെച്ച പൈശ്യാ....”

കുഞ്ഞുണ്ണി ഒന്നും പറയാതെ പുസ്തകം മുഴുവന്‍ തിരഞ്ഞു. എവിടെയും കാണാതെ വന്നപ്പോള്‍ ശ്രീധരനെ വിളിച്ചു.  ശ്രീധരന്‍ പറഞ്ഞു താന്‍ പുസ്തകത്തില്‍ തന്നെ വെച്ചിട്ടുണ്ടെന്ന്. അവന്‍ അത്തരം കാര്യങ്ങളില്‍ കളവ് പറയില്ലെന്ന് കുഞ്ഞുണ്ണിക്ക് അറിയാം.  കാണുന്നില്ല എന്ന് കുട്ടിയോട് എങ്ങനെ പറയും? കുഞ്ഞുണ്ണി വല്ലാതായി. നേരം ഇരുട്ടി തുടങ്ങിയിരുന്നു. കുട്ടി പ്രതീക്ഷയോടെ തിളങ്ങുന്ന കണ്ണു കളോടെ അകത്തേക്കു തന്നെ നോക്കി നില്‍ക്കുകയാണ്. കുഞ്ഞുണ്ണി അകത്തുനിന്നും പുറത്തേക്ക് വന്ന് ഒരു നിമിഷം ആ കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കി. എന്താണ് അവളോട് പറയുക?  പെട്ടെന്ന് ഒരു തീവണ്ടിയുടെ ശബ്ദം കുഞ്ഞുണ്ണി കേട്ടു. ഈ സമയത്ത് തീവണ്ടിയൊന്നും ഇല്ലാതതാണ്. ഒരു എക്സ്പ്രെസ്സ് വണ്ടിയുള്ളത് പോയിക്കഴിഞ്ഞതാണ്. തീവണ്ടി ഭൂമി കുലുക്കിക്കൊണ്ട് പാഞ്ഞു വരുന്നുണ്ട്. കുഞ്ഞുണ്ണി കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കി. അവളോട് എന്തെങ്കിലും പറയണമെങ്കില്‍ തീവണ്ടിയൊന്ന് പോയിക്കിട്ടണം.  തീവണ്ടി വരുന്നതല്ലാതെ അത് പോകുന്നത് കാണുന്നില്ല. പാളം കീറിമുറിക്കുന്ന ശബ്ദം.... ഇത്ര ശബ്ദമുള്ള ഒരു തീവണ്ടി മുമ്പ് കണ്ടിട്ടില്ല. കുഞ്ഞുണ്ണി ചെവി പൊത്തിനിന്നു. പക്ഷേ ആ പെണ്‍കുട്ടി ആ ശബ്ദം കേട്ടതായി തോന്നിയില്ല. അവള്‍ അയാളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.  അവളുടെ മനസ്സില്‍ ലോട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
               തീവണ്ടിയുടെ ശബ്ദം നേര്‍ത്തുവരുന്നതായി അയാള്‍ക്കു തോന്നി. തീവണ്ടി പക്ഷേ പോയതായി അയാള്‍ കണ്ടില്ല. എന്തോ കുഴപ്പം കാണും എന്നു കരുതി അയാള്‍ ആഭാഗം വിട്ടു .                                                   “ മോക്ക് ഞാന്‍ പൊരേല് എത്തിച്ച് തരാം.. മോള് ഇപ്പം പോയിക്കോ...”   കുഞ്ഞുണ്ണി പ്രയാസപ്പെട്ട് അവളെ മടക്കി അയച്ചു. കൂട്ടി മനസ്സില്ലാ മനസ്സോടെ പാളം കടന്ന് പോയി. ലോട്ടറി ടിക്കറ്റ് തിരഞ്ഞ് എടുത്തുവെക്കണം എന്നു വിചാരിച്ചതാണെങ്കിലും കുഞ്ഞുണ്ണിയോട് ആ കാര്യം മറന്നു പോയി. അന്നു വൈകുന്നേരം ഗേറ്റ്മാനുമൊത്ത് കുഞ്ഞുണ്ണി നല്ല നാടന്‍ റാക്ക് കുടിച്ച് പൂസായി ഹരവും പഞ്ഞ് കിടന്നുപോയി. രാവിലെയായപ്പോള്‍ തിക്കോടി കടലൂര്‍ ഭാഗങ്ങളില്‍ പായ കോടുക്കാന്‍ പോയി. തിരികെ പാളത്തിലൂടെ നടന്നു വരുമ്പോള്‍ കുട്ടി പാളം കടന്നു വരുന്നു.  കുഞ്ഞുണ്ണി എന്തുചെയ്യണം എന്നറിയാതെ പരുങ്ങി.                  ലോട്ടറി ടിക്കറ്റ് തിരഞ്ഞ് എടുത്തുവെക്കണം എന്നുവിചാരിച്ചതാണെങ്കിലും കുഞ്ഞുണ്ണിയോട് ആ കാര്യം മറന്നുപോയി. അന്നു വൈകുന്നേരം ഗേറ്റ്മാനുമൊത്ത് കുഞ്ഞുണ്ണി നല്ല നാടന്‍ റാക്ക് കുടിച്ച് പൂസായി ഹരവും പറഞ്ഞ് കിടന്നുപോയി. രാവിലെയായപ്പോള്‍ അയാള്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പേ കുട്ടി വന്നിരുന്നു.

കുട്ടിയുടെ കണ്ണില്‍ എന്തോ തിളങ്ങുന്നുണ്ടായിരുന്നു. അവള്‍ ചെറ്റ  കുടിലിന്റെ മുമ്പില്‍ വന്നു നിന്നു. കുഞ്ഞുണ്ണി മെല്ലെ പുറത്തു വന്ന് കുട്ടിയൊട് പരഞ്ഞു.
മോള് നിക്ക് ഞാന്‍ നോക്കട്ടെ”
അയാള്‍ അകത്തുപോയി തിരയാന്‍ തുടങ്ങി. ലോട്ടറി ടിക്കറ്റ് കാണാതെ വന്നപ്പോള്‍ അയാള്‍ സ്വയം ശപിച്ചു. വേരുതെ ആ  പീറക്കടലാസ് വാങ്ങേണ്ട  കാര്യം ഉണ്ടായിരുന്നില്ല.
അയാള്‍ വീണ്ടും മുറ്റത്തിങ്ങി. അവളോട് എന്താണു പറയുക? ആളുകള്‍ അറിഞ്ഞാല്‍ ചെരിയ പെണ്ണിന്റെ ലോട്ടറി ടിക്കറ്റ് അയാള്‍ തട്ടിയെടുത്തെന്നു പറയില്ലേ??
കുട്ടി ഒന്നും പയാതെ മുറ്റത്ത് നില്ക്കുകയാണ്.
കുഞ്ഞുണ്ണി പഞ്ഞു.
“മോളു പോയ്ക്കോ നാളെ എന്തായാലും ഞാന്‍ കൊണ്ടുതരാം..”    അയാള്‍ കുട്ടിയുടെ മുഖത്തുനോക്കതെയാണ് അതു പറഞ്ഞത്.കുട്ടി തിരിഞ്ഞ് നടക്കുമ്പോള്‍ അവളുടെ കണ്ണിലേക്ക് കുഞ്ഞുണ്ണി നോക്കി. അത് നിറഞ്ഞ് നിന്നിരുന്നു. തീവണ്ടി ഇരുട്ടിലൂടെ കുതിച്ചു പാഞ്ഞുപോകുന്നതിന്റെ പിന്നാലെ അവള്‍ ലയിച്ചു നീങ്ങി. ആ ചെറിയ കൂട്ടി കുഞ്ഞുണ്ണിയെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു. പോകുമ്പോള്‍ അവള്‍ പറഞ്ഞിരുന്നു. “ അമ്മ പറഞ്ഞിയ്ക്ക്, നറക്കെടുപ്പ് മറ്റന്നാളാന്ന്...”  അതിനു മുമ്പ് എന്തായാലും അത് തെരഞ്ഞെടുത്ത് കൊടുക്കണം എന്ന് കുഞ്ഞുണ്ണി തീരുമാനിച്ചു.
                പിറ്റേന്ന് രാവിലെ എന്തുവന്നാലും അത് തെരഞ്ഞു കണ്ടുപിടിക്കണം എന്നു ഉറപ്പിച്ച് പായ നെയ്ത്ത് നിര്‍ത്തിവെച്ച് കുഞ്ഞുണ്ണി അകത്തേക്കു കയറിയതേയുള്ളൂ. പെട്ടെന്ന് ഭീകരമായ ഒരു ശബ്ദം കേട്ട് അയാള്‍ മുറ്റത്തേക്ക് ചാടിയിറങ്ങി  ഏതോ വാഹനം തീവണ്ടിയില്‍ പോയി ഇടിച്ചതാണെന്നു കരുതി ‘അമ്മേ എന്നു നിലവിളിച്ചുകോണ്ടാണ് കുഞ്ഞുണ്ണീ മുറ്റത്തെത്തിയത്. ഒരു മൂരിവണ്ടി ഗേറ്റിനടുത്ത് നിര്‍ത്തിയിട്ടതല്ലാതെ അയാള്‍ മറ്റൊന്നും കണ്ടില്ല. ആളുകള്‍ എല്ലാവരും സാധാരണപോലെ....ആരിലും ഒരു ശബ്ദവും കേട്ടതായ ഭാവമൊന്നും കണ്ടില്ല. കുഞ്ഞുണ്ണീ ടാക്കീസിനടുത്തുള്ള കച്ചവടക്കാരനോട് ചോദിച്ചു.                            
  “ ഇങ്ങള് കേട്ടില്ലെ ഒരു ഒച്ച?”                                          “എന്തൊച്ച?”                                                                                                                                                                         “തീവണ്ടി മറഞ്ഞോണം...”
“തീവണ്ടി മറയാനോ?“  അയാള്‍ കളിയാക്കിയെങ്കിലും കുഞ്ഞുണ്ണിക്ക് ആ ശബ്ദം അവിശ്വസിക്കാന്‍ കഴിഞ്ഞില്ല.  പക്ഷേ അങ്ങനെയൊരു ശബ്ദം കേട്ടതിന്റെ പ്രതികരണം അയാള്‍ അവിടെയെങ്ങും കണ്ടില്ല. കുഞ്ഞുണ്ണി വീണ്ടും ലോട്ടറി ടിക്കറ്റ് തെരയാന്‍ തുടങ്ങി. എവിടെ തിരഞ്ഞിട്ടും അയാള്‍ ലോട്ടറി കണ്ടില്ല. അയാള്‍ ശ്രീധരനെ വിളിച്ച് ശകാരിച്ചു. അവസാനം ദേഷ്യം വന്ന്, കുഞ്ഞുണ്ണി അകത്തെ മൂലയില്‍  കുപ്പിയില്‍ കരുതിവെച്ച റാക്ക് ഒരു ഗ്ലാസ്സില്‍ പകര്‍ന്നു കുടിച്ചു.  മതി വരാതെ അയാള്‍ വീണ്ടും വീണ്ടും കുടിച്ചു.        വെയില്‍ കത്തിക്കാളുന്ന മധ്യാഹ്നത്തില്‍ കുഞ്ഞുണ്ണി കോലായില്‍ മല ര്‍ന്നു കിടന്ന് മയങ്ങി. ബോധത്തിനും ബോധശൂന്യതക്കുമിടയില്‍  അയാള്‍ സ്വപ്ന സഞ്ചാരം നടത്തി. കത്തിയ വെയിലിന്റെ ചാമ്പല്‍ വീണ പാളത്തിന്റെ സമാന്തരങ്ങളില്‍ അയാള്‍ ഓടിക്കൊണ്ടിരുന്നു. ഒരു തീവണ്ടിയുടെ പ്രകമ്പനത്തില്‍ കുഞ്ഞുണ്ണീ ഞെട്ടി വിയര്‍ത്ത് ഉണര്‍ന്നപ്പോള്‍ കൂരക്കു മുമ്പില്‍ രണ്ടു തിളങ്ങുന്ന കണ്ണുകള്‍..... കുഞ്ഞുണ്ണി ഒന്നേ നോക്കിയുള്ളൂ.  ആ പെണ്‍കുട്ടി മുന്നില്‍! കുഞ്ഞുണ്ണിക്ക് അരിശം അരിച്ചു കയറി. അയാള്‍ പെണ്‍കുട്ടിയെ നോക്കി ഉറക്കെ രണ്ടു ചീത്ത വിളിച്ചു പോയി.               “ “എന്റെ ലോട്ടരി, ആമാട.. പോടു പെണ്ണേ.....”
പെണ്‍കുട്ടി പേടിച്ചു പോയി. അവളുടെ കണ്ണിലെ കനലില്‍ ജലം വീണു കുതിര്‍ന്നു. അവള്‍ വിതുമ്പിക്കൊണ്ട് പികോട്ട് പോയി. പിന്നെ അവള്‍ നിന്നില്ല. അവള്‍ തിരിഞ്ഞോടുന്നതു കണ്ട കുഞ്ഞുണ്ണിക്ക് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി. അയാള്‍ പെണ്‍കുട്ടിയുടെ പിറകെ ഓടി. പാവപ്പെട്ട കുട്ടി. അയാള്‍ക്ക് തന്റെ മകളെ ഓര്‍മ്മ വന്നു. പെട്ടെന്ന് ഇരുള്‍ വീണു. തീവണ്ടി കിഴക്കു നിന്നും ഇരമ്പലോടെ കുതിച്ചു വരുന്നത് കുഞ്ഞുണ്ണി കേട്ടു പിന്നെ ആ രാക്ഷസന്റെ ഒറ്റക്കണ്ണ് അടുത്തെത്തി. കുഞ്ഞുണ്ണി ഗേറ്റ് കടക്കും മുമ്പേ തീവണ്ടി വന്നു. അത് ധിക്കാരപൂര്‍വം അയാളെ നോക്കാതെ ഇരുളിലേക്ക് പാഞ്ഞുപോയി. അത് പോയിക്കഴിഞ്ഞപ്പോള്‍ കുഞ്ഞുണ്ണി മുന്നോട്ടാഞ്ഞ് ആ കുട്ടിയെ നോക്കി. അവള്‍ അവിടെയൊന്നുമില്ല. റെയിപ്പാളത്തില്‍ അയാളുടെ കാല്‍ വഴുതി.  പാളത്തിനു മേല്‍ എന്തോ അയാളുടെ കാലിനെ ചുറ്റിപ്പിടിക്കുന്നത് അയാള്‍ അറിഞ്ഞു. മുടിയിഴകള്‍.... ചോരയില്‍ കുതിര്‍ന്ന പാളത്തിനു മേല്‍ അയാളുടെ കാലില്‍ ആയിരമുടലുള്ള സര്‍പ്പത്തെപ്പോലെ മുടിയിഴകള്‍ ചുറ്റിപ്പിടിച്ചു. കുഞ്ഞുണ്ണി ഉറക്കെ കരഞ്ഞു പോയി.   “ അമ്മേ..”
       ഓര്‍മ്മയുടെ ഇരുളടഞ്ഞ അദ്ധ്യായം തുറന്ന് അയാള്‍ വിറയാര്‍ന്ന് ബപ്പന്‍ കാട് ഗേറ്റില്‍ നിന്നു.  കാലം ഒരു പാട് കഴിഞ്ഞു. ആ പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ ഉണ്ടാകുമോ? ഒന്നു കാണണം എന്നു മനസ്സില്‍ കരുതിയതാണ്, പക്ഷേ അന്ന് അവരെ അഭിമുഖീകരിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.  രാത്രി വണ്ടി വീണ്ടും വരികയാണ്. കുഞ്ഞുണ്ണി അടഞ്ഞ ഗേറ്റിന്റെ വാതില്ക്കല്‍ നിന്നു.  ആ പെണ്‍കുട്ടിയുടെ അമ്മയെ കണ്ട് കുറ്റം ഏറ്റു പറയണം. അയാള്‍ക്ക് ഇന്ന് അത് ചെയ്തേ പറ്റൂ, പക്ഷേ, തീവണ്ടി സമ്മതിക്കുന്നില്ല. രാത്രി വണ്ടി കിതച്ചുകൊണ്ട് പായുകയാണ്. ഇത്രനീളമുള്ള ഒരു തീവണ്ടി അയാള്‍ കണ്ടിട്ടേയില്ല. 

കുഞ്ഞുണ്ണി ബപ്പന്‍കാട് ഗേറ്റിനുമുമ്പില്‍ നിന്നു. തീവണ്ടി പോയി തീര്‍ന്നിട്ടു വേണം ഗേറ്റ് മുറിച്ചു കടക്കാന്‍.
                                                                                                                                                                                                                                                     

My Blog List

Subscribe Now: Feed Icon